"സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരവും എനിക്കു നൽകപ്പെട്ടിരിക്കുന്നു" (മത്താ. 28:18). നാം പുറപ്പെട്ടു പോയി ഈ മഹാനിയോഗം നിറവേറ്റണമെങ്കിൽ നാം അതു വിശ്വസിക്കണം. സകല അധികാരവും യേശുവിനു നൽകപ്പെട്ടിരിക്കുന്നു എന്നു ഞാൻ വിശ്വസിക്കുന്നില്ലെങ്കിൽ, കുറച്ചു സമയം കഴിയുമ്പോൾ ഞാൻ അതു വിട്ടു കളയും, കാരണം ക്രിസ്തീയ വേല വളരെ നിരാശയുണ്ടാക്കുന്ന പ്രവൃത്തിയായേക്കാം. പെട്ടെന്ന് ഫലങ്ങളൊന്നും നിങ്ങൾ കാണുകയില്ല. സുവിശേഷകന്മാരോ, പ്രവാചകന്മാരോ,അപ്പൊസ്തലന്മാരൊ ആരും പെട്ടെന്നു ഫലങ്ങൾ കണ്ടില്ല. ഒരു കുഞ്ഞിനെ പ്രായപൂർത്തിയിലേക്കു കൊണ്ടുവരുന്നതുപോലെ. സഭകൾ നടുവാനും വിശ്വാസികളെ ഉറപ്പിച്ച് അവരെ ദൈവഭക്തിയിലേക്കു നയിക്കുന്നതിനുമായി ഞാൻ ചെലവഴിച്ച എൻ്റെ വർഷങ്ങളിലൂടെ എനിക്ക് ഇതു സാക്ഷ്യപ്പെടുത്താൻ കഴിയും. ഈ ശുശ്രൂഷയിലേക്ക് എന്നെ അയയ്ക്കുന്നവൻ സ്വർഗ്ഗത്തിലും ഭൂമിയിലും ഉള്ള സകല അധികാരവും നൽകപ്പെട്ടവനാണെന്നു നാം മനസ്സിലാക്കുന്നില്ലെങ്കിൽ, നിരുത്സാഹപ്പെടുന്നതിന് വളരെ എളുപ്പമാണ്. ആ അധികാരം കൊണ്ട് അവിടുന്ന് എന്നെ പിന്താങ്ങിക്കൊണ്ടിരിക്കുന്നു.
അതുകൊണ്ട് മഹാനിയോഗത്തിൻ്റെ രണ്ടാം പകുതിയെ ഞാൻ നോക്കുന്നത് ഇങ്ങനെയാണ്: യേശു പറഞ്ഞ ഏറ്റവും അത്യുത്തമമായ രണ്ടു പ്രസ്താവനകൾക്കിടയിൽ അതിനെ താങ്ങി നിർത്തിയിരിക്കുന്നു. വാക്യം 18 ആണ് ഒന്നാമത്തത്, "സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരവും എനിക്കു നൽകപ്പെട്ടിരിക്കുന്നു." വാക്യം 20 ആണ് രണ്ടാമത്തെത്, "കണ്ടാലും ലോകാവസാനത്തോളം എല്ലാ നാളും ഞാൻ നിങ്ങളോടു കൂടെയുണ്ട്." ഈ രണ്ടു വസ്തുതകളിൽ ഏതിനെയെങ്കിലും കുറിച്ച് എനിക്ക് ഒരു സംശയം ഉണ്ടെങ്കിൽ, ഞാൻ മഹാനിയോഗത്തിൻ്റെ രണ്ടാം പകുതിയിൽ നിർവ്വഹിക്കാൻ പോകുന്നില്ല. 50 വർഷത്തെ ക്രിസ്തീയ ശുശ്രൂഷയിൽ ഞാൻ കണ്ടിരിക്കുന്നത് അതു വളരെ നിരുത്സാഹമുണ്ടാക്കുന്നതായിരിക്കും എന്നാണ്, നിങ്ങൾക്ക് താഴെ പറയുന്ന കാര്യം ബോധ്യപ്പെട്ടിട്ടില്ലെങ്കിൽ:
- നിങ്ങളെ അയച്ചിരിക്കുന്നവൻ സ്വർഗ്ഗത്തിലും (സ്വർലോകങ്ങളിൽ, പിശാച് വസിക്കുന്ന രണ്ടാം സ്വർഗ്ഗങ്ങളിൽ) ഭൂമിയിലും (ഭൂമിയിലുള്ള സകല മനുഷ്യരുടെ മേലും) അധികാരമുള്ളവനാണ്. ക്രിസ്തുവിന് ഈ അധികാരമുണ്ട്.
