ലേഖകൻ :   സാക് പുന്നൻ
WFTW Body: 

യേശു സഭയെ കുറിച്ച് സംസാരിച്ച രണ്ട് അവസരങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ - മത്തായി 16: 18 ലും 18: 17 - 20 വരെയുള്ള വാക്യങ്ങളിലും. ഈ രണ്ട് അവസരങ്ങളിലും സാത്താൻ സഭയ്ക്ക് എതിരായി യുദ്ധം ചെയ്യുന്നതിനെ കുറിച്ചാണ് അവിടുന്ന് പറഞ്ഞത് . ആദ്യത്തെ പരാമർശത്തിൽ , സാത്താൻ നേരിട്ട് ആത്മീയ മരണത്തിൻ്റെ ബലത്തിലൂടെ സഭയെ ആക്രമിക്കുന്നതിനെക്കുറിച്ച് യേശു പറഞ്ഞു - ദുഷ്ടാത്മാക്കളിലൂടെ . രണ്ടാമത്തെ സന്ദർഭത്തിൽ , സാത്താൻ നേരിട്ടല്ലാതെ, അവൻ വഞ്ചിച്ച് , കീഴടക്കി , സുബോധമില്ലാതെ അവൻ്റെ ഏജൻ്റായി തീർന്ന ഒരു സഹോദരനിലൂടെ സഭയെ ദൂഷിതമാക്കുവാൻ ശ്രമിക്കുന്നതിനെ കുറിച്ച് യേശു പറഞ്ഞു . എന്നാൽ സാത്താൻ ഏതു രീതി സ്വീകരിച്ചാലും , സാത്താൻ്റെ പ്രവൃത്തികളെ ബന്ധിച്ച് , അവൻ കീഴടക്കിയിരിക്കുന്നവരെ സ്വതന്ത്രരാക്കുവാൻ കർത്താവു നമുക്ക് അധികാരം നൽകിയിരിക്കുന്നു ( മത്താ. 16 : 19;18: 18 ; 2 തിമൊ. 2:26). സകല ധൈര്യത്തോടും കൂടെ നാം സഭയിൽ ഈ അധികാരം പ്രയോഗിക്കണം.

അവിടുന്ന് പണിയുന്ന സഭയ്ക്ക് അതിനെ തിരിച്ചറിയാൻ കഴിയുന്ന ഒരു അടയാളം ഉണ്ട് എന്ന് യേശു പറഞ്ഞു : അത് പാതാള ഗോപുരങ്ങളെ ( ആത്മീയ മരണത്തിൻ്റെ ശക്തിയെ ) ജയിക്കുന്നു . മറിച്ച് , ഒരു സഭ ആത്മീയ മരണത്തിൻ്റെ ശക്തിയാൽ ജയിക്കപ്പെടുകയാണെങ്കിൽ - അതായത് അസൂയ , അല്ലെങ്കിൽ പോര്, അല്ലെങ്കിൽ മത്സരത്തിൻ്റെ ആത്മാവ് , അല്ലെങ്കിൽ മാനം തേടൽ , അല്ലെങ്കിൽ ദുർന്നടപ്പ് , അല്ലെങ്കിൽ പണ സ്നേഹം , അല്ലെങ്കിൽ ലോക മയത്വം , അല്ലെങ്കിൽ നിഗളം , അല്ലെങ്കിൽ ധാർഷ്ട്യം , അല്ലെങ്കിൽ പരീശത്വം മുതലായവയാൽ - അപ്പോൾ അത് യേശു പണിയുന്ന സഭയല്ല എന്ന് നമുക്ക് തീർച്ചപ്പെടുത്താം.

