WFTW Body: 

ഇത്ര അതിശയകരമായ സുവിശേഷത്തെയും ദൈവത്തിൻ്റെ അത്യതിസാധാരണമായ കരുണയെയും കണക്കിലെടുത്താൽ, നമ്മുടെ പ്രതികരണം എന്തായിരിക്കണം?

ഒന്നാമതായി, നാം നമ്മുടെ ശരീരങ്ങളെ നാൾ തോറും ദൈവത്തിന് ഒരു ജീവനുള്ള യാഗമായി സമർപ്പിക്കണം (റോമ. 12:1). ദൈവത്തിനു നമ്മുടെ പണം ആവശ്യമില്ല, അവിടുത്തേക്ക് നമ്മുടെ ശരീരമാണ് വേണ്ടത്. പഴയ നിയമ ദഹനയാഗം പോലെ, "കർത്താവേ, ഇവിടെ ഇതാ എൻ്റെ കണ്ണുകൾ,എൻ്റെ നാവ്, എൻ്റെ കരങ്ങൾ, എൻ്റെ പാദങ്ങൾ, എൻ്റെ കാതുകൾ, എൻ്റെ ശാരീരിക ആഗ്രഹങ്ങൾ - ഇവ ഓരോന്നും ഞാൻ യാഗപീഠത്തിൽ വയ്ക്കുന്നു" എന്നു പറഞ്ഞുകൊണ്ട്, നാം നമ്മുടെ ശരീരങ്ങളെ അർപ്പിക്കണം. അതിനുശേഷം നമ്മുടെ മനസ്സ് പുതുക്കപ്പെടേണ്ടതിന് അവിടുത്തേക്ക് നൽകണം (റോമ. 12:2). ഇതു നടക്കുന്നത് ദൈവ വചനത്താൽ നമ്മുടെ മനസ്സ് പൂരിതമാക്കപ്പെടാൻ നാം അനുവദിക്കുന്നതിനനുസൃതമായാണ്. നമ്മിൽ അനേകർക്കും അശുദ്ധ ചിന്തകളുമായി ബന്ധപ്പെട്ട് ഭയങ്കര പ്രശ്നങ്ങളുണ്ട്. എന്തുകൊണ്ട്? കാരണം ഭൂതകാലത്തിൽ, ലോകത്തിൻ്റെ ചിന്താസരണിയിലൂടെ ചിന്തിക്കുവാൻ നമ്മുടെ മനസ്സിനെ നാം ഉപയോഗിച്ചു. ഇന്ന് നാം അവിടുന്നു ചിന്തിക്കുന്ന വിധത്തിൽ ചിന്തിക്കുവാൻ തുടങ്ങേണ്ടതിന്, നമ്മുടെ ചിന്താസരണി മാറ്റുവാൻ ദൈവം ആഗ്രഹിക്കുന്നു. അങ്ങനെ നമ്മുടെ മനസ്സ് ക്രമേണ പുതുക്കപ്പെടുന്നു.