- മഹാനിയോഗത്തിൻ്റെ ഈ ഭാഗം നിർവ്വഹിക്കാൻ ഞാൻ മുന്നോട്ടു പോകുമ്പോൾ, എല്ലായ്പോഴും അവിടുന്ന് എൻ്റെ കൂടെ ഉണ്ടായിരിക്കും എന്ന ഒരു പ്രത്യേക വാഗ്ദത്തം എനിക്കുണ്ട്.
ഈ അതിശയകരമായ രണ്ടു വാഗ്ദത്തങ്ങളുടെ കാര്യത്തിൽ ഒരു വലിയ അപകടമുണ്ട്. വ്യവസ്ഥകൾ പൂർത്തീകരിക്കാതെ ഒരു വാഗ്ദത്തം അവകാശപ്പെടുന്ന വളരെ മോശമായ ഒരു ശീലം ക്രിസ്ത്യാനികൾക്കുണ്ട്. ഉദാഹരണത്തിന്, "കർത്താവായ യേശുവിൽ വിശ്വസിക്കുക എന്നാൽ നീ രക്ഷിക്കപ്പെടും" എന്നു നിങ്ങളോടു പറയുമ്പോൾ "കൊള്ളാം കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുക എന്ന വ്യവസ്ഥ ഞാൻ പൂർത്തീകരിക്കാൻ പോകുന്നില്ല, എങ്കിലും ഞാൻ രക്ഷിക്കപ്പെടാൻ പോകുകയാണ്" എന്നു നിങ്ങൾ പറയുകയാണെങ്കിൽ, അതു ഭ്രാന്തമായതാണെന്നു നിങ്ങൾ ചിന്തിക്കുകയില്ലേ? അല്ലെങ്കിൽ, "നമ്മുടെ പാപങ്ങൾ നാം ഏറ്റുപറയുമെങ്കിൽ, നമ്മുടെ പാപങ്ങൾ ക്ഷമിക്കുവാൻ തക്കവണ്ണം അവിടുന്നു വിശ്വസ്തനും നീതിമാനുമാണ്." നിങ്ങളുടെ പാപം ഏറ്റുപറയുക എന്ന വ്യവസ്ഥ നിങ്ങൾ പാലിക്കുന്നില്ലെങ്കിൽ, അവിടുന്നു നിങ്ങളുടെ പാപം ക്ഷമിക്കുമെന്നു നിങ്ങൾക്കെങ്ങനെ വിശ്വസിക്കാൻ കഴിയും?
ദൈവത്തിൻ്റെ വാഗ്ദത്തങ്ങളെല്ലാം സോപാധികമാണ് (വ്യവസ്ഥകളോടു കൂടിയതാണ്). ദൈവം നല്ലവരുടെ മേലും ദുഷ്ടന്മാരുടെ മേലും സൂര്യനെ ഉദിപ്പിക്കുന്നു, നീതിമാന്മാരുടെ മേലും നീതികെട്ടവരുടെ മേലും മഴ പെയ്യിക്കുന്നു, എന്നിവ പോലുള്ള ഭൗതിക വാഗ്ദത്തങ്ങളുണ്ട്, അത് ഒരു വ്യവസ്ഥയും കൂടാതെ അവിടുന്ന് എല്ലാവർക്കും നൽകുന്നു. എന്നാൽ ദൈവത്തിൻ്റെ ആത്മീയ വാഗ്ദത്തങ്ങളിലേക്കു വരുമ്പോൾ, അവ പ്രാപിക്കുന്നതിനു വ്യവസ്ഥകൾ ഉണ്ട്. ഇതു തുടങ്ങുന്നതു പാപക്ഷമയിലാണ്. മാനസാന്തരവും ക്രിസ്തുവിലുള്ള വിശ്വാസവും കൂടാതെ, ആർക്കും പാപക്ഷമ ലഭിക്കുന്നില്ല. നീതീകരണം വിശ്വാസത്താലാണ്, വിശുദ്ധീകരണവും വിശ്വാസത്താലാണ്. ദൈവം വ്യവസ്ഥ കൂടാതെ എല്ലാവർക്കും അവിടുത്തെ കൃപ നൽകുന്നുമില്ല. താഴ്മയുള്ളവർക്കു മാത്രമാണ് അവിടുന്നു കൃപ നൽകുന്നത്. ഓരോ ആത്മീയ വാഗ്ദത്തങ്ങൾക്കും ഓരോ വ്യവസ്ഥയുണ്ട്.
