WFTW Body: 

മിഥ്യയല്ലാത്ത വിശുദ്ധിയെ കുറിച്ച് പൗലൊസ് സംസാരിക്കുന്നു (എഫെ. 4:24 - ജെ.ബി.ഫിലിപ്പ്സ് ട്രാൻസ്ലേഷൻ). ഇത് ഉപദേശം മനസ്സിലാക്കുന്നതിലൂടെ ഉണ്ടായി വരുന്നില്ല എന്നാൽ യേശു തന്നെ അവിടുത്തെ ജീവിതം നമ്മിലൂടെ ജീവിക്കുന്നതിൽ നിന്നു വരുന്നു. 1 തിമൊഥെയൊസ് 3:16 ൽ സൂചിപ്പിച്ചിരിക്കുന്ന ദൈവഭക്തിയുടെ മർമ്മം, നമ്മുടെ ജഡത്തിൽ വന്ന യേശുവിനെ കുറിച്ചുള്ള ഉപദേശമല്ല, നമ്മുടെ ജഡത്തിൽ വന്ന യേശു തന്നെയാണ്. നാം യേശുവിനെ പോലെ രൂപാന്തരപ്പെടാൻ പോകുന്നത് ഏതെങ്കിലും ഉപദേശത്തിലേക്കു നോക്കിയിട്ടല്ല, യേശുവിലേക്കു തന്നെ നോക്കുന്നതിലൂടെയാണ് (2 കൊരി. 3:18). ഇത് നിങ്ങളുടെ ജീവിതകാലം മുഴുവൻ ഓർത്തിരിക്കുക.

ഏതൊരു ഉപദേശത്തിനും നിങ്ങളെ വഴിതെറ്റിക്കാൻ കഴിയും: 1. നിങ്ങൾക്ക് കർത്താവിൽ തന്നെ നിങ്ങളുടെ ദൃഷ്ടികൾ ഉറപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ, കൂടാതെ 2. അവിടുത്തെ സ്നേഹിക്കുന്ന എല്ലാവരെയും നിങ്ങൾ സ്നേഹിക്കുന്നില്ലെങ്കിൽ, അവർ ഏതു കൂട്ടത്തിലുള്ളവരായാലും, അവർ പിടിച്ചിരിക്കുന്ന ഉപദേശം ഏതു തന്നെ ആയാലും. യേശു തന്നെയാണ് അവിടുത്തെ ശരീരമാകുന്ന സഭയുടെ തല. എന്നാൽ ഒരു ഉപദേശം തലയായാൽ, അവിടെയുള്ളവർ പരീശന്മാരായി തീരും - ഉപദേശം എത്രകണ്ട് നിർമ്മലമാണോ, അത്ര കണ്ടു വലിയ പരീശന്മാർ അവിടെ ഉൽപ്പാദിപ്പിക്കപ്പെടും! ഈ പാട്ടിൻ്റെ വരികൾ ഓർക്കുക:
“ഒരിക്കൽ അത് അനുഗ്രഹമായിരുന്നു, ഇന്ന് അതു കർത്താവാണ്".

ഒരു സഭയെന്ന നിലയിൽ നാം കാഴ്ച വയ്ക്കുന്ന പ്രതിച്ഛായ യേശു പിതാവിനെ കുറിച്ച് നൽകിയ പ്രതിച്ഛായയോട് പൊരുത്തപ്പെടുന്നതായിരിക്കണം - പ്രത്യേകിച്ച് യോഹന്നാൻ 8:1-12 വരെയുള്ള വാക്യങ്ങളിൽ നാം കാണുന്നതുപോലെ, അവിടെ മത ഭക്തരായ പരീശന്മാർക്കെതിരായി അവിടുന്ന് മാനസാന്തരപ്പെടുന്ന വ്യഭിചാരിണിയുടെ പക്ഷത്തായിരുന്നു. ഭൂമിയിൽ എക്കാലവും പ്രസംഗിച്ചിട്ടുള്ളതിലും ഉന്നത നിലവാരമുള്ള വിശുദ്ധിയാണ് യേശു പ്രസംഗിച്ചത്, എങ്കിലും അവിടുന്ന് പാപികളിൽ ഏറ്റവും മോശമായവരുമായി ഇടപഴകി (ഉദാ. ഉയർത്തെഴുന്നേറ്റ കർത്താവിനെ ആദ്യം കാണാനുള്ള പദവി നൽകപ്പെട്ട മഗ്ദലക്കാരത്തി മറിയ). അവിടുന്ന് ഒരിക്കലും അങ്ങനെയുള്ള പാപികളെ വിമർശിക്കുകയോ അവരുടെ ഭൂതകാലത്തെ കുറിച്ച് അവരെ ഓർപ്പിക്കുകയോ ചെയ്തില്ല. ഒരു സഭയെന്ന നിലയിൽ ഇതു തന്നെയാണ് നമ്മുടെയും വിളി - യേശു പ്രസംഗിച്ച അതേ നിലവാരത്തിലുള്ള വിശുദ്ധിയെകുറിച്ചു പ്രസംഗിക്കുവാനും, അപ്പോഴും ഏറ്റവും മോശമായ പാപികളോടും പിന്മാറ്റക്കാരോടും ഊഷ്മളതയുള്ളവരായി, അവരെ അവിടുത്തെ അടുത്തേക്കു അടുപ്പിക്കുന്നവരായിരിക്കുവാനും.

