WFTW Body: 

വെളിപ്പാട് 18 :4 വ്യക്തമാക്കുന്നതുപോലെ - ഇന്നും അനേകം ദൈവ ജനങ്ങൾ ബാബിലോണിലാണ്. ആ വാക്യത്തിൽ ദൈവം അവരോടു പറയുന്നു , " എൻ്റെ ജനമായുള്ളോരേ , അവളെ വിട്ടു പോരുവിൻ " . കൂട്ടത്തെ വഴി തെറ്റിച്ച അവരുടെ നേതാക്കന്മാരുടെയും ഇടയന്മാരുടേതുമാണ് കുഴപ്പം. യേശുവിൻ്റെ കാലത്ത് ആയിരുന്നതുപോലെ , അനേകം ദൈവ ജനങ്ങളും ഇന്ന് " യഥാർത്ഥ ഇടയന്മാരില്ലാത്ത ആടുകളെ പോലെയാണ് " (മത്താ.9:36). 12 വയസ്സു മുതൽ 30 വയസ്സുവരെ യേശു വർഷംതോറും മൂന്നുതവണ യെരുശലേം ദേവാലയത്തിലും ആഴ്ചതോറും നസ്രേത്തിലെ സിനഗോഗിലും ചെന്നപ്പോൾ , അവിടെ കണ്ടിരിക്കാവുന്ന ദൈവത്തെ അപകീർത്തിെപ്പടുത്തുന്ന വിധത്തിലുണ്ടായ എല്ലാറ്റിനെയും കുറിച്ച് ചിന്തിച്ചു നോക്കുക. എന്നാൽ അവ ഒന്നിനെക്കുറിച്ചും യേശു ഒന്നും പറയുകയോ പ്രവർത്തിക്കുകയോ ചെയ്തില്ല , കാരണം അപ്പോഴും അത് ദൈവത്തിൻ്റെ സമയം ആയിരുന്നില്ല. എന്നാൽ ആ വർഷങ്ങളും ആ അനുഭവങ്ങളുമെല്ലാം തൻ്റെ പിന്നീടുള്ള ശുശ്രൂഷയ്ക്കു വേണ്ട അഭ്യസനത്തിൻ്റെ പ്രധാന ഭാഗങ്ങളായിരുന്നു.

മത്തായി 19: 27 ൽ (ലിവിംഗ്) യേശുവിനോടുള്ള പത്രൊസിൻ്റെ വാക്കുകളിൽ ബാബിലോന്യ ആത്മാവിൻ്റെ സത്ത കാണപ്പെടുന്നു . " ഞങ്ങൾക്ക് എന്തു കിട്ടും? " നാം കർത്താവിനു വേണ്ടി അനേകം കാര്യങ്ങൾ ഉപേക്ഷിച്ചിരിക്കുന്നെങ്കിൽ , നമുക്കും ഇപ്രകാരം സന്ദേഹിക്കാൻ കഴിയും , അവിടുന്ന് എന്തു പ്രതിഫലമായിരിക്കും നമുക്ക് തരുന്നത് - ഇവിടെ ഭൂമിയിലും പിന്നീട് സ്വർഗ്ഗത്തിലും . അതു തെളിയിക്കുന്നത് , നാം ദൈവഭക്തിയെ നമുക്കു വേണ്ടി ഒരു ആദായ മാർഗ്ഗമായി കാണുന്നു എന്നും നാം നമ്മുടെ ചിന്തകളിൽ സ്വയ - കേന്ദ്രീകൃതമായിരിക്കുന്നു എന്നുമാണ്. ചിലർ തങ്ങളുടെ പ്രസംഗങ്ങളിലൂടെയും കർത്താവിന് വേണ്ടിയുള്ള ശുശ്രൂഷകളിലൂടെയും , ഈ ഭൂമിയിലെ പണവും മാനവും ആയിരിക്കാം തേടുന്നത്. മറ്റുചിലർ സ്വർഗ്ഗത്തിൽ ഒരു പ്രതിഫലമോ അല്ലെങ്കിൽ ക്രിസ്തുവിൻ്റെ കാന്തയിൽ ഒരു ഇടമോ ആകാം അന്വേഷിക്കുന്നത് . അതെന്തുതന്നെ ആയാലും നാം നമുക്കു വേണ്ടി തന്നെ എന്തെങ്കിലും അന്വേഷിക്കുന്നിടത്തോളം , ഇപ്പോഴും നമ്മുടെ ഉള്ളിൽ നമുക്ക് ബാബിലോന്യ ആത്മാവുണ്ട്. ആത്മാവിൻ്റെ ഈ കന്മഷത്തിൽ നിന്നാണ് നാം നമ്മെ തന്നെ വെടിപ്പാക്കേണ്ടത്.

