ലേഖകൻ :   സാക് പുന്നൻ വിഭാഗങ്ങൾ :   സഭ ശിഷ്യന്‍
WFTW Body: 

സഭയെ ലൗകികതയിലേക്കും പാപത്തോടുള്ള അയഞ്ഞ മനോഭാവത്തിലേക്കും നയിക്കുന്ന ഉപദേശങ്ങൾ പഠിപ്പിക്കുവാൻ ആളുകളെ അനുവദിക്കുന്നതിന്റെ പേരിൽ പെർഗ്ഗമൊസിലെ മൂപ്പൻ ശാസിക്കപ്പെടുന്നു (വെളിപ്പാട് 2:14, 15). അദ്ദേഹം ഒരു നല്ല മനുഷ്യനായിരുന്നിരിക്കാം. എന്നാൽ ബിലെയാമിന്റെ ഉപദേശം പഠിപ്പിക്കുവാൻ മറ്റുള്ളവരെ അദ്ദേഹം അനുവദിച്ചു. അതുകൊണ്ട് അദ്ദേഹം കുറ്റക്കാരനാണ്.

ആളുകൾ പാപത്തെ ലഘുവായി എടുക്കുന്നതിലേക്കു നയിക്കുന്ന ഒരു പ്രസംഗവും അനുവദിക്കുന്നില്ല എന്ന കാര്യം ഉറപ്പുവരുത്തേണ്ടതിന് കർത്താവ് മൂപ്പന്മാരെയാണ് ഉത്തരവാദികളാക്കിയിരിക്കുന്നത്. "ദൈവഭക്തിയിലേക്ക് നയിക്കുന്ന ഒരു ഉപദേശമുണ്ട്" (ഒരു ദൈവഭക്തിയുള്ള, ക്രിസ്തു തുല്യമായ ജീവിതം), തന്നെയുമല്ല അതുമാത്രമാണ് "പത്ഥ്യ ഉപദേശം" (1 തിമൊ. 6:3 - മാർജിൻ). മറ്റെല്ലാ ഉപദേശവും വലിയതോ ചെറിയതോ ആയ അളവിൽ ആരോഗ്യകരമല്ലാത്തവയാണ്.

ഈ മൂപ്പൻ എന്തുകൊണ്ടാണ് അത്തരം അയഞ്ഞ ഉപദേശങ്ങൾ തൻ്റെ സഭയിൽ അനുവദിച്ചത്?ഒരുപക്ഷേ താൻ താഴ്മയുള്ള സൗമ്യനായ ഒരു സഹോദരൻ എന്ന പേര് ആഗ്രഹിച്ചതുകൊണ്ട് അയാൾ ഒരിക്കലും സഹോദരീസഹോദരന്മാരെ ഒരു കാര്യത്തിലും തിരുത്തിയിട്ടുണ്ടാകുകയില്ല. അങ്ങനെയെങ്കിൽ, അയാൾ സഭയുടെ നന്മയെക്കാൾ തൻ്റെ സ്വന്തം മാനം അന്വേഷിച്ചു.

യേശു തന്നെ നമ്മോട് ചെയ്യാൻ പറഞ്ഞതുപോലെ, "താഴ്മയും," "സൗമ്യതയും" നാം യേശുവിൻ്റെ മാതൃകയിൽ നിന്നും പഠിക്കേണ്ട നന്മകളാണ് (മത്താ. 11:29). അല്ലാത്തപക്ഷം അവ അർത്ഥമാക്കുന്നത് എന്താണെന്നതിനെക്കുറിച്ച് തെറ്റായ ഒരു അറിവ് നമുക്കുണ്ടാക്കാൻ കഴിയും.

പണം കൈമാറ്റം ചെയ്യുന്നവരെ ദേവാലയത്തിൽ നിന്ന് പുറത്താക്കുന്നതിൽ നിന്നോ അല്ലെങ്കിൽ യേശു ക്രൂശിനെ ഒഴിവാക്കണം എന്ന തെറ്റായ ഉപദേശം പത്രോസ് പ്രസംഗിച്ചപ്പോൾ "സാത്താനെ എന്നെ വിട്ടു പോ" (മത്താ. 16:22, 23) എന്ന ശക്തമായ വാക്കുകൾ കൊണ്ട് പത്രോസിനെ ശാസിക്കുന്നതിൽ നിന്നോ യേശുവിൻ്റെ താഴ്മയും സൗമ്യതയും അവിടുത്തെ തടഞ്ഞില്ല.

സഭയെ തെറ്റായ വഴിയിലേക്കു നയിക്കുന്നതിനുവേണ്ടി, പത്രൊസിനെ പോലെയുള്ള ഒരു നല്ല സഹോദരനെ പോലും ഉപയോഗിക്കുവാൻ സാത്താനു കഴിയും. അതിനുവേണ്ടി ആ സഹോദരൻ, ക്രൂശിന്റെ വചനം വീര്യം കുറച്ച് സഭായോഗങ്ങളിൽ പ്രസംഗിച്ചേക്കാം. അത്തരം പ്രസംഗങ്ങളെ സാത്താൻ്റെ ശബ്ദമായി എപ്പോഴും തിരിച്ചറിയണം - കാരണം ആ വിധത്തിൽ, ദൈവം സഭയെ കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന ദിശയിൽ നിന്ന് അതിനെ ദൂരെ മാറ്റി കൊണ്ടുപോകാൻ പിശാചിനു കഴിയും.

