അപ്പൊസ്തലനായ പൗലൊസ് ഒരിക്കൽ പറഞ്ഞു, "ന്യായപ്രമാണത്തിന്റെ നീതി സംബന്ധിച്ച് ഞാൻ അനിന്ദ്യൻ". അപ്പൊ. 23:1 ൽ മഹാപുരോഹിതന്റെ മുമ്പാകെ സാക്ഷ്യം പറഞ്ഞപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു, "ഞാൻ ഇന്നേ ദിവസത്തോളവും കേവലം നല്ല മനസ്സാക്ഷിയോടും കൂടെ ദൈവത്തിൻ്റെ മുമ്പാകെ നടന്നിരിക്കുന്നു", അദ്ദേഹം എന്താണ് അർത്ഥമാക്കിയത്? താൻ സകല കൽപ്പനകളും പ്രമാണിച്ചുകൊണ്ടിരിക്കുന്നു എന്നാണ് അദ്ദേഹം അർത്ഥമാക്കിയത്. അദ്ദേഹം എന്തു കൽപ്പനകൾ ആണ് പ്രമാണിച്ചത്? ആദ്യത്തെ 9 എണ്ണം മാത്രം, കാരണം "നിങ്ങൾക്കു ദുരാഗ്രഹം ഉണ്ടാകരുത്, നിങ്ങൾ മോഹിക്കരുത്" എന്ന പത്താമത്തെ കൽപ്പനയിലേക്കു വന്നപ്പോൾ റോമ. 7:7-8 വാക്യങ്ങളിൽ "സകലവിധ മോഹവും ഞാൻ കണ്ടെത്തി" എന്നു പറയുവാൻ തക്കവണ്ണം അദ്ദേഹം സത്യസന്ധനായിരുന്നു. അദ്ദേഹം സകലവിധത്തിലുള്ള മോഹവും കണ്ടുപിടിച്ചു - പണത്തിനായുള്ള ഒരു മോഹം, മറ്റുള്ളവരുടെ ഭാര്യമാർ, പെൺമക്കൾ ഇവർക്കായുള്ള മോഹം, മാനത്തിനായുള്ള മോഹം, കൂടാതെ മറ്റെല്ലാ വിധ മോഹങ്ങളും തൻ്റെ ഉള്ളിൽ തന്നെ കണ്ടിട്ട്, തനിക്ക് ഈ കൽപ്പന പാലിക്കാൻ കഴിഞ്ഞില്ല എന്നും മനസ്സിലാക്കി.
പൗലൊസ് അപ്പൊസ്തലൻ തൻ്റെ ഹൃദയത്തിൽ പരിശുദ്ധാത്മാവിനാൽ നിറയപ്പെട്ടപ്പോൾ (പെന്തക്കൊസ്തു നാളിൽ പരിശുദ്ധാത്മാവ് വന്ന് ആളുകളെ നിറച്ചതുപോലെ തന്നെ), റോമ. 8:2 ൽ അദ്ദേഹം പറയുന്നത് "പരിശുദ്ധാത്മാവിൻ്റെ പ്രമാണം - പത്തു കല്പനകൾ അല്ല - എന്നാൽ ക്രിസ്തുയേശുവിനുള്ള ജീവൻ്റെ പ്രമാണം, കോപം, മോഹം കൂടാതെ മറ്റെല്ലാ പാപങ്ങളിലും വീണുകൊണ്ടേയിരിക്കുവാൻ കാരണമായ പാപത്തിന്റെ പ്രമാണത്തിൽ നിന്ന് എന്നെ സ്വതന്ത്രനാക്കി", 4-ാം വാക്യത്തിൽ അദ്ദേഹം തുടർന്ന് ഇപ്രകാരം പറയുന്നു - "നിങ്ങൾ മോഹിക്കരുത് എന്ന - ന്യായപ്രമാണത്തിന്റെ നീതി, ഇപ്പോൾ നമ്മിൽ നിവർത്തിയായിരിക്കുന്നു കാരണം നമ്മൾ ജഡത്തെ അനുസരിച്ചല്ല എന്നാൽ പരിശുദ്ധാത്മാവിന്റെ നടത്തിപ്പ് അനുസരിച്ചാണ് നടക്കുന്നത്". ഇത് പഴയ ഉടമ്പടിയുടെ കീഴിൽ അസാധ്യമായിരുന്നു.
