മത്തായി 5:3 ൽ യേശു പറയുന്നു, "ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ (അനുഗൃഹീതർ)", "ഭാഗ്യവാന്മാർ (അനുഗൃഹീതർ)"എന്ന വാക്ക് "സന്തോഷമുള്ളവർ" എന്നോ അല്ലെങ്കിൽ ആംപ്ലിഫൈഡ് ബൈബിളിൾ പറയുന്നതുപോലെ "അസൂയക്ക് കാരണമാകേണ്ടവർ" എന്നോ അർത്ഥമാക്കാം. ഈ ഭൂമിയിൽ ആരോടെങ്കിലും അസൂയപ്പെടുവാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, ധനവാനായ വ്യക്തിയോട് അസൂയപ്പെടരുത്, പ്രശസ്തനായ വ്യക്തിയോട് അസൂയപ്പെടരുത്, കാണാൻ ഭംഗിയുള്ള ഒരു വ്യക്തിയോടും അസൂയപ്പെടരുത്. ആത്മാവിൽ ദരിദ്രനായവനോട് അസൂയപ്പെടുക, കാരണം സ്വർഗ്ഗരാജ്യം അവനുള്ളതാണ്. വ്യക്തിപ്രഭാവവും, സമ്പത്തും പോലെയുള്ള മറ്റു പല ഗുണവിശേഷങ്ങൾ ഉള്ളവർക്ക് ഈ ഭൂമിയിൽ കാര്യങ്ങൾ ഉണ്ടായിരിക്കാനും ഭൂമിയിലെ രാജ്യം സ്വന്തമാക്കാനും കഴിയും, എന്നാൽ സ്വർഗ്ഗരാജ്യം ആത്മാവിൽ ദരിദ്രരായവർക്കുള്ളതാണ്. വിദൂര ഭാവിയിൽ, ഇവനാണ് വാസ്തവത്തിൽ അസൂയപ്പെടേണ്ടവൻ, കാരണം അവൻ്റെ സമ്പത്ത് നിത്യതയോളം നിലനിൽക്കാൻ പോകുകയാണ്. നാം ഈ ഭൂമിയിലെ ജീവിത കാലത്തെ കുറിച്ചു ചിന്തിക്കുമ്പോൾ, അത് 70 അല്ലെങ്കിൽ 80 വർഷങ്ങളായാലും, മനുഷ്യൻ ഒരു നിത്യജീവിയാണെന്നു വാസ്തവത്തിൽ നിങ്ങൾ വിശ്വസിക്കുന്നു എങ്കിൽ (നിത്യത എന്നാൽ ഒരിക്കലും അവസാനിക്കാത്തതാണ്, ദശലക്ഷക്കണക്കിനു വർഷങ്ങൾ നിത്യതയിൽ ഒരു സെക്കൻ്റ് പോലെയാണ്), 70 വർഷങ്ങൾ എന്തായിരിക്കും? ഒന്നുമില്ല. 2 പത്രൊസിൽ, കർത്താവിന് ആയിരം വർഷങ്ങൾ ഒരു ദിവസം പോലെയും ഒരു ദിവസം ആയിരം വർഷങ്ങൾ പോലെയുമാണ് എന്നു പറയുന്നു! നിത്യതതയുടെ വെളിച്ചത്തിൽ ഭൂമിയിലെ നമ്മുടെ മുഴുവൻ ജീവിതവും വളരെ ചെറുതാണ്.