സഭകളുടെ മൂപ്പന്മാർ എന്ന നിലയിൽ നമുക്കുള്ള ഏറ്റവും വലിയ ഉത്തരവാദിത്തങ്ങളിലൊന്ന്, നമ്മുടെ സഭ പോകേണ്ടതായ ദിശ ഏതാണെന്നു തീരുമാനിക്കുകയാണ്. അത് ലൗകികതയുടെയും പൊത്തുവരുത്തത്തിന്റെയും ദിശ ആയിരിക്കരുത്. അതുപോലെ പരീശത്വത്തിന്റെയും നിയമവാദത്തിൻ്റേതുമായിരിക്കരുത്. എന്നാൽ അത് ക്രൂശിന്റെ മാർഗ്ഗമായിരിക്കണം - ദൈവഹിതത്തിന്റെ ദിശ.

ബിലെയാമിനെ പോലെയുള്ള പ്രാസംഗികർക്ക് സാധാരണയായി വലിയ ദേഹി ബലം ഉണ്ട്. അതുകൊണ്ടുതന്നെ അവർക്ക് സഭയിൽ ഉള്ളവരിൽ അനാരോഗ്യകരമായ ഒരു സ്വാധീനം ഉണ്ടാക്കാൻ കഴിയും. ശക്തമായ മാനുഷിക വ്യക്തിത്വമുള്ള പ്രാസംഗികർക്ക് വ്യത്യാസം കൂടാതെ മറ്റുള്ളവരെ പൂർണ്ണമായി കീഴടക്കിയിട്ട്, തങ്ങളുടെ തലയെന്ന നിലയിൽ അവർ ക്രിസ്തുവിനോട് ബന്ധിപ്പിക്കപ്പെടുന്നതിൽ നിന്നു തടയുന്നു. യഥാർത്ഥ ആത്മീയതയിൽ നിന്ന് അകറ്റി ഉപരിപ്ലവമായ, ലൗകികമായ മതഭക്തിയിലേക്ക് നയിക്കത്തക്ക വിധത്തിലും അവർ മറ്റുള്ളവരെ സ്വാധീനിക്കുന്നു.

ഒരു പ്രാസംഗികൻ തൻ്റെ ദേഹീ - ബലത്തെ മരണത്തിന് ഏൽപ്പിക്കുക എന്നാൽ എന്താണെന്ന് മനസ്സിലാക്കുന്നില്ലെങ്കിൽ, വിശ്വാസികളെ തലയായ ക്രിസ്തുവിനോട് ബന്ധിപ്പിക്കാതെ തന്നോട് തന്നെ ബന്ധിപ്പിക്കും. വിശ്വാസികൾ ആ പ്രാസംഗികനെ ആരാധിക്കുകയും പിൻഗമിക്കുകയും ചെയ്യും, എന്നാൽ അവർ ഒരിക്കലും തങ്ങളുടെ ജീവിതത്തിൽ പാപത്തെയോ ലോകത്തെയോ ജയിക്കുകയില്ല.

ആത്മീയ ശക്തിയും ദേഹി ശക്തിയും തമ്മിൽ വളരെ വലിയ ഒരു അന്തരമുണ്ട്, അതുതന്നെയല്ല അവ രണ്ടും തമ്മിൽ വിവേചിച്ചറിയാൻ നമുക്കു കഴിയണം. ഒരു വ്യക്തിക്ക് ധാരാളം ബൈബിൾ പരിജ്ഞാനവും സംസാരിക്കാനുള്ള വരവും ഉണ്ടാകാം. അയാൾ സഹോദരീ സഹോദരന്മാരോട് വളരെ ആഥിത്യ മര്യാദ ഉള്ളവനും, പ്രായോഗികമായും പലവിധത്തിൽ അവരെ സഹായിക്കുന്നവനും ആയിരിക്കാം. എന്നാൽ അയാൾ ആളുകളെ ക്രിസ്തുവിനോട് ബന്ധിപ്പിക്കാതെ തന്നോടു തന്നെ ബന്ധിപ്പിക്കുകയാണെങ്കിൽ, ക്രിസ്തുവിൻ്റെ ശരീരം പണിയുന്നതിന് അയാൾ ഒരു തടസ്സമായിരിക്കും.

ബിലെയാമിനെ പോലെയുള്ള പ്രാസംഗികർ മറ്റുള്ളവരിൽ നിന്നും സമ്മാനങ്ങൾ സ്വീകരിക്കുന്നതിന് സന്തോഷമുള്ളവരാണ് (സംഖ്യ. 22:15-17). ഒരു സമ്മാനത്തിന് നിങ്ങളുടെ കണ്ണിനെ കുരുടാക്കാൻ കഴിയും (സദൃശ. 17:8), തന്നെയുമല്ല നാം അവരുടെ അടിമകൾ ആകത്തക്കവിധം അതു നമ്മെ അവരോട് കടപ്പെട്ടവരാക്കുന്നു. അത് ദൈവിക സത്യം സംസാരിക്കുന്നതിൽ നിന്നും അതിലൂടെ ഉപകർത്താവിനെ തിരുത്തുന്നതിൽ നിന്നും നമ്മെ തടയുന്നു.

ദൈവത്തിൻ്റെ ഒരു ദാസൻ എല്ലായ്പ്പോഴും സ്വതന്ത്രനായി നിലനിൽക്കണം. "നിങ്ങളെ വിലയ്ക്ക് വാങ്ങിയിരിക്കുന്നു. മനുഷ്യർക്ക് ദാസന്മാരായിരിക്കരുത്" (1 കൊരി. 7:23).