ഇന്നുവരെ ജനിച്ചവരിൽ, താൻ ജനിക്കേണ്ട കുടുംബം തിരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടായിരുന്ന ഏക വ്യക്തി യേശു ആയിരുന്നു. നമ്മിൽ ആർക്കും ആ തിരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല.
യേശു തിരഞ്ഞെടുത്തത് ഏതു കുടുംബമാണ്? "അവിടെ നിന്ന് എന്തെങ്കിലും നന്മ വരുമോ?" (യോഹ. 1:46) എന്ന് ആളുകൾ പറഞ്ഞ നസ്രേത്ത് എന്ന ഒരു സ്ഥലത്തുള്ള അറിയപ്പെടാത്ത ഒരു ആശാരിയുടെ കുടുംബം. ഒരു ആട്ടിൻകുട്ടിയെ ദഹനയാഗമായി അർപ്പിക്കാൻ പോലും കഴിവില്ലാത്ത അത്ര ദരിദ്രനായിരുന്നു ജോസഫും മറിയയും (ലൂക്കോ. 2:22 - 24 വരെയുള്ള വാക്യങ്ങൾ ലേവ്യ. 12:8 മായി ചേർത്തുവായിക്കുക).
ഇതുവരെ ജനിച്ചവരിൽ, കൃത്യമായി താൻ എവിടെയാണ് ജനിക്കേണ്ടതെന്ന് തിരഞ്ഞെടുക്കാൻ കഴിഞ്ഞ ഏക വ്യക്തിയും യേശു ആണ്. തൻ്റെ ജന്മസ്ഥലം തീരുമാനിക്കാനുള്ള അവസരം ഉണ്ടായിരിക്കെ, അവിടുന്ന് ഏതു സ്ഥലമാണ് തിരഞ്ഞെടുത്തത്? താഴ്ന്ന നിലവാരമുള്ള ഒരു കാലിത്തൊഴുത്തിലെ പുൽകൂട്ടിൽ!
യേശു തനിക്കു വേണ്ടി തിരഞ്ഞെടുത്ത കുടുംബ പരമ്പര വീണ്ടും ശ്രദ്ധിക്കുക. മത്താ. 1:3 - 6 വരെയുള്ള വാക്യങ്ങളിൽ പറഞ്ഞിട്ടുള്ള യേശുവിൻ്റെ വംശാവലിയിൽ നാലു സ്ത്രീകളുടെ പേരു പറഞ്ഞിട്ടുണ്ട്. ഒന്നാമത്തവൾ ആയ താമാറിന് അവളുടെ അമ്മായപ്പനായ യഹൂദായുമായി വ്യഭിചാരം ചെയ്തതിലൂടെ ഉണ്ടായ ഒരു മകനുണ്ടായിരുന്നു. രണ്ടാമത്തവൾ രാഹാബ്, യെരിഹോവിൽ നല്ലവണ്ണം അറിയപ്പെട്ട ഒരു വേശ്യയായിരുന്നു. മൂന്നാമത്തവൾ രൂത്ത്, ലോത്ത് തൻ്റെ മകളുമായി പരസംഗം ചെയ്തുണ്ടായ മോവാബിൻ്റെ വംശജ, നാലാമത്തവൾ ഊരിയാവിൻ്റെ ഭാര്യ, ബത് ശേബ, അവളുമായാണ് ദാവീദ് പരസംഗം ചെയ്തത്.
എന്തുകൊണ്ടാണ് യേശു കടന്നുവരാൻ അത്തരം ലജ്ജാകരമായ ഒരു കുടുംബ പരമ്പര തിരഞ്ഞെടുത്തത്? അതുവഴി വീഴ്ച സംഭവിച്ച ആദാമ്യ വർഗ്ഗവുമായി അവിടുത്തേക്ക് പൂർണ്ണമായ താദാത്മ്യം പ്രാപിക്കേണ്ടതിനാണ്. അവിടെ നാം അവിടുത്തെ താഴ്മ കാണുന്നു. കുടുംബത്തിൻ്റെയോ വംശാവലിയുടെയോ ഒരു പെരുമയും അവിടുന്നാഗ്രഹിച്ചില്ല.
