ലേഖകൻ :   സാക് പുന്നൻ
WFTW Body: 

പ്രത്യാശ

"കൃപ " , " സൗമ്യത " , " ആത്മാവിൽ ദരിദ്രരായവർ " കൂടാതെ " ജയിക്കുക " (പാപത്തെ) തുടങ്ങിയ പദങ്ങൾ പോലെ ഒരു പുതിയഉടമ്പടി വാക്കാണ് "പ്രത്യാശ " . വളരെക്കുറച്ചു വിശ്വാസികളാണ് പ്രത്യാശയെ കുറിച്ച് ചിന്തിക്കുന്നത്. എന്നാൽ ഇത് ഒരു ഒത്തു വാക്യ പഠനത്തിന് നല്ല ഒരു പദമാണ് .

റോമ: 5:2- 4 നമ്മോട് പറയുന്നത് നാം ദൈവതേജസ്സിൻ്റെ പ്രത്യാശയിൽ പ്രശംസിക്കുന്നു എന്നാണ്. നാം കഷ്ടതകളിൽ സന്തോഷിക്കുന്നു , കാരണം കഷ്ടതകളിൽ സഹിഷ്ണുത ഉള്ളവരാണെങ്കിൽ നമുക്കു സിദ്ധത ലഭിക്കും. അതു നമുക്ക് പ്രത്യാശ നൽകുന്നു .അത് അർത്ഥമാക്കുന്നത് കഴിഞ്ഞ കാല ജീവിതത്തിൽ നിന്നും ദൈവം നമ്മെ എങ്ങനെ വ്യത്യാസപ്പെടുത്തിയിരിക്കുന്നു എന്ന് നാം കാണുന്നതുകൊണ്ട് വരുന്ന നാളുകളിൽ ആ പ്രവൃത്തി നമ്മിൽ ദൈവത്താൽ പൂർത്തീകരിക്കപ്പെടുമെന്നുള്ള പ്രത്യാശ നമുക്കുണ്ട്.

ഭാവിയിലേക്ക് വേണ്ട പ്രത്യാശയാൽ നമ്മെ നിറയ്ക്കുവാൻ ദൈവം ആഗ്രഹിക്കുന്നു. നമുക്കു ചുറ്റുമുള്ള ആളുകളെ പോലെ നാം ഭാവിയെ ഭീതിയോടും വിഷാദത്തോടും കൂടി നേരിടേണ്ടതില്ല. നമ്മിൽ ഒരു നല്ല വേല ആരംഭിച്ചവൻ നിശ്ചയമായി അത് നമ്മിൽ തികയ്ക്കുമെന്നും , നമ്മിൽ അത് പൂർണതയിലേക്ക് കൊണ്ടുവരുമെന്നും വിശ്വസിച്ചു കൊണ്ട് , വലിയ പ്രത്യാശയോടെ യാണു നാം ഭാവിയിലേക്ക് നോക്കുന്നത് (ഫിലി. 1: 6) . നിരുത്സാഹത്തിനും വിഷണ്ണതയ്ക്കും ഉള്ള സുനിശ്ചിതമായ ഒറ്റമൂലിയാണ് പ്രത്യാശ.

നാം നമ്മുടെ പ്രത്യാശയുടെ ഏറ്റുപറച്ചിൽ മുറുകെ പിടിക്കണം (എബ്രാ. 10: 23 ). മറ്റു വാക്കുകളിൽ പറഞ്ഞാൽ ഇപ്പോൾ നാം പരാജിതരാ ണെങ്കിലും ദൈവം നമുക്കു വിജയം നൽകുമെന്നും നമ്മിൽ അവിടുന്ന് ചെയ്യുമെന്ന് വാഗ്ദത്തം ചെയ്തിട്ടുള്ള കാര്യം അവിടുന്നു ചെയ്യുമെന്നും , നമ്മുടെ വായ്കൊണ്ട് ഏറ്റുപറയാൻ നമുക്കു ധൈര്യമുണ്ടായിരിക്കണം . നാം പ്രത്യാശയിൽ സന്തോഷിക്കണം .ദൈവം തങ്ങൾക്കുവേണ്ടി ചെയ്തിരിക്കുന്ന കാര്യങ്ങൾക്ക് ദൈവത്തിനു നന്ദി പറയുന്നത് വിശ്വാസികളെ സംബന്ധിച്ച് സാധാരണമായ കാര്യമാണ് . എന്നാൽ നമുക്ക് വേണ്ടി ദൈവം ഇനി ചെയ്യാനിരിക്കുന്ന കാര്യത്തിലുള്ള പ്രത്യാശയിലും നാം സന്തോഷിക്കണം.