നാം വീണ്ടും ജനിക്കുന്ന ആ നിമിഷത്തിൽ തന്നെ പെട്ടെന്ന്, ദൈവം ഓരോ കാര്യത്തെയും കുറിച്ചു ചിന്തിക്കുന്നതു പോലെ നാം ചിന്തിക്കാൻ തുടങ്ങുകയില്ല. എന്നാൽ ആ നിമിഷം മുതൽ നമ്മുടെ ചിന്താസരണി വ്യത്യാസപ്പെടുത്താൻ ദൈവം ആഗ്രഹിക്കുന്നു, അതു നാം ക്രമേണ ഓരോ കാര്യത്തെയും ദൈവം നോക്കുന്ന വിധത്തിൽ നോക്കാൻ തുടങ്ങേണ്ടതിനാണ്. ദൈവം പണത്തെ നോക്കുന്ന രീതിയിൽ നാം പണത്തെ നോക്കാൻ തുടങ്ങിയിരിക്കുന്നോ ലൗകീക പുരുഷന്മാർ സ്ത്രീകളെ നോക്കുന്നതു പോലെയല്ലാതെ ദൈവം സ്ത്രീകളെ നോക്കുന്ന വിധത്തിൽ നാം അവരെ നോക്കാൻ തുടങ്ങിയിരിക്കുന്നോ? ലോകം ഒന്നുകിൽ സ്ത്രീകളെ പുച്ഛിക്കും അല്ലെങ്കിൽ അവരെ മോഹിക്കും. ദൈവം ഇതു രണ്ടും ചെയ്യുകയില്ല. യേശു തൻ്റെ ശത്രുക്കളെ നോക്കിയതുപോലെ നാം നമ്മുടെ ശത്രുക്കളെ നോക്കാൻ തുടങ്ങിയോ? ലൗകീകന്മാർ തങ്ങളുടെ ശത്രുക്കളെ വെറുക്കുന്നു, എന്നാൽ യേശു അവരെ സ്നേഹിച്ചു. ഓരോ മേഖലയിലും നമ്മുടെ മനസ്സ് പുതുക്കപ്പെടേണ്ടതുണ്ട്. നാം ദൈവ വചനം വായിച്ച് അനുസരിക്കുന്തോറും, പരിശുദ്ധാത്മാവ് നമ്മുടെ മനസ്സിനെ പുതുക്കുന്നതിലൂടെ നമ്മെ ക്രിസ്തുവിൻ്റെ സാദൃശ്യത്തിലേക്ക് രൂപാന്തരപ്പെടുത്തുന്നു.

ആദ്യം നമ്മുടെ മനസ്സിലാണ് രൂപാന്തരം നടക്കുന്നത്. "ഈ ലോകത്തിന് അനുരൂപമാകരുത്" (റോമ. 12:2) എന്ന വാക്യം നമ്മെ പഠിപ്പിക്കുന്നത് ലൗകികത്വം ഉത്ഭവിക്കുന്നത് നമ്മുടെ മനസ്സിലാണ് എന്നാണ്. പലരും ചിന്തിക്കുന്നത് ലൗകികത്വം കണ്ടെത്തപ്പെടുന്നത് ഒരു വ്യക്തിയുടെ വസ്ത്രധാരണ രീതിയിലാണ് എന്നാണ്. അത് അങ്ങനെയല്ല. അത് ആദ്യം മനസ്സിലാണ് കുടിയിരിക്കുന്നത്. നാം വളരെ ലളിതമായി വേഷം ധരിക്കുകയും അപ്പോഴും അതിയായി പണത്തെ സ്നേഹിക്കുകയും ചെയ്തേക്കാം. മനുഷ്യൻ പുറമേയുള്ളതു നോക്കുന്നു, എന്നാൽ ദൈവം നോക്കുന്നത് ഹൃദയത്തെയാണ്. യേശുവിൻ്റെ ഒരു യഥാർഥ ശിഷ്യൻ ദൈവത്തിൻ്റെ അംഗീകാരം അന്വേഷിക്കുന്നു. നമ്മുടെ ശരീരവും മനസ്സും ഇതുപോലെ ദൈവത്തിനു സമർപ്പിക്കുമ്പോൾ മാത്രമാണ് നമ്മുടെ ജീവിതങ്ങൾക്കു വേണ്ടിയുള്ള അവിടുത്തെ പൂർണ്ണതയുള്ള ഹിതം നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത് (വാക്യം 2).