ദൈവത്തിൻ്റെ രാജ്യത്തിൽ യഥാർത്ഥമായി ഒരു ഭാവി അന്വേഷിക്കുന്നവനാണ് ഒരു ബുദ്ധിമാൻ, കൂടാതെ ദൈവത്തിൻ്റെ രാജ്യത്തിൽ പരമാവധി സ്വത്തുണ്ടാകാ ൻ പോകുന്നത് ആത്മാവിൽ ദരിദ്രനായ ഒരുവനാണെന്നും ഇവിടെ പറയുന്നു. ഇത് അനേകം ക്രിസ്ത്യാനികൾക്കും മനസ്സിലാകാത്ത ഒരു പദപ്രയോഗമാണ് കാരണം തിരുവചനത്തിലെ കുഴച്ചിൽ ഉണ്ടാക്കുന്നതെന്നു തോന്നുന്ന ഈ പ്രസ്താവനകൾ മനസ്സിലാക്കാൻ അവർ അന്വേഷിക്കുന്നില്ല. അവർ വെറുതെ വായിച്ച് മുന്നോട്ടു നീങ്ങുന്നു. ഒരു ഉദാഹരണത്തിൻ്റെ അടിസ്ഥാനത്തിൽ ചിന്തിക്കുന്നതാണ് എന്നെ സഹായിച്ച ഒരു കാര്യം. ഉദാഹരണങ്ങളുടെ അടിസ്ഥാനത്തിൽ ഞാൻ ചിന്തിക്കുമ്പോൾ തിരുവചനങ്ങളുടെ ഒരു വ്യക്തമായ ബോധം എനിക്കു ലഭിക്കുന്നതായി ഞാൻ കണ്ടെത്തി. വാസ്തവത്തിൽ, യേശു തന്നെ പല ഉപദേശങ്ങളും വിശദീകരിച്ചത് ഉപ്പ്, വെളിച്ചം, തുടങ്ങിയവ പോലെയുള്ള വാങ്മയങ്ങ ചിത്രങ്ങളുടെ അടിസ്ഥാനത്തിലും കൂടാതെ അനേകം ഉപമകളിലൂടെയും ആയിരുന്നു.
"ആത്മാവിൽ ദരിദ്രനെ" "ശരീരത്തിൽ ദരിദ്രനായവനോട്" നമുക്ക് താരതമ്യം ചെയ്യാൻ കഴിയും, കാരണം മനുഷ്യൻ ആത്മാവും, ശരീരവുമാണ്, അതു തന്നെയല്ല ശരീരത്തിൽ ദരിദ്രൻ എന്നാൽ എന്താണെന്നു നാം മനസ്സിലാക്കുന്നു. അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഒരാൾ അല്ലെങ്കിൽ ഒരു യാചകൻ ശരീരത്തിൽ ദരിദ്രനാണ്, അതിൻ്റെ അർത്ഥം അയാൾക്ക് തൻ്റെ ശാരീരിക ആവശ്യങ്ങൾക്കു വേണ്ടി ശ്രദ്ധിക്കുവാൻ അയാളുടെ കയ്യിൽ ഒന്നുമില്ല. തെരുവിൽ ജീവിക്കുന്ന ദഥാർത്ഥ ദരിദ്രനായ ഒരു യാചകൻ വീടുതോറും നടന്ന് അവൻ്റെ ആവശ്യങ്ങൾക്കുവേണ്ടി യാചിക്കുന്നു, ആ ദിവസം അതിജീവിക്കുവാൻ വേണ്ടതു ലഭിക്കുവാൻ വേണ്ടി മാത്രം തന്നെയുമല്ല അപ്പോൾ അടുത്ത ദിവസത്തേക്കു വേണ്ടി ചിലതുകൂടെ ലഭിക്കേണ്ടതിന് അതേ വീട്ടിലേക്ക് അടുത്ത ദിവസവും അയാൾക്കു വരേണ്ടി വരുന്നു. ഇതേ ചിത്രം "ആത്മാവിൽ ദരിദ്രൻ" എന്ന പദപ്രയോഗത്തിൽ പ്രയോഗിക്കുമ്പോൾ നാം കാണുന്നത് യേശു അതിനെ അർത്ഥമാക്കിയത് ഓരോ ദിവസവും തൻ്റെ ആത്മീയ ആവശ്യങ്ങളെ കുറിച്ചു ബോധവാനായ ഒരു വ്യക്തി എന്നാണ്. ഓരോ ദിവസവും തൻ്റെ ഭൗതിക ആവശ്യങ്ങളെ കുറിച്ചു ബോധവാനായിട്ട് വിശാല ഹൃദയനായ ഏതോ മനുഷ്യൻ്റെ വീട്ടിൽ സഹായത്തിനായി പോകുന്ന ആ യാചകനെപോലെയുള്ള ഒരു വ്യക്തിയെയാണ് അവിടുന്ന് വിശദീകരിക്കുന്നത്, ഇനി ആ മനുഷ്യൻ ഇയാളോട് "ഞാൻ ഇന്നലെ തന്നത് എന്തായി?" എന്നു ചോദിച്ചാൽ അയാൾ ഇങ്ങനെ പറയും, "അത് ഇന്നലെ തന്നെ തീർന്നുപോയി - ഇന്നലെ നിങ്ങൾ തന്നത് ഇന്നലത്തെ ആവശ്യത്തിനു വേണ്ടി മാത്രം മതിയായതായിരുന്നു, വീണ്ടും ഞാൻ ആവശ്യത്തിലാണ്. ഞാൻ ഒരു ചില്ലിക്കാശുപോലും ഇല്ലാത്തവനാണ്, ഞാൻ ആവശ്യത്തിലാണ്".