യേശു തന്നെത്തന്നെ പൂർണ്ണമായി മനുഷ്യനോട് അനുരൂപമാക്കി. സകല മനുഷ്യരുടെയും സർവ്വപ്രധാനമായ തുല്യതയിൽ അവിടുന്ന് വിശ്വസിക്കുകയും, വർഗ്ഗം, കുടുംബം, ജീവിതത്തിലെ സ്ഥാനം മുതലായവ ഒന്നും പരിഗണിക്കാതെ, സമൂഹ നിരയിൽ ഏറ്റവും ചെറിയവരും താഴ്ന്നവരുമായി ഒന്നായി തീരുകയും ചെയ്തു. എല്ലാവരുടേയും ദാസനായിരിക്കേണ്ടതിന് എല്ലാവരിലും താഴ്ന്നവനായി അവിടുന്നു വന്നു. മറ്റുള്ളവരെ മുകളിലേക്ക് ഉയർത്തേണ്ടതിനായി അവരുടെ താഴേയ്ക്കു വരുന്ന ഒരുവൻ അവിടുന്നു മാത്രമാണ് അങ്ങനെയാണ് യേശു വന്നത്.
പരിശുദ്ധാത്മാവ് നമ്മെ രൂപാന്തരപ്പെടുത്തുന്നതു നമ്മുടെ മനസ്സിൻ്റെ പുതുക്കത്തിലൂടെയാണ് (റോമർ 12:2). യഥാർത്ഥമായ, ക്രിസ്തുവിനോട് അനുരൂപമായ മനുഷ്യത്വത്തിൻ്റെ വിത്തു വിതയ്ക്കപ്പെടുന്നത് നമ്മുടെ ചിന്തകളിലാണ്. മറ്റുള്ളവരുടെ മുമ്പാകെയുള്ള നമ്മുടെ പ്രവൃത്തികളാലോേ നമ്മുടെ പെരുമാറ്റങ്ങളാലോ അല്ല. എന്നാൽ അതിലുമധികം നമ്മുടെ ചിന്തകളാലാണ് (നാം തനിയെ ആയിരിക്കുമ്പോൾ) ഈ മേഖലയിൽ നാം ക്രിസ്തുവിനോട് അനുരൂപരായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയാണോ അല്ലയോ എന്നു ആരാഞ്ഞറിയാൻ കഴിയുന്നത് - നമ്മെക്കുറിച്ചു തന്നെയുള്ള ചിന്തകളും നാം മറ്റുള്ളവരുമായി നമ്മെ എങ്ങനെ താരതമ്യം ചെയ്യുന്നു എന്നതിനെ കുറിച്ചും.
നമ്മുടെ ചിന്തകളിൽ യഥാർഥമായി നാം ചെറുതായിരിക്കുമ്പോൾ മാത്രമാണ്, നമുക്ക് കലർപ്പില്ലാതെ "മറ്റുള്ളവരെ നമ്മെക്കാൾ ശ്രേഷ്ഠരെന്ന്" (ഫിലി. 2:3) പരിഗണിക്കാനും, സകല വിശുദ്ധന്മാരിലും ഏറ്റവും ചെറിയവൻ എന്നു നമ്മെ തന്നെ കണക്കാക്കാനും കഴിയൂ (എഫെ. 3:8).
യേശു എപ്പോഴും പിതാവിൻ്റെ മുമ്പിൽ തന്നേത്തന്നെ ഒന്നുമില്ലാത്തവനായി പരിഗണിച്ചു. അതുകൊണ്ട്, പിതാവിൻ്റെ മഹത്വം അതിൻ്റെ സകല നിറവിലും തന്നിലൂടെ വെളിപ്പെടുത്തപ്പെട്ടു.
