WFTW Body: 

ലൂക്കോ 18:13ല്‍ -എന്‍എഎസ്ബി, ചുങ്കക്കാരന്‍ ഇപ്രകാരം പറഞ്ഞു പ്രാര്‍ത്ഥിച്ചു. "ദൈവമെ ഇത്ര പാപിയായ എന്നോട് കരുണയുണ്ടാകണമേ".അവന്‍ അവനെത്തന്നെ ഇത്ര പാപി എന്നാണ് വിളിച്ചത്, അവനോട് താരതമ്യം ചെയ്യുമ്പോള്‍ അവനുചുറ്റുമുളള ഓരോരുത്തനും ഒരു വിശുദ്ധനാണ് എന്നാണ് അവന്‍ അര്‍ത്ഥമാക്കുന്നത്! അവന്‍റെ കണ്ണുകളില്‍, ഭൂമിയുടെ മുഖത്ത് ഉളള ഒരേ ഒരു പാപി അവനാണ്! അവന്‍ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയി എന്ന് യേശു പറഞ്ഞു. അങ്ങനെയുളളവരെ മാത്രമാണ് ദൈവം നീതികരിക്കുന്നത്.

"നീതീകരിക്കുക" എന്ന വാക്ക് വാസ്തവത്തില്‍ അര്‍ത്ഥമാക്കുന്നത് എന്താണെന്നതിനെക്കുറിച്ച് ചില കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവെയ്ക്കട്ടെ. അത് മനോഹരമായതും സ്വതന്ത്രമാക്കുന്നതുമായ ഒരു വാക്കാണ് (ലൂക്കോ.18:14). ഒരു പുസ്തകത്തിന്‍റെ താളുകള്‍ നിങ്ങള്‍ നോക്കുക. വലതു വശത്തെ മാര്‍ജിന്‍ ഇടതുവശത്തെ മാര്‍ജിന്‍ പോലെതന്നെ എത്രനേരെയാണെന്ന് നിങ്ങള്‍ കാണുന്നോ? കമ്പ്യൂട്ടര്‍- ഭാഷ ഇതിനെ " നീതീകരണം " (ജസ്റ്റിഫിക്കേഷന്‍) എന്നാണു പറയുന്നത്! ഓരോ വരിയിലുമുളള അക്ഷരങ്ങളുടെ എണ്ണം വ്യത്യസ്തമാണെങ്കിലും, അപ്പോഴും വലതുവശത്തെ അരിക് കമ്പ്യൂട്ടര്‍ പൂര്‍ണ്ണമായി നേരെയാക്കുന്നു. നിങ്ങള്‍ "നീതീകരിക്കാതെ" എന്തെങ്കിലും കമ്പ്യൂട്ടറില്‍ എഴുതിയാല്‍, അതിന്‍റെ വലതുവശത്തെ അരിക് ഏറിയും കുറഞ്ഞും ഇരിക്കും. പഴയകാലത്ത് ടൈപ്പ് റൈറ്ററുകള്‍ ഉപയോഗിച്ചിരുന്നപ്പോള്‍ നമ്മുടെ താളുകള്‍ പുറത്തേക്കു വന്നിരുന്നത് അങ്ങനെ ആയിരുന്നു. ഓരോ വരിയും തുല്യ നീളമുളളതായി ഒരൊറ്റ പുറംപോലും എഴുതുവാന്‍ അസാധ്യമായിരുന്നു.. എന്നാല്‍ " നീതീകരണത്തിന്‍റെ " (ജസ്റ്റിഫിക്കേഷന്‍ ) അത്ഭുതം നാം കാണുന്നു - ഇത് ഓരോ വരിയുടെയും അവസാനം വരുന്ന വാക്കുകള്‍ തുടര്‍ച്ചക്കുറികള്‍ (ഹൈഫന്‍) ഉപയോഗിച്ച് ചെയ്യപ്പെടുന്ന ഒരു കാര്യമല്ല.അല്ല. ആ ബുക്കിലെ താളുകളിലേക്കു നിങ്ങള്‍ നോക്കിയാല്‍, സാധാരണയായി അവിടെ ഒരു തുടര്‍ച്ചക്കുറികളും ഉണ്ടായിരിക്കുകയില്ല - കാരണം അത് വളരെ വൃത്തികേടായി കാണപ്പെടുകയും ചെയ്യും. ഓരോ വരിയും വൃത്തിയായി "നീതീകരിക്ക" പ്പെടത്തക്കവണ്ണം ഓരോ വരിയിലുമുളള വാക്കുകള്‍ക്കിടയിലുളള സ്ഥലം കമ്പ്യൂട്ടര്‍ ക്രമീകരിക്കുന്നു. ഒരു പുറത്തുളള 30 വരികള്‍ ഏറിയും കുറഞ്ഞുമുളള അരികുകളുളളതായി നിങ്ങള്‍ എഴുതി പോയെങ്കില്‍ പോലും, നിങ്ങള്‍ക്ക് ആ കമ്പ്യൂട്ടറിനോട് നിങ്ങള്‍ ഇതുവരെ എഴുതിയതെല്ലാം നീതീക്കരിക്കുവാനായി ആജ്ഞാപിക്കാം - അതിനുശേഷം നോക്കുക ഒരൊറ്റ കീ അമര്‍ത്തുന്നതുവഴി, എല്ലാ വരികളും ഉടനെ തന്നെ നീതീകരിക്കപ്പെടുന്നു!! ദൈവം നമ്മെ നീതീകരിക്കുമ്പോള്‍, അവിടുന്ന് ഇതേ കാര്യമാണ് നമ്മോടും ചെയ്യുന്നത്. ഒരു പക്ഷേ നിങ്ങളുടെ കഴിഞ്ഞകാല ജീവിതത്തിന്‍റെ ഓരോ ദിവസവും ഒരു ഏറ്റക്കുറച്ചിലുളള ഒരു അഗ്രത്തില്‍ അവസാനിപ്പിച്ച് നിങ്ങള്‍ നിങ്ങളുടെ ജീവിതം താറുമാറാക്കിയിരിക്കാം. എന്നാല്‍ നിങ്ങള്‍ ക്രിസ്തുവിലേക്കും വന്നാല്‍, ദൈവം നിമിഷനേരം കൊണ്ട് നിങ്ങളെ നീതീകരിക്കുന്നു! നിങ്ങളുടെ കഴിഞ്ഞ കാല ജീവിതത്തിലെ ഓരോ വരിയും പൂര്‍ണ്ണതയുളളതാക്കപ്പെടുന്നു - നിങ്ങളുടെ ജീവിതത്തില്‍ ഒരിക്കല്‍ പോലും പാപം ചെയ്തിട്ടില്ലാത്തതുപോലെ - ഏറ്റക്കുറച്ചിലുളള അരികുകള്‍ ഇല്ലാതെ, പൂര്‍ണ്ണമായും നേരെയുളള അരികുകള്‍ ഉളളതായി തീരുന്നു.

അത് വളരെ ആശ്ചര്യകരമായിരിക്കുന്നു അല്ലേ? കമ്പ്യൂട്ടര്‍ നമ്മുടെ ബുക്കിലെ താളുകള്‍ക്കു വേണ്ടി ചെയ്യുന്നത്, ദൈവം നമ്മുടെ ജീവിതങ്ങള്‍ക്ക് വേണ്ടി ചെയ്യുന്നു. ഇവിടെ "നീതീകരണം" എന്ന വാക്കിന് ഒരു ഇരുപതാം നൂറ്റാണ്ട് വിശദീകരണം (ഉദാഹരണം) നാം കാണുന്നു.

ചില കാര്യങ്ങള്‍കൂടി ഞാന്‍ നിങ്ങളോടു പറയട്ടെ. ഒരു പ്രാവശ്യം നാം കമ്പ്യൂട്ടറിനോട് "ജസ്റ്റിഫൈ" (നീതീകരിക്കുക) എന്ന ആജ്ഞകൊടുത്തു കഴിഞ്ഞാല്‍, അതിനുശേഷം നാം എഴുതുന്ന ഓരോ വരിയും സ്വയമേവ നീതികരിക്കപ്പെട്ട് മറ്റുളളവരികളുമായി പൂര്‍ണ്ണമായി ഒരേ നിരയിലാകുന്നു. നമ്മുടെ കഴിഞ്ഞ കാലത്തിന് നീതികരണം പ്രയോഗികമാകുന്നതു പോലെ തന്നെ നമ്മുടെ ഭാവി ജീവിതത്തിനും അത് പ്രായോഗികമാകുന്നു. വാസ്തവമായി ഇത് ആശ്ചര്യകരമായ ഒരു സുവിശേഷം ആണ്.