സാത്താൻ ശാശ്വതമായി സഭയെ നശിപ്പിക്കുവാൻ ശ്രമിക്കുന്നു . മിക്ക സമയവും , അവൻ്റെ ഏജൻ്റ്മാരിലൂടെ സഭയിലേക്കു നുഴഞ്ഞു കടന്ന് ഈ കാര്യം ചെയ്യാൻ ശ്രമിക്കുന്നു . "ശ്രദ്ധിക്കപ്പെടാതെ സഭയിലേക്ക് നുഴഞ്ഞു വന്നിരിക്കുന്ന ചിലരെ കുറിച്ച് യൂദാ പയുന്നു " . (വാ. 4) . ഗിബെയോന്യർ യോശുവയെ കബളിപ്പിച്ചതു പോലെ ( യോശു. 9 ). സഭയിലെ മൂപ്പന്മാരെ കബളിപ്പിച്ച് ശിഷ്യന്മാരെന്നു നടിച്ച് ശ്രദ്ധിക്കപ്പെടാതെ സഭയുടെ മധ്യത്തിലേക്കു നുഴഞ്ഞു വന്നിരിക്കുന്ന അനേകർ ഇന്നു സഭയിലുണ്ട് . എന്നാൽ ഇവർക്ക് എപ്രകാരമാണ് മൂപ്പന്മാരെ കബളിപ്പിക്കാൻ കഴിഞ്ഞത് ? ഒരുപക്ഷേ മൂപ്പന്മാർ അവരുടെ സമ്പന്നതയോ ലോക പ്രകാരമുള്ള അവരുടെ സ്ഥാനമോ കണ്ട് സംഭ്രമിക്കുകയോ , കൈക്കൂലി വാങ്ങുകയോ ചെയ്തിരിക്കാം. എല്ലാ ബാബിലോണിയൻ സഭാവിഭാഗങ്ങളിലും, ലോക സ്ഥാനമോ സമ്പത്തോ ഉള്ളവരാണ് അവരുടെ സംഘത്തിൽ എടുക്കുന്ന തീരുമാനങ്ങളെ സ്വാധീനിക്കാൻ കഴിവുള്ളവർ , അവർ മൂപ്പന്മാർ അല്ലെങ്കിൽ പോലും . എന്നാൽ നമ്മുടെ ഇടയിൽ ഒരിക്കലും അങ്ങനെ ആയിരിക്കരുത് . ഏതുവിധത്തിലും നാം ശ്രദ്ധാലുക്കളായിരിക്കുന്നില്ലെങ്കിൽ , ഗിബെയോന്യർ നമ്മുടെ സഭയിലേക്കും കടന്നുവരും.

അത്തരം സാത്താന്യ ആക്രമണങ്ങളിൽ നിന്ന് നമ്മെ ഭദ്രമായി സൂക്ഷിക്കുന്നതിനായി അവിടുന്ന് നിരന്തരമായി നമ്മുടെ മേൽ ദൃഷ്ടിവച്ചു കൊണ്ടിരിക്കുന്നതിനായി ഞങ്ങൾ കർത്താവിനെ സ്തുതിക്കുന്നു . " യഹോവ പട്ടണം കാക്കാതിരുന്നാൽ , കാവൽക്കാരൻ വൃഥാ ജാഗരിക്കുന്നു" (സങ്കീ. 127: 1) . സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നിടത്തുമാത്രമേ യഹോവയ്ക്ക് തൻ്റെ അനുഗ്രഹം കൽപ്പിക്കുവാൻ കഴിയുകയുള്ളൂ (സങ്കീ. 133: 1) - തന്നെയുമല്ല ഐക്യതയുള്ള ഒരു സഭയ്ക്കു മാത്രമേ പാതാള ഗോപുരങ്ങളുടെ മേൽ ജയം കൊള്ളാൻ കഴിയൂ. അതുകൊണ്ട് നമ്മെ ഐക്യതയിൽ സൂക്ഷിക്കേണ്ടതിനായി പരിശുദ്ധാത്മാവ് ശക്തിയായി നമ്മുടെ ഇടയിൽ പ്രവർത്തിക്കുന്നു.

