ലേഖകൻ :   സാക് പുന്നൻ
WFTW Body: 

എസ്രാ, നെഹെമ്യാവ് എന്നീ രണ്ടു ദൈവ പുരുഷന്മാരുടെ സ്വാധീനത്തിലൂടെ യഹൂദന്മാർക്കിടയിൽ ദൈവം കൊണ്ടുവന്ന അതിശക്തമായ ഉണർവ്വിനെയാണ് നെഹെമ്യാവിൻ്റെ പുസ്തകം നമ്മെ കാണിക്കുന്നത്.

നെഹെമ്യാവിൻ്റെ പുസ്തകം എട്ടാമത്തെ അധ്യായത്തിൽ , എസ്രാ യിലൂടെ ദൈവം എന്താണു ചെയ്തത് എന്നു നാം വായിക്കുന്നു. അദ്ദേഹം ദൈവവചനവും എടുത്തുകൊണ്ട് , സകല പുരുഷന്മാരെയും, സ്ത്രീകളെയും, ഗ്രഹിക്കാൻ കഴിയുന്ന പ്രായത്തിനു മുകളിലുള്ള കുട്ടികളെയും ഒരുമിച്ചുകൂട്ടി വരുത്തി . അതിനുശേഷം അദ്ദേഹം അവർക്കുവേണ്ടി 6 മണിക്കൂർ നീണ്ട ഒരു വേദപുസ്തക പഠനം നടത്തി ! അവിടെ പറയുന്നത് " സകല ജനവും ന്യായപ്രമാണപുസ്തകം ശ്രദ്ധിച്ചു കേട്ടു " എന്നാണ് ( നെഹെ. 8:3 ). ദൈവത്തെ സ്തുതിക്കുന്ന ഒരു സമയത്തോടുകൂടി അവർ തങ്ങളുടെ യോഗം ആരംഭിച്ചു ( നെഹെ. 8:4) . അപ്പോൾ എസ്രാ താൻ തിരുവചനത്തിൽ നിന്ന് വായിച്ച ഓരോ കാര്യത്തിൻ്റെയും അർത്ഥം ജനത്തിനു വിവരിച്ചു കൊടുക്കുന്നതിന് അധ്വാനിച്ചു ( നെഹെ. 8: 8 ). ഇവരെല്ലാവരോടും ഇത്ര വ്യക്തമായി തിരുവചനം വിവരിച്ചു കൊടുക്കാൻ തനിക്കു കഴിയേണ്ടതിന് എസ്രാ തീർച്ചയായും അനേകമാസങ്ങളും വർഷങ്ങളും തിരുവചനം പഠിക്കുന്നതിനു വേണ്ടി ചെലവഴിച്ചിട്ടുണ്ടാകണം. ഈ സമയത്തിനായി ദൈവം രഹസ്യത്തിൽ അദ്ദേഹത്തെ ഒരുക്കിയിരുന്നു.

ഉണർവ്വ് ഉണ്ടായിട്ട് ജനം തങ്ങളുടെ പാപങ്ങൾക്കു വേണ്ടി കരയാൻ തുടങ്ങി ( നെഹെ. 8: 9 ). അപ്പോൾ ദൈവം അവർക്ക് നൽകിയിട്ടുള്ള നന്മകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കേണ്ടതിന് അവർ പ്രബോധിപ്പിക്കപ്പെട്ടു .അങ്ങനെ ചെയ്യുന്നതിലൂടെ " യഹോവയിങ്കലെ സന്തോഷം അവരുടെ ബലമായി തീരും " ( നെഹെ. 8:10 ). ജനം പുറപ്പെട്ടു പോയി ആ പ്രബോധനം അനുസരിച്ചു. അടുത്തദിവസം എസ്രാ നേതാക്കന്മാർക്കു വേണ്ടി ഒരു ബൈബിൾ പഠനം നടത്തി ( നെഹെ. 8:13). ഓരോ വർഷത്തിൻ്റെയും ഏഴാംമാസം, യിസ്രായേൽ മക്കൾ " കൂടാര പെരുന്നാൾ " ആചരിക്കണമെന്ന് ദൈവവചനം കല്പിച്ചിട്ടുണ്ട് എന്ന് അവർ കണ്ടപ്പോൾ, അവർ അത് ഉടനെ തന്നെ അനുസരിച്ചു. ഏതാണ്ട് 900 വർഷങ്ങൾക്കുള്ളിൽ ഈ ഉത്സവം ആചരിക്കുന്ന ആദ്യത്തെ സമയമായിരുന്നു ഇത് - കാരണം യോശുവയുടെ കാലം മുതൽ ഈ കല്പന അനുസരിച്ചിരുന്നില്ല ( നെഹെ. 8:14-17). ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള മനുഷ്യനായ ദാവീദിനു പോലും ഇസ്രായേൽ ജനത്തെ കൊണ്ട് ഈ കല്പന അനുസരിപ്പിക്കുവാൻ കഴിഞ്ഞില്ല. എസ്രാ ഏഴു ദിവസത്തേക്കു കൂടി വേദപുസ്തകം പഠിപ്പിക്കുന്നതു തുടർന്നു (നെഹെ. 8:18).

