WFTW Body: 

കുഞ്ഞുങ്ങളെ പോലെയുള്ളവർക്ക് പ്രാർത്ഥന വളരെ എളുപ്പമാണ്, കാരണം നമ്മുടെ നിസഹായതയും ദൗർബല്യവും ദൈവത്തോടു സമ്മതിക്കുന്നതാണ് പ്രാർത്ഥന. ബുദ്ധിമാന്മാരായ പ്രായമുള്ളവർ അതു സമ്മതിക്കുന്നത് വളരെ പ്രയാസമുള്ളതായി കാണുന്നു. അതുകൊണ്ടാണ് നാം ശിശുക്കളെ പോലെ ആകണം എന്ന് യേശു പറഞ്ഞത്. നാം നമ്മുടെ യുക്തിയെയും ബുദ്ധിയെയും എത്ര കൂടുതൽ ആശ്രയിക്കുന്നോ അത്രയും കുറച്ചു മാത്രം നാം പ്രാർത്ഥിക്കുകയും, നമ്മുടെ യുക്തിക്കു മനസ്സിലാകാത്ത വിധത്തിൽ ദൈവം കാര്യങ്ങൾ ചെയ്യുന്നതെന്താണെന്ന് നാം കൂടുതൽ ചോദ്യം ചെയ്യുകയും ചെയ്യും.

ദൈവം നമ്മോട് ആവശ്യപ്പെടുന്ന അനുസരണം "യുക്തിയുടെ അനുസരണമല്ല" എന്നാൽ "വിശ്വാസത്തിൻ്റെ അനുസരണമാണ്" (റോമ.1:5). നന്മതിന്മകളെ കുറിച്ചുള്ള അറിവിൻ്റെ വൃക്ഷത്തിൽ നിന്ന് ഭക്ഷിക്കരുത് എന്ന് ദൈവം ആദാമിനോടു പറഞ്ഞപ്പോൾ അതെന്തുകൊണ്ടാണെന്നുള്ള കാരണങ്ങളൊന്നും ദൈവം പറഞ്ഞില്ല. ദൈവം ആദാമിനെ സ്നേഹിക്കുന്നു എന്നും അതുകൊണ്ട് ദൈവത്തിൻ്റെ കൽപ്പനകൾ (യുക്തിക്ക് വിശദീകരിക്കാൻ പറ്റാത്തപ്പോൾ പോലും) അവൻ്റെ ഏറ്റവും നല്ലതിനാണെന്നും ആദാം അറിഞ്ഞാൽ മാത്രം മതിയായിരുന്നു. "പൂർണ്ണ ഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക, സ്വന്ത വിവേകത്തിൽ ഊന്നരുത്" (സദൃശ. 3:5). അതുകൊണ്ട് ആദാം പരാജയപ്പെട്ടപ്പോൾ, അതു പ്രാഥമികമായി ദൈവത്തിൻ്റെ സ്നേഹത്തിലും, ദൈവത്തിൻ്റെ പരിജ്ഞാനത്തിലുമുള്ള വിശ്വാസത്തിൻ്റെ പരാജയമായിരുന്നു. ഇവിടെയാണ് നാമും പരാജയപ്പെടുന്നത്.

ദൈവം നമ്മെ ഗാഢമായി സ്നേഹിക്കുന്നു എന്നും, നമുക്ക് ഏറ്റവും നല്ലതെന്താണെന്ന് അവിടുന്ന് അറിയുന്നു എന്നും - നമുക്ക് എക്കാലവും അറിയാൻ കഴിയുന്നതിനെക്കാൾ നന്നായി - അവിടുന്ന് ഭൂമിയിലെ എല്ലാ സംഭവങ്ങളെയും ക്രമീകരിക്കാൻ തക്കവണ്ണം സർവ്വ ശക്തനാണെന്നും നാം വിശ്വസിക്കുമെങ്കിൽ, അപ്പോൾ നാം സന്തോഷത്തോടെ അവിടുത്തെ എല്ലാ കല്പനകളെയും അനുസരിക്കും, ഇന്നു മുതൽ നമ്മുടെ ജീവിതങ്ങളിലെ എല്ലാ കാര്യവും അവിടുത്തെ ഇഷ്ടത്തിനു മാത്രം കീഴ്പ്പെടുത്തി കൊടുക്കും, പെട്ടന്നുള്ള ഒരു ഉത്തരവും ലഭിക്കുന്നതായി കാണുന്നില്ലെങ്കിലും പ്രാർത്ഥിക്കുകയും, അവിടുന്നു നമുക്കു വേണ്ടി നിയമിച്ചിരിക്കുന്ന ഓരോ കാര്യത്തിനും ചോദ്യം ചെയ്യാതെ കീഴടങ്ങുകയും ചെയ്യും. നമുക്ക് ദൈവത്തിൻ്റെ പരിജ്ഞാനത്തിലും സ്നേഹത്തിലും ശക്തിയിലും വിശ്വാസം ഇല്ലെങ്കിൽ, അപ്പോൾ ഈ പറഞ്ഞ കാര്യങ്ങളൊന്നും നാം ചെയ്യുകയില്ല.

