ലേഖകൻ :   സാക് പുന്നൻ വിഭാഗങ്ങൾ :   സഭ ശിഷ്യന്‍
WFTW Body: 

ക്രിസ്തു സ്വര്‍ഗ്ഗാരോഹണം ചെയ്തതിനുശേഷം, അവിടുന്ന് സഭയ്ക്ക് വരങ്ങള്‍ നല്‍കി. ഈ ദാനങ്ങള്‍ മനുഷ്യരായിരുന്നു. ക്രിസ്തു തന്‍റെ സഭയ്ക്ക് അപ്പൊസ്തലന്മാരെയും, പ്രവാചകന്മാരെയും, സുവിശേഷകന്മാരെയും, ഇടയന്മാരെയും, ഉപദേഷ്ടാക്കന്മാരെയും നല്‍കി (എഫെസ്യര്‍ 4:11). വരപ്രാപ്തരായ ഈ പുരുഷന്മാര്‍ എല്ലാ വിശ്വാസികളെയും ക്രിസ്തുവിന്‍റെ ശരീരം പണിയുവാന്‍ തക്കവണ്ണം സജ്ജരാക്കേണ്ട ആവശ്യമുണ്ട്. ഇത് ശ്രദ്ധിക്കുവാന്‍ തക്കവണ്ണം പ്രാധാന്യമുളള കാര്യമാണ്. വരപ്രാപ്തരായ പുരുഷന്മാര്‍ സ്വയമായി അല്ല പണിയേണ്ടത്. സഭ പണിയുവാന്‍ തക്കവണ്ണം അവര്‍ വിശ്വാസികളെ സജ്ജരാക്കേണ്ടതുണ്ട്. ക്രിസ്തുവിന്‍റെ ശരീരം പണിയുന്നതില്‍ ഓരോ വിശ്വാസിക്കും അവനവന്‍റെ പങ്കുണ്ട്. എന്നാല്‍ അത്തരം ഒരു വേല വളരെ വിരളമായി മാത്രമെ ഇന്നു കാണപ്പെടുന്നുളളു.

വരപ്രാപ്തരായ ആളുകളില്‍ ഒന്നാമത് വരുന്നത് അപ്പൊസ്തലന്മാരാണ്. അവര്‍ ആദ്യത്തെ 12 അപ്പൊസ്തലന്മാര്‍ മാത്രമല്ല, കാരണം, അവിടെ പറയുന്നത് ക്രിസ്തുവിന്‍റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം ക്രിസ്തു അവരെ സഭയ്ക്കു നല്‍കി എന്നാണ്. അപ്പോസ്തല പ്രവൃത്തിയില്‍ നാം വായിക്കുന്നത് പൗലൊസും ബര്‍ന്നബാസും അപ്പൊസ്തലന്മാര്‍ എന്നു വിളിക്കപ്പെടുന്നതായിട്ടാണ്. വെളിപ്പാട് 2:2 ല്‍, നാം വായിക്കുന്നത് ആദ്യത്തെ 12 അപ്പൊസ്തലന്മാരില്‍ ഒരാള്‍ (യോഹന്നാന്‍) മാത്രം ജീവിച്ചിരുന്ന സമയത്ത്, കര്‍ത്താവ് എഫെസൊസിലെ സഭയുടെ ദൂതനോട് ഇപ്രകാരം അരുളിച്ചെയ്തു. "അപ്പൊസ്തലന്മാരല്ലാതിരിക്കെ തങ്ങള്‍ അപ്പൊസ്തലന്മാര്‍ എന്നു പറയുന്നവരെ നീ പരീക്ഷിച്ചു കളളന്മാര്‍ എന്നു കണ്ടതും". അതു തെളിയിക്കുന്നത് ആ സമയത്ത് വേറെയും യഥാര്‍ത്ഥ അപ്പൊസ്തലന്മാര്‍ ഉണ്ടായിരുന്നു എന്നാണ്, അല്ലാത്തപക്ഷം തങ്ങള്‍ അപ്പൊസ്തലന്മാര്‍ എന്ന് അവകാശപ്പെടുന്നവരെ പരീക്ഷിക്കേണ്ട ഒരാവശ്യവും ഉണ്ടാകുമായിരുന്നില്ല. അപ്പൊസ്തലന്മാര്‍ ഇന്നും ഉണ്ട്. അപ്പൊസ്തലന്മാര്‍ തിരുവചനം എഴതുന്നവര്‍ ആയിരിക്കണമെന്നില്ല. അന്ത്രയോസും ആദ്യത്തെ അപ്പൊസ്തലന്മാരില്‍ മിക്കവരും വചനങ്ങളൊന്നും എഴുതിയിട്ടില്ല. തന്നെയുമല്ല മര്‍ക്കോസിനെയും ലൂക്കോസിനെയും പോലെ അപ്പൊസ്തലന്മാരല്ലാത്തവരും തിരുവചനം എഴുതിയിട്ടുണ്ട്. ഒരു പ്രത്യേക ദൗത്യവുമായി ദൈവത്താല്‍ അയയ്ക്കപ്പെട്ടവരാണ് അപ്പൊസ്തലന്മാര്‍.' അപ്പൊസ്തലന്‍' എന്ന വാക്കിന്‍റെ അര്‍ത്ഥം അയയ്ക്കപ്പെട്ടവന്‍ എന്നാണ് - ഒരു പ്രത്യേക സ്ഥലത്തേക്ക് ഒരു പ്രത്യേക സമയത്ത് ദൈവത്താല്‍ അയയ്ക്കപ്പെടുന്ന ഒരു പുരുഷന്‍. അവര്‍ അനേകം ഇടങ്ങളില്‍ പ്രാദേശിക സഭകള്‍ സ്ഥാപിക്കുകയും ആ സ്ഥലങ്ങളില്‍ മൂപ്പന്മാരെ നിയമിക്കുകയും ചെയ്യുന്നു. അനന്തരം ഈ അപ്പൊസ്തലന്മാര്‍ ആ മൂപ്പന്മാര്‍ക്ക് മൂപ്പന്മാരാകുകയും, അവര്‍ക്ക് വഴികാട്ടുകയും, അവരുടെ സഭാപരമായ പ്രശ്നങ്ങള്‍ പരിഹരിക്കുകയും, അവരെ പക്വതയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഒരു അപ്പൊസ്തലന്‍ ഒരു സഭയിലെ അംഗം ആണെങ്കില്‍ പോലും ആ പ്രാദേശിക സഭയിലെ അംഗങ്ങളുടെ മേല്‍ അദ്ദേഹത്തിന് ഒരു ഉത്തരവാദിത്തവും ഉണ്ടായിരിക്കുകയില്ല. അദ്ദേഹത്തിന് ഉത്തരവാദിത്തമുളളത് സഭകളുടെ മൂപ്പന്മാരുടെ മേലാണ്.

