WFTW Body: 

യിസ്രായേല്‍ ജനതയുടെ ചരിത്രത്തില്‍ ഉടനീളം ദൈവം അവരെ തന്റെ എല്ലാം സഹിക്കുന്ന സ്‌നേഹത്തിലൂടെ തന്നിലേക്ക് ആകര്‍ഷിക്കുവാന്‍ ശ്രമിക്കുന്നു (യിരെ.31:3, ആവ. 4:37).അവരില്‍ നിന്നു സ്‌നേഹം മാത്രമാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് അവിടുന്നു പറഞ്ഞു (ആവ. 6: 5). എന്നാല്‍ അവരും നമ്മെപ്പോലെയായിരുന്നു. തുടര്‍ച്ചയായി അവര്‍ അവിടുത്തെ സ്‌നേഹത്തെ സംശയിച്ചു. എങ്കിലും ദൈവം അവരെ സ്‌നേഹിച്ചുകൊണ്ടേയിരുന്നു. അവിടുന്ന് അവരെ മറന്നുകളഞ്ഞു എന്നു പരാതിപ്പെട്ടപ്പോള്‍ അവിടുന്നു യെശ. 49:15 ല്‍ കാണുന്ന മൃദുലവാക്കുകളില്‍ ഇങ്ങനെ മറുപടി പറഞ്ഞു: '' ഒരു സ്ര്തീക്കു തന്റെ കുഞ്ഞിനെ മറക്കാന്‍ കഴിയുമോ? തന്റെ ഗര്‍ഭത്തില്‍ ഉരുവായ മകനോട് അവള്‍ക്കു കരുണ തോന്നാതിരിക്കുമോ? അവള്‍ മറന്നേക്കാം, എന്നാലും ഞാന്‍ നിങ്ങളെ മറക്കുകയില്ല.'' പ്രായപൂര്‍ത്തിയായ മക്കളെക്കുറിച്ച് ഒരു അമ്മ എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുകയില്ല, എന്നാല്‍ തന്റെ മാറില്‍ ഒരു കുഞ്ഞുണ്ടെങ്കില്‍ അതിനെക്കുറിച്ചു ചിന്തിക്കാതെ ഒരു നിമിഷംപോലും ഇരിക്കുവാന്‍ കഴിയുകയില്ല.. രാത്രി താന്‍ ഉറങ്ങുന്നതിനു മുമ്പുള്ള അവസാന ചിന്തയും തന്റെ അരികില്‍ കിടന്നുറങ്ങുന്ന കുഞ്ഞിനെക്കുറിച്ചായിരിക്കും. അര്‍ദ്ധരാത്രിയില്‍ ഉണര്‍ന്നാല്‍ ഉടന്‍ നോക്കുന്നതും തന്റെ അരികില്‍ കിടക്കുന്ന കുഞ്ഞിനെ ആയിരിക്കും. ഒടുവില്‍ അവള്‍ രാവിലെ ഉണരുമ്പോഴും അവളുടെ ആദ്യചിന്ത മുല കുടിക്കുന്ന തന്റെ കുഞ്ഞിനെക്കുറിച്ചായിരിക്കും. ചെറിയ കുഞ്ഞുങ്ങളോടുള്ള ഒരമ്മയുടെ സ്‌നേഹം അങ്ങനെയെങ്കില്‍ തനിക്കുള്ളവരെ താന്‍ എത്ര ശ്രദ്ധയോടെ പരിപാലിക്കുമെന്ന് ദൈവം പറയുന്നു.

