WFTW Body: 

"കൃപയാലല്ലോ നിങ്ങൾ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത് ; അതിനും നിങ്ങൾ കാരണമല്ല , ദൈവത്തിൻ്റെ ദാനമത്രേയാകുന്നു" ( എഫെ. 2:8).

നാം നമ്മുടെ ക്രിസ്തീയ ജീവിതം തുടങ്ങിയത് - പാപക്ഷമയും പരിശുദ്ധാത്മാവിലുള്ള സ്നാനവും പ്രാപിച്ചുകൊണ്ട് - കൃപയാൽ വിശ്വാസത്തിലൂടെയാണ് . ഒരുനാൾ യേശു ക്രിസ്തു തേജസ്സിൽ മടങ്ങിവരുമ്പോൾ, അവിടുത്തെ എതിരേൽക്കുവാൻ നാം മേഘങ്ങളിൽ എടുക്കപ്പെടും . അതും കൃപയാൽ വിശ്വാസത്തിലൂടെയാണ്. അതുകൊണ്ട് , ഭൂമിയിലെ നമ്മുടെ ക്രിസ്തീയ ജീവിതത്തിൻ്റെ തുടക്കവും ഒടുക്കവും കൃപയാൽ വിശ്വാസത്തിലൂടെയാണ്. നാം പഠിക്കേണ്ടത് , ഇതിനിടയിലുള്ള ഓരോ കാര്യവും നാം പ്രാപിക്കേണ്ടത് അതേ പ്രമാണത്താൽ തന്നെയാണ് എന്നാണ്. കൃപയാൽ , വിശ്വാസത്തിലൂടെ , തിന്മയായതിനെയെല്ലാം ജയിക്കാനും , ഭൂമിയിൽ നമുക്കു വേണ്ടി ദൈവത്താൽ നിയമിക്കപ്പെട്ട ദൗത്യങ്ങൾ നിർവഹിക്കാനും നമുക്ക് കഴിയും. ഭാവിയെല്ലാം ദൈവം അറിയുന്നു. നാളെയോ , അടുത്ത ആഴ്ചയിലോ അല്ലെങ്കിൽ അടുത്ത വർഷമോ നമുക്കു സംഭവിക്കാൻ പോകുന്ന ഒരു കാര്യത്തിനും ദൈവത്തെ അത്ഭുതപ്പെടുത്താൻ കഴിയുകയില്ല. അവിടുന്ന് ആരംഭത്തിൽ തന്നെ അവസാനം അറിയുന്നു . ഇത് നമുക്ക് വലിയ ആശ്വാസം നൽകേണ്ടതാണ്. കാരണം നാളെയോ അടുത്ത ആഴ്ചയോ നിങ്ങൾ കടുത്ത ശോധന നേരിടാൻ പോവുകയാണെന്ന് ദൈവത്തിന് അറിയാമെങ്കിൽ , അതിനെ വിജയകരമായി നേരിടാനുള്ള കൃപ ദൈവം തീർച്ചയായും നൽകും.

കർത്താവ് പൗലൊസിനോടു പറഞ്ഞു , " എൻ്റെ കൃപ നിനക്കു മതി , കാരണം എൻ്റെ ശക്തി ബലഹീനതയിൽ തികഞ്ഞു വരുന്നു " ( 2 കൊരി. 12:9). അവിടുത്തെ കൃപ എല്ലാ ആവശ്യങ്ങൾക്കും മതിയായത് ആകുന്നു. " നിങ്ങൾ സകലത്തിലും എപ്പോഴും പൂർണ്ണ തൃപ്തിയുള്ളവരായി സകല സൽ പ്രവൃത്തിയിലും പെരുകി വരുമാറ് നിങ്ങളിൽ സകല കൃപയും പെരുക്കുവാൻ ദൈവം ശക്തൻ ആകുന്നു " ( 2. കൊരി 9: 8 ). നമ്മുടെ ആവശ്യനേരത്ത് നമ്മെ സഹായിക്കുവാൻ ധാരാളമായ കൃപ നമുക്ക് ലഭ്യമാണ് . " അതുകൊണ്ട് കരുണ ലഭിക്കാനും തത്സമയത്ത് സഹായത്തിനുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന് അടുത്തു ചെല്ലുവിൻ " (എബ്രാ. 4:16). നിങ്ങളുടെ ആവശ്യം എന്തായിരുന്നാലും , അതു നിറവേറ്റേണ്ടതിനു നിങ്ങളെ സഹായിക്കാൻ ദൈവ കൃപ നിങ്ങൾക്കു ലഭ്യമാണ്. അതാണ് ആ കൃപ പ്രാപിക്കുവാൻ ധൈര്യത്തോടെ കൃപാസനത്തിൻ്റെ അടുത്തേക്കു ചെല്ലുവാൻ നാം ക്ഷണിക്കപ്പെട്ടിരിക്കുന്നു. നാം ആ കൃപ പ്രാപിക്കാതിരുന്നതുമൂലം , കഴിഞ്ഞ നാളുകളിൽ നാം പരാജിതരായിരുന്നിരിക്കാം. ഭാവിയിൽ കഥ വ്യത്യസ്തമാകാം. ആവശ്യനേരത്ത് നാം നമ്മെ തന്നെ താഴ്ത്തി കൃപയ്ക്കായി നിലവിളിച്ചാൽ , ദൈവം നമ്മെ നിരാശപ്പെടുത്തുകയില്ല.