അടുത്തായി വരുന്നത് പ്രവാചകന്മാരാണ്. ഒരു സഭയിലുളള പ്രശ്നങ്ങള്‍ തിരിച്ചറിയുവാനുളള വിവേചനം നല്‍കപ്പെട്ട ആളുകളാണിവര്‍. ഒരു രോഗിയുടെ രോഗം കണ്ടുപിടിച്ച്, അയാള്‍ക്ക് ശരിയായ മരുന്നുനല്‍കുകയോ, അല്ലെങ്കില്‍ ആവശ്യമായ ശസ്ത്രക്രിയ നടത്തി, അര്‍ബുദം എടുത്തുമാറ്റി അയാളെ സുഖപ്പെടുത്തുകയോ ചെയ്യുന്ന ഒരു ഡോക്ടറിനെ പോലെയാണവര്‍. പ്രവാചകന്മാര്‍ അത്ര ജനപ്രീതിയാര്‍ജ്ജിച്ചവരല്ല, കാരണം അവര്‍ എപ്പോഴും ഓരോ സഭയിലുമുളള പാപത്തിന്‍റെ അര്‍ബുദം തുറന്നു കാട്ടുന്നവരാണ്. മിക്കയാളുകളും തങ്ങളുടെ ശരീരത്തിന്‍റെ സൂക്ഷ്മ പരിശോധനയുടെ ഫലം കാണുവാന്‍ സന്തോഷമുളളവരല്ല. അതു പോലെ തന്നെ, മിക്കവിശ്വാസികള്‍ക്കും അവരുടെ പാപകരമായ ആന്തരികാവസ്ഥ ഒരു പ്രവാചകന്‍ പറയുന്നത് സന്തോഷമല്ല. എന്നാല്‍ ഇത് ഒരു പ്രാദേശിക സഭയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ശുശ്രൂഷയാണ്. ഏതൊരുസഭയും ആത്മീയ ജീവനില്‍ നിലനില്‍ക്കേണ്ടതിന്, ഓരോ കൂടി വരവിലും പാപത്തെ തുറന്നുകാണിക്കുന്ന പ്രവാചകന്മാര്‍ അതിനുണ്ടായിരിക്കണം. അപ്പോള്‍ ആളുകള്‍ക്ക് തങ്ങളുടെ മറഞ്ഞിരിക്കുന്ന പാപങ്ങള്‍ ബോധ്യപ്പെടുകയും ദൈവം ആ യോഗത്തില്‍ സന്നിഹിതനാണെന്ന് അംഗീകരിക്കുകയും അവിടുത്തെ അടുത്തേക്ക് തിരിയുകയും ചെയ്യും (1 കൊരിന്ത്യര്‍ 14:24,25) ആളുകളോട് അവര്‍ എവിടെ പോകണം അല്ലെങ്കില്‍ ആരെ വിവാഹം കഴിക്കണം എന്ന് പറയുന്ന അല്ലെങ്കില്‍ ന്യായവിധി കൊണ്ട് അവരെ ഭീഷണിപ്പെടുത്തുന്ന ഇന്നത്തെ ക്രിസ്തീയഗോളത്തില്‍ ഉളള കളള പ്രവാചകന്മാരുടെ കൂട്ടത്തെയല്ല ഞാനിവിടെ സൂചിപ്പിക്കുന്നത്. അത് വ്യാജ പ്രവചനമാണ്. പുതിയ ഉടമ്പടിയില്‍ ഒരിക്കലും നിര്‍ദ്ദേശകമായ പ്രവചനം കാണുന്നില്ല. അത് പഴയ ഉടമ്പടി പ്രകാരമുളള പ്രവാചകന്മാരുടെ ശുശ്രൂഷ ആയിരുന്നു, അത് പ്രവാചകന്മാര്‍ക്കുമാത്രം പരിശുദ്ധാത്മാവുണ്ടായിരുന്ന സമയമായിരുന്നു. എന്നാല്‍ ഇന്നത്തെ സ്ഥിതി അതല്ല. അടുത്തത് സുവിശേഷകന്മാരാണ്. ഒരിക്കലും സുവിശേഷം കേട്ടിട്ടില്ലാത്തവരെക്കുറിച്ച് ഒരു ഭാരം നല്‍കപ്പെട്ടിട്ടുളളവരും ആളാംപ്രതി സുവിശേഷീകരണത്തിലൂടെയോ സുവിശേഷ യോഗങ്ങളിലൂടെയോ അവരെ കര്‍ത്താവിലേക്കു കൊണ്ടുവരുവാനുളള കഴിവു നല്‍കപ്പെട്ടവരോ ആയ വിശ്വാസികളാണവര്‍. ഒരു കഷണം റൊട്ടി (ഒരു അവിശ്വാസി) എടുത്ത് വായിലേക്കിടുന്ന മനുഷ്യശരീരത്തിലെ കൈ പോലെയാണ് സുവിശേഷകന്‍ . ആ റൊട്ടിക്കഷണത്തെ ചവച്ച് അതിനെ ചെറുതാക്കുന്ന പല്ലു പോലെയും അതിന്‍റെ വലിപ്പം കുറയ്ക്കുന്നതിന് അതിലേക്ക് ആസിഡ് പകര്‍ന്ന് അതിനെ ശരീരത്തിന്‍റെ ഭാഗമാക്കുന്ന ആമാശയം പോലെയുമാണ് ഒരു പ്രവാചകന്‍. റൊട്ടിക്കഷണങ്ങള്‍ പെറുക്കി എടുക്കുന്ന ശാന്തമായ ശുശ്രൂഷയാണ്, ആസിഡ് പകരുന്ന ശുശ്രൂഷയെക്കാള്‍ പ്രശംസിക്കപ്പെടുന്നത്. റൊട്ടിക്കഷണം ശരീരത്തിന്‍റെ ഒരു ഭാഗമായി തീരുവാന്‍ ഈ രണ്ടു ശുശ്രൂഷകളും ആവശ്യമാണ്. അതുകൊണ്ട് സുവിശേഷകനും പ്രവാചകനും ഒരുമിച്ചു ചേര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്.

