WFTW Body: 

1 പത്രൊസിൽ, അപ്പൊസ്തലനായ പത്രൊസ് വിധേയത്വത്തെക്കുറിച്ച് വളരെയധികം സംസാരിക്കുന്നു. സത്യകൃപ അനുഭവിക്കുന്ന ഒരുവൻ അയാൾ പോകുന്നിടത്തെല്ലാം അധികാരങ്ങൾക്ക് എപ്പോഴും കീഴടങ്ങിയിരിക്കും. കീഴടങ്ങുന്നത് സംബന്ധിച്ച് അയാൾക്ക് യാതൊരു പ്രശ്നവും ഉണ്ടായിരിക്കുകയില്ല. പാപം ഉത്ഭവിച്ചത് മത്സരത്തിലാണ്, ആദാം സൃഷ്ടിക്കപ്പെടുന്നതിന് വളരെ മുമ്പ്. ഏറ്റവും ഉന്നതനായ പ്രധാന ദൈവ ദൂതൻ ദൈവത്തിൻ്റെ അധികാരത്തോട് മത്സരിക്കുകയും ഉടനെ തന്നെ അവൻ സാത്താനായി തീരുകയും ചെയ്തു. അതുകൊണ്ടാണ് "മത്സരം ആഭിചാരദോഷം പോലെ" ആകുന്നത് (1 ശമു. 15:23) - കാരണം മത്സരത്തിന്റെ ആത്മാവ് ഒരുവനെ ദുഷ്ടാത്മാക്കളുമായി സമ്പർക്കത്തിൽ കൊണ്ടുവരുന്നു, ആഭിചാരം എന്ന ദോഷം ഒരുവനു ചെയ്യുന്നത്രയും. ഇതിനു നേരെ എതിരായ വഴിയിലൂടെ ജീവിച്ചതിനാൽ യേശു സാത്താനെ ജയിച്ചു. അവിടുന്ന് തന്നെത്താൻ താഴ്ത്തി തൻ്റെ പിതാവിനോടുള്ള പരിപൂർണ്ണ വിധേയത്വത്തിൽ ഭൂമിയിലേക്ക് താഴ്ന്നിറങ്ങി വന്നു;അതിനുശേഷം ഈ ഭൂമിയിൽ തൻ്റെ സ്വർഗീയ പിതാവ് തനിക്കും മീതെ ആക്കി വച്ചിരുന്ന മാനുഷിക അധികാരികളും അപൂർണ്ണരുമായ ജോസഫിനും മറിയയ്ക്കും അവിടുന്ന് 30 വർഷങ്ങളോളം കീഴടങ്ങിയിരുന്നു. ദൈവത്തിൻ്റെ സത്യകൃപ അനുഭവിച്ചിരിക്കുന്ന ഒരുവൻ മത്സരത്തിന്റെ ആത്മാവിൽ നിന്നുമുള്ള രക്ഷ, തൻ്റെ പ്രാണനിൽ അനുഭവിക്കും. അധികാരത്തിന് കീഴ്പ്പെടുന്നതിൽ നിങ്ങൾക്കൊരു പ്രശ്നമുണ്ടെങ്കിൽ, നിങ്ങൾ നിങ്ങളുടെ പ്രാണനിൽ രക്ഷിക്കപ്പെടേണ്ടതുണ്ട്.