ഏറ്റവും മോശമായ അവസ്ഥയിലുള്ള രോഗികളെയും സ്വാഗതം ചെയ്യുന്ന ഒരു ആശുപത്രി പോലെ ആണ് നമ്മുടെ സഭ. അവർക്കെല്ലാവർക്കും സൗഖ്യമാക്കപ്പെടാൻ കഴിയും. സഹായിക്കപ്പെടാൻ കഴിയാത്ത അത്രഹീനനാണ്, അല്ലെങ്കിൽ ഹീനയാണ് താൻ എന്ന് ആർക്കും തോന്നേണ്ട ആവശ്യമില്ല. സമ്പന്നരും സ്വയ തൃപ്തിയുള്ളവരും മാത്രം കൂടി വരുന്ന ക്ലബ് പോലെയാണ് ചില സഭകൾ. എന്നാൽ ഏറ്റവും ഹീനരായ പാപികൾക്കുള്ള ഒരു ആശുപത്രി പോലെ ആയിരിക്കുവാൻ നാം ആഗ്രഹിക്കുന്നു.

എല്ലാ സമയവും ആദ്യം ദൈവത്തിൻ്റെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അപ്പോൾ നീ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നീ അഭിവൃദ്ധിപ്പെടും തന്നെയുമല്ല ദൈവം ഒരു മഹാവീരനെപ്പോലെ നിനക്കു വേണ്ടി പ്രവർത്തിക്കും (യിരെ.20:11). ഇതാണ് എൻ്റെ ജീവിതത്തിലുടനീളം ഞാൻ അനുഭവിച്ചിരിക്കുന്നത്.

ദൈവത്തിൻ്റെ രാജ്യം അന്വേഷിക്കുക എന്നതു സൂചിപ്പിക്കുന്നത് പ്രാഥമികമായി സുവിശേഷീകരണമോ മിഷനറി വേലയോ അല്ല. അത് അർത്ഥമാക്കുന്നത്, ദൈവത്തെ നിങ്ങളുടെ ജീവിതത്തിൻ്റെ ഭരണാധികാരി ആക്കുക എന്നാണ്, എല്ലാ സമയവും ദൈവത്തിൻ്റെ അധികാരത്തിൻ്റെ കീഴിൽ ജീവിച്ചിട്ട്, പണത്തിൻ്റെയും, ഭൗമിക സുഖങ്ങളുടെയും, മനുഷ്യമാനത്തിൻ്റെയും വലിയുടെ മേൽ അവിടുത്തെ സ്വർഗ്ഗീയ മൂല്യങ്ങൾക്ക് പ്രഥമഗണന ഉണ്ടാകുവാൻ അനുവദിക്കുന്നതാണ്.

ആദ്യം ദൈവത്തിൻ്റെ നീതി അന്വേഷിക്കുക എന്നാൽ നിങ്ങളുടെ ആന്തരിക ജീവിതത്തിലും നിങ്ങളുടെ ബാഹ്യമായ പെരുമാറ്റത്തിൻ്റെ ഓരോ ഭാഗത്തും അവിടുത്തെ സ്വഭാവം വെളിപ്പെടുത്തപ്പെടേണ്ടതിനായി ആഗ്രഹിക്കുക എന്നതാണ്.

നിങ്ങളുടെ എല്ലാ ദിവസങ്ങളിലും ഈ സത്യം നിങ്ങളെ പിടിക്കട്ടെ. തന്നെയുമല്ല നിങ്ങൾക്കു മക്കളുണ്ടാകുമ്പോൾ അവരുടെ ജീവിതങ്ങളിലും ഇതേ ഫലങ്ങൾ തന്നെ അവർക്കും കാണാൻ കഴിയേണ്ടതിന്, നിങ്ങൾ ഈ സത്യം നിങ്ങളുടെ മക്കളെയും പഠിപ്പിക്കണം. അങ്ങനെ, അവിടുന്നു മടങ്ങി വരുന്നതുവരെ തലമുറ തലമുറയായി കർത്താവിന് ഈ ഭൂമിയിൽ ഒരു സാക്ഷ്യം ഉണ്ടായിരിക്കും.