" അവൻ ചെയ്യുന്നതെല്ലാം അഭിവൃദ്ധി പ്രാപിക്കും" എന്നതാണ് സങ്കീർത്തനം 1: 3 ൽ ഉള്ള വാഗ്ദത്തം. ഇതാണ് നമ്മുടെ ജീവിതത്തിനു വേണ്ടിയുള്ള ദൈവഹിതം , അത് ക്രിസ്തുവിലുള്ള നമ്മുടെ ജന്മാവകാശമായി നാം അവകാശപ്പെടുകയും വേണം.

സന്തോഷം

നാം ദൈവത്തിൻ്റെ സാന്നിധ്യത്തിലാണു ജീവിക്കുന്നത് എന്നു നമുക്ക് അറിയാൻ സാധിക്കുന്ന മാർഗങ്ങളിൽ ഒന്നാണ് നിറഞ്ഞുകവിയുന്ന സന്തോഷം - കാരണം

" അവിടുത്തെ സന്നിധിയിൽ സന്തോഷത്തിൻ്റെ പരിപൂർണതയുണ്ട് ". (സങ്കീ. 16: 11). ദൈവരാജ്യം വാസ്തവമായി നമ്മുടെ ഹൃദയങ്ങളിൽ വന്നിരിക്കുന്നു എന്നു നാം അറിയുന്നതും അങ്ങനെ തന്നെയാണ് - കാരണം " ദൈവരാജ്യം നീതിയും , സമാധാനവും, പരിശുദ്ധാത്മാവിൽ സന്തോഷവുമാണ് " (റോമ. 14 :17). ഈ സന്തോഷം നമ്മുടേതായി തീരുന്നത് നാം പാപത്തെ വെറുത്ത് നീതിയെ സ്നേഹിക്കുമ്പോഴാണ് - കാരണം ആനന്ദ തൈലം കൊണ്ടുള്ള അഭിഷേകം നൽകപ്പെടുന്നത് "നീതിയെ സ്നേഹിക്കുകയും പാപത്തെ വെറുക്കുകയും ചെയ്യുന്നവർക്കാണ് " ( എബ്രാ.1:9 ). കർത്താവിലുള്ള സന്തോഷം എപ്പോഴും നിങ്ങളുടെ ബലമായിരിക്കട്ടെ (നെഹ . 8:10 ) . സന്തോഷം പ്രലോഭനങ്ങൾക്കെതിരെയുള്ള പോരാട്ടത്തെ കൂടുതൽ എളുപ്പമാ ക്കിത്തീർക്കുന്നു.

യാക്കോബ് പറയുന്നത് , രണ്ടു കാരണങ്ങളാൽ നാം നേരിടുന്ന കഷ്ടങ്ങളിൽ പോലും നാം സന്തോഷിക്കണമെന്നാണ് ( യാക്കോ .1:1- 4 ): 1. നമ്മുടെ വിശ്വാസം യഥാർത്ഥമാണോ അല്ലയോ എന്നു നാം കണ്ടെത്തും (നമുക്കുള്ള സ്വർണ്ണം യഥാർത്ഥമാണോ അല്ലയോ എന്നു നാം കണ്ടെത്തുന്നതു പോലെ) - അങ്ങനെ നാം വാസ്തവത്തിൽ ദരിദ്രരായിരിക്കുമ്പോൾ നാം ധനികരാണെന്നു നമ്മെ തന്നെ വഞ്ചിക്കാതിരിക്കാൻ കഴിയുന്നു . 2. നമ്മുടെ സഹിഷ്ണുത പൂർണ്ണതയിലേക്കു വളരുന്നു - അപ്പോൾ നാം ഒന്നിലും കുറവില്ലാതെ തികഞ്ഞവരും പൂർണതയുള്ളവരുമായി തീരുന്നു.

നമ്മുടെ ശോധനകളിൽ നിന്ന് എന്തു ഫലങ്ങളാണു ണ്ടാകുന്നത് എന്നത് ആശ്ചര്യകരമാണ് - നാം അവയിൽ സന്തോഷിക്കുമെങ്കിൽ . വിശ്വാസികളുടെ ഇടയിൽ പാഴാക്കപ്പെട്ട ധാരാളം കഷ്ടതകളുണ്ട്. അവർക്കു തങ്ങളുടെ കഷ്ടതയിൽ നിന്ന് ഒരു സമ്പത്തും ലഭിക്കുന്നില്ല , കാരണം അവർ സന്തോഷിക്കുന്നതിനുപകരം പരാതി പറയുകയും പിറുപിറുക്കുകയും ചെയ്യുന്നു.