ലേഖകൻ :   സാക് പുന്നൻ
WFTW Body: 

കൊരിന്തിലുള്ള സഭയ്ക്ക് , പൗലൊസ് ഇപ്രകാരം എഴുതി, " നിങ്ങൾ ക്രിസ്തുവിൻ്റെ ശരീരവും വെവ്വേറെയായി അവയവങ്ങളും ആകുന്നു '' ( 1 കൊരി. 12 :27). എഫെസ്യയിലെ ക്രിസ്ത്യാനികൾക്കുള്ള പൗലൊസിൻ്റെ ലേഖനം കേന്ദ്രീകരിച്ചിരിക്കുന്നത് വിശ്വാസികൾ ക്രിസ്തുവിൽ ഏക ശരീരമായിരിക്കുന്നു എന്ന മഹത്തായ സത്യത്തിനു ചുറ്റുമായാണ്. ക്രിസ്തു സഭയുടെ ശിരസ്സാണ് , സഭ അവിടുത്തെ ശരീരവുമാണ് (എഫെ. 1: 22, 23 ). ഓരോ വിശ്വാസിയും ഈ ശരീരത്തിൻ്റെ അവയവമാണ് . എഫെ. 4: 1, 2 വാക്യങ്ങളിൽ നാം ഇപ്രകാരം വായിക്കുന്നു "കർതൃസേവ നിമിത്തം ബദ്ധനായിരിക്കുന്ന ഞാൻ പ്രബോധിപ്പിക്കുന്നത് : നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമാം വണ്ണം പൂർണ്ണ വിനയത്തോടും, സൗമ്യതയോടും, ദീർഘക്ഷമയോടും കൂടെ നടക്കയും സ്നേഹത്തിൽ അന്യോനം പൊറുക്കയും ചെയ് വിൻ". ദൈവം അന്വേഷിക്കുന്നത് താഴ്മയും സൗമ്യതയും ക്ഷമയും ആണ്. എഫെ. 4:2( എൽ ബി ) പറയുന്നത്, " മറ്റുള്ളവരുടെ തെറ്റുകൾക്ക് സ്നേഹത്തിൽ വിട്ടുവീഴ്ച നൽകുക ". ഏതൊരു സഭയിലുമുള്ള ആരും തികഞ്ഞവരല്ല. എല്ലാവർക്കും തെറ്റു പറ്റുന്നു അതുകൊണ്ട് സഭയിൽ നാം അന്യോന്യം തെറ്റുകൾ വഹിക്കണം . " നീ ഒരു തെറ്റ് ചെയ്താൽ ഞാൻ അതിനെ മറയ്ക്കും . നീ എന്തെങ്കിലും ചെയ്യാതെ വിട്ടാൽ ഞാൻ അതു ചെയ്യും". അങ്ങനെയാണ് ക്രിസ്തുവിൻ്റെ ശരീരം പ്രവർത്തിക്കേണ്ടത്. എഫെ 4:3 ൽ നാം വായിക്കുന്നത് , "ആത്മാവിൻ്റെ ഐക്യത സമാധാന ബന്ധത്തിൽ കാപ്പാൻ ഉത്സാഹിക്ക " എന്നാണ് . പൗലൊസിൻ്റെ മിക്ക ലേഖനങ്ങളിലെയും പ്രതിപാദ്യ വിഷയം ഐക്യം ആണ്. തൻ്റെ സഭയ്ക്കുവേണ്ടി കർത്താവിൻ്റെ ഭാരവും ഇതു തന്നെയാണ്. ക്രിസ്തുവിൻ്റെ ശരീരത്തിൽ , ഓരോ അംഗങ്ങളും ആദ്യം ആന്തരികമായി ശിരസ്സുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. പിന്നെ വേർതിരിക്കാനാവാത്തവിധം മറ്റ് അംഗങ്ങളുമായും ആന്തരികമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. അവരുടെ ഐക്യം പിതാവിൻ്റെയും പുത്രൻ്റെയും ഐക്യം പോലെ ആകുന്നതുവരെ ഈ അവയവങ്ങൾ ഒരുമയിൽ വളരണം (യോഹ. 17: 21- 23 ).