വെളിപ്പാട് പുസ്തകത്തിൽ സ്വർഗ്ഗത്തെ കുറിച്ച് നൽകപ്പെട്ടിരിക്കുന്ന 7 ദർശനങ്ങൾ ഓരോന്നിലും , നാം കാണുന്നത് സ്വർഗ്ഗത്തിലെ നിവാസികൾ തുടർ മാനം ഉറച്ചശബ്ദത്തിൽ ദൈവത്തെ സ്തുതിക്കുന്നതാണ് - ചിലപ്പോൾ ഇടിമുഴക്കം പോലെ ഉച്ചത്തിലും പെരുവെള്ളത്തിൻ്റെ ഇരച്ചിൽ പോലെയും. ഇതാണ് സ്വർഗ്ഗത്തിൻ്റെ അന്തരീക്ഷം - തുടർ മാനമുള്ള സ്തുതിയുടെ ഒരന്തരീക്ഷം , ഒരു പരാതിയും ഒരു അവകാശവാദവും കൂടാതെ. ഈ അന്തരീക്ഷമാണ് പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയങ്ങളിലും , നമ്മുടെ ഭവനങ്ങളിലും ,അതുപോലെ നമ്മുടെ സഭകളിലും കൊണ്ടുവരാൻ ആഗ്രഹിക്കുന്നത് . അങ്ങനെ ഈ ഇടങ്ങളിൽ നിന്നെല്ലാം സാത്താൻ ആട്ടി പായിക്കപ്പെടും.

സാത്താൻ ബഹുഭൂരിപക്ഷം ക്രിസ്ത്യാനികളെയും മരവിപ്പിച്ച് , അവരെ അവനെതിരായുള്ള യുദ്ധത്തിൽ ഫലശൂന്യരാക്കിയിരിക്കുന്നു , കാരണം അവരെ തങ്ങളുടെ സഹോദരീ സഹോദരന്മാർക്കെതിരെയും , ബന്ധുമിത്രാദികൾക്കും അയൽക്കാർക്കും എതിരെയും , തങ്ങളുടെ ചുറ്റുപാടുകൾക്കെതിരെയും , ദൈവത്തിനെതിരെ പോലും പിറുപിറുക്കുകയും പരാതിപ്പെടുകയും ചെയ്യത്തക്കവിധം അവരെ ബാധിക്കുന്നതിൽ അവൻ വിജയിച്ചിരിക്കുന്നു.

സ്വർഗ്ഗത്തിൽ സാത്താനും അവൻ്റെ ദൂതന്മാർക്കും പിന്നെ സ്ഥലമൊന്നും കണ്ടില്ല എന്ന മനോഹരമായ ഒരു വചനം വെളിപ്പാട് 12 : 8 ൽ ഉണ്ട് . നമ്മുടെ ജീവിതങ്ങളിലും അത് അങ്ങനെ തന്നെ ആയിരിക്കണം - നമ്മുടെ ഹൃദയങ്ങളിൽ , നമ്മുടെ ഭവനങ്ങളിൽ , കൂടാതെ നമ്മുടെ സഭകളിലും . ഈ സ്ഥലങ്ങളിലൊന്നും സാത്താനും അവൻ്റെ സൈന്യത്തിനും ഒരിടവും കാണരുത്.

