WFTW Body: 

അനേകം കാനിബാൾ ഗോത്രങ്ങൾക്ക് സ്വദേശമായിരുന്ന പല തെക്കൻ പെസഫിക് ദ്വീപുകളിൽ യേശുക്രിസ്തുവിൻ്റെ സുവിശേഷം പ്രചരിപ്പിക്കാനായി തൻ്റെ ജീവിതം നൽകിയ ഒരു മിഷണറിയുടെ ജീവചരിത്രം അടുത്ത സമയത്ത് ഞാൻ വായിക്കുകയായിരുന്നു. കഠിനമായ പല ശോധനകളിലൂടെ കടന്നുപോയപ്പോൾ കർത്താവ് അദ്ദേഹത്തെ എങ്ങനെ വിടുവിച്ചു, ശക്തിപ്പെടുത്തി, ധൈര്യപ്പെടുത്തുകയും ആശ്വസിപ്പിക്കുകയും ചെയ്തു എന്നു കണ്ട് ഞാൻ ആവേശഭരിതനായി. എൻ്റെ ഹൃദയത്തിൽ ആഗ്രഹങ്ങൾ പൊങ്ങുന്നതായി കാണുകയും, ഇന്ന് എൻ്റെ ജീവിതത്തിൽ എനിക്കു നൽകാൻ കഴിയുന്ന എന്തിനെക്കാളും അധികം പ്രത്യേകമായതാണ് അത്തരം ഒരു സാക്ഷ്യം എന്നു ചിന്തിക്കാനുള്ള ഒരു പ്രലോഭനവും ഞാൻ കണ്ടു.

എന്നാൽ കർത്താവ്, വളരെ പ്രധാനപ്പെട്ട ഒരു സത്യം എന്നെ ഓർപ്പിക്കുവാൻ ആ അനുഭവത്തെ ഉപയോഗിച്ചു: എനിക്കു നൽകാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട സാക്ഷ്യം മറ്റുള്ളവരോട് എൻ്റെ അധരങ്ങൾ കൊണ്ട് നൽകുന്നതല്ല; എന്നാൽ അതിനെക്കാൾ, എൻ്റെ ജീവിതം കൊണ്ട്, സ്വർലോകങ്ങളിലെ വാഴ്ചകൾക്കും അധികാരങ്ങൾക്കും ഞാൻ നൽകുന്ന സാക്ഷ്യമാണ് എന്നായിരുന്നു അത്.
"... ദൈവത്തിൻ്റെ ബഹുവിധമായ ജ്ഞാനം സഭ മുഖാന്തരം സ്വർഗത്തിലെ വാഴ്ചകൾക്കും അധികാരങ്ങൾക്കും അറിയായ് വരുന്നു" (എഫെ. 3:10).

ബൈബിളിലെ പ്രാരംഭ രേഖകളിൽ നിന്നു നാം കാണുന്നത് സാത്താൻ ആരെകുറിച്ച് തനിക്ക് അപവാദം പറയാൻ കഴിയും എന്ന് അന്വേഷിച്ചു കൊണ്ട് ഭൂമിയിൽ ഊടാടി സഞ്ചരിക്കുന്നു എന്നാണ് (ഇയ്യോ. 1:6), നാം മറ്റൊരു കാര്യം കൂടി കാണുന്നത്, മനുഷ്യനെ സൃഷ്ടിക്കുന്നതിൽ ദൈവത്തിനുണ്ടായിരുന്ന ബൃഹത്തായ പദ്ധതിയുടെ പരിജ്ഞാനം വ്യക്തമായി തെളിയിച്ചു കൊടുക്കാൻ വേണ്ടി സാത്താന് തിരിച്ചടി നൽകാൻ കഴിയുംവിധം അവന് ചൂണ്ടി കാണിച്ചു കൊടുക്കാൻ കഴിയുന്ന, തൻ്റെ മുമ്പാകെ ജീവിക്കുന്ന സ്ത്രീ പുരുഷന്മാരെയും ദൈവം അന്വേഷിക്കുന്നു (ഇയ്യോ. 1:7).

അത് അറിഞ്ഞതിനു ശേഷം പോലും, എൻ്റെ ജീവിതം കൊണ്ടു കർത്താവിനെ മഹത്വപ്പെടുത്തുന്നതിനേക്കാൾ അധികം, സംസാരിക്കപ്പെടുന്ന സാക്ഷ്യത്തെ വിലമതിക്കുവാൻ അപ്പോഴും വളരെ എളുപ്പമാണെന്നു ഞാൻ കാണുന്നു!