ഞാൻ എടുത്തു പറഞ്ഞ മറ്റെല്ലാ മേഖലകളിലുമുള്ള വാഗ്ദത്തങ്ങളോട് ചേർന്നുള്ള വ്യവസ്ഥകൾ പാലിക്കുന്നതിൻ്റെ പ്രാധാന്യം മനസ്സിലാക്കുന്ന വളരെയധികം ക്രിസ്ത്യാനികൾ "കണ്ടാലും ലോകാവസാനത്തോളം എല്ലാ നാളും ഞാൻ നിങ്ങളോടു കൂടെയുണ്ട്" എന്ന വാഗ്ദത്തത്തിലേക്കു വന്നിട്ട് വ്യവസ്ഥ പൂർത്തീകരിക്കാതെ അത് അവകാശപ്പെടാൻ ശ്രമിക്കുന്നതെന്തുകൊണ്ടാണ്? അതെന്നെ അത്ഭുതപ്പെടുത്തുന്നു. നിങ്ങൾ മാനസാന്തരപ്പെട്ട് വിശ്വസിച്ചില്ലെങ്കിലും നിങ്ങൾക്കു ക്ഷമിക്കപ്പെടാൻ കഴിയും എന്നു ഞാൻ പ്രസംഗിച്ചാൽ അവർ അത്ഭുതപ്പെട്ടു പോകും. നിങ്ങളുടെ പാപങ്ങൾ ഏറ്റു പറഞ്ഞില്ലെങ്കിലും നിങ്ങൾക്ക് അവ ക്ഷമിച്ചു കിട്ടും എന്നു ഞാൻ പറഞ്ഞാൽ അത് പരിഹാസജനകമാണെന്ന് അവർ പറയും. നിങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞാൽ അതു നിങ്ങളോട് ക്ഷമിക്കുവാൻ തക്കവണ്ണം അവിടുന്നു വിശ്വസ്ഥനും നീതിമാനുമാണെന്നു ബൈബിൾ പറയുന്നു, ശരിയല്ലേ? അതേ ബൈബിൾ തന്നെ പറയുന്നു നിങ്ങൾ പോയി ശിഷ്യന്മാരെ ഉണ്ടാക്കി, അവരെ സ്നാനപ്പെടുത്തിയിട്ട് ഞാൻ നിങ്ങളോടു കല്പിച്ചതെല്ലാം ചെയ്യുവാൻ അവരെ പഠിപ്പിച്ചാൽ കർത്താവ് ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടു കൂടെ ഉണ്ടായിരിക്കും. ഇതാണ് കർത്താവു പറഞ്ഞത്. അതിനു ശേഷം അവിടുന്നു പറഞ്ഞു, "കണ്ടാലും ഞാൻ എപ്പോഴും നിങ്ങളുടെ കൂടെയുണ്ട്."