"ഞാൻ ഒരു ആവശ്യക്കാരനാണ്" എന്നു പറഞ്ഞു കൊണ്ട് അതേ രീതിയിൽ ദൈവത്തിൻ്റെ അടുക്കൽ വരുന്ന ഒരു വ്യക്തിയാണ് "ആത്മാവിൽ ദരിദ്രൻ". തൻ്റെ ഭൗതികാവശ്യങ്ങൾ നടത്താനുള്ള സഹായത്തിനായി ചോദിക്കുന്ന യാചകനെ പോലെ, അയാൾ ഓരോ ദിവസവും തൻ്റെ ആത്മീയ ആവശ്യത്തെപ്പറ്റി ബോധവാനായിട്ട് ദൈവത്തിൻ്റെ അടുക്കലേക്കു വരുന്നു.
ഈ അവസ്ഥയെ കുറിച്ചു പറയുന്ന ഒരു വാക്യം സദൃശവാക്യങ്ങളിൽ ഉണ്ട്. സദൃശവാക്യങ്ങൾ 8 ജ്ഞാനത്തെ കുറിച്ചുള്ള ഒരു അധ്യായമാണ്, ഇവിടെ ക്രിസ്തു ആണ് ജ്ഞാനമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്, അത് ഇങ്ങനെ പറയുന്നു "ജ്ഞാനം എന്ന ഞാൻ" (12-ാം വാക്യം തുടങ്ങുന്നത്). അവിടുന്നു തുടർന്നു പറയുന്നത് ജ്ഞാനത്തിലൂടെയാണ് ലോകം സൃഷ്ടിക്കപ്പെട്ടത് എന്നാണ്. പിന്നീട് 24-ാം വാക്യത്തിൽ പറയുന്നത് വയലുകൾ ഉണ്ടാകുന്നതിനു മുമ്പേ അവിടുന്നുണ്ടായിരുന്നു, ഭൂമിയും മറ്റെല്ലാം ഉണ്ടാകുന്നതിനു മുമ്പേ അവിടുന്ന് ഉണ്ടായിരുന്നു എന്നാണ്- ആകാശത്തെ ഉറപ്പിച്ചപ്പോൾ (വാക്യം 27) അവിടുന്ന് അവിടെ ഉണ്ടായിരുന്നു എന്നാണ്. അതുകൊണ്ട് ജഞാനമാണ് നമുക്ക് ആവശ്യമായിട്ടുള്ളത്, അവിടെ ഇങ്ങനെ പറയുന്നു "ദിവസം പ്രതി എൻ്റെ പടിവാതിൽക്കൽ ജാഗരിച്ചും എൻ്റെ വാതിൽ കട്ടളയ്ക്കൽ കാത്തു കൊണ്ടും എൻ്റെ വാക്ക് കേട്ടനുസരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ". ഇനി ദൈവത്തിൻ്റെ പടിവാതിൽക്കൽ കാത്തു നിൽക്കുന്ന ആ യാചകനെ കുറിച്ചു ചിന്തിക്കുക. തൻ്റെ ദൈനംദിന ഭിക്ഷയ്ക്കുവേണ്ടി കാത്തു നിൽക്കുന്ന യാചകനെ പോലെ, ഓരോ ദിവസവും ആത്മീയ നിസ്വനായി നാം ദൈവത്തിൻ്റെ മുമ്പാകെ വരേണ്ടവരാണ്.