സാക്ഷ്യപ്പെടുത്തുന്ന ഒരു ജീവിതത്തിൻ്റെ അടയാളം (ലക്ഷണം)

എൻ്റെ ജീവിതത്തിലൂടെ ദൈവത്തെ മഹത്വപ്പെടുത്തുന്നതിനെ കുറിച്ചു ചിന്തിക്കുമ്പോഴെല്ലാം, തൻ്റെ ജീവിതം കൊണ്ട് പിതാവിനെ വിവരിച്ചു കാണിച്ച (യോഹ. 1:18) യേശുക്രിസ്തുവിനെ കുറിച്ച് ഞാൻ ഓർമ്മിപ്പിക്കപ്പെടുന്നു. നാം ക്രിസ്തുവിൽ വളരുന്തോറും, ആ വിശദീകരണത്തിനായി നാം കൂടുതലായി യേശുവിൻ്റെ ജീവിതത്തിലേക്ക് നോക്കണം, അവിടുന്നു സംസാരിച്ച വാക്കുകളിലേക്കു മാത്രമല്ല. എനിക്ക് അവിടുത്തെ ജീവിതത്തിലെ മൂന്നു സംഭവങ്ങൾ പിതാവിനെ കുറിച്ച് ഗഹനമായ വിശദീകരണം നൽകുന്നു - ഒരേ ദീപ്തിയുടെ എല്ലാ വ്യത്യസ്ത കോണുകളും -പല വശങ്ങളുള്ള ഒരു വജ്രംപോലെ.

"പിന്നെ കടലിൽ വലിയ ഓളം ഉണ്ടായിട്ട് പടക് തിരകളാൽ മുങ്ങുമാറായി, എന്നാൽ യേശു ഉറങ്ങുകയായിരുന്നു" (മത്താ. 8:24).

"ഉടനെ യൂദാ യേശുവിൻ്റെ അടുക്കൽ വന്നു, 'റബ്ബീ വന്ദനം' എന്നു പറഞ്ഞ് അവനെ ചുംബിച്ചു. യേശു അവനോട് 'സ്നേഹിതാ, നീ വന്ന കാര്യം എന്ത്' എന്ന് പറഞ്ഞു. അപ്പോൾ അവർ അടുത്തു യേശുവിൻ്റെ മേൽ കൈ വച്ച് അവനെ പിടിച്ചു" (മത്താ. 26:49 - 50).

"പീലാത്തോസ് യേശുവിനോട് ' നീ എവിടെ നിന്ന് ആകുന്നു?' എന്ന് ചോദിച്ചു എന്നാൽ യേശു ഉത്തരം പറഞ്ഞില്ല. അതുകൊണ്ട് പീലാത്തോസ് അവനോട് ' നീ എന്നോടു സംസാരിക്കുന്നില്ലയോ? എനിക്കു നിന്നെ വിട്ടയപ്പാൻ അധികാരമുണ്ടെന്നും,നിന്നെ ക്രൂശിപ്പാൻ അധികാരമുണ്ടെന്നും നീ അറിയുന്നില്ലയോ?' എന്നു ചോദിച്ചതിന് യേശു ഇപ്രകാരം പറഞ്ഞു, മേലിൽ നിന്നു നിനക്കു കിട്ടിയിട്ടില്ല എങ്കിൽ എൻ്റെ മേൽ നിനക്ക് ഒരധികാരവും ഉണ്ടാകയില്ലായിരുന്നു..." (യോഹ. 19:9 - 11).

ഈ മൂന്നു സംഭവങ്ങളിലോരോന്നിലും ഞാൻ കണ്ടത് യേശു സ്വസ്ഥതയിലായിരുന്നു എന്നാണ്! അവിടുത്തേക്ക് ഒരു കൊടുങ്കാറ്റിലൂടെ പോകുമ്പോഴും ഉറങ്ങാൻ കഴിഞ്ഞു. കാരണം അവിടുന്നു തൻ്റെ പിതാവിൽ വിശ്വസിച്ച് ആശ്രയിച്ചു. യൂദായെ അവിടുത്തെ "സ്നേഹിതൻ" എന്നു വിളിക്കാൻ കഴിഞ്ഞു, കാരണം ആ പാനപാത്രം തൻ്റെ പിതാവിൽ നിന്നാണ് വന്നത് എന്ന് അവിടുന്നു കണ്ടു. ഭൂമിയിലെ ഭരണാധികാരികളുടെ മുന്നിൽ ഉറച്ചു നിൽക്കാൻ അവിടുത്തേക്ക് കഴിഞ്ഞു കാരണം അവിടുന്ന് തൻ്റെ പിതാവിന്റെ പരമാധികാരത്തിൽ ആശ്രയിച്ചു . അവിടുത്തെ ജീവിതത്തിൻ്റെ സാക്ഷ്യം സ്നേഹവാനായ, ശക്തിയിലുള്ള സ്വർഗീയ പിതാവിൻ്റെ പരിപൂർണ്ണമായ സ്വസ്ഥതയുടെ സാക്ഷ്യമായിരുന്നു!