അതുകൊണ്ട് അത്, യേശു കൽപ്പിച്ചതെല്ലാം ചെയ്യുവാൻ മറ്റുള്ളവരെ പഠിപ്പിക്കുവാൻ വേണ്ടി പോകുന്നവർക്ക് പ്രത്യേകമായി കൊടുത്ത ഒരു വാഗ്ദത്തമാണ്. ലോകത്തിൻ്റെ പല ഭാഗങ്ങളിൽ സിഡികളിലൂടെയും ഇൻ്റർനെറ്റിലൂടെയും പുസ്തകങ്ങളിലൂടെയും അതു പൂർത്തീകരിക്കുവാൻ വേണ്ടി അന്വേഷിച്ചു കൊണ്ടു 50 വർഷങ്ങൾ ഞാൻ ചെലവാക്കിയിരിക്കുന്നു, യേശു കൽപ്പിച്ചതെല്ലാം ചെയ്യുവാൻ ആളുകളെ പഠിപ്പിച്ചു കൊണ്ട്. എൻ്റെ കൂടെയുള്ള കർത്താവിൻ്റെ സാന്നിധ്യവും അധികാരവും ഞാൻ വാസ്തവമായി അനുഭവിച്ചിരിക്കുന്നു എന്ന് എനിക്കു സാക്ഷ്യപ്പെടുത്താൻ കഴിയും. അതുകൊണ്ട് ദൈവത്തിൻ്റെ വാഗ്ദത്തങ്ങൾ സത്യമാണെന്നു വിശ്വസിക്കുന്നതിന് നിങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. യേശു കൽപ്പിച്ചതെല്ലാം ആദ്യം നിങ്ങൾ തന്നെ ചെയ്തിട്ട് അത് ആളുകളെ പഠിപ്പിക്കുവാൻ അന്വേഷിച്ചു കൊണ്ടു നിങ്ങൾ മുന്നോട്ടു പോയാൽ, അവിടുത്തെ അധികാരം നിങ്ങളെ പിന്താങ്ങുകയും അവിടുന്ന് എല്ലായ്പോഴും നിങ്ങളോടു കൂടെ ഉണ്ടായിരിക്കുകയും ചെയ്യും.
അവിടുന്ന് എല്ലായ്പോഴും നമ്മോടു കൂടെ ഉണ്ടായിരിക്കുന്നതിൻ്റെ ഫലങ്ങളിൽ ഒന്ന്, അവിടുന്ന് നമ്മെ നിരുത്സാഹം, വിഷാദം, മോശം മാനസികാവസ്ഥ തുടങ്ങിയവ പോലെയുള്ള എല്ലാവിധ കാര്യങ്ങളിൽ നിന്നും വിടുവിക്കുന്നു. എല്ലാ സമയവും യേശു എൻ്റെ കൂടെ ഉണ്ടെങ്കിൽ എനിക്കെങ്ങനെയാണ് ഈ ലോകത്തിൽ ഒരു മോശം മാനസികാവസ്ഥ ഉണ്ടാകുന്നത്? എല്ലാ സമയവും യേശു എൻ്റെ കൂടെയുണ്ടെങ്കിൽ എങ്ങനെയാണ് ഞാൻ ഈ ലോകത്തിൽ നിരുത്സാഹമുള്ളവനോ ഭയമുള്ളവനോ ആയിരിക്കുന്നത്? അനേകം ആളുകൾ കർത്താവു തങ്ങളോടൊപ്പമില്ലാതെ തന്നെ അവിടുന്നു അവരോടു കൂടെ ഉണ്ടെന്നു സങ്കൽപ്പിക്കുന്നു. യേശു കൽപ്പിച്ചതെല്ലാം ചെയ്യുന്നതിന് അവർ അന്വേഷിക്കുന്നില്ല; യേശു കൽപ്പിച്ചതെല്ലാം മറ്റുള്ളവരെ പഠിപ്പിക്കുന്ന കാര്യവും അവർ അന്വേഷിക്കുന്നില്ല. അതുകൊണ്ട് ആ വാഗ്ദത്തം അവകാശപ്പെടുവാൻ കഴിയുന്നതിനു മുമ്പ് അവിടെ പൂർത്തീകരിക്കുവാൻ ഒരു വ്യവസ്ഥയുണ്ട്, അതു വ്യക്തമായി കാണുന്നതിനുവേണ്ടി നിങ്ങളെ പ്രോത്സാഹിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.