വേദപുസ്തകം പറയുന്നത് കൃപയുടെ സമൃദ്ധി ലഭിക്കുന്നവർ യേശുക്രിസ്തുവിലൂടെ ജീവനിൽ വാഴും എന്നാണ്. " ഏകൻ്റെ ലംഘനത്താൽ, മരണം ആ ഏകൻ നിമിത്തം വാണു എങ്കിൽ , കൃപയുടെയും നീതി ദാനത്തിൻ്റെയും സമൃദ്ധി ലഭിക്കുന്നവർ യേശുക്രിസ്തു എന്ന ഏകൻ നിമിത്തം ഏറ്റവും അധികമായി ജീവനിൽ വാഴും " ( റോമ.5: 17). ആദാമിനു വേണ്ടിയുള്ള ദൈവഹിതം അതായിരുന്നു - അവൻ സകലത്തിന്മീതെയും വാഴണമെന്ന്. ഉൽപ്പത്തി 26 പറയുന്നത് , " നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക ; അവർ സർവ്വ ഭൂമി മേലും വാഴട്ടെ " . അവൻ്റെ ജീവിതത്തിൽ അതു നിവർത്തിക്കപ്പെടുന്നതിൽ നിന്ന് ആദാമിൻ്റെ അനുസരണക്കേട് തടഞ്ഞു . എന്നാൽ ഇന്ന് ദൈവം ഒരു പുതിയ വർഗ്ഗത്തെ ഭൂമിയിൽ എഴുന്നേൽപ്പിച്ചു - യേശു ക്രിസ്തുവിലുള്ള വിശ്വാസത്താൽ ജീവിക്കുന്ന ദൈവമക്കൾ - അവർ രാജാക്കന്മാരുടെ അന്തസ്സോടെ ജീവിച്ച് , ഭൂമിയെ വാഴേണ്ടതിന്.

നിങ്ങൾ നിങ്ങളെ തന്നെ താഴ്ത്തി ദൈവകൃപ പ്രാപിക്കുമെങ്കിൽ ഇനി ഒരിക്കലും ഒരു പാപവും നിങ്ങളുടെമേൽ അധികാരം നടത്തേണ്ട ആവശ്യമില്ല. ഒരു ഭയവും ആകുലതയും ഇനി ഒരിക്കലും നിങ്ങളുടെ ഹൃദയത്തിലേക്ക് വീണ്ടും പ്രവേശിക്കേണ്ട ആവശ്യമില്ല. ഭൂമിയിലുള്ള ആർക്കും നിങ്ങളുടെ ജീവിതത്തെ ദുരിതപൂർണമാക്കുവാൻ ഇനി ഒരിക്കലും കഴിയുകയില്ല - നിങ്ങളുടെ മേലുദ്യോഗസ്ഥനോ, നിങ്ങളുടെ അയൽക്കാരനോ , നിങ്ങളുടെ ബന്ധുക്കൾക്കോ , നിങ്ങളുടെ ശത്രുക്കൾക്കോ , സാത്താനോ ആർക്കും കഴിയുകയില്ല . ക്രിസ്തുവിൽ നമ്മെ എല്ലായ്പ്പോഴും ജയോത്സവമായി നടത്തുന്ന ദൈവത്തിനു സ്തോത്രം. ദൈവകൃപയുടെ പുതിയ ഉടമ്പടിയുടെ കീഴിൽ ജീവിക്കുന്നത് എത്ര അത്ഭുതകരമാണ് ! വാഗ്ദത്ത ദേശം നിൻ്റെ മുന്നിൽ തുറന്നു കിടക്കുന്നു !

ചെന്ന് അതു കൈവശം ആക്കുക !