എഫെ. 4 : 16 ൽ പൗലൊസ് " ശരീരം മുഴുവനും യുക്തമായി ചേർന്ന് ഏകീഭവിച്ചും ഓരോ അംഗത്തിൻ്റെ അതതു വ്യാപാരത്തിന് ഒത്തവണ്ണം ഉതവി ലഭിപ്പാനുള്ള ഏതു സന്ധിയാലും സ്നേഹത്തിലുള്ള വർദ്ധനയ്ക്കായി അവനിൽ നിന്ന് വളർച്ച പ്രാപിക്കുന്ന " തിനെ കുറിച്ചു പറയുന്നു. ഇവിടെ സന്ധി എന്നത് കൂട്ടായ്മയെ കുറിച്ചു സംസാരിക്കുന്നു. ഒരു കയ്യിൽ തന്നെ എത്ര സന്ധികൾ ഉണ്ടെന്ന് കണക്കാക്കി നോക്കുക. തോളിൽ ഒരു സന്ധി ഉണ്ട് , മറ്റൊന്ന് കൈ മുട്ടിൽ, മണി ബന്ധത്തിൽ ഒരെണ്ണം , പിന്നെ ഓരോ വിരലിലും 3 വീതം - കുറഞ്ഞത് 17 എണ്ണം. സ്വതന്ത്രമായി പ്രവർത്തിക്കുവാൻ നിങ്ങളുടെ കൈകളെ കഴിവുള്ളതാക്കുന്നത് ഈ സന്ധികളാണ് . നിങ്ങൾക്ക് ബലമുള്ള ഒരു മേൽ ഭുജവും ശക്തമായ ഒരു കീഴ്ഭുജവും ഉണ്ടെങ്കിലും നിങ്ങളുടെ കൈമുട്ട് വഴങ്ങാത്തതാണെങ്കിൽ ആ ഭുജം കൊണ്ട് നിങ്ങൾക്കെന്തു ചെയ്യാൻ കഴിയും? ഒന്നും ചെയ്യാൻ കഴിയില്ല. കേവലം ശക്തിയല്ല നിങ്ങളുടെ ഭുജത്തെ ഉപയോഗപ്രദമാക്കുന്നത് . പ്രവർത്തനക്ഷമമായ സന്ധികളും കൂടെയാണ് . ക്രിസ്തുവിൻ്റെ ശരീരത്തിൽ ഇതിൻ്റെ പ്രായോഗികതയെ കുറിച്ചു ചിന്തിക്കുക . ഇവിടെ ഇതാ ഒരു നല്ല സഹോദരൻ, ശക്തമായ ഒരു മേൽ ഭുജം. ഇവിടെ ഇതാ വേറെ ഒരു നല്ല സഹോദരനുമുണ്ട് , ശക്തമായ ഒരു കീഴ്ഭുജം . എന്നാൽ അന്യോന്യം കൂട്ടായ്മ ആചരിക്കുവാൻ അവർക്കു കഴിയുന്നില്ല . ഇന്ന് ക്രിസ്തുവിൻ്റെ ശരീരത്തിലുള്ള ദുരന്തം ഇതാണ് . മനുഷ്യശരീരത്തിൽ ഇതിനു സന്ധിവാതം എന്നാണു പറയുന്നത് . അതു വളരെ വേദനയുള്ളതുമാണ്. അനേകം പ്രാദേശിക സഭകൾ സന്ധിവാതമുള്ളവയാണ്. നമ്മുടെ സന്ധികൾ ശരിയായ വിധത്തിൽ പ്രവർത്തിക്കുമ്പോൾ, അവിടെ ഒച്ച ഒന്നുമില്ല. എന്നാൽ ഒരു ശരീരത്തിനു സന്ധിവാതം ഉള്ളപ്പോൾ, അതു കിറുകിറു ശബ്ദം ഉണ്ടാക്കുകയും ഓരോ ചലനവും അനാരോഗ്യ കരമായ ഒരു ഒച്ച പുറപ്പെടുവിക്കുകയും ചെയ്യുന്നു. ചില വിശ്വാസികളുടെ ഇടയിൽ 'കൂട്ടായ്മ ' എന്നു പറയപ്പെടുന്നത് കൃത്യമായി അതുപോലെയാണ് . അതു കിറുകിറു ശബ്ദം ഉണ്ടാക്കുന്നു. എന്നാൽ സന്ധികൾ നന്നായി പ്രവർത്തിക്കുമ്പോൾ , അവിടെ ഒട്ടും ഒച്ച ഉണ്ടാകുന്നില്ല . നമുക്കു തമ്മിലുള്ള കൂട്ടായ്മ അങ്ങനെ ആയിരിക്കണം. നിങ്ങളുടെ കാര്യത്തിൽ അത് അങ്ങനെ അല്ലെങ്കിൽ , നിങ്ങൾ സന്ധിവാതത്തിനുള്ള ചില മരുന്നുകൾ കഴിക്കണം : നിങ്ങളുടെ "സ്വയ- ജീവന് " നിങ്ങൾ മരിക്കുക. അപ്പോൾ നിങ്ങൾ സുഖം പ്രാപിക്കുകയും മറ്റുള്ളവരുമായുള്ള നിങ്ങളുടെ കൂട്ടായ്മ മഹത്വകരമായി തീരുകയും ചെയ്യും. ക്രിസ്തുവിൻ്റെ ശരീരത്തിൽ അതാണു ദൈവഹിതം.

പഴയനിയമത്തിൽ , ദൈവജനമായ യഹൂദന്മാർക്ക് , ഒരു ശരീരമായി തീരുക എന്നത് അസാധ്യമായിരുന്നു . യേശുക്രിസ്തു സ്വർഗ്ഗാരോഹണം ചെയ്ത് പരിശുദ്ധാത്മാവിനെ മനുഷ്യനിൽ വസിക്കുവാനായി പകർന്നതിനു ശേഷം മാത്രമാണ് അതു സാധ്യമായത്. ഇപ്പോൾ രണ്ടു പേർക്ക് ഒന്നായി തീരാൻ കഴിയും . പഴയനിയമത്തിൽ ഇസ്രായേൽ ഒരു കൂടിവരവായിരുന്നു. രാഷ്ട്രം വലിപ്പത്തിൽ വളർന്നു , എന്നാൽ അപ്പോഴും അതൊരു കൂടിവരവുമാത്രമായിരുന്നു. പുതിയ നിയമത്തിൽ ഏതു വിധത്തിലായാലും , സഭ ഒരു ശരീരമായിരിക്കണം, ഒരു കൂടിവരവല്ല. രണ്ടു പേർ ഒന്നായി തീരുന്നില്ലെങ്കിൽ , അപ്പോൾ അവിടെ നിങ്ങൾക്കുള്ളതെല്ലാം ഒരു കൂടിവരവാണ് - ക്രിസ്തുവിൻ്റെ ശരീരത്തിൽ പ്രാധാന്യമുള്ളത് ' വലിപ്പമല്ല' ഐക്യമാണ്. ഈ നിലവാരമനുസരിച്ച് ഒരു കൂടിവരവല്ലാത്ത ഒരു സഭ കണ്ടെത്തുന്നതു പ്രയാസമുള്ളതായി തീരും . ഒരാൾക്ക് വലിപ്പത്തിൽ വളരുന്ന കൂടിവരവുകൾ എല്ലായിടത്തും കണ്ടെത്താൻ കഴിയും - എന്നാൽ ഐക്യത്തിൽ വളരുന്നതിനെ അല്ല. നേതൃനിരയിൽ പോലും വഴക്കും അസൂയയും മത്സരവും കണ്ടെത്തുന്നു . ലോകമെമ്പാടും വ്യത്യസ്ത സ്ഥലങ്ങളിൽ ക്രിസ്തുവിൻ്റെ ശരീരത്തിൻ്റെ ഒരു ആവിഷ്കാരം ഉണ്ടാകണമെന്ന് ദൈവം ആഗ്രഹിക്കുന്നു .