റോമർ 12 ൽ പൗലൊസ് ക്രിസ്തുവിൻ്റെ ശരീരം പണിയുന്നതിനെ കുറിച്ചു തുടർന്നു പറയുന്നു. സുവിശേഷത്തിൻ്റെ ലക്ഷ്യം ഓരോരുത്തരെ സംബന്ധിച്ച രക്ഷ അല്ല എന്നാൽ ക്രിസ്തുവിൻ്റെ ശരീരത്തിൻ്റെ.ഭാഗമായി തീരുന്നതാണ് - ദൈവം നമുക്ക് നൽകുന്ന വരങ്ങൾ വിനിയോഗിക്കുന്ന ഇടം - പ്രവചനം, ശുശ്രൂഷ തുടങ്ങിയവ. 1 കൊരി. 12 ൽ മാത്രമല്ല, എന്നാൽ ഇവിടെയും പരിശുദ്ധാത്മാവിൻ്റെ വരങ്ങളുടെ ഒരു പട്ടിക സൂചിപ്പിക്കപ്പെട്ടിരിക്കുന്നു (റോമ. 12:6-8). ഏതൊരു ക്രിസ്ത്യാനിയും ഒരിക്കലും അന്വേഷിക്കാത്ത ഒരു വരത്തെ കുറിച്ച് ഇവിടെ സൂചിപ്പിച്ചിരിക്കുന്നു --ദാനം ചെയ്യുന്നതിന് (ഔദാര്യത്തിന്) ഉള്ള വരം - സഭയിലുള്ള ദരിദ്രർക്കും ദൈവവേലയ്ക്കും പണം കൊടുക്കുന്നതിനുള്ള വരം (വാക്യം 8).

ക്രിസ്തുവിൻ്റെ ശരീരത്തിലെ മറ്റുള്ളവരുമായി നാം എങ്ങനെ ചേർന്നിരിക്കണമെന്ന് പന്ത്രണ്ടാം അധ്യായത്തിൻ്റെ ശേഷിക്കുന്ന ഭാഗം പറയുന്നു. "വലിപ്പം ഭാവിക്കാതെ എളിയവരോട് ചേർന്നുകൊൾവിൻ" (റോമ. 12:16). ക്രിസ്തുവിൻ്റെ ശരീരത്തിലുള്ള എല്ലാവരുമായി നാം ചേർന്നുകൊള്ളണം, എന്നാൽ പ്രത്യേകിച്ച് ദരിദ്രരായവരോട് - കാരണം ദൈവം ഈ ലോകത്തിൽ ദരിദ്രരായവരെ വിശ്വാസത്തിൽ സമ്പന്നരാകാൻ തിരഞ്ഞെടുത്തിരിക്കുന്നു (യാക്കോ. 2:5). "ആരോടും ഒരിക്കലും പ്രതികാരം ചെയ്യരുത് കാരണം പ്രതികാരം ദൈവത്തിനുള്ളതാണ്" (വാക്യം 19). ആരാധനയും മഹത്വവും ദൈവത്തിനു മാത്രമുള്ളതായിരിക്കുന്നതുപോലെ, പ്രതികാരവും ദൈവത്തിനു മാത്രമുള്ളതാണ്. മറ്റുള്ളവരിൽ നിന്ന് ആരാധനയോ മഹത്വമോ പ്രാപിക്കാൻ നമുക്ക് ഒരു അവകാശവുമില്ലാത്തതുപോലെ മറ്റുള്ളവരുടെ മേൽ പ്രതികാരം ചെയ്യാനും ഒട്ടും തന്നെ നമുക്ക് അവകാശമില്ല.

ശ്രേഷ്ഠാധികാരങ്ങളോടുള്ള വിധേയത്വത്തെ കുറിച്ച്, റോമ.13 സംസാരിക്കുന്നു. സുവിശേഷം നമ്മെ പഠിപ്പിക്കുന്നത് ഒന്നാമത് ദൈവത്തിനു കീഴടങ്ങാനാണ് (റോമ. 12:1, 2); അതിനുശേഷം ക്രിസ്തുവിൻ്റെ ശരീരത്തിൽ അന്യോന്യം കീഴടങ്ങുവാൻ (റോമ. 12:3-21); ഒടുവിൽ ദേശത്തിലെ അധികാരികൾക്ക് കീഴടങ്ങുവാൻ - കാരണം അവർ "ദൈവ ശുശ്രൂഷകന്മാരാണ്" (റോമ. 13:4).അതുകൊണ്ടാണ് നാം നമ്മുടെ നികുതികൾ കൊടുക്കുന്നതും നമ്മുടെ രാജ്യത്തിൻ്റെ നിയമങ്ങൾ അനുസരിക്കുന്നതും.