കർത്താവിനെ സേവിക്കുന്നതു കൊണ്ട് തനിക്കെന്തു കിട്ടുമെന്ന് പത്രൊസ് ചോദിച്ചപ്പോൾ , മത്തായി 20 :1-16 വരെയുള്ള വാക്യങ്ങളിൽ പറയുന്ന ഒരു ഉപമയോടു കൂടിയാണ് യേശു മറുപടി പറഞ്ഞത്. അവിടെ അവിടുന്ന് രണ്ടു തരം ജോലിക്കാരെ കുറിച്ച് പറഞ്ഞു : 1. ഒരു പ്രതിഫലത്തിന് (ശമ്പളത്തിനു )വേണ്ടി ജോലി ചെയ്തവർ - ചിലർ ഒരു ദിനാറിനുവേണ്ടി (വാ. 2) , മറ്റുചിലർ നിയമപ്രകാരം ഒരു മണിക്കൂറിൽ ലഭിക്കാവുന്ന എന്തോ അതിനുവേണ്ടി (വാ. 4) - എന്നാൽ രണ്ടുകൂട്ടരും കൂലിക്കു വേണ്ടിയാണ് , 2. കൂലിയെ പറ്റി എന്തെങ്കിലും വാഗ്ദാനം ഇല്ലാതെ ജോലി ചെയ്യാൻ പോയവർ ( വാ.7). ഈ രണ്ടാമത്തെ വിഭാഗത്തിലുള്ള ജോലിക്കാർക്ക് ഏറ്റവും ഉയർന്ന കൂലി ലഭിച്ചു - ഒരു മണിക്കൂറിന് ഒരു ദിനാർ . മറ്റെല്ലാവർക്കും കിട്ടിയത് അതിനേക്കാൾ കുറവാണ് . ആദ്യം വന്നവർക്ക് മണിക്കൂറിന് 0. 08 ദിനാർ മാത്രമേ ലഭിച്ചുള്ളു , കാരണം അവർ ഒരു ദിനാറിന് 12 മണിക്കൂർ ജോലി ചെയ്തു. അവിടെ യേശു പറഞ്ഞത് , ഇതുപോലെ ഇപ്പോൾ പിമ്പന്മാരായ അനേകർ നിത്യതയിൽ മുമ്പന്മാരായിരിക്കും എന്നാണ് - കാരണം കർത്താവ് "ഓരോരുത്തൻ്റെയും ശുശ്രൂഷയുടെ ഗുണനിലവാരവും ലക്ഷ്യവുമാണ് പരിശോധിക്കുന്നത് " ( 1 കൊരി. 3 :13 ഉം 4: 5 ഉം) , അവർ ചെയ്ത ജോലിയുടെ അളവല്ല.

യെരുശലേമിലെ ചന്ത സ്ഥലങ്ങളിൽ തങ്ങൾക്കു വേണ്ടി തന്നെ പണം ഉണ്ടാക്കിയവരെ യേശു ഓടിച്ചു കളഞ്ഞില്ല. ഇല്ല . കാരണം ചന്ത സ്ഥലം പണം ഉണ്ടാക്കാനുള്ള ശരിയായ സ്ഥലമാണ് . ക്രിസ്ത്യാനികൾ കഠിനാധ്വാനത്തിലൂടെ തങ്ങൾക്കു കഴിയുന്നത്രയും സമ്പാദിക്കണം എന്നു ജോൺ വെസ്ലി പറഞ്ഞു. ഞാൻ അതിനോടു യോജിക്കുന്നു. ദൈവത്തിൻ്റെ ആലയത്തിൽ തങ്ങൾക്കു വേണ്ടി ലാഭം ഉണ്ടാക്കാൻ ശ്രമിച്ചവരെ മാത്രമേ യേശു പുറത്താക്കിയുള്ളു. ഇന്നും അതുപോലെ ; സഭയിൽ തങ്ങൾക്കുവേണ്ടി മാനമോ , പ്രശസ്തിയോ , പണമോ അല്ലെങ്കിൽ മറ്റെന്തെങ്കിലും നേട്ടമോ അന്വേഷിക്കുന്നവരെ സഭയിൽ നിന്നു പുറത്താക്കി അതിനെ ശുദ്ധീകരിക്കും. സഭ യാഗത്തിനുള്ള സ്ഥലമായിരിക്കേണ്ടതാണ്. സെഖര്യാവിൻ്റെ പുസ്തകത്തിലെ അവസാന വാക്യം പറയുന്നത് കർത്താവു മടങ്ങി വരുമ്പോൾ , " ദൈവത്തിൻ്റെ ആലയത്തിൽ ഒരു വ്യാപാരിയും ഉണ്ടായിരിക്കുകയില്ല " (സെഖ.14: 21 ലിവിംഗ് ബൈബിൾ ). നാം കർത്താവിനു വേണ്ടി ചെയ്യുന്ന ശുശ്രൂഷയിൽ നമുക്കു വേണ്ടി ഒന്നും അന്വേഷിക്കരുത് .

പുതിയനിയമത്തിൽ മത്തായി മുതൽ വെളിപ്പാടു വരെയുള്ള പുസ്തകങ്ങളിൽ വാഗ്ദത്തം ചെയ്യപ്പെട്ടിരിക്കുന്നതുപോലെ , തന്നെ വിശ്വസ്തതയോടെ ശുശ്രൂഷിക്കുന്നവർക്കുവേണ്ടി കർത്താവിൻ്റെ പക്കൽ പ്രതിഫലം ഉണ്ടെങ്കിലും , അപ്പോഴും നാം ഒരു പ്രതിഫലത്തിനുവേണ്ടി ജോലി ചെയ്യരുത്. കർത്താവു നമുക്കുവേണ്ടി കാൽവറിയിൽ ചെയ്തതിനുള്ള ഒരു നന്ദി പ്രകടനമായാണ് നാം പ്രവർത്തിക്കുന്നത്. ഒരു പ്രതിഫലത്തിനു വേണ്ടി വേല ചെയ്യുന്നവർക്ക് ഒന്നും ലഭിക്കുകയില്ല !