തിരുവചനത്തിൽ മനുഷ്യരെ ആടുകളോട് തുലനം ചെയ്തിരിക്കുന്നു. ചോദ്യം ചെയ്യാതെ അതിൻ്റെ കൂട്ടത്തെ പിന്തുടരുവാനുള്ള ഒരു പ്രവണത ആടുകൾക്കുണ്ട്. യേശു വന്നു നമ്മെ പഠിപ്പിച്ചത് എങ്ങനെയായാലും എല്ലാ കാര്യങ്ങളും ദൈവവചനത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കുവാനാണ്. പരീശന്മാർ മാനുഷിക പാരമ്പര്യങ്ങളെ ഉയർത്തിപ്പിടിച്ചു യേശു ദൈവവചനത്തെ ഉയർത്തി. മനുഷ്യൻ ദൈവത്തിൻ്റെ വായിൽ നിന്ന് പുറപ്പെടുന്ന ഓരോ വചനത്താലും ജീവിക്കേണ്ടതാണ് (മത്താ. 4:4).
യേശു പരീശന്മാരുമായി നിരന്തരമായി ഏർപ്പെട്ടിരുന്ന പോരാട്ടം, ദൈവവചനവും മാനുഷ സമ്പ്രദായങ്ങളും തമ്മിൽ യുഗങ്ങളായി നടന്നുകൊണ്ടിരുന്ന പോരാട്ടം തന്നെയായിരുന്നു. സഭയിൽ, ഇന്നു നാം അതേ പോരാട്ടത്തിൽ ആയിരിക്കുന്നു. ഈ ഭൂമിയിൽ നമുക്കുള്ള ഏക വെളിച്ചം ദൈവവചനമാണ്. ആരംഭത്തിൽ ദൈവം വെളിച്ചം സൃഷ്ടിച്ചപ്പോൾ, ഉടൻ തന്നെ അവിടുന്ന് വെളിച്ചത്തെ ഇരുളിൽ നിന്നു വേർതിരിച്ചു. പാപവും അതുപോലെതന്നെ മാനുഷിക സമ്പ്രദായങ്ങളും ഇരുട്ടാണ്. സഭയിൽ ഇവയുടെ ഒരു കലർപ്പ് ഉണ്ടാകാതിരിക്കേണ്ടതിന് ഇവർ രണ്ടിനെയും നിർമ്മല വചനത്തിൽ നിന്നും വേർതിരിക്കുവാനാണ് നാമും വിളിക്കപ്പെട്ടിരിക്കുന്നത്.
ക്രിസ്തുമസ്
യേശു ക്രിസ്തുവിന്റെ ജന്മദിനം എന്ന നിലയിൽ പലരും ആഘോഷിക്കുന്ന ക്രിസ്തുമസിന്റെ കാര്യം പരിഗണിക്കാം. എല്ലാ മതവിഭാഗങ്ങളിലും ഉള്ള വ്യാപാരികൾ ആവേശപൂർവ്വം ക്രിസ്തുമസിനായി കാത്തിരിക്കുകയാണ്, കാരണം അത് അവർക്ക് വളരെയധികം ലാഭം ഉണ്ടാക്കാൻ പറ്റുന്ന ഒരു സമയമാണ്. അത് വാണിജ്യസംബന്ധമായ ഒരു ഉത്സവമാണ്, അല്ലാതെ ആത്മീയമായ ഒന്നല്ല. ലക്ഷക്കണക്കിനു രൂപയാണ് ക്രിസ്തുമസ് കാർഡിനും സമ്മാനങ്ങൾക്കുമായി ചെലവാക്കപ്പെടുന്നത്. മദ്യത്തിന്റെ വില്പനയും ഈ സമയത്ത് വളരെ ഉയർന്ന തോതിൽ നടക്കുന്നു.
അപ്പോൾ ഇത് യഥാർത്ഥത്തിൽ ദൈവപുത്രന്റെ ജന്മദിനം ആണോ അതോ "മറ്റൊരു യേശു" വിൻ്റെ ജന്മദിനമോ?