ഇപ്പോള്‍ ദൈവം നമ്മെ കാണുന്നത് ക്രിസ്തുവിലാണ്. ഇനി ഒരിക്കലും നമുക്കു പ്രശംസിക്കുവാന്‍ നമ്മുടെ സ്വന്തമായ ഒരു നീതിയുമില്ല. ദൈവം നമ്മെ നീതീകരിക്കുമ്പോള്‍ ക്രിസ്തു തന്നെയാണ് നമ്മുടെ നീതി, അത് നമ്മുടെ ജീവിതകാലം മുഴുവനും ഒരിക്കല്‍ പോലും ഒരു പാപം പോലും ചെയ്യുകയോ ഒരബദ്ധംപോലും പറ്റുകയോ ചെയ്തിട്ടില്ലാത്തതു പോലെ ആയിരിക്കും. നാം നിരന്തരം ക്രിസ്തുവിന്‍റെ രക്തത്താല്‍ നീതീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു - കാരണം നാം വെളിച്ചത്തില്‍ നടക്കുമ്പോള്‍ ക്രിസ്തുവിന്‍റെ രക്തം തുടര്‍ച്ചയായി നമ്മുടെ പാപങ്ങളില്‍ നിന്നു നമ്മെ വെടിപ്പാക്കന്നു. ബോധപൂര്‍വ്വമായതും ബോധമില്ലാതെയുളളതുമായ പാപങ്ങള്‍.

തിരുവചനം വായിക്കുമ്പോള്‍ നമുക്കു പറ്റാവുന്ന വലിയ അബദ്ധങ്ങളില്‍ ഒന്ന് നാം ഗണിതശാസ്ത്ര പരമായ ചോദ്യങ്ങള്‍ ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന യുക്തപരമായ ചിന്തകള്‍ വചനം വായിക്കുമ്പോഴും ഉപയോഗിക്കുന്നു എന്നതാണ്. ആ വഴിയില്‍ നമുക്ക് ദൈവത്തിന്‍റെ മനസ്സു മനസ്സിലാക്കാന്‍ കഴിയുകയില്ല, കാരണം ഗണിതശാസ്ത്രപരമായ യുക്തിയിലല്ല ദൈവം പ്രവര്‍ത്തിക്കുന്നത് !! അതുകൊണ്ട്, കഴിഞ്ഞ കാലത്ത് ഇത്രയധികം തെറ്റുകള്‍ ചെയ്തു കൂട്ടിയതിനുശേഷം, നമ്മുടെ ജീവിതങ്ങള്‍ക്കുവേണ്ടിയുളള ദൈവത്തിന്‍റെ പൂര്‍ണ്ണ പദ്ധതി നമുക്കു നിറവേറ്റുവാന്‍ കഴിയുമോ എന്നു കണ്ടുപിടിക്കുവാന്‍ ശ്രമിക്കുമ്പോള്‍ നമുക്ക് യുക്തി ഉപയോഗിക്കുവാന്‍ കഴിയുകയില്ല. കണക്കിന്‍റെ യുക്തിപ്രകാരം അത് അസാധ്യമാണ് - കാരണം ഒരു കണക്കിന്‍റെ കാര്യത്തില്‍ എവിടെയെങ്കിലും ഒരുപടി തെറ്റിയാല്‍, അവസാന ഉത്തരം എപ്പോഴും തെറ്റായിരിക്കും. നിങ്ങള്‍ ആ യുക്തി ഉപയോഗിക്കുകയാണെങ്കില്‍, കഴിഞ്ഞനാളുകളില്‍ എവിടെയെങ്കിലും നിങ്ങള്‍ക്ക് ദൈവഹിതം നഷ്ടപ്പെട്ടുപോയെങ്കില്‍ ( നിങ്ങള്‍ക്ക് 2 വയസ്സുണ്ടായിരുന്നപ്പോഴോ, അല്ലെങ്കില്‍ നിങ്ങള്‍ക്ക് 52 വയസ്സുണ്ടായിരുന്നപ്പോഴോ എന്നതു കാര്യമല്ല), നിങ്ങള്‍ക്ക് ഒരിക്കലും ദൈവത്തിന്‍റെ പൂര്‍ണ്ണഹിതം നിറവേറ്റാന്‍ കഴിയുകയില്ല, നിങ്ങള്‍ എത്ര കഠിനപ്രയത്നം ചെയ്തു എന്നതോ നിങ്ങള്‍ എത്രമാത്രം അനുതപിച്ചു എന്നതോ കാര്യമല്ല - കാരണം ഒരു കണക്കിലെ ചോദ്യം ചെയ്യുമ്പോള്‍ ഏതു ഘട്ടത്തിലാണ് നിങ്ങള്‍ക്കു തെറ്റുപറ്റിയതെന്നത് കാര്യമല്ല ( 2-ാമത്തെ പടിയിലായാലും 52-ാമത്തെ പടിയിലായാലും) നിങ്ങളുടെ അവസാന ഉത്തരം അപ്പോഴും തെറ്റായിരിക്കും!! എന്നാല്‍ ദൈവം അരുളി ചെയ്യുന്നു " എന്‍റെ വഴികള്‍ നിങ്ങളുടെ വഴികളല്ല" (യെശ 55:8,9). നമ്മുടെ ജീവിതങ്ങള്‍ക്കുവേണ്ടിയുളള ദൈവത്തിന്‍റെ പദ്ധതികള്‍ ഗണിത ശാസ്ത്ര പ്രകാരമുളള യുക്തി ഉപയോഗിച്ചല്ല പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ ദൈവത്തിനു നന്ദി പറയുന്നു. അങ്ങനെ ആയിരുന്നെങ്കില്‍, ഒരൊറ്റ മനുഷ്യനും ( അപ്പൊസ്തലനായ പൗലൊസിനു പോലും) ദൈവത്തിന്‍റെ പൂര്‍ണ്ണമായ പദ്ധതി നിറവേറ്റാന്‍ കഴിയുമായിരുന്നില്ല -കാരണം നാമെല്ലാം ഒരു സമയം അല്ലെങ്കില്‍ മറ്റൊരു സമയം പരാജയപ്പെട്ടിട്ടുണ്ട്. നാം വിശ്വാസികളായി തീര്‍ന്നതിനുശേഷം പോലും നാം പരാജയപ്പെട്ടിട്ടുണ്ട് - അനേകം തവണ. വിശ്വാസികളായതിനു ശേഷം മനപൂര്‍വ്വമായും നാം പാപം ചെയ്തിട്ടുണ്ട്. സത്യസന്ധരായവരെല്ലാം അത് അംഗീകരിക്കും. നമ്മില്‍ ഓരോരുത്തനും ഇപ്പോഴും ആശയ്ക്കു വകയുണ്ട് എന്നതാണ് അത്ഭുതകരമായ സത്യം.