ഈ പ്രബോധനങ്ങൾ നാം അനുസരിക്കുമ്പോൾ നാം സാത്താനെ ജയിക്കുന്നു : ക്രിസ്തുവിൻ്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിൽ വാഴട്ടെ , അതിനല്ലോ നിങ്ങൾ ഏക ശരീരമായി വിളിക്കപ്പെട്ടിരിക്കുന്നത് , നന്ദിയുള്ളവരായും ഇരിപ്പിൻ ( കൊലൊ. 3 :15) . സകല മനുഷ്യർക്കും വേണ്ടി നാം സ്തോത്രം ചെയ്യണമെന്നു ഞാൻ പ്രബോധിപ്പിക്കുന്നു ( 1 തിമൊ.2:1). യേശുക്രിസ്തുവിൻ്റെ നാമത്തിൽ ദൈവവും പിതാവുമായവന് എല്ലായ്പോഴും എല്ലാറ്റിനു വേണ്ടിയും സ്തോത്രം ചെയ്തുകൊൾവിൻ ( എഫെ. 5: 20). ഒന്നാമതായി നാം പ്രബോധിപ്പിക്കപ്പെട്ടിരിക്കുന്നത് , ദൈവം ക്രിസ്തുവിൻ്റെ ശരീരത്തിലേക്ക് വിളിച്ചിരിക്കുന്ന എല്ലാവർക്കും വേണ്ടി നന്ദിയുള്ളവരായിരിക്കാനാണ്. തിരഞ്ഞെടുപ്പ് നമുക്കു വിട്ടു തന്നിരുന്നെങ്കിൽ, ദൈവം വിളിച്ചിരിക്കുന്ന പലരെയും നാം വിളിക്കുകയില്ലായിരുന്നിരിക്കാം - പ്രത്യേകിച്ച് നമ്മുടേതല്ലാത്ത മറ്റു കൂട്ടങ്ങളിൽ ഉൾപ്പെടുന്നവരെ !!! എന്നാൽ ആകാശം ഭൂമിക്കു മീതെ ഉന്നതമായിരിക്കുന്നതുപോലെ ദൈവത്തിൻ്റെ ജ്ഞാനം നമ്മുടേതിനേക്കാൾ ഉന്നതമായിരിക്കുന്നതിനാൽ , അവരെ കുറിച്ചു നമുക്കുള്ളതിനേക്കാൾ വ്യത്യസ്തമായ ഒരു അഭിപ്രായം വ്യക്തമായി അവിടുത്തേക്കുണ്ട്. നാം വിവേകശാലികളാണെങ്കിൽ , നമ്മുടെ ചിന്തകളെ പുതുക്കി ദൈവത്തിൻ്റെ ചിന്തയുടെ വഴിയിൽ നാം അവയെ അണിനിരത്തും. ക്രിസ്തുവിൻ്റെ ശരീരത്തിലുള്ള നമ്മുടെ സഹോദരീ സഹോദരന്മാർക്കുവേണ്ടി നന്ദിയുള്ളവരാകാൻ ഒരിക്കൽ പഠിച്ചുകഴിഞ്ഞാൽ , പിന്നെ സകല മനുഷ്യർക്കുവേണ്ടിയും , നമ്മുടെ എല്ലാ സാഹചര്യങ്ങൾക്കു വേണ്ടിയും സ്തോത്രം പറയുവാൻ നമുക്കു പഠിക്കാൻ കഴിയും. നമ്മുടെ സ്വർഗ്ഗീയ പിതാവാണ് സകല മനുഷ്യരേയും , എല്ലാ സാഹചര്യങ്ങളെയും പരമാധികാരത്തോടെ നിയന്ത്രിക്കുന്നതെന്നു നമുക്കറിയാം. നാം യഥാർത്ഥമായി ഇതു വിശ്വസിക്കുമെങ്കിൽ , നാം തീർച്ചയായി എല്ലാ സമയങ്ങളിലും ദൈവത്തെ സ്തുതിക്കുകയും അങ്ങനെ നമ്മുടെ രാജ്യം ഈ ലോകത്തിൻ്റേതല്ല സ്വർഗ്ഗത്തിൻ്റേതാണ് എന്ന് തെളിയിക്കുകയും ചെയ്യും. അപ്പോൾ സാത്താന് നമ്മുടെ മേലുള്ള അവൻ്റെ ശക്തി നഷ്ടപ്പെടും . അപ്പോൾ മാത്രമെ അവനെതിരെ ഫലപ്രദമായ ഒരു യുദ്ധം ചെയ്യുവാൻ നാം പ്രാപ്തരാകയുള്ളു.