ആദ്യമായി ദൈവവചനത്തിലേക്ക് നോക്കാം. വേദ പുസ്തകം നമ്മോട് പറയുന്നത് യേശു ബേത് ലഹേമിൽ ജനിച്ച രാത്രിയിൽ ഇടയന്മാർ തങ്ങളുടെ ആടുകളുമായി യഹൂദിയായിൽ വെളിമ്പ്രദേശത്ത് ആയിരുന്നു എന്നാണ് (ലൂക്കൊ. 2:7-14). പാലസ്തീനിൽ ഉള്ള ഇടയന്മാർ തങ്ങളുടെ ആടുകളെ ഒക്ടോബർ മാസത്തിനു ശേഷം ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ വെളിയിൽ സൂക്ഷിക്കാറില്ല - ആ മാസങ്ങളിൽ മഴയും അതി ശൈത്യവും ഉള്ള കാലാവസ്ഥ ആയതിനാൽ. അതുകൊണ്ട് യഥാർത്ഥ യേശു ജനിച്ചിട്ടുള്ളത് മാർച്ചിനും സെപ്റ്റംബറിനും ഇടയ്ക്കുള്ള ഏതെങ്കിലും സമയത്തിയിരിക്കാം. അപ്പോൾ ഡിസംബർ 25 എന്നത് ഒന്നും സംശയിക്കാത്ത ഒരു ക്രിസ്തീയ ഗോളത്തിന്മേൽ രക്ഷിക്കപ്പെടാത്ത മനുഷ്യരാൽ കൗശലപൂർവ്വം കൂട്ടിച്ചേർക്കപ്പെട്ട "മറ്റൊരു യേശു" വിൻ്റെ ജന്മദിനമായിരിക്കണം.
ഇനിയും, നമുക്ക് യേശുവിൻ്റെ കൃത്യമായ ജന്മദിനം അറിയാമെങ്കിൽ തന്നെ, സഭ അത് ആഘോഷിക്കണമെന്ന് ദൈവം ഉദ്ദേശിച്ചിട്ടുണ്ടോ എന്നതാണ് പിന്നത്തെ ചോദ്യം. യേശുവിൻ്റെ അമ്മ മറിയയ്ക്ക് യേശുവിൻ്റെ കൃത്യമായ ജന്മദിനം അറിയാമായിരുന്നിരിക്കണം. പെന്തക്കോസ്തു നാളിനുശേഷം അനേക വർഷങ്ങൾ അവൾ അപ്പൊസ്തലന്മാരോടു കൂടെ ആയിരുന്നു താനും. എന്നിട്ടും ഒരിടത്തും യേശുവിൻ്റെ ജന്മദിനത്തെ കുറിച്ച് ഒന്നും സൂചിപ്പിച്ചിട്ടില്ല. ഇതെന്താണ് കാണിക്കുന്നത്? ഇത്രമാത്രം -ദൈവം മനപ്പൂർവ്വം യേശുവിൻ്റെ ജന്മദിനം മറച്ചുവച്ചു, കാരണം സഭ അത് ആഘോഷിക്കുവാൻ അവിടുന്നാഗ്രഹിച്ചില്ല. വർഷത്തിൽ ഒരിക്കൽ ജന്മദിനം ആഘോഷിക്കേണ്ടിയിരുന്ന ഒരു സാധാരണ മർത്യനായിരുന്നില്ല യേശു.നമ്മെപ്പോലെ അല്ല, അവിടുന്ന് "ജീവാരംഭമില്ലാത്ത" (എബ്രാ. 7:3)ദൈവപുത്രനായിരുന്നു. യേശുവിൻ്റെ ജനനം, മരണം, പുനരുത്ഥാനം, സ്വർഗ്ഗാരോഹണം എന്നിവയെല്ലാം, വർഷത്തിലൊരിക്കലല്ല, ഓരോ ദിവസവും നാം അംഗീകരിക്കണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത്.