നാം ശിശുക്കളെ പോലെയാണെങ്കിൽ, നമുക്ക് ലളിതമായ വിശ്വാസത്തോടെ ദൈവത്തിൻ്റെ അടുക്കൽ വന്ന് എളുപ്പത്തിൽ നമ്മുടെ ഹൃദയങ്ങളിലേക്ക് പരിശുദ്ധാത്മ നിറവ് പ്രാപിക്കാൻ കഴിയും (ലൂക്കോ.11:13). നമുക്ക് ആവശ്യമുള്ളത് ഒരു നല്ല മനസാക്ഷി (അറിയാവുന്ന പാപങ്ങളെല്ലാം ദൈവത്തോടും മനുഷ്യരോടും ഏറ്റു പറഞ്ഞ്), ആത്മാവിൻ്റെ നിറവിനായി ഒരു വിശപ്പും ദാഹവും, അവിടുത്തേക്ക് നമ്മുടെ ജീവിതങ്ങളുടെ എല്ലാ മേഖലകളുടെയും പൂർണ്ണമായ സമർപ്പണം, കൂടാതെ നാം ചോദിക്കുന്ന കാര്യങ്ങൾ നമ്മുടെ സ്നേഹവാനായ പിതാവ് തീർച്ചയായും നമുക്കു തരും എന്നുള്ള വിശ്വാസം എന്നിവയാണ്. അതിനുശേഷം നമുക്ക് ചോദിക്കുകയും നാം ചോദിച്ച കാര്യങ്ങൾ നമുക്ക് ദൈവം അനുവദിച്ചിരിക്കുന്നു എന്ന് വിശ്വസിക്കുകയും ചെയ്യാം, പെട്ടെന്നു തന്നെ ഒരു തോന്നലോ വികാരമോ ഒന്നും നമുക്കുണ്ടായില്ലെങ്കിൽ പോലും. ബാഹ്യമായ വെളിപ്പെടലുകൾ പിന്നീട് ഉണ്ടാകും. അതുകൊണ്ട് ഒരു ശിശുവിനെ പോലെ ആയിരിക്കുക.

'രക്ഷ' പോലെ വിജയവും വിശ്വാസത്താൽ അവകാശപ്പെടാൻ കഴിയുമോ? 1 യോഹന്നാൻ 5:4 ഇപ്രകാരം പറയുന്നു, "ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നെ" - 'ലോകം' എന്നതിനെ തിരുവചനം നിർവചിച്ചിരിക്കുന്നത് ഇപ്രകാരമാണ്, "ജഡമോഹം, കൺമോഹം, ജീവനത്തിൻ്റെ പ്രതാപം" (1 യോഹന്നാൻ 2:16). അതുകൊണ്ട് അതു നമ്മെ പഠിപ്പിക്കുന്നത് എല്ലാറ്റിൻ്റെയും മേൽ ഉള്ള ജയം വിശ്വാസത്താലാണ് എന്നാണ്. എന്നാൽ ഈ വിശ്വാസം എന്താണർത്ഥമാക്കുന്നത്? അത് ദൈവത്തിൻ്റെ തികഞ്ഞ സ്നേഹം, പരിജ്ഞാനം, ശക്തി ഇവയിലുള്ള പൂർണ്ണമായ വിശ്വാസത്തിൽ നമ്മുടെ വ്യക്തിത്വം പൂർണ്ണമായി ദൈവത്തിൻ്റെ മേൽ ചാരുന്നതാണ്. യോഹന്നാൻ 1:12 വ്യക്തമാക്കുന്നതു പോലെ - വിശ്വസിക്കുന്നത് പ്രാപിക്കുന്നതിനു സമാനമാണ്. അത് ബൗദ്ധികമായ വിശ്വാസമല്ല. അതുകൊണ്ട് ദൈവത്തിൽ ആശ്രയിക്കുക എന്നാൽ അർത്ഥമാക്കുന്നത്, നാം അവിടുത്തെ ഹിതത്തെ നമുക്കു വേണ്ടിയുള്ള ഏറ്റവും നന്മയായി സ്വീകരിക്കുന്നതാണ് (അംഗീകരിക്കുന്നതാണ്) എന്നാണ്. അതിൻ്റെ അർത്ഥം നാം നമ്മുടെ ഇഷ്ടത്തെ നിഷേധിക്കുന്നതു തിരഞ്ഞെടുക്കുന്നു എന്നാണ്. "ജഡത്തെ ക്രൂശിക്കുക" എന്നതുകൊണ്ട് അതാണ് അർത്ഥമാക്കുന്നത് (ഗലാ. 5:24). ഇതു ചെയ്യുവാൻ (നമ്മുടെ ഇഷ്ടത്തെ നിഷേധിക്കുവാൻ), നമ്മെ സഹായിക്കേണ്ടതിന് നമുക്ക് കൃപ ആവശ്യമാണ്.