ഹോശെയയുടെ പുസ്തകത്തിലും ഇതിന് ഊന്നല്‍ നല്‍കുന്നുണ്ട്. ഹോശെയാ തന്റെ വ്യക്തിപരമായ ജീവിതത്തില്‍ കടന്നുപോയ വേദനാജനകമായ അനുഭവങ്ങള്‍ യിസ്രയേലിനോടുള്ള ദൈവത്തിന്റെ മനോഭാവം കാണിക്കുന്ന ഒരു ഉപമയാണ്. വിശ്വസ്തനായ ഒരു ഭര്‍ത്താവ് അവിശ്വസ്തയായ ഒരു ഭാര്യയോട് കാണിക്കുന്നതുപോലെ സഹനത്തോടെയുള്ള ഒരു സ്‌നേഹമാണ് ദൈവത്തിന്റെ സ്‌നേഹമെന്നാണ് അതു നമ്മോടു പറയുന്നത്. വേദപുസ്തകത്തില്‍ ഉത്തമഗീതം എന്നൊരു പുസ്തകം ദൈവം വച്ചിരിക്കുന്നത് ചഞ്ചലചിത്തയായ മണവാട്ടിയോടുള്ള അവളുടെ ദിവ്യമണവാളന്റെ വിശ്വസ്തത ചിത്രീകരിക്കുന്നതിനു വേണ്ടിയാണ്.

നമ്മോടുള്ള ദൈവത്തിന്റെ ഇടപാടുകളുടെ എല്ലാം അടിസ്ഥാനം നമ്മോടുള്ള അവിടുത്തെ സ്‌നേഹമാണ്. നമ്മുടെ വിശ്വാസം ഈ വസ്തുതയില്‍ ഉറച്ചതായിരിക്കണം. സെഫ. 3:17 ല്‍ ഇങ്ങനെ പരിഭാഷപ്പെടുത്തിയിരിക്കുന്നു: ''അവിടുന്നു സ്‌നേഹത്തില്‍ നിശബ്ദമായി നിനക്കുവേണ്ടി കരുതുന്നു.'' നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുവാന്‍ ദൈവം അനുവദിക്കുന്ന ഓരോ കാര്യവും സ്‌നേഹപൂര്‍വ്വം നമുക്കായി കരുതുന്ന ഒരു ഹൃദയത്തില്‍ നിന്നാണു വരുന്നതെന്ന്് എത്രപേര്‍ തിരിച്ചറിയുന്നുണ്ട്? എന്റെയും നിങ്ങളുടെയും ജീവിതത്തില്‍ കടന്നുവരുന്ന എല്ലാ പ്രശ്‌നങ്ങളും ശോധനകളും ആത്യന്തികമായി നമ്മുടെ നന്മയ്ക്കുവേണ്ടി ആസൂത്രണം ചെയ്തിട്ടുള്ളതാണ്. നമ്മുടെ പദ്ധതികളെ ദൈവം തകര്‍ക്കുന്നത് അത് ഏറ്റവും നല്ല ചിലത് നമുക്കു നഷ്ടപ്പെടാതിരിക്കുവാന്‍ വേണ്ടിയാണ്. ഈ ഭൂമിയില്‍ വച്ച് പലപ്പോഴും അതിന്റെ കാരണം മനസ്സിലാക്കുവാന്‍ സാധിക്കുകയില്ല. എന്നാല്‍ അതിനു മറ്റൊരു കാരണവുമില്ലെന്നും എല്ലാം വരുന്നത് സ്‌നേഹവാനായ ഒരു ദൈവത്തിന്റെ കരത്തില്‍ നിന്നാണെന്നും തിരിച്ചറിഞ്ഞാല്‍ അതു നമ്മുടെ മനസ്സിനെ മഥിക്കുന്ന ഭയവും അശുദ്ധചിന്തകളും എടുത്തുകളയും. വിശ്വാസികള്‍ ഈ സത്യത്തിന്മേല്‍ ഉറച്ചിട്ടില്ലാത്തതിനാല്‍ ആകുലചിന്തയും ഉത്ക്കണ്ഠയും അവരുടെ മനസ്സിലേക്കു കടന്നുവരുന്നു.