പഴയ ഉടമ്പടിയും പുതിയ ഉടമ്പടിയും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചുള്ള അറിവ്, എന്തുകൊണ്ടാണ് ദൈവം ഈ നാളുകളിൽ അവിടുത്തെ മക്കൾ ഏതെങ്കിലും വിശുദ്ധ ദിവസങ്ങൾ ആഘോഷിക്കുവാൻ ആഗ്രഹിക്കാത്തത് എന്നു മനസ്സിലാക്കുവാൻ നമ്മെ പ്രാപ്തരാക്കുന്നു. പഴയ ഉടമ്പടിയുടെ കീഴിൽ, ചില ദിവസങ്ങൾ വിശേഷദിവസങ്ങളായി ആഘോഷിക്കുവാൻ യിസ്രായേലിനോട് കൽപ്പിച്ചിട്ടുണ്ട്. എന്നാൽ അത് നിഴൽ മാത്രമായിരുന്നു. ഇപ്പോൾ നമുക്കു ക്രിസ്തുവിനെ ലഭിച്ചിട്ടുള്ളതിനാൽ, നമ്മുടെ ഓരോ ദിവസവും ഒരുപോലെ വിശുദ്ധമായിരിക്കണം എന്നാണ് ദൈവത്തിൻ്റെ ഹിതം. പുതിയ ഉടമ്പടിയുടെ കീഴിൽ ആഴ്ചതോറുമുള്ള ശബ്ബത്ത് പോലും നീക്കി കളഞ്ഞിരിക്കുന്നു. ഈ കാരണത്താലാണ് പുതിയ നിയമത്തിൽ ഒരിടത്തും വിശുദ്ധ ദിവസങ്ങളൊന്നും തന്നെ എടുത്തു പറഞ്ഞിട്ടില്ലാത്തത് (കൊലൊ. 2:16, 17).
പിന്നെ എങ്ങനെയാണ് ക്രിസ്തുമസ് ക്രിസ്തീയതയിൽ കടന്നുവന്നത്? ഇതിൻ്റെ ഉത്തരം ഇതാണ്: ശിശുസ്നാനം, ദശാംശം, പൗരോഹിത്യ തന്ത്രം, ശമ്പളം പറ്റുന്ന പാസ്റ്റർമാർ, കൂടാതെ മറ്റനേകം മനുഷ്യ പാരമ്പര്യങ്ങൾ, പഴയ ഉടമ്പടി ആചാരങ്ങൾ തുടങ്ങിയവ, തങ്ങളുടെ പ്രവേശനം സാധ്യമാക്കിയിട്ടുള്ളത് -സാത്താൻ്റെ നിഗൂഢമായ പ്രവർത്തനം മൂലവും രക്ഷിക്കപ്പെടാത്ത മനുഷ്യരാലുമാണ്.
4-ാം നൂറ്റാണ്ടിൽ കോൺസ്റ്റൻ്റൈൻ ചക്രവർത്തി, ക്രിസ്തീയത റോമാ ഗവൺമെന്റിന്റെ മതമാക്കി, തീർത്തപ്പോൾ, വലിയൊരു സമൂഹം ഹൃദയത്തിൽ യാതൊരു മാറ്റവും ഉണ്ടാകാതെ തന്നെ, "ക്രൂശിൽ" ക്രിസ്ത്യാനികളായി മാറി. എന്നാൽ അവരുടെ രണ്ടു വാർഷിക ഉത്സവങ്ങൾ ഉപേക്ഷിക്കുവാൻ അവർ ആഗ്രഹിച്ചില്ല -രണ്ട് ഉത്സവങ്ങളും സൂര്യനെ ആരാധിക്കുന്നതും ആയി ബന്ധപ്പെട്ടവയാണ്. ഒന്ന് സൂര്യദേവന്റെ ജന്മദിനമായ ഡിസംബർ 25 ആയിരുന്നു, ദക്ഷിണാർദ്ധത്തിലേക്കു പോയ സൂര്യൻ അതിൻ്റെ മടക്കയാത്ര ആരംഭിക്കുന്ന സമയമാണത് (ദക്ഷിണായനാന്തം), മറ്റേത് മാർച്ച് /ഏപ്രിൽ മാസങ്ങളിലുള്ള വസന്തോത്സവം ആയിരുന്നു, ശിശിരകാലത്തിന്റെ മരണവും അവരുടെ സൂര്യദേവൻ കൊണ്ടുവന്നിട്ടുള്ള ഊഷ്മളമായ വേനൽക്കാലത്തിന്റെ ജനനവും അവർ ആഘോഷിച്ചത് അപ്പോഴായിരുന്നു. അവർ അവരുടെ സൂര്യദേവന് "യേശു" എന്ന മറുപേര് നൽകുകയും അവരുടെ വലിയ ഉത്സവങ്ങളായി ആഘോഷിക്കുന്നത് തുടരുകയും ചെയ്തിട്ട് അവയെ ക്രിസ്മസ് എന്നും ഈസ്റ്റർ എന്നും വിളിക്കുകയും ചെയ്തു.