അടുത്തതായി വരുന്നത് ഇടയന്മാരാണ്. പൊയിമെന്‍ (നാമം) പൊയിമയിനൊ (ക്രിയ) എന്നീ രണ്ടുപദങ്ങളും പുതിയ നാമത്തില്‍ 29 പ്രാവശ്യം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇവ എല്ലായ്പ്പോഴും"ഇടയനെന്നും" മറ്റുളള ഓരോ ഇടങ്ങളില്‍ "മേയിക്കുക" എന്നുമാണ് പരിഭാഷപ്പെടുത്തിയിട്ടുളളത്. ഇവിടെ മാത്രമാണ് ഇത് ' പാസ്റ്റര്‍' എന്നു പരിഭാഷപ്പെടുത്തിയിട്ടുളളത്. ഇത്, ഈ ശുശ്രൂഷയെക്കുറിച്ച് ക്രിസ്തീയഗോളത്തില്‍ അനേകം തെറ്റായ ധാരണകളുണ്ടാക്കുവാന്‍ ഇടയാക്കിയിട്ടുണ്ട്. ഇടയന്മാര്‍ എന്നാല്‍ ആടുകളെ സംരക്ഷിക്കുന്നവരും അവയ്ക്കു വിശക്കുമ്പോഴോ, മുറിവേല്‍ക്കുമ്പോഴോ അവയ്ക്കു വേണ്ടി കരുതുന്നവരുമാണ്. ഒരു ഇടയന്‍റെ ജോലി ആടുകളെ പരിപാലിക്കുക, ചെറിയവയെ (കുഞ്ഞാടുകളെ) കരുതലോടെ പതുക്കെ നടത്തുക, അവ പക്വതയിലേക്കു വളരുന്നു എന്നുറപ്പാക്കുക ഇവയാണ്. ഓരോ സഭയ്ക്കും ഇടയന്മാരെ ആവശ്യമുണ്ട്, വെറും ഒരു പാസ്റ്ററെ അല്ല. യേശു 12 പേരെ മാത്രമെ മേയിച്ചുളളൂ. അതുകൊണ്ട് ഒരു സഭയില്‍ 120 പേരുണ്ടെങ്കില്‍, അവരെ പരിപാലിക്കുവാന്‍ 10 ഇടയന്മാരെ ആവശ്യമുണ്ട്. 'പാസ്റ്റര്‍' എന്ന സ്ഥാനപ്പേരില്‍ ശമ്പളം പറ്റുന്ന 10 പൂര്‍ണ്ണസമയ വേലക്കാരെക്കുറിച്ചല്ല ഞാന്‍ പരാമര്‍ശിക്കുന്നത്. തങ്ങളെക്കാള്‍ പ്രായംകുറഞ്ഞവരെ സൂക്ഷിക്കുന്ന (കരുതുന്ന) ഒരിടയന്‍റെ ഹൃദയമുളളവരെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. അവര്‍ ലോകപ്രകാരമുളള ഒരു ജോലിയുളളവര്‍ ആകാം എന്നാല്‍ സഭയിലുളള ഇളയസഹോദരങ്ങളെ പ്രോത്സാഹിപ്പിക്കുവാന്‍ നോക്കുന്നവരായിരിക്കും. 