WFTW Body: 

ഈ ലോകത്തിലുള്ള എല്ലാ മനുഷ്യരും സന്തോഷം അന്വേഷിച്ചു പിൻതുടരുന്നവരാണ്. എന്നാൽ അവരെല്ലാവരും തെറ്റായ മാർഗ്ഗത്തിലാണ് അതിനെ പിൻതുടരുന്നത്. അവർ കരുതുന്നത് നിയമ വിരുദ്ധമായ ലൈംഗിക സുഖം, അല്ലെങ്കിൽ ധാരാളം പണം, അല്ലെങ്കിൽ പ്രശസ്തി, മാനം, സ്ഥാനം, അധികാരം മുതലായവയിൽ സന്തോഷം കണ്ടെത്താൻ കഴിയുമെന്നാണ്. ഇവയിൽ എല്ലാം ഒരു നിശ്ചിത അളവിൽ ഇന്ദ്രിയ സുഖം പകരുന്ന ആവേശം ഉണ്ടെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. എന്നാൽ ആ സന്തോഷം നില നിൽക്കില്ല.

നാം സന്തുഷ്ടരായിരിക്കണമെന്ന് ദൈവവും ആഗ്രഹിക്കുന്നു. എന്നാൽ അവിടുന്നു പറയുന്നത്, “ഹൃദയശുദ്ധിയുള്ളവർ സന്തുഷ്ടരാണ്" എന്നാണ് (മത്താ. 5:8 - ലിവിംഗ്). വിശുദ്ധരായിരിക്കുന്നതിലൂടെ മാത്രമെ നമുക്ക് യഥാർത്ഥ സന്തോഷമുള്ളവരാകാൻ കഴിയൂ. ഒരു ക്രിസ്ത്യാനിയെന്ന നിലയിൽ നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നത്, നിങ്ങൾ വിശുദ്ധനാണ് എന്ന കാരണത്താൽ, നിങ്ങൾ പരമ സന്തോഷത്തിലാണ് എന്ന് നിങ്ങൾക്ക് ചുറ്റുമുള്ള ലോകത്തിന് തെളിയിച്ചു കൊടുക്കാനാണ്. തന്നെയുമല്ല നിങ്ങളെ സന്തുഷ്ടനാക്കാൻ ദൈവം വിലക്കിയിട്ടുള്ള പാപകരമായ ഒന്നിൻ്റെയും ആവശ്യം നിങ്ങൾക്കില്ല എന്നു കൂടി നിങ്ങൾ മറ്റുള്ളവർക്കു കാണിച്ചു കൊടുക്കണം.

വിവാഹമോ ജോലിയോ പോലെയുള്ള, ന്യായമായ കാര്യങ്ങൾ അന്വേഷിച്ചു പിൻതുടരുന്നതിലൂടെ പോലും നാം നമ്മുടെ സന്തോഷം കണ്ടെത്തുന്നില്ല. ഇവ നമുക്കുണ്ടാകാം, എന്നാൽ അവയിലൂടെ നമുക്ക് സന്തുഷ്ടരായി തീരാൻ കഴിയുകയില്ല. നമുക്കു കർത്താവിൽ മാത്രമേ സന്തോഷിക്കാൻ കഴിയൂ. അപ്പോൾ മാത്രമെ സുവിശേഷത്തിൻ്റെ സത്യത്തിനു വേണ്ടി ഫലപ്രദമായ സാക്ഷികളാകാൻ കഴിയൂ.

യേശു വന്നത്, നമ്മെ പാപത്തിൽ നിന്നു മാത്രം രക്ഷിക്കാനല്ല. എന്നാൽ ഈ ലോക വ്യവസ്ഥിതിയിൽ നിന്നു കൂടി രക്ഷിക്കാനാണ്. ഈ ലോകത്തിൻ്റെ ഭരണാധികാരി സാത്താനാണ്. ഫാഷനുകൾ, വിനോദം, വിദ്യാഭ്യാസ വ്യവസ്ഥിതി, കൂടാതെ ഈ ലോകത്തിൽ പ്രത്യക്ഷത്തിൽ നിഷ്പക്ഷമെന്ന് നാം കാണുന്ന പല പല കാര്യങ്ങൾ, ഇവയുടെ എല്ലാം പിന്നിൽ അവനാണ്. ഉദാഹരണത്തിന്, നമ്മുടെ ഒഴിവു സമയം മുഴുവൻ നല്ല ക്രിസ്തീയ സംഗീതം ശ്രവിക്കാൻ നാം ചിലവാക്കുകയാണെങ്കിൽ, അത് ദൈവത്തിൻ്റെ ശബ്ദം കേൾക്കാൻ നമുക്ക് വേണ്ടത്ര സമയം ലഭിക്കാതെ ഇരിക്കത്തക്കവണ്ണം നമ്മെ തടയാനുള്ള സാത്താൻ്റെ ഒരു മാർഗ്ഗമാണ്. നല്ലത് അപ്പോൾ ഏറ്റവും നല്ലതിൻ്റെ ശത്രു ആയിതീരുന്നു!