ഇന്നത്തെ ക്രിസ്തുമസ് ആചാരങ്ങൾ യൂറോപ്പിൽ ക്രൈസ്തവ കാലയളവിനു മുമ്പ് തന്നെ രൂപം കൊണ്ടിരുന്നു -തന്നെയുമല്ല അത് ഇതിഹാസങ്ങളും പാരമ്പര്യങ്ങളും വിജാതീയ മതാചാരങ്ങളും കൂടി കലർന്നുണ്ടായതുമാണ്. ക്രിസ്തുവിൻ്റെ കൃത്യമായ ജനനത്തീയതി ഒരിക്കലും തൃപ്തികരമായി നിർണയിക്കപ്പെട്ടിരുന്നില്ല, എന്നാൽ AD 440 ൽ സഭാ പിതാക്കന്മാർ ഈ സംഭവത്തെ ആഘോഷിക്കുവാൻ ഒരു തീയതി തീരുമാനിച്ചപ്പോൾ, അവർ ജനങ്ങളുടെ മനസ്സുകളിൽ ദൃഢമായി ഉറപ്പിക്കപ്പെട്ടതും അവരുടെ ഏറ്റവും പ്രധാന പ്പെട്ട ഉത്സവവുമായ ദക്ഷിണായനാന്തത്തിന്റെ തീയതി തിരഞ്ഞെടുത്തു. ക്രിസ്തു മാർഗ്ഗം വിജാതീയ രാജ്യങ്ങളിലേക്ക് വ്യാപിച്ചപ്പോൾ, ദക്ഷിണായനാന്തത്തിന്റെ പല ആചാരങ്ങളും ക്രിസ്തീയതയുമായി കൂടിക്കലരുവാൻ തുടങ്ങി.
ക്രിസ്തുമസ്സിന്റെ ഉത്ഭവത്തെക്കുറിച്ച് എൻസൈക്ലോപീഡിയ ബ്രിട്ടാണിക്കയ്ക്ക് (മതേതര ചരിത്രത്തിനെ കുറിച്ചുള്ള ഒരു ആധികാരിക ഗ്രന്ഥം)പറയാനുള്ളത് താഴെ പറയുന്ന കാര്യങ്ങളാണ്:
"പുരാതന റോമൻ ഉത്സവമായ സാറ്റർണാലിയയുടെ ഉത്സവം ആയിരിക്കാം ഒരുപക്ഷേ ആധുനിക ക്രിസ്തുമസ് ആഘോഷങ്ങളുമായി ഏറ്റവും അടുത്ത ബന്ധമുള്ളത്. ഈ ഉത്സവം നടക്കുന്നത് ഏതാണ്ട് ദക്ഷിണായനാന്തത്തിന്റെ സമയത്താണ്. അത് വിളകളുടെ നടീൽകാലം അവസാനിക്കുന്ന സമയമായി അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. അവിടെ കളികൾ, സദ്യകൾ എന്നിവയുണ്ടായിരുന്നു. ഏതാനും ദിവസങ്ങളോളം സമ്മാനങ്ങൾ നൽകുകയും, ഈ സജീവമായ ഉത്സവത്തിൻ്റെ ഓർമ്മ നിലനിർത്തേണ്ടതിന് ജോലിയും വ്യാപാരങ്ങളും തൽക്കാലത്തേക്ക് നിർത്തിവയ്ക്കുകയും ചെയ്യുന്നു. ഇതിൻ്റെ അവസാന ദിവസങ്ങളിൽ, മെഴുകുതിരികൾ കൊണ്ട് സമ്മാനങ്ങളും, പഴങ്ങളുടെ മെഴുകു മാതൃകകളും, മെഴുകു പ്രതിമകളും ഉണ്ടാക്കുന്നത് പതിവായിരുന്നു. ക്രിസ്തുമസ്സിൻ്റെയും നവവത്സരത്തിന്റെയും ആഘോഷങ്ങളിന്മേൽ സാറ്റർണാലിയയുടെ സ്വാധീനം നേരിട്ടുള്ളതായിരുന്നു. പിന്നീട് ക്രിസ്തുമസ് ആഘോഷിക്കപ്പെട്ടത് തോൽപ്പിക്കപ്പെടാത്ത സൂര്യദേവൻ്റെ ജന്മദിനത്തിൽ ആയിരിക്കും എന്നവസ്തുത, ആ സമയത്തിന് സൂര്യനുമായി ബന്ധപ്പെട്ട് ഒരു പശ്ചാത്തലം നൽകുകയും റോമൻ, പുതുവത്സരവുമായി യോജിപ്പിക്കപ്പെടുകയും ചെയ്തു, ആ സമയത്ത് വീടുകൾ പച്ചില ചാർത്തു കൊണ്ടും വിളക്കുകൾ കൊണ്ടും അലങ്കരിക്കുകയും കുട്ടികൾക്കും സാധുക്കൾക്കും സമ്മാനങ്ങൾ നൽകപ്പെടുകയും ചെയ്തു" (https://www.britanica.com/ topic/Winter-Holidays).
ഈ വിജാതീയ ആചാരങ്ങൾ ഉത്ഭവിച്ചത് നിമ്രോദിനാൽ ആരംഭിക്കപ്പെട്ട ബാബിലോണിയൻ മതത്തോടു കൂടെയാണ് (ഉൽ.10:8- 10). പുരാവൃത്തം നമ്മോട് പറയുന്നത് അയാൾ മരിച്ച ശേഷം,അയാളുടെ ഭാര്യ സെമിരാമിസിന് ഒരു നിയമാനുസൃതമല്ലാത്ത പുത്രൻ ഉണ്ടായി, അവൾ അവകാശപ്പെടുന്നത് നിമ്രോദ് പുനർ ജനിച്ചതാണ് ആ കുഞ്ഞ് എന്നാണ്. അങ്ങനെ മാതാവിനെയും ശിശുവിനെയും ആരാധിക്കുന്ന രീതി ആരംഭിച്ചു, നൂറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ നാമധേയ ക്രിസ്ത്യാനികൾ അതിനെ "മറിയയും യേശുവും" എന്നു മാറ്റി.
ഈ ശിശു ദൈവത്തിൻ്റെ ജന്മദിനം പുരാതന ബാബിലോന്യരാൽ ഡിസംബർ 25-ാം തീയതി ആഘോഷിക്കപ്പെട്ടു. ആകാശ രാജ്ഞി സെമിരാമിസ് ആയിരുന്നു (യിരെ. 44. 19),അത് നൂറ്റാണ്ടുകൾക്ക് ശേഷം എഫെസൊസിൽ ഡയാന അല്ലെങ്കിൽ ആർത്തിമസ് എന്നപേരിൽ ആരാധിക്കപ്പെട്ടു (അപ്പൊ. പ്ര. 19:28).
സെമിരാമിസ് അവകാശപ്പെടുന്നത് ഒരു ജീർണ്ണിച്ച മരകുറ്റിയിൽ നിന്ന് ഒരു രാത്രികൊണ്ട് പൂർണ്ണവളർച്ചയെത്തിയ ഒരു നിത്യഹരിത വൃക്ഷം വളർന്നുവന്നുഎന്നാണ്. ഇതു മാനവ ജാതിക്ക് സ്വർഗീയ ദാനങ്ങളും കൊണ്ടുവന്ന നിമ്രോദിൻ്റെ ജീവനിലേക്കുള്ള തിരിച്ചുവരവിനെ പ്രതീകാത്മവത്കരിക്കുന്നു എന്നുമാണ്. അങ്ങനെയാണ് ഒരു ദേവദാരു മരം വെട്ടി അതിൽ സമ്മാനങ്ങൾ തൂക്കിയിടുന്ന ആചാരം ആരംഭിച്ചത്. ഇന്നത്തെ ക്രിസ്മസ് ട്രീയുടെ ഉത്ഭവം അതാണ്!
ദൈവവചനമോ അതോ മനുഷ്യൻ്റെ പാരമ്പര്യമോ?