ഏറ്റവും ചെറിയതെറ്റു ചെയ്യുന്നവരെ പോലും ഒരു ലുബ്ധുമില്ലാതെ ഗണിത ശാസ്ത്രം കുറ്റം വിധിക്കും. ഒരു ചെറിയ തെറ്റിനുപോലും അനുവാദവുമില്ല. 2+2 എന്നത് 3.99999999 ന് തുല്യമാകുന്നില്ല. അതു കൃത്യമായി 4 തന്നെ ആയിരിക്കണം, ഒട്ടും കൂടുതലല്ല ഒട്ടും കുറവുമല്ല. എന്നാല്‍ ദൈവത്തിന്‍റെ പദ്ധതികള്‍ ഗണിതശാസ്ത്രം പോലെ അല്ല. പ്രവര്‍ത്തിക്കുന്നത്. അവിടുത്തെ പദ്ധതിയില്‍ പരാജയം ആവശ്യമാണ്. പരാജയത്തിലൂടെയല്ലാതെ നമ്മില്‍ ആരെയും നുറുക്കുവാന്‍ വേറെ ഒരു മാര്‍ഗ്ഗവുമില്ല. അതു കൊണ്ടുതന്നെ നമ്മുടെ ആത്മീയ വിദ്യാഭ്യാസത്തില്‍ പരാജയം ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു ഭാഗമാണെന്ന് നമുക്കുപറയാന്‍ കഴിയണം. ഒരിക്കലും പരാജയപ്പെടാതെ ജീവിച്ച ഒരേ ഒരാള്‍ യേശുമാത്രമാണ്. എന്നാല്‍ ശേഷിക്കുന്ന നാം എല്ലാവരും ( നമ്മുടെ ഇടയില്‍ ഏറ്റവും നല്ലവനായാല്‍ പോലും) പരാജയത്തിലൂടെ ദൈവത്താല്‍ നുറുക്കപ്പെട്ടവരാകേണ്ടതുണ്ട്. പത്രൊസിനും പൗലൊസിനും പോലും ആവര്‍ത്തിക്കപ്പെട്ട പരാജയത്തിലൂടെ ദൈവത്താല്‍ നുറുക്കപ്പെടേണ്ടതായി വന്നിട്ടുണ്ട്.