25- വയസ്സ് പ്രായമുളള ഒരുവന് അവന്‍റെ സഭയിലുളള എല്ലാ കൗമാരപ്രായക്കാരെയും പ്രോത്സാഹിപ്പിക്കുവാന്‍ കഴിയും. അങ്ങനെ അവന്‍ അവര്‍ക്ക് ഒരിടയനായിരിക്കും. അതു പോലെയുളള അനേകര്‍ക്ക് ഒരു സഭയിലെ മൂപ്പന് ഒരു വലിയ സഹായമായിരിക്കാന്‍ കഴിയും. ഒരു സഭ വലിപ്പത്തില്‍ വളരുന്നതനുസരിച്ച്, അതിനു കൂടുതല്‍ ഇടയന്മാരെ ആവശ്യമായി വരുന്നു. ക്രിസ്തുവിന്‍റെ ശരീരത്തിനുവേണ്ടിയുളള ദൈവത്തിന്‍റെ പദ്ധതിയില്‍ വലിയ സഭകള്‍ (മെഗാ സഭകള്‍) ഇല്ല, എന്നാല്‍ ഒരു പിതാവിന്‍റെ ഹൃദയമുളള ഇടയന്മാരുളള ചെറിയ സഭകളാണ്. വലിയ സഭകള്‍ വാസ്തവത്തില്‍ രസിപ്പിക്കപ്പെടുവാനും വിദ്യ അഭ്യസിപ്പിക്കപ്പെടുവാനുമായി ആളുകള്‍ വന്നു കൂടുന്ന പ്രസംഗ കേന്ദ്രങ്ങളാണ്, എന്നാല്‍ അവിടെ കൃപയില്‍ വളരുവാന്‍ കഴിയുന്നില്ല. അത്തരം സഭകളുടെ നേതാക്കന്മാര്‍ കേവലം ഭരണാധികാരികളും, പ്രസംഗകര്‍/ അധ്യാപകരമുമാണ് - എന്നാല്‍ ഇടയന്മാരല്ല.

ഒടുവിലായി നമുക്ക് ലഭിച്ചിരിക്കുന്നത് ഉപദേഷ്ടാക്കന്മാരെയാണ്. ദൈവ വചനം വിശദീകരിച്ചു കൊടുക്കുവാനും അതിനെ ലളിതവും സുഗ്രാഹ്യവും ആക്കി തീര്‍ക്കുവാനും കഴിവുളളവരാണിവര്‍. ക്രിസ്തീയഗോളത്തില്‍ നല്ല ഉപദേഷ്ടാക്കന്മാര്‍ അധികമില്ല. എന്നാല്‍ ഓരോ സഭയ്ക്കും ഓരോ ഉപദേഷ്ടാവിന്‍റെ ആവശ്യമില്ല. 20 അല്ലെങ്കില്‍ 30 സഭകളില്‍ ചുറ്റിസഞ്ചരിച്ച് പഠിപ്പിക്കുവാന്‍ ഒരു ഉപദേഷ്ടാവ് മതി. ഈ നാളുകളില്‍ സി.ഡി, ഡി.വി.ഡി, ഇന്‍റര്‍നെറ്റ് ഇവയിലൂടെ ഒരു ഉപദേഷ്ടാവിന് നൂറുകണക്കിന് സഭകളില്‍ എത്തിച്ചേരുവാന്‍ കഴിയും. അതുപോലെ, ഓരോ സഭയ്ക്ക് ഓരോ സുവിശേഷകന്‍റെ ആവശ്യമില്ല, കാരണം ഒരു സുവിശേഷകന് ആളുകളെ ക്രിസ്തുവിലേക്കു കൊണ്ടുവന്നു കഴിഞ്ഞ് മറ്റെവിടേക്കെങ്കിലും നീങ്ങുവാന്‍ കഴിയും. എന്നാല്‍ ഓരോ സഭയ്ക്കും ആവശ്യമുളളത് പ്രവാചകന്മാരും ഇടയന്മാരുമാണ്.