ക്രിസ്തുമസ് ആഘോഷത്തിനു പിന്നിലുള്ളത് ദൈവവചനത്തിൽ യാതൊരടിസ്ഥാനവുമില്ലാത്ത,മനുഷ്യ പാരമ്പര്യങ്ങളെ പിന്തുടരുന്ന വളരെയധികം മരണകരമായ പ്രമാണമാണ്. മറ്റു മേഖലകളിൽ ദൈവവചനം പിന്തുടരുന്ന അനേകം വിശ്വാസികൾക്ക് ഇപ്പോഴും ക്രിസ്തുമസ് ആഘോഷിക്കുന്ന കാര്യം ഉപേക്ഷിക്കുന്നത് വിഷമകരമായി അനുഭവപ്പെടുമാറ് അത്ര ബലമുള്ളതാണ് പാരമ്പര്യത്തിന്റെ ശക്തി.
മതേതര ഗ്രന്ഥകാരന്മാർ പോലും (മുകളിൽ ഉദ്ധരിച്ച എൻസൈക്ലോപീഡിയ ബ്രിട്ടാണിക്കയുടെ ഗ്രന്ഥകാരന്മാർ) വ്യക്തമായി മനസ്സിലാക്കിയിട്ടുള്ള കാര്യങ്ങൾ -അതായത് ക്രിസ്തുമസ് അടിസ്ഥാനപരമായി വിജാതീയോത്സവമാണെന്നുള്ള വസ്തുത -അംഗീകരിക്കുവാൻ അനേകം വിശ്വാസികൾ സന്നദ്ധരല്ലാതിരിക്കുന്നത് ആശ്ചര്യകരമാണ്. പേരുമാറ്റുന്നതുകൊണ്ട് ഈ ഉത്സവം ക്രിസ്തീയമാകുന്നില്ല!
നാം തുടക്കത്തിൽ പറഞ്ഞതുപോലെ, ദൈവവചനത്തിനെതിരായ മനുഷ്യ പാരമ്പര്യം എന്ന പ്രശ്നത്തെ സംബന്ധിച്ച് യേശു പരീശന്മാരുമായി ഒരു നിരന്തര പോരാട്ടത്തിൽ ഏർപ്പെട്ടിരുന്നു. പാപത്തിനെതിരായി പ്രസംഗിക്കുന്നതിനെക്കാൾ അധികം എതിർപ്പ് പിതാക്കന്മാരുടെ പൊള്ളയായ പാരമ്പര്യത്തെ എതിർക്കുന്നതിൽ യേശു നേരിട്ടു. നാമും അവിടുന്ന് ആയിരുന്നതുപോലെ വിശ്വസ്തരായിരിക്കുമെങ്കിൽ, നമ്മുടെ അനുഭവവും ഇതുതന്നെയാണെന്ന് നാം കണ്ടെത്തും.
ദൈവവചനം മാത്രമാണ് നമ്മുടെ വഴികാട്ടി. ആ മേഖലകളിൽ ദൈവവചനം പിന്തുടരാത്തവർ ദൈവഭക്തരാണെങ്കിലും അവരുടെ മാതൃക പോലും യോഗ്യമല്ല. "സകല മനുഷ്യരും ഭോഷ്ക് പറയുന്നവരായി കാണപ്പെട്ടാലും ദൈവം സത്യവാനായി കാണപ്പെടട്ടെ" (റോമ 3:4). ബെരോവയിലുള്ളവർ പൗലൊസിൻ്റെ ഉപദേശം പോലും പരിശോധിക്കുവാൻ അവർ തിരുവെഴുത്ത് അന്വേഷിച്ചു. ആ കാര്യത്തിൽ പരിശുദ്ധാത്മാവ് അവരെ പ്രശംസിക്കുന്നു (അപ്പൊ. പ്ര. 17:11). നമുക്ക് പിന്തുടരുവാനുള്ള നല്ലൊരു മാതൃകയാണത്.