അതുകൊണ്ട് സുവിശേഷത്തിന്‍റെ സന്ദേശത്തില്‍ സന്തോഷിക്കുകയും ദൈവത്തിന്‍റെ ദയ നമ്മെ മാനസാന്തരത്തിലേക്കു നയിക്കുകയും ചെയ്യട്ടെ. അതു നിങ്ങളെ സന്തോഷത്തിന്‍റെയും ദൈവത്തിലുളള പൂര്‍ണ്ണ സ്വസ്ഥതയുടെയും ഒരു ജീവിതത്തിലേക്കു നയിക്കട്ടെ - ദൈവം " നിങ്ങളെ അവിടുത്തെ പ്രിയ പുത്രനില്‍ കൈക്കൊണ്ടിരിക്കുന്നു" (സ്ഥിരമായി) എന്നറിയുന്നതിലൂടെ ഉണ്ടാകുന്ന ഒരു സ്വസ്ഥത (എഫെ 1:6 കിംഗ് ജെയിംസ് വെര്‍ഷന്‍). ഓരോ ദിവസവും നാം വളരെയധികം തെറ്റുകള്‍ ചെയ്യുന്നു. നാം കാല്‍ വഴുതി പാപത്തില്‍ വീഴുന്നു - യാദൃശ്ചികമോ, അബോധപൂര്‍വ്വമോ ആണെങ്കിലും ഇടയ്ക്കിടെ നമ്മുടെ മേലുളള സമ്മര്‍ദ്ദം, നാം വിഷാദത്തിനടിമപ്പെടത്തക്കവിധം അത്ര വലുതാണ് - അപ്പോള്‍ നാം അതിലും കൂടുതല്‍ പാപം ചെയ്യുവാന്‍ പ്രലോഭിക്കപ്പെടുന്നു. ദൈവം നമ്മുടെ സമ്മര്‍ദ്ദങ്ങളെല്ലാം മനസ്സിലാക്കുന്നു, അവിടുന്ന് മനസ്സലിവുളളവനും ആകുന്നു. നമ്മുടെ കഴിവിനു മീതെ നാം പ്രലോഭിക്കപ്പെടുവാന്‍ അവിടുന്ന് അനുവദിക്കുകയില്ല, എന്നാല്‍ അവിടുന്നു നമുക്കുവേണ്ടി ഒരു പോക്കുവഴി ഉണ്ടാക്കുന്നു. നമ്മില്‍ ഓരോരുത്തന്‍റെയും ജീവിതങ്ങളില്‍ ഉളള എല്ലാ കാര്യങ്ങളും നേരെയാക്കുവാന്‍ അവിടുത്തേക്കു കഴിയും. ക്രിസ്തീയ ജീവിതം മാനുഷികയുക്തിക്കനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നത്. അത് വീര്യ പ്രവൃത്തികള്‍ ചെയ്യുന്ന അത്ഭുത ശക്തിക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്, സ്വര്‍ഗ്ഗീയപിതാവിന്‍റെ പരിപൂര്‍ണ്ണജ്ഞാനത്തിലും തികഞ്ഞസ്നേഹത്തിലുമാണ്.

ഒരുത്തനും തന്‍റെ ജീവിതം പൂര്‍ണ്ണതയുളള വരികള്‍ കൊണ്ട് ടൈപ്പ് ചെയ്ത് പൂര്‍ണ്ണമായി നേരെയുളള അരികുകള്‍ ഉളളതാക്കുവാന്‍ കഴിയുകയില്ല. ദൈവമാണ് നമ്മെ ഓരോരുത്തരെയും നീതീകരിക്കുന്നത് - നമ്മില്‍ ഏറ്റവും നല്ലവനെ പോലും, ദൈവത്തിന്‍റെ സന്നിധിയില്‍ ഒരു മനുഷ്യനും ഒരിക്കലും പ്രശംസിക്കുവാന്‍ കഴിയുകയില്ല.