WFTW Body: 

കർത്താവിനെ സേവിക്കുന്ന ഏതൊരാളും സാത്താൻ്റെ ആക്രമണങ്ങളുടെ ലക്ഷ്യമാകാൻ പോകുകയാണ്. ദൈവത്തിനു നാം എത്രകണ്ട് പ്രയോജനകരമാണോ, അത്ര കണ്ട് നാം ശത്രുവിനാൽ ആക്രമിക്കപ്പെടും. അതൊഴിവാക്കാൻ നമുക്കു കഴിയില്ല. സാത്താൻ നമ്മെ ഏഷണിയിലൂടെയും, വ്യാജമായ ആരോപണങ്ങളിലൂടെയും കെട്ടിച്ചമച്ച കഥകളിലൂടെയും ആക്രമിക്കും. തന്നെയുമല്ല അവൻ നമ്മുടെ ഭാര്യമാരെയും മക്കളെയും കൂടെ ആക്രമിക്കും.

യേശുവിൻ്റെ ജീവിതകാലത്ത് ആളുകൾ അവിടുത്തെ കുറിച്ചു പറഞ്ഞദുഷ്കാര്യങ്ങളെ കുറിച്ചും, അതുപോലെ ഇന്നും അവർ അവിടുത്തെ കുറിച്ചു പറയുന്ന കാര്യങ്ങളെ കുറിച്ചും ഒന്നു ചിന്തിക്കുക. അവർ അവിടുത്തെ തിന്നിയും കുടിയനും ആയ മനുഷ്യൻ എന്നും (ലൂക്കോ. 7:34), ബുദ്ധിഭ്രമമുള്ള ഒരു വൻ എന്നും (മർക്കോസ്. 3:21), ഭൂതബാധിതൻ എന്നും (യോഹന്നാൻ 8:48) ഭൂതങ്ങളുടെ തലവൻ എന്നും (മത്താ. 12:24) അങ്ങനെ പല ദുഷിച്ച പേരുകളും വിളിച്ചു. മോശെയും വേദപുസ്തകവും പഠിപ്പിച്ചതിനു വിരുദ്ധമായ ഉപദേശങ്ങൾ പ്രസംഗിക്കുന്ന ഒരു ദൈവ നിഷേധിയാണ് അവിടുന്ന് എന്ന് അവർ പറഞ്ഞു (യോഹ. 9:29). അങ്ങനെയാണ് അവർ കർത്താവിനെ കേൾക്കുന്നതിൽ നിന്ന് ആളുകളെ ഓടിച്ചു വിട്ടത്. എന്നാൽ അങ്ങനെയുള്ളവരോടു മറുപടി പറയുവാൻ അവിടുന്ന് ഒരിക്കലും ക്ലേശിച്ചില്ല. വ്യക്തിപരമായ ഒരൊറ്റ ആരോപണങ്ങൾക്കു പോലും അവിടുന്ന് ഒരിക്കലും ഉത്തരം പറഞ്ഞില്ല. നാമും ഒരിക്കലും അതു ചെയ്യരുത്. ഉപദേശപരമായ ചോദ്യങ്ങൾക്കു മാത്രമെ യേശു ഉത്തരം പറഞ്ഞുള്ളു. ഇന്ന് ആളുകൾ നമ്മുടെ കർത്താവിനെ കുറിച്ച് അസാന്മാർഗ്ഗികമായ കാര്യങ്ങൾ പോലും പറയുന്നു. എന്നാൽ അവരുടെ മേൽ ന്യായവിധിക്കായി ദൈവം ഇറങ്ങി വരുന്നില്ല.

അവർ പൗലൊസിനെ ഒരു ചതിയൻ എന്നും എല്ലായിടത്തും വിരോധം പറയപ്പെടുന്ന (ദോഷം ആരോപിക്കപ്പെടുന്ന) ഒരു മത ഭേദത്തിൽ ഉൾപ്പെടുന്ന ഒരു വ്യാജ പ്രവാചകൻ എന്നും വിളിച്ചു (അപ്പൊ. പ്ര. 24:14; 28:22) അങ്ങനെ പൗലൊസിനെയും കേൾക്കുന്നതിൽ നിന്ന് അവർ ആളുകളെ അകറ്റി നിർത്തി.

സഭാ ചരിത്രത്തിലുടനീളം അതേ കഥയാണ് ഓരോ വലിയ ദൈവമനുഷ്യൻ്റെ കാര്യത്തിലും ഉണ്ടായത് - ജോൺ വെസ്ലി, ചാൾസ് ഫിന്നി, വില്യം ബൂത്ത്, വാച്ച് മാൻ നീ അതുപോലെ ദൈവത്തിൻ്റെ മറ്റെല്ലാ യഥാർഥ പ്രവാചകന്മാരുടെ കാര്യത്തിലും.