ക്രിസ്തുവിൻ്റെ ശരീരത്തിൽ , ഓരോ വ്യക്തിയും വിലമതിക്കപ്പെടുന്നു , അയാൾ വരപ്രാപ്തനല്ലെങ്കിൽ പോലും. അയാൾ വിലമതിക്കപ്പെടുന്നത് താൻ ശരീരത്തിലെ ഒരംഗം ആയതിനാലാണ് . വാസ്തവത്തിൽ, ശരീരത്തിൽ ഭിന്നത വരാതെ അവയവങ്ങൾ അന്യോന്യം ഒരുപോലെ കരുതേണ്ടതിനായി ദൈവം വരങ്ങൾ കുറഞ്ഞ അവയവത്തിന് അധികം മാനം നൽകുന്നു എന്നു പറഞ്ഞിരിക്കുന്നു ( 1 കൊരി. 12: 24 ,25 ). സഭയിൽ നാം ദൈവത്തിൻ്റെ മാതൃക പിന്തുടർന്ന് ഒരു വരവും ഇല്ലാത്തവരെ പോലും മാനിക്കേണ്ടതുണ്ട് , അവർ ദൈവഭയമുള്ളവരും വിനീതരും ആണെങ്കിൽ. ബാബിലോണിൽ , വരപ്രാപ്തരായ പ്രാസംഗികൻ , വരപ്രാപ്തനായ ഗായകൻ, മാനസാന്തരപ്പെട്ട ബഹിരാകാശ യാത്രികൻ തുടങ്ങിയവരാണ് മാനിക്കപ്പെടുന്നത് . എന്നാൽ സഭയിൽ (ദൈവത്തിൻ്റെ കൂടാരത്തിൽ) നാം മാനിക്കുന്നത് കർത്താവിനെ ഭയപ്പെടുന്നവരെയാണ് ( സങ്കീ. 15 :1 , 4 ). ബാബിലോണിനും യെരുശലേമിനും തമ്മിൽ ഒരു ലോകത്തിൻ്റെ വ്യത്യാസമുണ്ട്. ഇന്നു ദൈവം നമ്മെ ബാബിലോണിൽ നിന്നു പുറത്തുവന്ന് യെരുശലേം പണിയുന്നതിനായി വിളിക്കുന്നു ( വെളി.18: 4) .

നമുക്ക് ക്രിസ്തുവിൻ്റെ ശരീരം കാണാൻ കഴിഞ്ഞാൽ മാത്രമേ, അവിടെ അസൂയയ്ക്ക് ഒരിടവും ഇല്ലാതിരിക്കുകയുള്ളൂ . മനുഷ്യശരീരത്തിൽ, കാലിന് ഒരു കാലു മാത്രമായിയിരിക്കുന്നതിൽ ഒരു പ്രശ്നവും ഇല്ല . അത് ഒരു കാലിനേക്കാൾ കൂടുതലായി മറ്റൊന്നും ആകുവാൻ ആഗ്രഹിക്കുന്നില്ല തന്നെയുമല്ല ഒരു കൈ ആയിത്തീരുന്നതിനെക്കുറിച്ച് ഒരിക്കലും സ്വപ്നം കാണുന്നുമില്ല. ഒരു കാൽ ആയി ഇരിക്കുന്നതിൽ അതു തികച്ചും സംതൃപ്തമാ ണ്. അതിനെ ഒരു കാലാക്കിയതിൽ ദൈവത്തിന് ഒരു അബദ്ധവും പറ്റിയിട്ടില്ല എന്ന് അതിനറിയാം . ഒരു കാല് ആയിരിക്കുന്നതിൽ അതു സന്തോഷിക്കുന്നു ; ഒരു കൈയ്ക്ക് നിറവേറ്റാൻ കഴിയുന്ന കാര്യങ്ങൾ കണ്ട് അത് തുല്യ അളവിൽ സന്തോഷിക്കുന്നു , അതിനു സമാനമായി ഒന്നും അതിന് ഒരിക്കലും നിവർത്തിക്കുവാൻ കഴിയില്ല എന്ന് അതു മനസ്സിലാക്കുന്നുണ്ടെങ്കിൽ പോലും. ക്രിസ്തുവിൻ്റെ ശരീരം കണ്ടിട്ടുള്ള എല്ലാവരുടെ കാര്യത്തിലും അത് അങ്ങനെ തന്നെ ആയിരിക്കും . നിങ്ങൾ മറ്റൊരാളിനോട് അസൂയാലുവാകുമ്പോൾ, മറ്റൊരംഗം ദൈവത്താൽ വലിയ അളവിൽ ഉപയോഗിക്കപ്പെടുന്നതു കാണുമ്പോൾ നിങ്ങൾക്കു പൂർണ്ണഹൃദയത്തോടെ സന്തോഷിക്കാൻ കഴിയാതിരിക്കുമ്പോൾ, ഈ സത്യം നിങ്ങൾക്ക് ഒട്ടും തന്നെ മനസ്സിലായിട്ടില്ല എന്ന കാര്യം വ്യക്തമാണ് . തലയുമായി അടുത്ത സംസർഗ്ഗത്തിൽ ജീവിക്കുന്ന ഏതൊരവയവവും ( അംഗവും) ശരീരത്തിലെ മറ്റൊരവയവം മാനിക്കപ്പെടുമ്പോൾ ഉല്ലസിച്ച് ആനന്ദിക്കും (1 കൊരി. 12:26).

1 ശമു. 18: 1-8 വരെയുള്ള വാക്യങ്ങളിൽ യോനാഥാൻ ദാവീദുമായി ഒരു ഉടമ്പടി ബന്ധത്തിൽ പ്രവേശിക്കുന്നതു നാം വായിക്കുന്നു. ക്രിസ്തുവിൻ്റെ ശരീരത്തിൽ ഉടമ്പടി ബന്ധം എങ്ങനെ ആയിരിക്കണമെന്നതിൻ്റെ മനോഹരമായൊരു ചിത്രമാണിത് . അവിടെ പറയുന്നത് യോനാഥാൻ്റെ ആത്മാവ് ദാവീദിൻ്റെ ആത്മാവോടു പറ്റിച്ചേർന്നു എന്നാണ്. ക്രിസ്തുവിൻ്റെ ശരീരത്തിൽ നമ്മുടെ വിളിയും ഇതുതന്നെയാണ് - ശത്രുവിനു കടന്നുവന്ന് ഒരു വിഭാഗീയത ( ഭിന്നത ) ഉണ്ടാക്കുവാൻ കഴിയുന്ന ഒരു വിടവും (തെറ്റിദ്ധാരണ ,അസൂയ, സംശയം മുതലായവയുടെ ഒരു വിടവും ) നമുക്കിടയിൽ ഇല്ലാതെ, ഒരുമിച്ചു ചേർന്ന് ഒന്നായി നിൽക്കുവാൻ. സ്ഥിരമായി സ്വയത്തിനു മരിക്കാതെ അത്തരമൊരു ഉടമ്പടിയിൽ പ്രവേശിക്കുന്നത് അസാധ്യമാണ്.