ഇതെല്ലാം വിശ്വാസത്തിൽ നിന്ന് ഉത്ഭവിക്കുന്നതാണ്. ദൈവ ഹിതമാണ് ഏറ്റവും നല്ലതെന്ന് നാം വിശ്വസിക്കുന്നില്ലെങ്കിൽ, നമുക്ക് നമ്മുടെ ഹിതത്തെ മരണത്തിനേല്പിക്കാൻ പോലും ആഗ്രഹമുണ്ടാകയില്ല. ഉദാഹരണത്തിന് ടെലിവിഷൻ കാണുമ്പോൾ ഇത് എങ്ങനെ പ്രായോഗികമാകുന്നു എന്നു നോക്കാം. അത്തരം സാഹചര്യങ്ങളിൽ യേശു ചെയ്യുമായിരുന്നതാണ് ഏറ്റവും നല്ലതെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? - അതായത്, പ്രയോജനമില്ലാത്തതോ ലൈംഗികത തോന്നിപ്പിക്കുന്നതോ ആയ പരിപാടികളും സിനിമകളും കാണാതിരിക്കുന്നത്. അതോ നിങ്ങളുടെ മോഹത്തെ പ്രസാദിപ്പിക്കുന്ന കാര്യങ്ങളാണ് ഏറ്റവും നല്ലതെന്നാണോ നിങ്ങൾ വിശ്വസിക്കുന്നത് ? ദൈവത്തിൻ്റെ ഹിതമാണ് നിങ്ങൾക്ക് ഏറ്റവും നല്ലതെന്ന് നിങ്ങൾ വിശ്വസിക്കുന്നോ ഇല്ലയോ എന്നതിനെ ആശ്രയിച്ചാണതിരിക്കുന്നത്‌. വിശ്വാസം കൂടാതെ ഒരു വിജയവും ഉണ്ടാകയില്ല.

നിങ്ങൾ അനുഗമിക്കേണ്ട യേശുവിനെ കുറിച്ച് എല്ലായ്പോഴും ചിന്തിക്കുക. നിങ്ങളുടെ ജഡം ബലഹീനമെന്ന് ഒരിക്കലും മറക്കരുത്. തൻ്റെ പിതാവിൽ നിന്നുള്ള സഹായത്തിനായി യേശു നിരന്തരം നിലവിളിച്ചു. നിങ്ങളും അതുതന്നെ ചെയ്യണം. ആക്രമിക്കപ്പെടുമ്പോൾ എപ്പോഴും ഓടിച്ചെന്ന് അഭയം പ്രാപിക്കാവുന്ന ഒരു ഗോപുരമാണ് യേശുവിൻ്റെ നാമം (സദൃശ.18:10). ഈ ഭൂമിയുടെ മുഖത്ത് നിങ്ങൾ ഏതൊരു പ്രതിസന്ധിയിലായാലും, ആ നാമത്തിൽ നിങ്ങളുടെ പിതാവിനോട് നിങ്ങൾക്ക് എന്തും ചോദിക്കാം.