WFTW Body: 

പുറപ്പാട് പുസ്തകം 15-ാം അധ്യായം ആരംഭിക്കുന്നത് ഇസ്രായേല്യർ ദൈവത്തെ സ്തുതിക്കുന്നതിനോടു കൂടെയും അത് അവസാനിക്കുന്നത് അവിടുത്തേക്കെതിരായുള്ള അവരുടെ പിറുപിറുപ്പിനോടു കൂടെയുമാണ്. ഈ മാതൃക മരുഭൂമിയിൽ വെച്ച് ഇസ്രായേൽ ജനത്താൽ വീണ്ടും വീണ്ടും ആവർത്തിക്ക പ്പെടുകയായിരുന്നു. തങ്ങൾക്കു വേണ്ടത് ലഭിക്കുമ്പോൾ ദൈവത്തെ സ്തുതിക്കുകയും, ചില കാര്യങ്ങൾ തെറ്റായി സംഭവിക്കുമ്പോൾ പരാതിപ്പെടുകയും, ആ പ്രശ്നം പരിഹരിക്കപ്പെട്ടു കഴിയുമ്പോൾ ദൈവത്തിനു വീണ്ടും നന്ദി പറയുകയും, അടുത്ത പ്രശ്നം ഉയർന്നുവരുമ്പോൾ വീണ്ടും സംശയിക്കുകയും ചെയ്യുന്ന ഏറിയ പങ്ക് വിശ്വാസികളുടെയും ജീവിതത്തിൻ്റെ തികവുള്ള ഒരു വിശദീകരണമാണ് സർവ്വദാ മുകളിലേക്കും താഴേയ്ക്കും പോകുന്ന "സൈൻ തരംഗം" (ഗണിതശാസ്ത്രത്തിലുള്ളത്). ഇതിനു കാരണം മിക്ക വിശ്വാസികളും ജീവിക്കുന്നത് കാഴ്ചയാലാണ് വിശ്വാസത്താലല്ല - കൃത്യമായി ആ ഇസ്രായേല്യരെ പോലെ തന്നെ. ഞായറാഴ്ച രാവിലെ അവരുടെ സഭായോഗങ്ങളിൽ അവർ ഉറക്കെ ദൈവത്തെ സ്തുതിക്കുന്നു (ഇടയ്ക്ക് അന്യ ഭാഷകളിൽ). എന്നാൽ ഞായറാഴ്ച ഉച്ചയ്ക്കുശേഷം മുതൽ, അവരുടെ സംസാരം വ്യത്യാസപ്പെട്ടതാണ്, ഈ സമയം അവരുടെ മാതൃഭാഷയിലാണ്. അത് കോപവും പിറുപിറുപ്പും പരാതിയുമാണ് - അവരുടെ ഭവനങ്ങളിലും ഓഫീസുകളിലും!! അതിനുശേഷം അടുത്ത ഞായറാഴ്ച സൈൻ തരംഗം മുകളിലേക്ക് ഉയരുകയും അവർ വീണ്ടും ദൈവത്തെ സ്തുതിക്കാൻ തുടങ്ങുകയും ചെയ്യുന്നു.

അതിനുശേഷം, ആ തരംഗം വീണ്ടും താഴേക്ക് പോകുന്നു!! തീർച്ചയായും തൻ്റെ പുതിയ ഉടമ്പടിയിലെ മക്കൾ ജീവിക്കുന്നത് ഇങ്ങനെ ആയിരിക്കണം എന്നല്ല ദൈവം ഉദ്ദേശിച്ചത്. ഒരു വ്യക്തിക്ക് അന്യഭാഷയിൽ സംസാരിക്കുന്നതിനുള്ള വരം നൽകുന്ന പരിശുദ്ധാത്മാവിന് അയാളുടെ മാതൃഭാഷയിലെ സംസാരത്തെയും നിയന്ത്രിക്കാൻ കഴിയുകയില്ലേ? തീർച്ചയായും അവിടുത്തേക്ക് കഴിയും. വേദപുസ്തകം പറയുന്നത്, "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ. എല്ലാറ്റിനും സ്തോത്രം ചെയ് വിൻ" (ഫിലി. 4:4; എഫെ. 5:20).

പുതിയ ഉടമ്പടിയിൽ, നാം എല്ലാവർക്കുവേണ്ടിയും എപ്പോഴും ഉള്ള ദൈവഹിതം ഇതാണ്. നമുക്ക് പരിശുദ്ധാത്മാവിനെ നൽകപ്പെട്ടിരിക്കുന്നത് ആ കൽപ്പന അനുസരിക്കാൻ നമ്മെ സഹായിക്കാൻ വേണ്ടിയാണ്. നാം വിശ്വാസത്താലും ജീവിക്കണം - നാം എല്ലാകാലത്തും നേരിടുന്ന ഓരോ പ്രശ്നത്തിനുമുള്ള പരിഹാരം ദൈവം നേരത്തെ തന്നെ ആസൂത്രണം ചെയ്തിരിക്കുന്നു എന്ന് വിശ്വസിച്ചു കൊണ്ട്.