കർത്താവു നമ്മെ ഈ ലോകത്തിൽ നിന്നു പുറത്തേക്ക് എടുക്കുന്നില്ല. യോഹന്നാൻ 17: 15 ൽ അവിടുന്നു പിതാവിനോടു പ്രാർത്ഥിക്കുന്നത് അവിടുത്തെ ശിഷ്യന്മാരെ ലോകത്തിൽ നിന്ന് എടുക്കണമെന്നല്ല, എന്നാൽ അവരെ ദുഷ്ടനിൽ നിന്നു സൂക്ഷിക്കണമെന്നാണ്. നാം വിശുദ്ധരാകാൻ പരിശീലിപ്പിക്കപ്പെടുന്നത് ഈ ലോകത്തിൽ മാത്രമാണ്‌. ഒരു കപ്പലിൽ വെള്ളം കയറുകയില്ല എന്ന് ഉറപ്പു വരുത്താൻ പരിശോധിക്കുന്നത് സമുദ്രമദ്ധ്യത്തിലാണ്, കപ്പൽ തുറയിലല്ല!

യേശു പറഞ്ഞത് നോഹയുടെയും ലോത്തിൻ്റെയും കാലത്ത്, ജനങ്ങൾ തിന്നുകയും, കുടിക്കുകയും, വാങ്ങുകയും, വിൽക്കുകയും, പണിയുകയും, നടുകയും, വിവാഹം കഴിക്കുകയും, വിവാഹത്തിനു കൊടുക്കുകയും ചെയ്യുന്ന കാര്യങ്ങളിൽ വ്യാപൃതരായിരുന്നു എന്നാണ് (ലൂക്കോ. 17:26-28) - എല്ലാം ന്യായമായ പ്രവൃത്തികൾ. ദൈവത്തിനു വേണ്ടി ഒട്ടും സമയമില്ലാത്ത വിധം നമുക്ക് ഇത്തരം "ലോകത്തിൻ്റെ പ്രശ്നങ്ങളാൽ" പിടിക്കപ്പെടാൻ കഴിയും. അവസാന നാളുകളിലെ അപകടം അതാണ്. നാം ഇപ്പോൾ ജീവിക്കുന്നത് ആ നാളുകളിലാണ്. നാം സാമ്പത്തികമായി അഭിവൃദ്ധി പ്രാപിക്കുകയും ധാരാളിത്തത്തിൽ ജീവിക്കാൻ തുടങ്ങുകയും ചെയ്യുമ്പോൾ, നമുക്ക് എളുപ്പത്തിൽ ദൈവത്തിൽ നിന്ന് വഴുതി മാറാൻ കഴിയും. വേദപുസ്തകം ഇപ്രകാരം പറയുന്നു, "മിതവ്യയത്തോടു കൂടിയ ദൈവഭക്തി യഥാർത്ഥ ആത്മീയ ലാഭത്തിനുള്ള മാർഗ്ഗമാണ്" (1തിമൊ. 6:6 - പരാവർത്തനം).

ഇപ്പോഴാണു രക്ഷാ ദിവസം. ദൈവത്തെ തന്നെയല്ലാതെ മറ്റു കാര്യങ്ങളോടു നമുക്കുള്ള വ്യഗ്രതയെ കുറിച്ച് നാം അനുതപിക്കേണ്ടതുണ്ട്. നമ്മുടെ ഹൃദയം അശുദ്ധമായിരിക്കുമ്പോൾ, നമുക്ക് യഥാർത്ഥത്തിൽ സന്തോഷമുള്ളവരായിരിക്കാൻ കഴിയില്ല. രഹസ്യ പാപങ്ങൾക്കും മറ്റുള്ളവരോടുള്ള നമ്മുടെ തെറ്റായ മനോഭാവങ്ങൾക്കും നമ്മെ കയീനെ പോലെ, വീർത്ത മുഖമുള്ളവരാക്കാൻ ഒരു വഴിയുണ്ട്, “നിൻ്റെ മുഖം വാടിയിരിക്കുന്നതെന്ത്?" (ഉൽ.4:6), എന്ന് ദൈവം ഇവനോടാണ് ചോദിച്ചത്. അവനെ അഭിമുഖീകരിക്കാൻ പോകുന്ന അപകടത്തെ കുറിച്ച് ദൈവം കയീനു മുന്നറിയിപ്പു നൽകി. പാപം അവൻ്റെ ഹൃദയ വാതിൽക്കൽ അവനെ വിഴുങ്ങുവാൻ പതുങ്ങി കിടപ്പുണ്ട് അവൻ അതിനെ ജയിക്കണം എന്ന് ദൈവം അവനോടു പറഞ്ഞു.

പാപം എല്ലാ സമയങ്ങളിലും നമ്മോട് വളരെ വളരെ അടുത്താണ്. ഇത് എല്ലായ്പോഴും മനസ്സിലാക്കുന്നവർ ഭാഗ്യവാന്മാരാണ് - കാരണം അവർ പ്രലോഭനത്തിൻ്റെ വേളയിൽ ഉണർന്നിരിക്കുന്നവരും ജാഗ്രതയുള്ളവരും ആയിരിക്കും. തൻ്റെ ജഡത്തിൻ്റെ ബലഹീനത മനസ്സിലാക്കി സ്ഥിരമായി സഹായത്തിനു വേണ്ടി ദൈവത്തോടു നിലവിളിക്കുന്നവൻ വീഴുകയില്ല.