മുപ്പതു വർഷത്തോളം, യേശു അപൂർണ്ണരായ ഒരു വളർത്തച്ഛനും അമ്മയ്ക്കും വിധേയപ്പെട്ടിരുന്നു - കാരണം ഇതായിരുന്നു അവിടുത്തെ പിതാവിൻ്റെ ഹിതം. അവിടുത്തേക്ക് ജോസഫിനെയും മറിയയേയുംകാൾ വളരെയികം അറിവുണ്ടായിരുന്നു, കൂടാതെ അവിടുന്ന് പാപരഹിതനായിരുന്നു, അവരെ പോലെ ആയിരുന്നില്ല. എന്നിട്ടും അവിടുന്ന് അവർക്കു കീഴടങ്ങിയിരുന്നു.
ഒരു മനുഷ്യന് തന്നെക്കാൾ ബൗദ്ധികമായോ ആത്മീകമായോ താഴെയുള്ളവർക്കു കീഴടങ്ങിയിരിക്കുന്നത് എളുപ്പമല്ല. എന്നാൽ യഥാർത്ഥ താഴ്മയ്ക്ക് ഇവിടെ ഒരു പ്രശ്നവുമില്ല - ദൈവത്തിൻ്റെ കണ്ണുകളിൽ തന്നെത്തന്നെ യഥാർഥത്തിൽ ഒന്നുമില്ലാത്തവനായി കണ്ടിരിക്കുന്ന ഒരുവന് ദൈവം തനിക്കു മുകളിൽ നിയമിക്കുന്ന ഏതൊരാൾക്കും വിധേയപ്പെടുന്നതിൽ ഒരു പ്രയാസവുമില്ല.
തീരെ മതിപ്പില്ലാത്ത ഒരു ജോലി യേശു തിരഞ്ഞെടുത്തു - ഒരു ആശാരിയുടെ. അവിടുന്ന് തൻ്റെ പരസ്യ ശുശ്രൂഷയിലേക്കു പ്രവേശിച്ചപ്പോൾ തൻ്റെ പേരിന് പൂർവ്വപ്രത്യയമോ ഒടുവിലത്തെ വിശേഷണ പദമോ ഒന്നും ഉണ്ടായിരുന്നില്ല. അവിടുന്ന് 'പാസ്റ്റർ യേശു' ആയിരുന്നില്ല. അവിടുന്ന് "റവൻ്റ് ഡോക്ടർ യേശുവും" ആയിരുന്നില്ല! അവിടുന്ന് ശുശ്രൂഷിക്കാൻ വന്ന സാധാരണ മനുഷ്യരെക്കാൾ തന്നെ ഉയർത്തുന്ന ഒരു ഭൗമിക സ്ഥാനമോ അല്ലെങ്കിൽ സ്ഥാനപ്പേരോ അവിടുന്ന് ഒരിക്കലും അന്വേഷിക്കുകയോ ആഗ്രഹിക്കുകയോ ചെയ്തില്ല.
പിതാവിൻ്റെ മുമ്പാകെ ഒന്നുമില്ലായ്മയുടെ സ്ഥാനം എടുത്തതുകൊണ്ട്, പിതാവ് തൻ്റെ ജീവിതത്തിനു വേണ്ടി ആജ്ഞാപിക്കുന്ന ഏതു കാര്യത്തിനും സന്തോഷത്തോടെ കീഴടങ്ങുവാൻ അവിടുത്തേക്കു കഴിയുകയും, പൂർണ്ണ ഹൃദയത്തോടെ പിതാവിൻ്റെ കൽപനകൾ അനുസരിക്കുകയും ചെയ്തു.
"തന്നെത്താൻ താഴ്ത്തി മരണത്തോളം അനുസരണമുള്ളവനായി തീർന്നു" (ഫിലി. 2:8).
ദൈവത്തോട് അങ്ങനെയുള്ള പൂർണ്ണ അനുസരണമാണ് യഥാർഥ താഴ്മയുടെ തെറ്റി പോകാത്ത അടയാളം. ഇതിനെക്കാൾ വ്യക്തമായ ഒരു പരിശോധന ഇല്ല.
കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ.