ലേഖകൻ :   സാക് പുന്നൻ വിഭാഗങ്ങൾ :   യുവജനങ്ങള്‍ സഭ
WFTW Body: 

നിങ്ങളുടെ പ്രാദേശിക സഭയിലെ മൂപ്പന്മാരില്‍ നിങ്ങള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍ അവര്‍ക്ക് എല്ലാറ്റിലും കീഴടങ്ങിയിരിക്കുവാന്‍ എളുപ്പമാണ്. എന്നല്‍ ഒരുപക്ഷേ നിങ്ങള്‍ക്ക് നിങ്ങളുടെ മൂപ്പനില്‍ അത്ര വിശ്വാസമില്ലായിരിക്കാം. അങ്ങനെയാകുമ്പോള്‍ നിങ്ങള്‍ സഭാ കാര്യങ്ങളും വ്യക്തിപരമായ കാര്യങ്ങളും വേര്‍തിരിച്ച് കാണണം. അതുവഴി ഏതെല്ലാം കാര്യങ്ങളിലാണ് മൂപ്പന് കീഴടങ്ങിയിരിക്കേതെന്നും ഏതിലെല്ലാം കീഴടങ്ങേതില്ല എന്നും വ്യക്തമായി അറിയുവാന്‍ കഴിയും.

സഭാ കാര്യങ്ങള്‍:

സഭാ കാര്യങ്ങള്‍ എന്നതില്‍ സഭാ യോഗം എങ്ങനെ നടത്തുന്നു എന്നത്, സഭ മുന്നോട്ട് പോയികൊണ്ടിരിക്കുന്ന ആത്മീയദിശ, സഭാ ശുശ്രൂഷയിലെ പ്രത്യേക ഊന്നല്‍, സഭ നടത്തുന്ന മറ്റു പ്രവര്‍ത്തനങ്ങള്‍ മുതലായവയെല്ലാം ഉള്‍പ്പെടുന്നു. അങ്ങനെയുള്ള കാര്യങ്ങളില്‍ മൂപ്പന്മാരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് പൂര്‍ണ്ണമായി കീഴടങ്ങിയിരിക്കണം. അവരെ മുതിര്‍ന്ന പക്വതയുള്ള സഹോദരന്മാര്‍ എന്ന നിലയില്‍ ബഹുമാനിക്കുന്നതു കൊണ്ടോ അവരില്‍ വിശ്വാസമുള്ളതു കൊണ്ടോ അല്ല. മറിച്ച് അവര്‍, ദൈവം നിങ്ങളെ ആക്കിയിരിക്കുന്ന സഭയുടെ ഇടയന്മാര്‍ ആണെന്ന ഒറ്റ കാരണത്താലാണ്. എന്നാല്‍ ദൈവമാണ് നിങ്ങളെ അവിടെ ആക്കിയിരിക്കുന്നതെന്ന് ഉറപ്പുണ്ടായിരിക്കണം.

യോസേഫും മറിയയും കുറവുള്ളവരും തന്നെക്കാള്‍ പക്വതയില്ലാത്തവരും ആയിരുന്നിട്ടും യേശു അവര്‍ക്ക് കീഴടങ്ങിയിരുന്നു. കാരണം അവരുടെ ഭവനത്തിലാണ് പിതാവ് അവനെ ആക്കിയിരുന്നത്. നസ്രേത്തിലെ തന്റെ ആദ്യ മുപ്പത് വര്‍ഷത്തെ ജീവിതത്തിലൂടെ അങ്ങനെയാണ് യേശു തന്റെ ജഡത്തില്‍ ജീവന്റെ പുതുവഴി തുറന്നത്.

യേശു ജീവന്റെ പുതുവഴിയുടെ ആദ്യ ചുവടു വയ്പ്പ് നടത്തിയത് തന്റെ വീട്ടിലെ പൂര്‍ണ്ണരല്ലാത്ത അധികാരങ്ങള്‍ക്ക് കീഴടങ്ങിക്കൊണ്ടാണ്. മറ്റു നടപടികളെല്ലാം പിന്നീടുണ്ടായതാണ്. ഒരു സഭയിലും ഒരു തരത്തിലുമുള്ള ഭിന്നതയ്ക്കും നിങ്ങള്‍ കാരണക്കാരാവരുത്. സഹോദരന്മാരുടെ ഇടയില്‍ ഭിന്നതയുണ്ടാക്കുവാന്‍ ശ്രമിക്കുന്നവരെ അവര്‍ എത്ര ആത്മീയരും എരിവുള്ളവരും ആണെങ്കില്‍ കൂടി ദൈവം വെറുക്കുന്നു (സദൃ. 6:16-19).ദൈവം നിയമിച്ചിരിക്കുന്ന നേതൃത്വത്തെ എതിര്‍ക്കുന്നത് പൈശാചികമാണ്. ഇത് കോരഹിന്റെ വഴിയാണ് (യൂദ.11,സംഖ്യ16) അത് അഹങ്കാരത്തിന്റേയും ധാര്‍ഷ്ട്യത്തിന്റെയും ഫലമാണ്.

ഒരു പ്രത്യേക സഭയില്‍ ദൈവം നിങ്ങളെ ആക്കിയതാണോ എന്ന് ഉറപ്പില്ലെങ്കില്‍ നിങ്ങള്‍ ആ സഭ വിട്ട് മറ്റൊന്നില്‍ ചേരുന്നതിനെക്കുറിച്ച് ദൈവത്തോട് ആലോചന ചോദിക്കേണ്ടതാണ്. എന്നാല്‍ ഒരിക്കലും ഒരു സഭയില്‍ തുടര്‍ന്നു കൊണ്ട് അവിടെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കരുത്. ദൈവം ഒരിക്കലും അത് അനുവദിക്കുകയില്ല.

ഒരു ഉത്തരവാദിത്വവുമില്ലാതെ ഒരു ഭക്ഷണശാലയില്‍ പോയി ഭക്ഷണം കഴിക്കുന്നത് പോലെ സഭയില്‍ ഒരു സന്ദര്‍ശകനായി മാത്രം വരുവാന്‍ പാടില്ല. സഭ ഒരു ഭക്ഷണശാലയല്ല, അതൊരു ഭവനമാണ്. അതുകൊണ്ട് നിങ്ങള്‍ ദൈവസഭയ്ക്ക് പൂര്‍ണ്ണമായി സമര്‍പ്പിച്ച് കൊടുക്കണം. അല്ലാത്തപക്ഷം നിങ്ങള്‍ ആത്മീയമായി വളരുകയില്ല. എങ്കിലും നിങ്ങള്‍ ഒരു കാര്യം ഒര്‍ക്കുക. ലോകത്തില്‍ ഒരിടത്തും എല്ലാം തികഞ്ഞ ഒരു സഭയുണ്ടായിട്ടില്ല. എന്നാല്‍ ഇന്നു നിങ്ങള്‍ മനസ്സിലാക്കുന്ന തരത്തില്‍ ദൈവവചനത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്ന ഒരു സഭയ്ക്കായി അന്വേഷിപ്പിന്‍.

എപ്പോഴെങ്കിലും സഭയില്‍ ഒരു പ്രത്യേക വിഷയത്തിന് ഊന്നല്‍ (ഇപ്പോള്‍ ഇല്ലാത്ത) നല്‍കണമെന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍ അത് ചെയ്യുവാനുള്ള ശരിയായ വഴി ആദ്യം മൂപ്പന്മാരായ സഹോദരന്മാരുമായി വിഷയം ചര്‍ച്ച ചെയ്ത് അവര്‍ പറയുന്നതുപോലെ ചെയ്യുക എന്നതാണ്. അതിനു പകരം സഭായോഗത്തില്‍ മൂപ്പന്‍ സംസാരിച്ചതിനെതിരായി സംസാരിക്കുന്നത് ശരിയായ രീതിയല്ല. നിങ്ങളുടെ സഭാ മുപ്പന്മാരുമായി ഏതെങ്കിലും വിഷയത്തില്‍ കടുത്ത അഭിപ്രായ വ്യത്യാസമുണ്ടാവുകയും അവര്‍ക്ക് കീഴടങ്ങിയിരിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയാതിരിക്കുകയുമാണെന്നിരിക്കട്ടെ. അല്ലെങ്കില്‍ അവര്‍ തെറ്റായ ദിശയിലേക്കാണ് സഭയെ നയിക്കുന്നതെന്ന് നിങ്ങള്‍ കരുതുന്നു. ഓര്‍ക്കുക: ഇത്തരമൊരു സാഹചര്യത്തില്‍ ഈ സഭ വിട്ട് നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഊന്നല്‍ നല്‍കികൊണ്ട് ഒരു പുതിയ സഭ തുടങ്ങുന്നതിന് നിങ്ങള്‍ക്കു പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്.

അപ്പോള്‍ ദൈവം നിങ്ങളുടെ കൂടെയുണ്ടെങ്കില്‍, കഴിഞ്ഞ പല നൂറ്റാണ്ടുകളായി പല ദേശത്ത് ദൈവിക നടത്തിപ്പിന് വിധേയപ്പെട്ട് പഴയ സഭയെ ഉപേക്ഷിച്ച് പുതിയ സഭ തുടങ്ങിയ മാര്‍ട്ടിന്‍ ലൂഥര്‍, ജോണ്‍ വെസ്ലി, വില്ല്യം ബൂത്ത്, വാച്ച്മാന്‍ നീ, തുടങ്ങി അനേകരെ അനുഗ്രഹിച്ച ദൈവം നിങ്ങളുടെ പുതിയ കാല്‍വയ്പ്പിനേയും അനുഗ്രഹിക്കും. അതല്ലാതെ നിങ്ങളുടെ പിടിവാശിയിലാണ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ ദൈവം നിങ്ങളുടെ കൂടെയുണ്ടാവുകയില്ല. അപ്പോള്‍ നിങ്ങള്‍ പിന്തുടരുന്നത് ത്യൂദാസിന്റേയും യഹൂദക്കാരനായ യൂദയുടേയും (അപ്പോ.പ്രവൃ.5:36,37) ഇരുപതാം നൂറ്റാണ്ടിലെ ക്രിസ്തീയ ഗോളത്തിലെ മറ്റനേകരുടേയും കാല്‍ചുവടുകളായിരിക്കും. അവര്‍ പുതിയ പ്രസ്ഥാനങ്ങള്‍ തുടങ്ങി അവസാനം ആകെ ആശയക്കുഴപ്പവും നിരാശിതരുമായിത്തീരുന്നു.

വ്യക്തിപരമായ കാര്യങ്ങള്‍:

വ്യക്തിപരമായ കാര്യങ്ങള്‍ എന്നാല്‍ നിങ്ങളും നിങ്ങളുടെ കുടുംബാംഗങ്ങളും ഏതു തരം വസ്ത്രം ധരിക്കണം, എങ്ങനെ പണം ചെലവഴിക്കണം, എത്തരത്തിലുള്ള വീട്ടില്‍ താമസിക്കണം എവിടേയ്ക്ക്, എങ്ങനെ (വിമാനത്തിലോ, ട്രെയിനിലോ) യാത്ര ചെയ്യണം, എന്തു ഭക്ഷണം കഴിക്കണം, നിങ്ങളുടെ കുട്ടികള്‍ ഏതു തരം കളികളില്‍ ഏര്‍പ്പെടണം, നിങ്ങളുടെ കുട്ടികള്‍ അടുത്ത വീട്ടില്‍ പോയി ടെലിവിഷനില്‍ ചില കളികള്‍ കാണുവാന്‍ അനുവദിക്കണമോ തുടങ്ങിയവയാണ്. ഇങ്ങനെയുള്ള കാര്യങ്ങളില്‍ എന്തു ചെയ്യണമെന്നതില്‍ നിങ്ങള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്. നിങ്ങള്‍ക്ക് മൂപ്പനില്‍ വിശ്വാസമില്ലെങ്കില്‍ ഇത്തരം കാര്യങ്ങളില്‍ മുപ്പനോട് ആലോചിക്കുകയോ അവനെ അനുസരിക്കുകയോ ചെയ്യേതില്ല. ഏതെങ്കിലും വിഷയത്തില്‍ സംശയമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസമുള്ള മറ്റേതെങ്കിലും സ്ഥലത്തെ മുതിര്‍ന്ന സഹോദരനോട് അഭിപ്രായം ചോദിക്കാം. എന്നിരുന്നാലും അവസാന തീരുമാനം നിങ്ങളുടേത് മാത്രമായിരിക്കും. ഇത്തരം കാര്യങ്ങളില്‍ വ്യത്യസ്തമായി ചെയ്യുന്നത് ഒരു എതിര്‍പ്രവര്‍ത്തനമല്ല. എന്നാല്‍ നിങ്ങളുടേയൊ നിങ്ങളുടെ കുട്ടികളുടെയോ പെരുമാറ്റമോ വസ്ത്രമോ സഭയിലെ മറ്റുള്ളവര്‍ക്ക് ഇടര്‍ച്ചയ്ക്ക് കാരണമാകുന്നുണ്ടെങ്കില്‍ മൂപ്പന്മാര്‍ പറയുന്നത് ശ്രദ്ധിക്കുവാന്‍ നിങ്ങള്‍ തയ്യാറാവണം.

എവിടെ സഭയിലെ മൂപ്പന് കീഴടങ്ങിയിരിക്കണം, എവിടെ വേണ്ട എന്നും തിരിച്ചറിയുന്നതാണ് ജ്ഞാനത്തിന്റെ മാര്‍ഗ്ഗം. മൂപ്പന്‍മാരില്‍ വിശ്വാസം ഇല്ലാതെയിരിക്കുന്നത് ഒരു മത്സര സ്വഭാവമല്ല. കാരണം എല്ലാ മൂപ്പന്മാരും ആത്മീയരല്ല. എല്ലാ മുപ്പന്മാരിലും വിശ്വാസം ഉണ്ടാകണമെന്നുമില്ല. എന്നാല്‍ നിങ്ങള്‍ ഒരിടത്തും ആര്‍ക്കും കീഴടങ്ങാതെയിരിക്കുന്നുവെങ്കില്‍ നിങ്ങളെ ആക്രമിച്ച് കീഴടക്കുവാന്‍ സാത്താന് വളരെയെളുപ്പമായിരിക്കും. ദൈവം നമ്മെ ഓരോരുത്തരേയും ജ്ഞാനത്തിന്റെ മാര്‍ഗ്ഗത്തില്‍ നടക്കുവാന്‍ സഹായിക്കട്ടെ.