ദാവീദ് ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള ഒരു മനുഷ്യനായിരുന്നു എന്നിട്ടും അദ്ദേഹം 40 വർഷങ്ങളോളം, യിസ്രായേല്യരെ മോശെയുടെ പിച്ചള സർപ്പത്തെ ആരാധിക്കുവാൻ,അതു ദൈവത്തിനു അറപ്പാണെന്ന് മനസ്സിലാക്കാതെ, അനുവദിച്ചു. അത്രയും പ്രകടമായ വിഗ്രഹാരാധനയുടെ കാര്യത്തിൽ പോലും അദ്ദേഹത്തിനു വെളിച്ചമുണ്ടായിരുന്നില്ല. അയാളേക്കാൾ വളരെ ചെറിയ ഒരു രാജാവായിരുന്ന ഹിസ്കിയാവിനാണ് ഈ വിഗ്രഹാരാധനാ സമ്പ്രദായം വെളിച്ചത്തു കൊണ്ടുവരുവാനും അതിനെ നശിപ്പിക്കാനുമുള്ള വെളിച്ചം നൽകപ്പെട്ടത് (2 രാജാ. 18:1-4). ദൈവഭക്തരെ അവരുടെ വിശുദ്ധിയുടെ കാര്യത്തിൽ നമുക്കു പിന്തുടരാം. എന്നാൽ മാനുഷ പാരമ്പര്യങ്ങളുടെ മേൽ അവർക്കുള്ള വെളിച്ചത്തിൻ്റെ കുറവിനെ നാം പിന്തുടരരുത്. നമ്മുടെ സുരക്ഷിതത്വം സ്ഥിതി ചെയ്യുന്നത്, ദൈവത്തിൻ്റെ ഉപദേശങ്ങൾ ശുദ്ധമായി അതിനോടൊന്നും കൂട്ടാതെയും, അതിൽ നിന്നൊന്നും കുറയ്ക്കാതെയും പിന്തുടരുന്നതിലാണ്.
മറ്റുള്ളവരെ വിധിക്കരുത്
അവസാനമായി : ക്രിസ്തുമസ് ആഘോഷിക്കുന്ന പരമാർത്ഥതയുള്ള വിശ്വാസികളോട് നമ്മുടെ മനോഭാവം എന്തായിരിക്കണം?
ക്രിസ്തുമസ് ആഘോഷിക്കാത്തതുകൊണ്ടുമാത്രമല്ല നാം ആത്മീയരായി തീർന്നത് എന്ന കാര്യം ഓർക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ട് ഉത്സവം ആഘോഷിക്കുന്നവർ ജഡിക വിശ്വാസികളല്ല.
നാൾതോറും തന്നെത്താൻ ത്യജിക്കുകയും നാൾതോറും പരിശുദ്ധാത്മാവിനാൽ നിറയപ്പെടുകയും ചെയ്യുന്ന മാർഗത്തിലൂടെ യേശുവിനെ പിന്തുടരുന്നവരാണ് ആത്മീയർ - അവർ ക്രിസ്തുമസ് ആഘോഷിച്ചാലും ഇല്ലെങ്കിലും.
അതുകൊണ്ട് ഈ ഉത്സവങ്ങൾ ആഘോഷിക്കുന്ന വിശ്വാസികളെ നാം കണ്ടുമുട്ടുമ്പോൾ അവർ ഈ ഉത്സവത്തിൻ്റെ വിജാതീയമായ ഉത്ഭവത്തെക്കുറിച്ച് അജ്ഞരായിരിക്കാം എന്ന് പരിഗണിക്കുവാൻ വേണ്ടതായ കൃപയുള്ളവരായിരിക്കണം -അതുകൊണ്ട് ഈ ഉത്സവം ആഘോഷിക്കുന്നത് കൊണ്ട് ഒരു വിധത്തിലും അവർ പാപം ചെയ്യുന്നില്ല മറിച്ച്, നാം അവരെ വിധിക്കുകയാണെങ്കിൽ നാം ആയിരിക്കും പാപം ചെയ്യുന്നത്.
സാധാരണയായി ഡിസംബർ 25 എല്ലാവർക്കും ഒരു അവധി ദിവസമായതിനാലും അതിനോട് ചേർന്നുള്ള മറ്റു ദിവസങ്ങൾ സ്കൂളുകൾക്ക് അവധി ദിവസങ്ങൾ ആയതിനാലും മിക്കവരും ഈ സമയം വർഷാവസാന കുടുംബ സംഗമങ്ങൾക്കായി ഉപയോഗിക്കുന്നു -അത് ഒരു നല്ല കാര്യമാണ്.