ഈ എല്ലാ ശുശ്രൂഷകളുടെയും ഉദ്ദേശ്യം ക്രിസ്തുവിന്‍റെ ശരീരം പണിയപ്പെടുക എന്നതാണ്. ഒരു സുവിശേഷകന്‍ ദേഹികളെ ക്രിസ്തുവിലേക്കു കൊണ്ടുവന്നിട്ട് അവരോട് അവര്‍ക്കിഷ്ടമുളള ഏതെങ്കിലും സഭയിലേക്കോ അല്ലെങ്കില്‍ അവരുടെ പഴയ നിര്‍ജ്ജീവ സഭയിലേക്കോ പോകുവാന്‍ പറയരുത്. എഫെസ്യര്‍ 4 ല്‍ പറയപ്പെടുന്ന സുവിശേഷകന്‍ ഈ തരത്തിലുളളവനല്ല. എന്നാല്‍ നിര്‍ഭാഗ്യവശാല്‍, തങ്ങളുടെ പേര് അവരുടെ ശുശ്രുഷയോട് ചേര്‍ത്തിരിക്കുന്ന സുവിശേഷകന്മാരാണ് ഇന്ന് നമുക്കുളളത്. അവര്‍ മീറ്റിംഗുകള്‍ സംഘടിപ്പിക്കുകയും ആളുകള്‍ രക്ഷിക്കപ്പെടുകയും (പ്രതീക്ഷയോടെ) ചെയ്യുന്നു. അതിനുശേഷം സുവിശേഷകന്മാര്‍ അവരോട് അവരുടെ നിര്‍ജ്ജീവ സഭകളിലേക്ക് തിരിച്ചു പോകുവാന്‍ പറയുന്നു. ആ ചത്ത സഭകളില്‍ അവരെ സത്യത്തിലേക്കു നയിക്കുവാന്‍ അവിടെ ഇടയന്മാരോ, ഉപദേഷ്ടാക്കന്മന്മാരോ ഇല്ല. ഇവിടെ എഫെസ്യര്‍ 4ല്‍, അപ്പൊസ്തലന്മാര്‍, ഇടയന്മാര്‍, ഉപദേഷ്ടാക്കന്മാര്‍ എന്നിവരോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സുവിശേഷകന്മാരെക്കുറിച്ചാണ് നാം വായിക്കുന്നത്. സുവിശേഷകന്മാര്‍, രക്ഷിക്കപ്പെടുന്നവരെ നല്ല ഇടയന്മാര്‍ക്കു കൈമാറണം. ഈ വിധത്തിലുളള സഹകരണമാണ് ക്രിസ്തുവിന്‍റെ ശരീരത്തില്‍ നമുക്ക് ആവശ്യമായിട്ടുളളത്. സഭയുടെ പ്രാരംഭനാളുകളില്‍ അത് ഇപ്രകാരമായിരുന്നു. ഫിലിപ്പ് ഒരു സുവിശേഷകനായിരുന്നു എന്നാല്‍ ഒരു അപ്പൊസ്തലനോ, ഒരു ഇടയനോ ആയിരുന്നില്ല (പ്രവൃത്തി 8). അതുകൊണ്ട് ശമര്യയിലുളള മറ്റുളളവര്‍, രക്ഷിക്കപ്പെട്ടവരെ ദൈവത്തിന്‍റെ സത്യത്തിലേക്ക് മുന്നോട്ടു നടത്തുവാനുളള ഉത്തരവാദിത്വം ഫിലിപ്പില്‍ നിന്ന് ഏറ്റെടുത്തു. തങ്ങളുടെ സ്വന്തഹിതപ്രകാരം അലഞ്ഞു നടക്കുവാന്‍ ഫിലിപ്പ് അവരെ അനുവദിച്ചില്ല.