ഇന്നു നമുക്കും അതേ സാക്ഷ്യം ഉണ്ടാകാൻ കഴിയും എന്നതിനാൽ ദൈവത്തെ സ്തുതിക്കുന്നു. ഭൂമിയിലെ ആരും കണ്ടില്ലെങ്കിൽ പോലും, അതുപോലെ നാം ഒരു വാക്കും ഉച്ചരിച്ചില്ലെങ്കിൽ പോലും (അവിടുന്ന് വള്ളത്തിൽ കിടന്നുറങ്ങിയപ്പോൾ താൻ ഒന്നും സംസാരിക്കാതിരുന്നതുപോലെ), അപ്പോഴും നമ്മുടെ ജീവിതം സ്വർലോകങ്ങളിലെ വാഴ്ചകൾക്കും അധികാരങ്ങൾക്കും നമ്മുടെ സ്വർഗീയ പിതാവിൻ്റെ പരമമായ വിശ്വാസ യോഗ്യതയെ കുറിച്ചുള്ള ഒരു സാക്ഷ്യമാകാൻ കഴിയും.

ആ സാക്ഷ്യം എങ്ങനെ നാം മറ്റുള്ളവർക്കു കൊടുക്കും? നാം അഭിമുഖീകരിക്കുന്ന കൊടുങ്കാറ്റിന്റെ മധ്യത്തിൽ, ആ ബോട്ടിൽ യേശു കിടന്നതിന്റെ അടുത്ത് നാം പോയി കിടക്കുക. പരിശുദ്ധാത്മാവില്ലാതിരുന്ന ശിഷ്യർക്ക്, കൊടുങ്കാറ്റ് ഒഴിഞ്ഞു പോകുന്നതു വരെ സ്വസ്തയുണ്ടാകാൻ കഴിഞ്ഞില്ല; എന്നാൽ കൊടുങ്കാറ്റിനു മുമ്പേ ആയാലും അതിലൂടെ കടന്നു പോകുമ്പോൾ ആയാലും നമുക്ക് സ്വസ്ഥമായിരിക്കാൻ കഴിയും. വഞ്ചകന്മാരുടെ ആക്രമണങ്ങളുടെ മധ്യത്തിൽ, യേശുവിനെപ്പോലെ നമ്മെ തന്നെ പ്രതിരോധിക്കുവാൻ നാം വിസമ്മതിക്കുന്നു. പരിശുദ്ധാത്മാവ് ഇല്ലാതിരുന്ന ശിഷ്യന്മാർക്ക് പോരാടാനുള്ള പ്രലോഭനത്തെ എതിർക്കാൻ കഴിഞ്ഞില്ല; എന്നാൽ തെറ്റായി ആരോപിക്കപ്പെടുമ്പോൾ, നമുക്ക് യേശുവിനോട് ചേർന്ന് നമ്മെ ദൈവത്തിനു ഭരമേൽപ്പിക്കാൻ കഴിയും. ഉന്നതാധികാരികളാൽ നമുക്കെതിരായി കൊണ്ടുവരപ്പെടുന്ന വെല്ലുവിളികളുടെ മധ്യത്തിൽ പരമാധികാരിയായിരിക്കുന്ന ദൈവത്തിൽ നാം ആശ്വാസം കണ്ടെത്തുന്നു, യേശു ചെയ്തതുപോലെ തന്നെ.

എൻ്റെ ചെറിയ പടകിനെതിരെ കൊടുങ്കാറ്റ് അടിക്കുമ്പോൾ യേശുവിനോട് ചേർന്ന് പടകിൽ കിടക്കുവാൻ പല സമയങ്ങളിൽ കർത്താവ് എന്നെ ക്ഷണിച്ചു കൊണ്ടിരിക്കുന്നു. എന്നെ പ്രത്യേകമായി വെല്ലുവിളിച്ച രണ്ടു കാര്യങ്ങൾ ഇവയാണ്:

സ്വസ്ഥത ഐച്ഛികമല്ല:

"അവൻ്റെ സ്വസ്ഥതയിൽ പ്രവേശിക്കാനുള്ള വാഗ്ദത്തം ശേഷിച്ചിരിക്കുകയാൽ, നിങ്ങളിൽ ആർക്കും അതു ലഭിക്കാതെ പോയി എന്നു വരാതിരിക്കാൻ നാം ഭയപ്പെടുക" (എബ്രാ. 4:1). ഞാൻ എല്ലാ അസ്വസ്ഥതകളും വളരെ ഗൗരവമായി എടുക്കണം. സകല അസ്വസ്ഥതകളും നിഗളം മൂലമാണ് എന്ന് അടുത്തയിടെ നമ്മുടെ സഭായോഗത്തിൽ നാം കേട്ടു. അതുകൊണ്ട് എപ്പോഴെങ്കിലും നാം ദൈവത്തിൻ്റെ സ്വസ്ഥതയിൽ അല്ലാതെ നമ്മെ തന്നെ കണ്ടാൽ, നാം അതു ഗൗരവമായി എടുക്കണം, എന്നിട്ട് അവിടുത്തെ സ്വസ്ഥതയിൽ നിന്നും നമ്മെ മാറ്റി നിർത്തിയിരിക്കുന്ന നിഗളത്തിന്മേൽ വെളിച്ചം തരാനായി കർത്താവിനോട് അപേക്ഷിക്കണം. വേദപുസ്തകം പറയുന്നത്, "അത് ലഭിക്കാതെ പോയി എന്ന് വരാതിരിപ്പാൻ നാം ഭയപ്പെടുക" എന്നാണ് . അതുകൊണ്ട് സ്വസ്ഥതയുടെ ഏറ്റവും ചെറിയ കുറവ് പോലും നാം ഗൗരവമായി എടുക്കണം.

സ്വസ്ഥത എന്നാൽ അലസതയല്ല:

വാഗ്ദത്തം ചെയ്യപ്പെട്ട സ്വസ്ഥതയെ ഞാൻ ഒന്നും ചെയ്യാതിരിക്കുക എന്നാണ് അർത്ഥമാക്കുന്നത് എന്ന് നിഗൂഢമായി കോട്ടികളയാൻ എൻ്റെ ജഡം ശ്രമിക്കുമെന്ന് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് . അത് തെറ്റാണ് . ക്രിസ്തുവിൽ വിശ്രമിക്കുക എന്നാൽ ഒന്നും ചെയ്യാതെ ഇരിക്കുക എന്നല്ല അർഥമാക്കുന്നത്. അതിനേക്കാൾ, നമ്മുടെ എല്ലാ ചെയ്തികളും (യേശുവിൻ്റെ തന്നെ കാര്യത്തിലെന്നപോലെ), നമ്മുടെ പിതാവിന്റെ ശാശ്വതമായ സ്നേഹത്താലും കരുതലിനാലും പിന്താങ്ങപ്പെടണം എന്നാണ് അർത്ഥമാക്കുന്നത്.

ദൈവം എന്നെ അവിടുത്തെ സ്വസ്ഥതയിലേക്കു ക്ഷണിക്കുന്ന ഈ സമയത്ത് എൻ്റെ ഐഹിക ജോലി പോലെയുള്ള "നിസ്സാര" കാര്യങ്ങളിൽ പോലും ഞാൻ ജാഗ്രതയുള്ളവനും ബദ്ധശ്രദ്ധനും ആയിരിക്കണം എന്നുകൂടി അവിടുന്ന് എന്നോട് കൽപ്പിക്കുന്നുണ്ട്. "നിങ്ങൾ ചെയ്യുന്നതൊക്കെയും മനുഷ്യർക്ക് എന്നല്ല കർത്താവിന് എന്നപോലെ മനസ്സോടെ ചെയ് വിൻ" (കൊലൊ. 3:23).

അതുകൊണ്ട് സ്വസ്ഥതയെ കുറിച്ചുള്ള എല്ലാ തെറ്റായ നിർവചനങ്ങളും തള്ളിക്കളഞ്ഞിട്ട് അവിടുന്ന് നമുക്ക് ചെയ്തിരിക്കുന്ന യഥാർത്ഥ സ്വസ്ഥതയ്ക്കായി വാഞ്ഛിച്ചു കൊണ്ട് യേശുവിലേക്ക് വരുവാൻ ഞാൻ ആഗ്രഹിക്കുന്നു. അസ്വസ്ഥമായിരിക്കുന്നതിനെ നിരസിക്കുവാനും ശത്രു എനിക്ക് വച്ച് നീട്ടുന്ന വ്യാജമായ സ്വസ്ഥത നിരസിക്കുവാനും കൂടി ഞാൻ ആഗ്രഹിക്കുന്നു.

"അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരെ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ, ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ സൗമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ട് എന്നോട് പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്ക് ആശ്വാസം കണ്ടെത്തും . എൻ്റെ നുകം മൃദുവും എൻ്റെ ചുമട് ലഘുവും ആകുന്നു" (മത്താ. 11:28 - 30).