യേശുവിനെപ്പോലെ ആയിത്തീരുവാൻ അത്തരം ഒരു വില കൊടുക്കാൻ നാം മനസ്സുള്ളവരാണോ? അതോ ഇപ്പോഴും നാം മനുഷ്യമാനം തേടുകയാണോ?

നാം തെറ്റിദ്ധരിക്കപ്പെടുകയും, തെറ്റായി വിധിക്കപ്പെടുകയും, വ്യാജമായി ആരോപിക്കപ്പെടുകയും, പരസ്യമായി അപമാനിക്കപ്പെടുകയും ചെയ്യാൻ അനുവദിക്കുന്നതിലൂടെ ദൈവം നമ്മെ നുറുക്കുന്നു. ഇങ്ങനെയുള്ള എല്ലാ സാഹചര്യങ്ങളിലും, നമ്മെ അലട്ടുന്ന മനുഷ്യരെ കാണുന്നതിനെ നാം നിരാകരിക്കണം. അവർ നമ്മുടെ സഹോദരന്മാരോ അല്ലെങ്കിൽ നമ്മുടെ ശത്രുക്കളോ ആകാം. അതു കാര്യമല്ല. ഓരോ ഇസ്കര്യോത്തായൂദായുടെയും കരത്തിനു പിന്നിൽ, നമുക്കു കുടിക്കാൻ ഒരു പാനപാത്രം തരുന്നത് നമ്മുടെ സ്വർഗ്ഗീയ പിതാവാണ്. അത്തരം സാഹചര്യങ്ങളിൽ നാം പിതാവിൻ്റെ കരം കാണുകയാണെങ്കിൽ, നാം സന്തോഷത്തോടെ ആ പാനപാത്രത്തിൽ നിന്നു കുടിക്കും, അതെത്ര കയ്പുള്ളതും വേദനാജനകവുമാണെങ്കിലും. എന്നാൽ നാം യൂദായെ മാത്രമെ കാണുന്നുള്ളെങ്കിൽ, അപ്പോൾ നാം വാളെടുത്ത് (പത്രൊസ് ചെയ്തതുപോലെ) ആളുകളുടെ കാതുകൾ അറക്കും (അല്ലെങ്കിൽ അവരുടെ പ്രശസ്തിയെ) അല്ലെങ്കിൽ എന്തിനെയെങ്കിലും.

നാം ആക്രമിക്കപ്പെടുകയോ അല്ലെങ്കിൽ വ്യാജമായി ആരോപിക്കപ്പെടുകയോ ചെയ്യുമ്പോൾ, ദൈവം നമ്മെ അവിടുത്തെ ബലമുള്ള കരത്തിൻ കീഴ് താഴ്ത്തുവാൻ ആഗ്രഹിക്കുന്നു. അത് മനുഷ്യൻ്റെ കരമല്ല, ദൈവത്തിൻ്റെ കരമാണ് എന്ന് നാം ഒരിക്കൽ കണ്ടെത്തിയാൽ അതുചെയ്യാൻ നമുക്ക് എളുപ്പമാണ്.

കഴിഞ്ഞ വർഷങ്ങളിൽ, "വിശ്വാസികൾ" എന്നെ കുറിച്ചും എൻ്റെ പഠിപ്പിക്കലുകളെ കുറിച്ചും എല്ലാ തരത്തിലുമുള്ള തിന്മകൾ സംസാരിക്കുന്നത് ഞാൻ കേട്ടിരിക്കുന്നു. അവർ എനിക്കും എൻ്റെ കുടുംബാംഗങ്ങൾക്കും വിരോധമായി വ്യാജ ആരോപണങ്ങൾ നടത്തുകയും പുസ്തകങ്ങളും ലേഖനങ്ങളും എഴുതുകയും ചെയ്തിരിക്കുന്നു. എന്നാൽ അവയ്ക്ക് ഒരിക്കലും മറുപടി പറയരുത് എന്ന് കർത്താവ് എന്നോടു പറഞ്ഞിരിക്കുന്നു, അതുകൊണ്ട് ഞാൻ നിശബ്ദത പാലിച്ചു. കർത്താവ് എന്നിലും എൻ്റെ കുടുംബാംഗങ്ങളിലും ശുദ്ധീകരണത്തിൻ്റെ ഒരു വലിയ പ്രവൃത്തി ചെയ്തിരിക്കുന്നു! ദൈവം തിന്മയെ നമ്മുടെ നന്മയ്ക്കാക്കി തീർക്കുന്നു.

