WFTW Body: 

നമ്മുടെ ജീവിത കപ്പൽ പോകേണ്ടതായ സുരക്ഷിത ചാനലിൻ്റെ രണ്ടു വശങ്ങൾ അടയാളപ്പെടുത്തുന്ന രണ്ടു പൊങ്ങു ഗോളങ്ങളാണ് , ഒരു നല്ല മനസാക്ഷിയും , വിശ്വാസവും . ഇതിലെ ഏതെങ്കിലും പൊങ്ങിനെ അവഗണിക്കുന്നവർ തങ്ങളുടെ ജീവിത കപ്പലുകളെ തകർക്കുന്നു (1 തിമൊ.1:19 , 20).

അതുകൊണ്ട് എല്ലായ്പോഴും നിങ്ങളുടെ മനസാക്ഷിയുടെ സ്പർശ്യത കാത്തു സൂക്ഷിക്കുക. നിങ്ങളുടെ മനസാക്ഷി അസ്വസ്ഥമാകുമ്പോഴൊക്കെ , നിങ്ങൾ സുരക്ഷിത ചാനൽ വിട്ട് അപകട മേഖലയിൽ കടന്നിരിക്കുന്നു എന്ന് ഉറപ്പാക്കാം. നിങ്ങളുടെ മനസാക്ഷിയുടെ മുന്നറിയിപ്പ് - മണിനാദം അവഗണിച്ച് , ആ വഴിയിലൂടെ പോകുന്നതു തുടർന്നാൽ , നിങ്ങൾ നിങ്ങളുടെ ജീവിത കപ്പൽ തകർന്നു പോകുന്ന വലിയ അപകടത്തിലായിരിക്കും. അതുകൊണ്ട് ഈ കാര്യത്തിൽ വളരെ , വളരെ ശ്രദ്ധയുള്ളവരായിരിക്കുക.

സുരക്ഷിത ചാനലിനെ കാണിക്കുന്ന മറ്റൊരു പൊങ്ങാണ് വിശ്വാസം. അവിടുത്തെ മാറ്റമില്ലാത്ത സ്നേഹത്തിലും , അവിടുത്തെ സർവ്വ ശക്തിയിലും , അവിടുത്തെ തികവുള്ള പരിജ്ഞാനത്തിലും ഉള്ള പൂർണ്ണമായ ദൃഢ വിശ്വാസത്തിൽ , നമ്മുടെ വ്യക്തിത്വം മുഴുവനും കൊണ്ട് ദൈവത്തിൽ ചാരുന്നതാണ് വിശ്വാസം.

ദൈവത്തിൻ്റെ മാറ്റമില്ലാത്ത സ്നേഹമാണ് , നമ്മുടെ ജീവിതങ്ങളിൽ അവിടുന്ന് അനുവദിക്കുന്ന എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് . നിരസിക്കപ്പെടുന്ന നമ്മുടെ പ്രാർത്ഥനകളും യാചനകളും പോലും , അതേ തികവുള്ള ദിവ്യ സ്നേഹത്താലാണ് നിരസിക്കപ്പെടുന്നത്.

നമുക്ക് താങ്ങാവുന്നതിൽ അധികമായ ഒരു പ്രലോഭനവും , ഒരിക്കലും നമ്മുടെ നേരേ വരുന്നതിൽ നിന്ന് ദൈവത്തിൻ്റെ സർവ്വശക്തി തടയുകയും (1. കൊരി. 10: 13 ) , നമുക്കു നേരേ വരുന്ന ഓരോ പ്രലോഭനത്തെയും ജയിക്കുവാൻ അതു നമ്മെ സഹായിക്കുകയും (എബ്രാ. 4:16) , നമ്മുടെ മാർഗ്ഗത്തിൽ വരുന്ന ഓരോന്നും നമ്മുടെ ഏറ്റവും നല്ലതിനു വേണ്ടി പ്രവർത്തിക്കുവാൻ ഇടയാക്കുകയും ചെയ്യും (റോമ.8:28).