മത്താ. 5 ൽ യേശു ഈ പാപങ്ങളെ ജയിക്കുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോൾ, ഒരു മനുഷ്യൻ പരിശുദ്ധാത്മാവിന്റെ ശക്തി കൂടാതെ ചെയ്യാൻ അസാധ്യമായ ചില കാര്യങ്ങളെ കുറിച്ചാണ് പറഞ്ഞത്. മത്താ. 5, 6, 7 എന്നീ അധ്യായങ്ങൾ വായിച്ചാൽ, നിങ്ങൾ കാണുന്നത്, ആ മൂന്ന് അധ്യായങ്ങളുടെയും അവസാനം, ഏറ്റവും പ്രധാനപ്പെട്ട ചോദ്യത്തിന് ഉത്തരം നൽകപ്പെട്ടിരിക്കുന്നില്ല എന്നാണ്. അതെന്താണ്? കർത്താവേ ഈ ജീവിതം ഞാൻ എങ്ങനെ ജീവിക്കും? മത്താ. 5, 6, 7 അധ്യായങ്ങളിൽ അത് സൂചിപ്പിച്ചിട്ടുപോലുമില്ല! ഗിരിപ്രഭാഷണം നമ്മെ കാണിക്കുന്നത് ഒരു പുതിയ ഉടമ്പടി ക്രിസ്ത്യാനിയെ കുറിച്ച്, വീണ്ടും ജനിച്ച ക്രിസ്ത്യാനിയെ കുറിച്ച് ദൈവം പ്രതീക്ഷിക്കുന്ന ജീവിതനിലവാരമാണ്, എന്നാൽ അവിടെ എങ്ങനെ എത്തുമെന്ന് മുഴുവൻ പ്രഭാഷണത്തിലും അത് പറഞ്ഞിട്ടില്ല.
അപ്പോൾ ഈ ലോകത്തിൽ എന്തു ചെയ്യണമെന്നു നാം എങ്ങനെ അറിയും? ഞാൻ വിശ്വസിക്കുന്നത് ക്രിസ്തു ഗിരിപ്രഭാഷണം പ്രഘോഷിച്ചത് നമ്മുടെ ഹൃദയത്തിൽ ഈ ജീവിതത്തിനായി ഒരാഗ്രഹം സൃഷ്ടിക്കാൻ വേണ്ടിയാണ് എന്നും, ഇനി ഒരു വ്യക്തിക്ക് ഈ ജീവിതത്തിനായി ഒരാഗ്രഹം ഉണ്ടായാൽ, അവൻ ദൈവത്തിൻ്റെ അടുക്കൽ ചെല്ലുകയും "കർത്താവേ ഇതിനുള്ള പരിഹാരം എന്താണ്" എന്ന് പറയുകയും ചെയ്യും എന്നുമാണ്. അപ്പോൾ കർത്താവ് ഇപ്രകാരം പറയും, "നീ പരിശുദ്ധാത്മാവിനാൽ നിറയപ്പെടേണ്ടതുണ്ട് നീ അകത്തെ മനുഷ്യനിൽ ശക്തിപ്പെടേണ്ട ആവശ്യമുണ്ട്".
വലിയ അപ്പൊസ്തലനായ പൗലൊസ് ന്യായപ്രമാണം സംബന്ധിച്ച് വളരെ നേരുള്ള ഒരു മനുഷ്യനായിരുന്നു, എന്നാൽ അദ്ദേഹത്തിനുപോലും താൻ പരിശുദ്ധാത്മാവിനാൽ നിറയപ്പെടുന്നതുവരെ ഈ ആഗ്രഹത്തെ ജയിക്കാൻ കഴിഞ്ഞില്ല, അതിനുശേഷം ദൈവത്തിൻ്റെ ആത്മാവ് അദ്ദേഹത്തെ സ്വതന്ത്രനാക്കി. ഇത് യേശു അന്ധനായ മനുഷ്യൻ്റെ കണ്ണുകൾ തുറന്നതുപോലെയാണ്: അന്ധന് തൻ്റെ കണ്ണുകൾ തന്നെത്താൻ തുറക്കാൻ കഴിഞ്ഞില്ല.