വേദപുസ്തകം പറയുന്ന ''സകലബുദ്ധിയെയും കവിയുന്ന ദൈവിക സമാധാനവും'' ''വര്‍ണ്ണിച്ചുകൂടാന്‍ പറ്റാത്ത സന്തോഷവും'' അവര്‍ക്ക് അപരിചിതമായിരിക്കുന്നു. യേശുവിന്റെ കാലഘട്ടത്തിലെ മതഭക്തരായ ആളുകള്‍ പഴയനിയമം വായിച്ചിരുന്നവര്‍ ആണെങ്കില്‍ക്കൂടി ദൈവത്തെക്കുറിച്ചവര്‍ക്കുണ്ടായിരുന്നത് തെറ്റായ ധാരണയാണ്. യേശുവിന്റെ ശുശ്രൂഷ പലപ്പോഴും ഈ ധാരണ തിരുത്തുന്നതായിരുന്നു. യേശുവിനെ സംബന്ധിച്ച് എല്ലാം, അവിടുന്നു രോഗികളെ സൗഖ്യമാക്കിയത്, ദുഃഖിച്ചിരുന്നവരെ ആശ്വസിപ്പിച്ച അവിടുത്തെ വാക്കുകള്‍, പാപഭാരത്താല്‍ വലഞ്ഞിരുന്നവരോടുള്ള അവിടുത്തെ സ്‌നേഹം, ശിഷ്യന്മാരോടുള്ള അവിടുത്തെ ക്ഷമ, ഒടുവില്‍ ക്രൂശിന്മേലുള്ള അവിടുത്തെ മരണം ഇവയെല്ലാം കാണിച്ചത് ദൈവഹൃദയത്തിലെ സ്‌നേഹസ്വഭാവമാണ്. സ്‌നേഹവാനായ സ്വര്‍ഗീയപിതാവ് തങ്ങളുടെ എല്ലാ ആവശ്യങ്ങള്‍ക്കും മതിയായവനാണെന്ന് ശിഷ്യന്മാര്‍ക്ക് അവിടുന്ന് എത്രയോ തവണ കാണിച്ചു കൊടുത്തു. പിതാവിനെ സംശയിക്കുന്നതില്‍ യേശു എത്രയോ തവണ ശിഷ്യന്മാരെ ശാസിച്ചു. ലോകത്തിലെ പിതാക്കന്മാര്‍ തങ്ങളുടെ മക്കള്‍ക്കുവേണ്ടി കരുതുവാന്‍ അറിയുന്നുവെങ്കില്‍ സ്‌നേഹവാനായ സ്വര്‍ഗീയപിതാവ് അവര്‍ക്കുവേണ്ടി എത്ര അധികം കരുതും (മത്താ. 7:9-11)! ചഞ്ചലചിത്തരും മത്സരികളുമായ മക്കളോടുള്ള ദൈവത്തിന്റെ ക്ഷമനിറഞ്ഞ സ്‌നേഹത്തെ കാണിക്കുന്നതിനുവേണ്ടിയുള്ളതാണ് മുടിയന്‍പുത്രന്റെ ഉപമ. എതിര്‍ക്കാന്‍ പറ്റാത്ത യുക്തി കൊണ്ടും ഉപമകള്‍ കൊണ്ടും തന്റെ വ്യക്തിപരമായ മാതൃകകൊണ്ടും യേശു തന്റെ തലമുറയുടെ ദൈവത്തെക്കുറിച്ചുള്ള അബന്ധജഡിലമായ ധാരണകള്‍ തിരുത്തുവാന്‍ ശ്രമിച്ചു.ക്രൂശിലേക്കു പോകുന്നതിനു മുമ്പുള്ള തന്റെ അവസാന പ്രാര്‍ത്ഥനയില്‍ യേശു പ്രാര്‍ത്ഥിച്ചത് ലോകം ദൈവത്തിന്റെ സ്‌നേഹത്തെ അറിയണമെന്നായിരുന്നു.(യോഹ. 17:23).അളവില്ലാത്തതും മാറ്റമില്ലാത്തതുമായ ദൈവസ്‌നേഹത്തെക്കുറിച്ചുള്ള വചനസത്യങ്ങള്‍ നമ്മുടെ ഹൃദയങ്ങളില്‍ ആഴത്തില്‍ പതിയുവാന്‍ തക്കവണ്ണം ദൈവം ഇടയാക്കട്ടെ. ഇതിലല്ലാതെ ദൈവത്തിലുള്ള വിശ്വാസം വളരുകയില്ല.