ഡിസംബർ 25 നു മാത്രം സഭാ ശുശ്രൂഷകളിൽ പങ്കെടുക്കാറുള്ളവരാണ് ചിലർ അതുകൊണ്ട് ആ തീയതിയിൽ ശുശ്രൂഷകൾ ഉണ്ടായിരിക്കുന്നത് സഭകൾക്ക് നല്ലതാണ്, അതിലൂടെ അവർക്ക് അങ്ങനെയുള്ള ആളുകളോട് സുവിശേഷം പ്രസംഗിക്കുവാനും നമ്മെ പാപത്തിൽ നിന്നും രക്ഷിക്കുവാൻ യേശു ഭൂമിയിൽ വന്നു എന്നും അവിടുന്ന് നമുക്ക് വേണ്ടി മരണത്തെയും സാത്താനെയും ജയിച്ചു എന്നും അവർക്ക് വിവരിച്ചു പറഞ്ഞു കൊടുക്കുവാൻ കഴിയും.
ക്രിസ്തീയതയുടെ പ്രാരംഭ നാളുകളിൽ, ചില ക്രിസ്ത്യാനികൾ ശബ്ബത്ത് ആഘോഷിച്ചു -ക്രിസ്തുമസ് പോലെ തന്നെ അതും ക്രിസ്തീയമല്ലാത്ത യഹൂദാമതപരമായ ഒരു ഉത്സവമായിരുന്നു.അതുകൊണ്ട് മറ്റു ക്രിസ്ത്യാനികൾ അവരെ വിധിക്കുന്നതിലൂടെ പാപം ചെയ്യാതിരിക്കുന്നതിനുള്ള മുന്നറിയിപ്പ് നൽകുന്നതിനായി റോമർ 14എഴുതുവാൻ പരിശുദ്ധാത്മാവ് പൗലൊസിനെ പ്രചോദിപ്പിച്ചു.ക്രിസ്തുമസ്ആഘോഷിക്കുന്ന മറ്റുള്ളവരെ വിധിക്കുന്നവർക്കും അതേ മുന്നറിയിപ്പ് നല്ലതാണ്.
"വിശ്വാസത്തിൽ ബലഹീനനായവനെ ചേർത്തുകൊൾവിൻ, എന്നാൽ അവൻ്റെ അഭിപ്രായങ്ങളുടെ മേൽ വിധി കൽപ്പിക്കാനുള്ള ഉദ്ദേശത്തോടെയല്ല.മറ്റൊരുത്തന്റെ ദാസനെ വിധിക്കുവാൻ നീ ആർ?ഒരുവൻ ഒരു ദിവസത്തേക്കാൾ മറ്റൊരു ദിവസത്തെ മാനിക്കുന്നു, വേറൊരുവൻ സകല ദിവസങ്ങളെയും മാനിക്കുന്നു. ദിവസത്തെ ആദരിക്കുന്നവൻ കർത്താവിനായി ആദരിക്കുന്നു,കാരണം അവൻ ദൈവത്തിന് നന്ദി പറയുന്നു; അത് ചെയ്യാത്തവൻ കർത്താവിനായി ചെയ്യാതിരിക്കുന്നു. അവനും ദൈവത്തിനു നന്ദി പറയുന്നു.ഓരോരുത്തൻ താന്താന്റെ മനസ്സിൽ ഉറച്ചിരിക്കട്ടെ. എന്നാൽ നീ സഹോദരനെ വിധിക്കുന്നത് എന്ത്? അല്ല, നീ നിൻ്റെ സഹോദരനെ ധിക്കരിക്കുന്നത് എന്ത്? നാം എല്ലാവരും ദൈവത്തിൻ്റെ ന്യായാസനത്തിനു മുമ്പാകെ നിൽക്കേണ്ടി വരികയും നമ്മിൽ ഓരോരുത്തൻ ദൈവത്തോട് അവനവൻ്റെ കണക്ക് ബോധിപ്പിക്കേണ്ടി വരികയും ചെയ്യും" (റോമ. 14:1-12).
ക്രിസ്തുമസിനെ കുറിച്ചുള്ള ഈ പഠനം ഉപസംഹരിക്കുവാനുള്ള ഏറ്റവും നല്ല വചനം അതുതന്നെയാണ്.