ക്രിസ്തുവിൻ്റെ ശരീരത്തിൽ ദൈവത്താൽ നിയോഗിക്കപ്പെട്ട ഒരു വൈവിധ്യമുണ്ട്. ലോകത്തിനു മുൻപിൽ ക്രിസ്തുവിൻ്റെ ഒരു സന്തുലിത ചിത്രം പ്രദർശിപ്പിക്കുവാൻ വ്യത്യസ്ത സ്വഭാവവിശേഷങ്ങളെ ദൈവം ഉപയോഗിക്കുന്നു. ക്രിസ്തുവിൻ്റെ ശരീരത്തിൽ മറ്റാർക്കും നിറവേറ്റാൻ കഴിയാത്ത വ്യത്യസ്തവും, നിസ്തുല്യവുമായ ഒരു ശുശ്രൂഷ നിങ്ങൾക്കുണ്ട്. ആ ശുശ്രൂഷ ഒരിക്കലും സന്തുലിതമായ ഒന്നായിരിക്കയില്ല. അത് അസന്തുലിതമായിക്കും. ശരീരത്തിലെ വ്യത്യസ്ത ശുശ്രൂഷകളുള്ള മറ്റുള്ളവരുമായി കൂട്ടായ്മയിൽ പ്രവർത്തിച്ച് നിങ്ങൾ നിങ്ങളുടെ സന്തുലനാവസ്ഥ കണ്ടെത്തേണ്ടിയിരിക്കുന്നു. ദൈവം നമ്മെ താഴ്മയുള്ളവരായി സൂക്ഷിക്കുന്നത് ആ മാർഗ്ഗത്തിലൂടെയാണ് - നമ്മെ മറ്റുള്ളവരിൽ ആശ്രയിക്കുന്നവരാക്കി തീർത്ത് . കർത്താവിനു സ്തുതി!

തൻ്റെ ആദായത്തിൻ്റെ 10% മാത്രം പിതാവിന് കൊടുക്കാനല്ല യേശു വന്നത്. ഒരു പുതിയ ഉടമ്പടി സ്ഥാപിക്കുവാനും ഒരു പുതിയ ഉടമ്പടി സഭ പണിയുവാനുമാണ് അവിടുന്നു വന്നത് . അതുകൊണ്ടുതന്നെ അവിടുന്നു തൻ്റെ 100% വും പിതാവിനു കൊടുത്തു. എന്നിട്ട് ഇപ്പോൾ അവിടുന്ന് നമ്മോട് പറയുന്നു " എന്നെ അനുഗമിക്കുക " . ക്രിസ്തുവിൻ്റെ ശരീരം പണിയുവാൻ നാം മനസ്സുള്ളവർ ആയിരിക്കണം , നാം എന്തു വില കൊടുക്കേണ്ടി വന്നാലും - അതു നമ്മുടെ പണമോ , നമ്മുടെ മാനമോ, നമ്മുടെ സൗകര്യമോ, നമ്മുടെ ശാരീരിക ഊർജ്ജമോ , നമ്മുടെ പ്രശസ്തിയോ , നമ്മുടെ ജോലിയോ അല്ലെങ്കിൽ മറ്റെന്തെങ്കിലുമോ ആയാലും. കർത്താവിനു വേണ്ടി ത്യാഗം ചെയ്യുന്നതിന് മനസ്സു വയ്ക്കുന്ന കാര്യത്തിൽ ഒരു പരിധിയും ഉണ്ടാകരുത്. ഒരു കാര്യത്തിലും നമ്മുടെ സൗകര്യമോ നമ്മുടെ സുഖമോ അന്വേഷിക്കരുത്. നാം ചെയ്യുന്നതെല്ലാം ക്രിസ്തുവിൻ്റെ ശരീരം പണിയുന്നതുമായി ബന്ധപ്പെട്ടിരിക്കണം. നമ്മുടെ ലോകപരമായ തൊഴിലു പോലും നമുക്ക് ഒരു ജീവിതമാർഗം മാത്രമായിരിക്കണം. സാമ്പത്തിക സഹായത്തിനായി സഭയിലുള്ള മറ്റുള്ളവർക്ക് നാം ഒരു ഭാരമായി തീരാതിരിക്കേണ്ടതിനാണത്.