എല്ലാ മാനുഷിക അധികാരങ്ങൾക്കുംകീഴടങ്ങുവാനാണ് ക്രിസ്ത്യാനികൾ വിളിക്കപ്പെട്ടിരിക്കുന്നത്, രാജാക്കന്മാർ, ഗവർണർമാർ തുടങ്ങിയവർ (1പത്രൊ. 2:13, 14). ആ സമയത്ത് റോമിലെ ചക്രവർത്തി നീറോ ആയിരുന്നു, എക്കാലവും റോം ഭരിച്ചിട്ടുള്ള രാജാക്കന്മാരിൽ വച്ച് ഏറ്റവും നീചനായ ഒരുവൻ, അയാൾ ക്രിസ്ത്യാനികളെ പീഡിപ്പിച്ചു കൊന്നവനാണ്. എന്നിട്ടും പത്രൊസ് ക്രിസ്ത്യാനികളോട് അവർക്കു വിധേയപ്പെടുവാൻ മാത്രമല്ല, എന്നാൽ "രാജാവിനെബഹുമാനിക്കുവാനും" കൂടെ പറയുന്നു (1 പത്രൊ. 2:17). പഴയ ഉടമ്പടിയിൽ, വൃദ്ധന്മാരെ (നരച്ചവരെ) ബഹുമാനിക്കണമെന്നതായിരുന്നു നിയമം (ലേവ്യ. 19:32). എന്നാൽ പുതിയ ഉടമ്പടിയിൽ, നാം സകല മനുഷ്യരെയും ബഹുമാനിക്കണ്ടതാണ്. പുതിയ ഉടമ്പടിയിൽ ഓരോ മേഖലയുടെയും നിലവാരം കൂടുതൽ ഉയർന്നതാണ്. പഴയ ഉടമ്പടിയിൽ, ആളുകൾ ദൈവത്തിന് 10 % കൊടുക്കണമായിരുന്നു. പുതിയ ഉടമ്പടിയിൽ നാം നമുക്കുള്ളത് എല്ലാം കൊടുക്കണം (ലൂക്കൊ. 14:33). പഴയ ഉടമ്പടിയിൽ, ഒരു ദിവസം വിശുദ്ധമായി സൂക്ഷിക്കേണ്ടതുണ്ടായിരുന്നു (ശബ്ബത്ത്). പുതിയ ഉടമ്പടിയിൽ, എല്ലാദിവസവും വിശുദ്ധമായിരിക്കണം. പഴയ ഉടമ്പടിയിൽ ആദ്യജാതനായ ആൺകുട്ടിയെ ദൈവത്തിനു സമർപ്പിക്കണമായിരുന്നു. പുതിയ ഉടമ്പടിയിൽ, നമ്മുടെ എല്ലാ കുഞ്ഞുങ്ങളും ദൈവത്തിനു സമർപ്പിക്കപ്പെട്ടവരായിരിക്കണം. ദൈവകൃപ അനുഭവിച്ചിരിക്കുന്ന ഒരു മനുഷ്യന് സകല മനുഷ്യരെയും ബഹുമാനിക്കുന്നതിൽ ഒരു പ്രയാസവുമില്ല. നാം യേശുവിനെ പോലെ ദാസന്മാരാകേണ്ടവരാണ്, അതുകൊണ്ട് നാം എല്ലാവരെയും ബഹുമാനിക്കുന്നതിനും "മറ്റുള്ള എല്ലാവരെയും നമ്മെക്കാൾ ശ്രേഷ്ഠരെന്ന് എണ്ണുന്നതിനും" (ഫിലി. 2:3) സന്തോഷമുള്ളവരാണ്.