നമ്മുടെ ജീവിതത്തിൽ അവിടുന്ന് അനുവദിക്കുന്ന ഒരു കാര്യത്തിലും , ദൈവത്തിൻ്റെ തികവുള്ള പരിജ്ഞാനത്തിന് അബദ്ധമൊന്നും ചെയ്യാൻ കഴിയുകയില്ല. തന്നെയുമല്ല നമ്മുടെ നിത്യമായ നന്മയ്ക്ക് എന്താണ് നല്ലതെന്ന് അവിടുന്നു മാത്രം അറിയുന്നു.

ദൈവത്തിൻ്റെ ഈ മൂന്നു സവിശേഷ ഗുണങ്ങളിലുള്ള നിങ്ങളുടെ പൂർണ്ണമായ ദൃഢവിശ്വാസം ഒരിക്കലും നിങ്ങൾക്കു നഷ്ടപ്പെടരുത്. അതാണ് വിശ്വാസത്താൽ ജീവിക്കുക എന്നത്. നിർഭാഗ്യവശാൽ , "വിശ്വാസത്താൽ ജീവിക്കുക " എന്ന പദപ്രയോഗം , പൂർണ്ണ സമയ പ്രവർത്തകർ തങ്ങളുടെ ആവശ്യങ്ങൾക്കു വേണ്ട പണം ദൈവം നൽകുന്നതിനെ സൂചിപ്പിക്കുന്നതിനു വേണ്ടി മാറ്റി കളഞ്ഞു. എന്നാൽ അത് ഈ വാക്കിൻ്റെ തെറ്റായ പ്രയോഗമാണ്. വേദ പുസ്തകം പറയുന്നത് എല്ലാ " നീതിമാന്മാരും വിശ്വാസത്താൽ ജീവിക്കും " എന്നാണ് (റോമ.1:17). വേദപുസ്തകത്തിലെ വാക്കുകൾ എപ്പോഴും നാം ഉപയോഗിക്കേണ്ടത് , വേദപുസ്തകം അതിനെ എപ്പോഴും ഉപയോഗിക്കുന്ന വിധത്തിലാണ്.

വിശ്വാസത്തിൻ്റെയും ഒരു നല്ല മനസാക്ഷിയുടെയും കാര്യങ്ങളിൽ നാം ശ്രദ്ധാലുക്കൾ അല്ലെങ്കിൽ , നമ്മിൽ ക്രമേണ ഒരു ദുഷ്ട ഹൃദയവും (ഒരു ദുർ മനസാക്ഷി ) അവിശ്വാസമുള്ള ഒരു ഹൃദയവും (വിശ്വാസം നഷ്ടപ്പെട്ട ഒന്ന് ) വളർന്നു വരാൻ , ഇടയാകും. ഇതു നമ്മെ ദൈവത്തിൽ നിന്ന് അകന്ന് വീണു പോകാൻ ഇടയാക്കുന്നു (എബ്രാ. 3:12).

അത്തരം ഒരു വീഴ്ചയിൽ നിന്നു നമ്മെ സംരക്ഷിക്കുവാൻ , നാൾതോറും അന്യോന്യം പ്രബോധിപ്പിക്കുവാനും പ്രോൽസാഹിപ്പിക്കുവാനും നമ്മോടു പറഞ്ഞിരിക്കുന്നു ( അടുത്ത വാക്യം കാണുക , എബ്രാ. 3:13 ). അതുകൊണ്ട് തിരുവചനത്തിൽ നിന്നുള്ള ചില പ്രബോധനങ്ങൾ എല്ലാ ദിവസവും കേൾക്കുന്നത് നിങ്ങൾക്കു നല്ലതാണ് - തിരുവചനം വായിച്ച് ധ്യാനിക്കുന്നതിലൂടെയോ , അല്ലെങ്കിൽ നല്ല ക്രിസ്തീയ പുസ്തകങ്ങൾ വായിക്കുന്നതിലൂടെയോ അല്ലെങ്കിൽ സഭാ യോഗങ്ങളിലും കാസറ്റ് ടേപ്പുകളിലും നിന്നുള്ള സന്ദേശങ്ങൾ കേൾക്കുന്നതിലൂടെയോ.