WFTW Body: 

യേശു അവിടുത്തെ പൈതൽ പ്രായം മുതൽ ജ്ഞാനത്തിൽ വളർന്നു എന്നാണ് നാം വായിക്കുന്നത് (ലൂക്കോ. 2: 40, 52 ). യൗവ്വനക്കാരെ കുറിച്ച് , അവർ ചെറുപ്പമായതുകൊണ്ട് , വിഡ്ഢിത്തങ്ങൾ ചെയ്തേക്കാം എന്ന് നാം പ്രതീക്ഷിക്കാറുണ്ടെങ്കിലും , യേശു ഒരു യുവാവ് ആയിരുന്നപ്പോൾ പോലും വിവേകരഹിതമായതൊന്നും ഒരിക്കലും ചെയ്തില്ല. അവിടുത്തെ നിങ്ങളുടെ മാതൃക ആക്കുക , എന്നാൽ നിങ്ങളുടെ യൗവ്വനനാളുകളിൽ അനേകം വിഡ്ഢിത്തങ്ങൾ ചെയ്യുന്നതിൽനിന്നു നിങ്ങൾ രക്ഷിക്കപ്പെടും.

യഹോവ ഭയം (ഭക്തി) ജ്ഞാനത്തിൻ്റെ ആരംഭം ആകുന്നു. ആത്മീയ മരണത്തിൽ നിന്നു രക്ഷിക്കപ്പെടേണ്ടതിനുവേണ്ട സഹായത്തിനായി യേശു പ്രാർത്ഥിക്കുകയും - " ദൈവ ഭയം മൂലം ഉത്തരം ലഭിക്കുകയും ചെയ്തു " (എബ്രാ. 5: 7- കെ.ജെ.വി). ദൈവം യേശുവിനെ സ്നേഹിച്ചതുപോലെ നമ്മെയും സ്നേഹിക്കുന്നു. അതുകൊണ്ട് യേശു ചെയ്തതു പോലെ നിങ്ങളും ദൈവത്തെ ഭയപ്പെട്ടാൽ നിങ്ങളുടെ പ്രാർത്ഥനയും കേൾക്കും.

അബ്രാഹാം തൻ്റെ ഏക മകനെ യാഗം കഴിക്കാൻ തയ്യാറായപ്പോൾ , " നീ ദൈവത്തെ ഭയപ്പെടുന്നവൻ ആണ് എന്ന് ഇപ്പോൾ ഞാൻ അറിയുന്നു " (ഉൽ. 22: 12 ) എന്നു പറഞ്ഞുകൊണ്ട് ദൈവം അബ്രാഹാമിന് ഒരു സാക്ഷ്യപത്രം നൽകി . അന്ന് ആ മലയുടെ മുകളിൽ അബ്രാഹാം തനിയെ ആയിരുന്നപ്പോൾ അദ്ദേഹം ദൈവത്തെ അനുസരിച്ചു. തൻ്റെ അനുസരണം കാണാൻ ദൈവത്തെ തനിച്ചു വേണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഒരു രാത്രിയിൽ ദൈവം അബ്രാഹാമിനോടു സംസാരിച്ചത് അവൻ തനിയെ ആയിരുന്നപ്പോഴാണ് ( ഉൽ. 22 :1 ). ദൈവം അവനോടു പറഞ്ഞതെന്താണെന്ന് മറ്റാരും അറിഞ്ഞില്ല. അങ്ങനെ അബ്രാഹാം രഹസ്യത്തിൽ ദൈവത്തെ അനുസരിച്ചു .നാം രഹസ്യത്തിൽ (നിങ്ങൾ ചെയ്യുന്നത് മറ്റാരും അറിയാത്ത സ്ഥാനത്ത് ) ചെയ്യുന്ന കാര്യങ്ങളിലാണ് നിങ്ങൾ ദൈവത്തെ ഭയപ്പെടുന്നുണ്ടോ ഇല്ലയോ എന്നു നിങ്ങൾ കണ്ടെത്തുന്നത്.

ഇയ്യോബ് ദൈവത്തെ ഭയപ്പെട്ടു എന്നൊരു സാക്ഷ്യപത്രം ദൈവം സാത്താൻ്റെ മുമ്പിൽ വച്ച് ഇയ്യോബിനു നൽകി ( ഇയ്യോ.1: 8 ). ദൈവത്തിനു നിങ്ങളെ കുറിച്ചും സാത്താനോട് അതുപോലെ പ്രശംസിച്ചു പറയാൻ കഴിയുമെങ്കിൽ അതു നല്ലതാണ് - കാരണം സാത്താൻ ഇന്നും ലോകമെങ്ങും ഊടാടി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു , തന്നെയുമല്ല ഓരോരുത്തരുടെയും രഹസ്യ ജീവിതത്തെക്കുറിച്ച് അവന് എല്ലാം അറിയാം. ഒരിക്കലും ഒരു സ്ത്രീയെ മോഹത്തോടെ നോക്കുകയില്ല എന്ന് ഇയ്യോബ് തൻ്റെ കണ്ണുമായി ഒരു ഉടമ്പടി ചെയ്തു ( ഇയ്യോ. 31 :1). ന്യായപ്രമാണം നൽകപ്പെടുന്നതിനുമുമ്പ് , പുതിയ ഉടമ്പടി സ്ഥാപിക്കപ്പെടുന്നതിനു നൂറ്റാണ്ടുകൾക്കു മുമ്പ് ജീവിച്ചിരുന്ന ഒരാൾക്ക് , ഒരു വേദപുസ്തകം ഇല്ലാതെ , പരിശുദ്ധാത്മാവിനെ കൂടാതെ , പ്രോത്സാഹിപ്പിക്കാനോ വെല്ലുവിളിക്കാനോ മറ്റു സഹോദരന്മാരില്ലാതെ തന്നെ , അത്തരം ഒരു തീരുമാനം എടുക്കാൻ കഴിഞ്ഞു എന്നത് വളരെ ആശ്ചര്യകരമാണ് ! ന്യായവിധി നാളിൽ ഇയ്യോബ് എഴുന്നേറ്റു ഈ തലമുറയെ അതിൻ്റെ മോഹത്തിനും പാപത്തിനും ശിക്ഷ വിധിക്കും.

നിങ്ങൾക്കു പിന്തുടരാവുന്ന മറ്റൊരു വലിയ മാതൃകയാണ് യോസേഫ് . തൻ്റെ മാതാപിതാക്കളിൽനിന്ന് വളരെ വിദൂര ദേശത്തു ജീവിച്ച ഒരു ചെറുപ്പക്കാരനായിരുന്നു അവൻ . കൂടാതെ പാപിനിയായ ഒരു സ്ത്രീയാൽ നാൾ തോറും അവൻ പ്രലോഭിപ്പിക്കപ്പെട്ടു കൊണ്ടിരുന്നപ്പോഴും , അവൻ നിരന്തരമായി അവളോട് എതിർത്തു നിൽക്കുകയും അവളിൽനിന്ന് ഓടിപ്പോകുകയും ചെയ്തു. കാരണം അവൻ ദൈവത്തെ ഭയപ്പെട്ടു (ഉൽ. 39:9).

ഇയ്യോബിൻ്റെയും യോസേഫിൻ്റെയും മാതൃകകൾ നമ്മെ കാണിക്കുന്നത് , ലൈംഗിക മോഹങ്ങളും വ്യഭിചാരവും പോലെയുള്ള ഘോര പാപങ്ങളിൽ നിന്നും നമ്മെ സൂക്ഷിക്കുവാൻ മതിയായ കാര്യം ദൈവഭയം മാത്രമാണ് എന്നാണ് . യഹോവാഭക്തി ജ്ഞാനത്തിൻ്റെ ആദ്യാക്ഷരങ്ങൾ ( എബിസി) ആണ്.

നിങ്ങൾ " നിങ്ങളെ തന്നെ സൂക്ഷിക്കുമെങ്കിൽ ", അപ്പോൾ " നിൻ്റെ അഭിവൃദ്ധി എല്ലാവർക്കും കാണത്തക്ക വണ്ണം വ്യക്തമായിരിക്കും " ( 1 തിമൊ. 4:15 , 16 ).