നെഹമ്യാവിൻ്റെ പുസ്തകം ഒൻപതാമത്തെ അദ്ധ്യായത്തിൽ ദൈവം നെഹമ്യാവിലൂടെ ചെയ്തതെന്താണെന്നു നാം വായിക്കുന്നു. ആ അദ്ധ്യായം തുടങ്ങുന്നത് , ഇസ്രായേൽ മക്കൾ ഉപവസിക്കുന്നതും , തങ്ങളുടെ പാപങ്ങൾ ഏറ്റു പറയുന്നതും , ജാതികളിൽ നിന്നു തങ്ങളെ തന്നെ വേർതിരിക്കുന്നതിനോടെയുമാണ് ( നെഹെ.9: 1, 2) . അതിനുശേഷം അവർക്ക് ഒരു മൂന്നു മണിക്കൂർ. വേദപഠനവും മൂന്നു മണിക്കൂർ യഹോവയെ സ്തുതിച്ചു കൊണ്ട് തങ്ങളുടെ പാപങ്ങൾ ഏറ്റുപറയുന്ന ഒരു സമയവും ഉണ്ടായിരുന്നു. അത് വീണ്ടും എല്ലായിടത്തും ഉണർവ്വുണ്ടാകുകയായിരുന്നു ( നെഹെ.9:3). അപ്പോൾ ലേവ്യർ എഴുന്നേറ്റു നിന്ന് യഹോവയോട് ഉറക്കെ നിലവിളിച്ചു ( നെഹെ.9:4) . നെഹെമ്യാവ് 9:6 മുതൽ 31-ാം വാക്യം വരെ , മുഴുവേദപുസ്തകത്തിലും രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നീണ്ട ഒരു പ്രാർത്ഥനയാണ് നമുക്കുള്ളത്. അതിനുശേഷം ലേവ്യർ അബ്രാഹാമിൻ്റെ കാലം മുതലുള്ള യിസ്രായേലിൻ്റെ ചരിത്രവും നാൽപതു വർഷങ്ങൾ മരുഭൂമിയിലൂടെ അലഞ്ഞു നടന്ന സമയത്തും ന്യായാധിപന്മാരുടെയും രാജാക്കന്മാരുടെയും കാലത്തും അവർക്കുണ്ടായ പരാജയവും ആവർത്തിച്ചു ചൊല്ലിയിട്ട് ദൈവം അവർക്കയച്ച ഓരോ ന്യായവിധിയും നീതി യുക്തവും ശരിയായതും ആയിരുന്നു എന്ന് ഏറ്റുപറഞ്ഞു. അവർ അനുതപിച്ച് മനം തിരിയുകയും, യഹോവയുടെ മുമ്പാകെ ഒരു നിയമം ചെയ്ത് അതിൽ ഒന്നാമത് നെഹെമ്യാവും പിന്നീട് ബാക്കി എല്ലാവരും മുദ്രയിടുകയും ചെയ്തു (നെഹെ. 10:1).

ഇതെല്ലാം നടന്നത് , ദൈവഭയമുള്ള രണ്ടു പുരുഷന്മാരായ എസ്രായുടെയും നെഹെമ്യാവിൻ്റെയും സ്വാധീനത്തിലൂടെയാണ് . അവരുടെ ഒരുമിച്ചുള്ള ശുശ്രൂഷ ഏതാണ്ട് കൃത്യമായി രണ്ടു മൂപ്പന്മാരാൽ നയിക്കപ്പെടുന്ന ഒരു പുതിയ നിയമ സഭയുടെ പ്രവർത്തനം പോലെയാണ്. നമുക്കേവർക്കും അനുകരിക്കാനുള്ള എത്ര നല്ലൊരു മാതൃക!