നാം ആവശ്യക്കാരല്ലെങ്കിൽ നാം അതുപോലെ വരികയില്ല. ധനവാന്മാരായ ആളുകൾ മറ്റുള്ളവരുടെ വീടുകളിൽ ഭിക്ഷ യാചിച്ചു കൊണ്ടു ചെല്ലാറില്ല; അതു ചെയ്യുന്നതിന് അവർക്ക് ലജ്ജയാണ്. ഒരു യാചകന് ലജ്ജയില്ല കാരണം അവൻ ആവശ്യക്കാരനാണ്. അവൻ്റെ ഭക്ഷണത്തിനോ ദൈനംദിന ആവശ്യങ്ങൾക്കോ വേണ്ട പണം അവനില്ല, അവൻ അതിനെ കുറിച്ചു ബോധവാനാണ്. ഓരോ ദിവസവും തൻ്റെ ആത്മീയ ആവശ്യത്തെ കുറിച്ചു ബോധവാനായ ഒരു വ്യക്തി മാത്രമേ ഓരോ ദിവസവും ദൈവത്തിൻ്റെ മുമ്പാകെ വന്ന് "കർത്താവെ ഞാൻ ഒരു ആവശ്യക്കാരനാണ്, ദയതോന്നി ഇന്നത്തേക്കു വേണ്ട ജ്ഞാനം എനിക്കു തരേണമേ" എന്നു പറയുകയുള്ളു. സദൃശവാക്യങ്ങൾ 8:35 ൽ പറയുന്നതുപോലെ, "എന്നെ കണ്ടെത്തുന്നവൻ ജീവനെ കണ്ടെത്തുന്നു".
ഇതാണ് ആത്മാവിൽ ദരിദ്രനായിരിക്കുക എന്നതിൻ്റെ അർത്ഥം: നിരന്തരമായി നമ്മുടെ ആത്മീയ ആവശ്യത്തെ കുറിച്ചു ബോധവാന്മാരായിരിക്കുക. സ്ഥിരമായി തൻ്റെ ആത്മീയ ആവശ്യത്തെ കുറിച്ചു ബോധമുള്ളവൻ, ദൈവത്തിൽ നിന്ന് ജ്ഞാനത്തിനായി തുടർമാനം അന്വേഷിഷിച്ചു കൊണ്ടേയിരിക്കുന്നവൻ, സ്വർഗ്ഗരാജ്യം മുഴുവൻ സ്വന്തമാക്കും.. സ്വർഗ്ഗരാജ്യത്തെ ദൈവത്തിൻ്റെ രാജ്യത്തിൻ്റെ സമ്പത്തായി നിങ്ങൾ കാണുകയാണെങ്കിൽ, എഫെസ്യർ 1:3 ൽ ബൈബിൾ പറയുന്നത്, സ്വർഗ്ഗത്തിലെ സകല ആത്മീക അനുഗ്രഹങ്ങളാലും ദൈവം നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്നു എന്നാണ്. സ്വർഗ്ഗ സ്ഥലങ്ങളിലുള്ള പരിശുദ്ധാത്മാവിൻ്റെ ഓരോ അനുഗ്രഹവും ക്രിസ്തുവിൽ നമ്മുടേതാണ്. സ്വർഗ്ഗരാജ്യത്തിലുള്ള എല്ലാ ആത്മീയ അനുഗ്രഹങ്ങളേയും ആയിരക്കണക്കിനു മുറികളുള്ള ഒരു വലിയ മാളികയായി ചിന്തിക്കാം, എന്നാൽ ആ മന്ദിരത്തിലുള്ള ഓരോ വാതിലും തുറക്കുന്നതിനുള്ള പൊതു താക്കോൽ ആത്മാവിലുള്ള ദാരിദ്ര്യമാണ്. ആത്മാവിൽ ദരിദ്രനായവൻ ഭാഗ്യവാനാണ്, കാരണം അയാൾക്ക് സ്വർഗ്ഗരാജ്യം മുഴുവൻ കൈവശമാക്കാൻ കഴിയും - അതായത് ആ വലിയ മന്ദിരത്തിൻ്റെ ഓരോ മുറിയും. ഓരോ മുറിയിലുമുള്ള നിക്ഷേപം അവൻ്റെതായിരിക്കും, അവൻ ആ പൊതു താക്കോൾ മുറുകെ പിടിക്കുമെങ്കിൽ.