യിസ്രായേല്യർ മോശെയോടു പരാതി പറഞ്ഞപ്പോൾ, അദ്ദേഹം യഹോവയോട് നിലവിളിച്ചു, അപ്പോൾ യഹോവ ഇപ്രകാരം അരുളി ചെയ്തു, "ആ പ്രശ്നത്തിനുള്ള പരിഹാരം അവിടെത്തന്നെയുണ്ട് - നിൻ്റെ മുമ്പിൽ" (പുറ. 15:25). യഹോവ ഒരു വൃക്ഷം അവനെ കാണിച്ചു. മോശെ ആ വൃക്ഷം വെട്ടിമുറിച്ച് ആ വെള്ളത്തിലിട്ടു, അപ്പോൾ ആ വെള്ളം മധുരമുള്ളതായി തീർന്നു.

ആരാണ് ആ മരുഭൂമിയിൽ ആ വൃക്ഷം നട്ടുപിടിപ്പിച്ചത്? അത് ഏതെങ്കിലും മനുഷ്യനാണോ അതോ ദൈവമോ? ദൈവമാണെന്നതിന് ഒരു സംശയവുമില്ല! മനുഷ്യർ മരുഭൂമിയിൽ വൃക്ഷങ്ങൾ നടാറില്ല. ദൈവം അത് അനേക വർഷങ്ങൾക്കു മുമ്പേതന്നെ, മാറായുടെ സമീപം ആ വൃക്ഷം നട്ടുപിടിപ്പിച്ചിട്ടുണ്ടായിരുന്നു. കാരണം അനേക വർഷങ്ങൾക്കുശേഷം അവിടുത്തെ മക്കൾ മാറായുടെ അടുത്ത് എത്തുകയും അതിലെ വെള്ളം കൈപ്പുള്ളതായി അവർ കണ്ടെത്തുകയും ചെയ്യുമെന്ന് അവിടുന്ന് അറിഞ്ഞു. അതുകൊണ്ട് അവിടുന്ന് വാസ്തവത്തിൽ അനേക വർഷങ്ങൾക്കു മുൻകൂറായി തന്നെ അവരുടെ പ്രശ്നത്തിനുള്ള പരിഹാരം ആസൂത്രണം ചെയ്തിട്ടുണ്ടായിരുന്നു. അതേ ദൈവം തന്നെ നിങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ആസൂത്രണം ചെയ്തിരിക്കുന്നു എന്നും നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ, നിങ്ങൾ ആ പ്രശ്നത്തെ അഭിമുഖീകരിക്കുന്നതിന് വളരെ മുമ്പുതന്നെ?

വിശ്വാസത്താൽ നടക്കുക എന്നാൽ ആ കാര്യം വിശ്വസിക്കുന്നതാണ്. ദൈവത്തെ അതിശയിപ്പിക്കാൻ തക്കവിധത്തിൽ ഒരു പ്രശ്നവും പെട്ടെന്ന് ഒരു ദിവസം കൊണ്ട് ഉയർന്നു വരികയില്ല. പിശാച് നമുക്കുവേണ്ടി ഒരുക്കുന്ന പ്രശ്നങ്ങൾ നേരത്തേ തന്നെ ദൈവം മുൻകൂറായി അറിയുന്നു എന്നു മാത്രമല്ല, അവയ്ക്കെല്ലാമുള്ള പരിഹാരം കൂടെ മുൻകൂറായി അവിടുന്ന് ഉണ്ടാക്കിയിരിക്കുന്നു! അതുകൊണ്ട് ഓരോ പ്രശ്നത്തേയും ധൈര്യമായി നിങ്ങൾക്കു നേരിടാം.

ഒരു വിശ്വാസി എന്ന നിലയിൽ 66 വർഷങ്ങൾ അസംഖ്യം പ്രശ്നങ്ങൾ അഭിമുഖീകരിച്ച ശേഷം എനിക്ക് ഇതിൻ്റെ സത്യം സാക്ഷ്യപ്പെടുത്താൻ കഴിയും. ദൈവം ഒരു പരിഹാരം ആസൂത്രണം ചെയ്തിട്ടില്ലാത്ത ഒരു പ്രശ്നവും ഇതുവരെ ഒരിക്കലും ഞാൻ അഭിമുഖീകരിച്ചിട്ടില്ല! എന്റെ ജീവിതത്തിലെ മാറാകളുടെ അടുക്കൽ ഞാൻ വരുന്നതിനു വളരെ മുമ്പുതന്നെ, അവിടുന്ന് വൃക്ഷങ്ങൾക്ക് വേണ്ടിയ വിത്തുകൾ നട്ടു - അതിലെ വെള്ളം എനിക്ക് മധുരമുള്ളതാക്കി തീർക്കേണ്ടതിന്. നമ്മുടെ അത്ഭുതവാനായ, സ്നേഹവാനായ "നിശബ്ദനായി സ്നേഹത്തിൽ നമുക്ക് വേണ്ടി പദ്ധതി തയ്യാറാക്കിക്കൊണ്ടിരിക്കുന്ന" (സെഫ. 3:17 - പരാവർത്തനം) പിതാവിലുള്ള വിശ്വാസത്താൽ നടക്കേണ്ടതിന് ഞാൻ നിങ്ങളെ ഉത്സാഹിപ്പിക്കുന്നു - അങ്ങനെ ആയാൽ നിങ്ങളുടെ എല്ലാ പ്രശ്നങ്ങളെയും സ്ഥിരമായി നിങ്ങൾ അതിജീവിക്കും. പിന്നീട് ഒരിക്കലും പരാതിയും പിറുപിറുപ്പും കോപവും നിങ്ങളുടെ വായിൽ കണ്ടെത്തപ്പെടുകയില്ല, എന്നാൽ ദൈവത്തിനു സ്തുതിയും സ്തോത്രവും മാത്രം.

ആമേൻ.