പരിശുദ്ധാത്മാവിന്റെ ശക്തിയാൽ മാത്രമേ ഇതു സാധ്യമാകുകയുള്ളൂ. വാസ്തവത്തിൽ,ഗിരിപ്രഭാഷണത്തിൽ യേശു പറഞ്ഞ ഓരോ കാര്യത്തോളവും ജീവിക്കാൻ കഴിയുന്നത് നാം പരിശുദ്ധാത്മാവിനാൽ നിറയപ്പെട്ടാൽ മാത്രമാണ്.
ഇന്ന് "പരിശുദ്ധാത്മ നിറവ്" എന്ന പേരിൽ ചുറ്റും നടക്കുന്ന വിലകുറഞ്ഞ വ്യാജാനുകരണങ്ങളെ കുറിച്ചല്ല ഞാൻ പറയുന്നത്. നിങ്ങൾ അനുഭവിച്ചിരിക്കുന്നു എന്നു നിങ്ങൾ അവകാശപ്പെടുന്ന ആത്മനിറവ് നിങ്ങളെ കുലുങ്ങാനും, തറയിൽ കിടന്ന് ഉരുളാനും, ചിരിക്കാനും, അന്യഭാഷയിൽ സംസാരിക്കാനും കഴിവുള്ളവനാക്കുന്നു എന്നാൽ നിങ്ങൾ ഇപ്പോഴും കോപം, ലൈംഗിക മോഹം ഇവയാൽ തോൽപ്പിക്കപ്പെടുകയും, ഇപ്പോഴും നിങ്ങൾ നിങ്ങളുടെ ഭാര്യയോടോ ഭർത്താവിനോടോ കയർത്തു സംസാരിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ, അപ്പോൾ നിങ്ങൾ പരിശുദ്ധാത്മാവിനാൽ നിറയപ്പെട്ടിട്ടില്ല. ആരും നിങ്ങളെ വഞ്ചിക്കരുത്. അനേകർ വഞ്ചിക്കപ്പെട്ടിരിക്കുന്നു. പരിശുദ്ധാത്മാവ് നമുക്കൊരു പുതിയ നാവ് തരുന്നു, അന്യഭാഷയിൽ സംസാരിക്കാനുള്ള കഴിവുമാത്രമല്ല, എന്നാൽ നമ്മുടെ മാതൃഭാഷയെ പോലും നിയന്ത്രിക്കാനുള്ള കഴിവ്. ഞായറാഴ്ച രാവിലെ നിങ്ങൾ അന്യഭാഷയിൽ സംസാരിക്കുകയും അതേസമയം ഞായറാഴ്ച ഉച്ചകഴിഞ്ഞ് നിങ്ങളുടെ ഭാര്യയോട് കയർത്ത് ഉച്ചത്തിൽ സംസാരിക്കുകയും ചെയ്യുന്നെങ്കിൽ അതുകൊണ്ട് പ്രയോജനമില്ല. അത് പരിശുദ്ധാത്മ നിറമല്ല.