കർത്താവിൻ്റെ തന്നെ സമയത്ത് എല്ലാ കാർമേഘങ്ങളെയും അകറ്റി സൂര്യൻ പ്രകാശിക്കുമാറാക്കും എന്നെനിക്കറിയാമായിരുന്നു. എന്നാൽ ആ സമയം നിശ്ചയിക്കുന്നതു ഞാനല്ല അവിടുന്നു തന്നെയാണ് (അപ്പൊ. പ്ര. 1:7 ൽ നാം വായിക്കുന്നതു പോലെ). അതുവരെ, എന്നെ അവിടുത്തെ ബലമുള്ള കൈക്കീഴിൽ താഴ്ത്തുക എന്നതാണ് എൻ്റെ ദൗത്യം. ആരുടെയും മുമ്പാകെ എന്നെ നീതീകരിക്കുന്നതല്ല എൻ്റെ ദൗത്യം. ഒരു തവണ ഞാൻ അതു ചെയ്തു തുടങ്ങിയാൽ, മറ്റൊന്നും ചെയ്യാൻ എനിക്കു സമയം ഉണ്ടാകുകയില്ല.

ചെമ്പു പണിക്കാരനായ അലക്സാണ്ടറിനെ കുറിച്ചു പൗലൊസ് പറഞ്ഞതുപോലെ, ഒരുനാൾ നമ്മുടെ ശത്രുക്കൾക്ക് അവരുടെ പ്രവൃത്തികൾക്കനുസരിച്ച് കർത്താവു തന്നെ മടക്കി കൊടുക്കും (2 തിമൊ. 4:14).അതുകൊണ്ട് പ്രതികാരങ്ങളുടെ അത്തരം കാര്യങ്ങൾ സുരക്ഷിതമായി അവിടുത്തെ കരങ്ങളിൽ വിട്ടുകൊടുക്കാം (റോമ. 12:19).

എല്ലാ കാര്യങ്ങളും ദൈവത്തിനു വിട്ടുകൊടുക്കുന്നതാണ് ഏറ്റവും നല്ലത്. അവിടുന്നു ചെയ്യുന്നതെന്താണെന്ന് അവിടുത്തേക്കറിയാം തന്നെയുമല്ല എല്ലാ കാര്യങ്ങളും അവിടുത്തെ നിയന്ത്രണത്തിലാണ്. യേശുവിൻ്റെ സാദൃശ്യം നമ്മിൽ കൊത്തുപണി ചെയ്തുണ്ടാക്കേണ്ടതിന് അവിടുന്നു പാറയെ ഉളി കൊണ്ടു ചെത്തുകയാണ്. പാറയുടെ ചില ഭാഗങ്ങൾ വളരെ കടുപ്പമുള്ളതാണ്. അതു കൊണ്ട് ആ ഭാഗങ്ങൾ ചെത്തിക്കളയാൻ വ്യാജ ആരോപണങ്ങളും പീഡനങ്ങളും അവിടുത്തേക്ക് ഉപയോഗിക്കേണ്ടി വരുന്നു. അവിടുത്തെ ചെത്തലിനു നാം നമ്മെ വിധേയപ്പെടുത്തി കൊടുക്കുമെങ്കിൽ, അവസാനം നാം ആത്മീയ അധികാരത്തോടു കൂടിയ ക്രിസ്താനുരൂപരായ മനുഷ്യരായി പുറത്തുവരും.

യൂദാ യേശുവിനെ ഒറ്റിക്കൊടുത്തപ്പോൾ, യേശുവിന് അയാളെ "സ്നേഹിതാ" എന്നു വിളിക്കാൻ കഴിഞ്ഞു, കാരണം അവിടുന്നു തൻ്റെ പിതാവിൻ്റെ കരം വ്യക്തമായി കണ്ടു. എല്ലാ സാഹചര്യങ്ങളിലും നാം ദൈവത്തിൻ്റെ പരമാധികാരത്തെ കണ്ടാൽ, നമ്മെ തന്നെ താഴ്ത്തുവാൻ എളുപ്പമായിരിക്കും. തന്നെയുമല്ല ശരിയായ സമയത്ത് നമ്മെ ഉയർത്തുവാൻ ദൈവത്തിനും എളുപ്പമായിരിക്കും. നമ്മുടെ തോളിൽ നിന്നു സമ്മർദ്ദത്തെ എടുത്തു മാറ്റി നമുക്ക് അവിടുത്തെ അധികാരം തരേണ്ട ശരിയായ സമയം ദൈവത്തിനറിയാം.അതുകൊണ്ട് നമുക്ക് അവിടുത്തേക്കായി കാത്തിരിക്കാം. അവിടുത്തേക്കായി കാത്തിരിക്കുന്നവരാരും ഒരിക്കലും നിരാശരാകുകയോ ലജ്ജിതരാകുകയോ ഇല്ല (യെശ. 49:23).