പരിശുദ്ധാത്മ നിറവ് നമ്മുടെ നാവിൻ്റെ മേലുള്ള നിയന്ത്രണം നമുക്ക് തരുന്നു. ഇന്ദ്രിയ ജയം ആത്മാവിൻ്റെ ഫലമാണ്, അവിടുന്ന് നമ്മെ നാവിൻ്റെ മേലുള്ള നിയന്ത്രണം ഒരു ദിവസത്തിൻ്റെ 24 മണിക്കൂറും, ഒരാഴ്ചയിൽ ഏഴു ദിവസവും നമുക്ക് തരുന്നു. കാര്യം ഇങ്ങനെയല്ലെങ്കിൽ, യഥാർത്ഥമായ ഒരു പരിശുദ്ധാത്മ നിറവ് നിങ്ങൾക്കു നൽകേണ്ടതിനായി നിങ്ങൾ ദൈവത്തോട് അപേക്ഷിക്കണം. ആത്മാവിൻ്റെ വരങ്ങൾക്കായി ദൈവത്തിനു നന്ദി പറയാം, എന്നാൽ പരിശുദ്ധാത്മ വരങ്ങൾ മാത്രം ഉണ്ടായിരിക്കുന്നതിനപ്പുറമുള്ള യഥാർത്ഥ ആത്മനിറവിനായി ദൈവത്തോട് യാചിക്കുക. ജയിക്കാനുള്ള ഒരേ ഒരു വഴി അതാണ് മറ്റു വഴിയൊന്നുമില്ല.
യാക്കോബ് പറയുന്നത് എല്ലാ മൃഗജാലങ്ങളും മനുഷ്യനാൽ മെരുക്കപ്പെടുന്നു, എന്നാൽ നാവിനെ മെരുക്കാൻ മനുഷ്യർക്കാർക്കും കഴിവില്ല (യാക്കോ. 3:7-8). പരിശുദ്ധാത്മാവിനു മാത്രമേ അതിനു കഴിയൂ. നിങ്ങൾ പരിശുദ്ധാത്മാവിനാൽ നിറയപ്പെട്ടിരിക്കുന്നു എങ്കിൽ, അവിടുന്ന് നിങ്ങൾക്ക് നിങ്ങളുടെ നാവിൻ്റെ മേലും കണ്ണുകളുടെ മേലുമുള്ള നിയന്ത്രണം തരും. മത്താ. 5:21-32 വരെയുള്ള വാക്യങ്ങളിൽ പാപത്തോടുള്ള ബന്ധത്തിൽ യേശു സംസാരിച്ചത് മനുഷ്യ ശരീരത്തിലെ ഈ രണ്ട് അവയവങ്ങളെ കുറിച്ചാണ്. നാവുകൊണ്ടു പാപം ചെയ്യുന്നതും, കണ്ണുകൾ കൊണ്ടു പാപം ചെയ്യുന്നതും. ഇവ രണ്ടും വളരെ, വളരെ പ്രധാനപ്പെട്ടതാണ്.
നിങ്ങളുടെ നാവിന്റെ മേലും കണ്ണുകളുടെ മേലും നിങ്ങൾക്ക് നിയന്ത്രണം തരുന്നില്ലെങ്കിൽ അങ്ങനെയുള്ള വിലകുറഞ്ഞ പരിശുദ്ധാത്മ നിറവിന്റെ വ്യാജാ നുകരണങ്ങൾ കൊണ്ട് നിങ്ങൾ ഒരിക്കലും തൃപ്തിപ്പെടരുത്. നിങ്ങൾ ദൈവത്തിൻ്റെ അടുക്കൽ ചെന്നിട്ട് പറയുക, "കർത്താവേ എനിക്ക് ഒരു വിലകുറഞ്ഞ വ്യാജിനുകരണമാണുള്ളത്. ഞാൻ അങ്ങയോട് സത്യസന്ധനായിരിക്കാൻ ആഗ്രഹിക്കുന്നു. ഞാൻ പരിശുദ്ധാത്മാവിനാൽ നിറയപ്പെട്ടിരിക്കുന്നു എന്ന് ഞാൻ ആളുകളെ കേവലം ബോധ്യപ്പെടുത്തുന്നു, എന്നാൽ അത് ഒരു വിലയും ഇല്ലാത്തതാണ്. യഥാർത്ഥത്തിലുള്ള പരിശുദ്ധാത്മ നിറവ് നഷ്ടപ്പെടുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല".
ഞാനൊരു യുവ ക്രിസ്ത്യാനി ആയിരുന്നപ്പോൾ, ഈ രണ്ടു മേഖലകളിലും ഞാൻ പരാജിതനായിരുന്നു. ഞാൻ പരിശുദ്ധാത്മ നിറവിനുവേണ്ടി അന്വേഷിച്ചപ്പോൾ, ആളുകൾ എന്നെ വ്യത്യസ്ത കൂടിവരവുകളിലേക്ക് പറഞ്ഞുവിട്ടു, എന്നാൽ അവിടെ കണ്ട കാര്യങ്ങളിൽ ഞാൻ തികച്ചും നിരാശനായിരുന്നു. അവിടെ വളരെ ശബ്ദകോലാഹലം കേട്ടിട്ട് ഞാൻ പറഞ്ഞു, "കർത്താവേ ഞാൻ അന്വേഷിച്ചുകൊണ്ടിരിക്കുന്നത് ഇതല്ല, പാപത്തെ ജയിക്കാൻ വേണ്ട ശക്തിക്കുവേണ്ടിയാണ് ഞാൻ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. അതിന് 10 വർഷങ്ങൾ എടുത്താൽ പോലും, എനിക്ക് യഥാർത്ഥമായത് വേണം. പെന്തക്കൊസ്തു നാളിൽ പത്രൊസിനും, യാക്കോബിനും, യോഹന്നാനും ലഭിച്ചതാണ് എനിക്കു വേണ്ടത്, ഇന്നു ലോകമെങ്ങും കാണുന്ന വിലകുറഞ്ഞ വ്യാജാനുകരണമല്ല".
ആളുകൾ ചില വ്യാജാനുകരണങ്ങളാൽ സംതൃപ്തരാകണമെന്നാണ് പിശാച് ആഗ്രഹിക്കുന്നത്. നിങ്ങൾ സ്വർണമോ വജ്രമോ അല്ലെങ്കിൽ കറൻസി നോട്ടുകൾ ആണെങ്കിൽ പോലും വാങ്ങാൻ പോകുകയാണെങ്കിൽ നിങ്ങൾക്ക് ഒരു വ്യാജാനുകരണമല്ല ലഭിച്ചതെന്ന് ഉറപ്പുവരുത്തുന്നതിൽ നിങ്ങൾ എത്ര ശ്രദ്ധാലുക്കൾ ആയിരിക്കും. ധാരാളം കള്ളനോട്ടുകൾ ചുറ്റും പ്രചാരത്തിലുണ്ട് എന്നറിഞ്ഞാൽ, നിങ്ങൾ എടുക്കുന്ന 500 രൂപാ നോട്ട് നോക്കുന്നതിൽ നിങ്ങൾ ശ്രദ്ധയുള്ളവനായിരിക്കും. നമ്മുടെ നിത്യമായ ലക്ഷ്യത്തെ സംബന്ധിക്കുന്ന ചില കാര്യങ്ങളെക്കുറിച്ച് നാം എത്രയധികം ശ്രദ്ധയുള്ളവരായിരിക്കണം: യഥാർത്ഥമായ പരിശുദ്ധാത്മ നിറവിനെ കുറിച്ച്!
ഒരു വ്യാജാനുകരണം കൊണ്ട് തൃപ്തിപ്പെടരുത്. വ്യാജ സ്വർണ്ണവും, വ്യാജ രത്നവും, വ്യാജ കറൻസി നോട്ടുകളും കൊണ്ട് നിങ്ങൾ തൃപ്തിപ്പെടുന്നില്ലെങ്കിൽ, പരിശുദ്ധാത്മാ നിറവിൻ്റെ മേഖലയിലുള്ള വ്യാ ജാനുകരണങ്ങൾ കൊണ്ട് എത്രയധികം നിങ്ങൾ തൃപ്തിപ്പെടാതിരിക്കേണ്ടതുണ്ട്. ഇതാണ് അതിനുള്ള പരിശോധന: ദൈവത്തിൻ്റെ ആത്മാവ് നിങ്ങളെ പാപത്തിൻ്റെയും മരണത്തിന്റെയും പ്രമാണത്തിൽ നിന്ന് സ്വതന്ത്രരാക്കിയിരിക്കുന്നോ (റോമർ 8:2)? അതാണ് പരിശോധന.