പിന്നീട് അദ്ദേഹം പ്രത്യേകമായി വേലക്കാരോട് സംസാരിച്ചിട്ട് അവരുടെ യജമാനന്മാർക്ക് കീഴടങ്ങിയിരിക്കുവാൻ പറയുന്നു. എല്ലാ അപ്പൊസ്തലന്മാരും വേലക്കാരെ തങ്ങളുടെ യജമാനന്മാർക്ക് വിധേയപ്പെടുവാൻ പഠിപ്പിച്ചു. തൻ്റെ ഓഫീസിലോ ഫാക്ടറിയിലോ തൻ്റെ അധികാരികൾക്കെതിരായി മത്സരത്തിന്റെ ആത്മാവുള്ള ഒരു ക്രിസ്ത്യാനി ക്രിസ്തുവിൻ്റെ വളരെ മോശപ്പെട്ട ഒരു സാക്ഷിയാണ്. സ്കൂളിലോ കോളേജിലോ തൻ്റ അധ്യാപകരോട് മത്സരിക്കുന്ന ഒരു ക്രിസ്തീയ വിദ്യാർത്ഥി ക്രിസ്തുവിൻ്റെ വളരെ മോശപ്പെട്ട ഒരു സാക്ഷിയാണ്. അത്തരം ഒരു ക്രിസ്ത്യാനി "ദൈവത്തിൻ്റെ സത്യകൃപ" എന്താണെന്ന് മനസ്സിലാക്കിയിട്ടേയില്ല. യേശു വന്നു തൻ്റെ അപൂർണരായ ഭൗമികമാതാപിതാക്കൾക്ക് 30 വർഷങ്ങളോളം കീഴടങ്ങിയിരുന്നു എന്നത് അവൻ മനസ്സിലാക്കിയിട്ടില്ല. നാം എല്ലാവരും പഠിക്കേണ്ട ഒരു പാഠമാണിത്. വേലക്കാരെ നിങ്ങളുടെ യജമാനന്മാർക്ക് എല്ലാവിധത്തിലും കീഴ്പ്പെട്ടിരിക്കുക. നിങ്ങൾ ജോലി ചെയ്യുന്നത് ഒരു ഓഫീസിലോ ഫാക്ടറിയിലോ സ്കൂളിലോ ആശുപത്രിയിലോ അല്ലെങ്കിൽ എവിടെയായാലും ആ സ്ഥലത്ത് നിങ്ങൾക്കു മുകളിലുള്ളവരോട് നിങ്ങൾ ബഹുമാനം കാണിക്കണം.

അധ്യാപകരെ ബഹുമാനിക്കുവാനും മറ്റു കുട്ടികളോടൊപ്പം സംഘടിച്ച് അധ്യാപകരെ കളിയാക്കാതിരിക്കേണ്ടതിനും നാം നമ്മുടെ മക്കളെ പഠിപ്പിക്കണം. നല്ലവരും ശാന്തന്മാരുമായ യജമാനന്മാരെ മാത്രമല്ല യുക്തിരഹിതരായവരെയും ബഹുമാനിക്കുവാൻ വേലക്കാർ പഠിക്കണം. ഒരു നല്ല യജമാന് വിധേയപ്പെടുവാൻ എളുപ്പമാണ്, എന്നാൽ "ദൈവത്തിൻ്റെ സത്യകൃപ" അനുഭവിച്ചിരിക്കുന്ന ഒരു ക്രിസ്ത്യാനി അവിവേകിയായ ഒരു യജമാനനും അതുപോലെതന്നെ കീഴടങ്ങും (1 പത്രൊ. 2:18). അവിവേകിയായ ഒരു യജമാനനു നിങ്ങൾ കീഴടങ്ങുമ്പോഴാണ്, ഒരു ക്രിസ്ത്യാനി എന്ന നിലയിൽ നിങ്ങളുടെ വെളിച്ചം പ്രകാശിക്കുന്നത്. കത്തുന്ന ഒരു മെഴുകുതിരി സൂര്യപ്രകാശത്തിൽ എളുപ്പത്തിൽ ദൃശ്യമല്ല.എന്നാൽ രാത്രിയിൽ എല്ലാവർക്കും അതിൻ്റെ വെളിച്ചം കാണാൻ കഴിയും. അതുപോലെതന്നെ ഒരു ക്രിസ്ത്യാനിയുടെ വെളിച്ചം അവൻ ഇരുണ്ട സാഹചര്യങ്ങളിൽ ആയിരിക്കുമ്പോൾ ഏറ്റവും കൂടുതൽ ശോഭയോടെ കാണപ്പെടുന്നു.

നിങ്ങൾ എന്തെങ്കിലും തെറ്റ് ചെയ്തിട്ട് ശിക്ഷിക്കപ്പെട്ടാൽ അതിൽ ശ്രേഷ്ഠത ഒന്നുമില്ല. എന്നാൽ നന്മ ചെയ്തിട്ട് കഷ്ടം സഹിച്ചാൽ, അതു ദൈവത്തിനു പ്രസാദം ആകുന്നു (1 പത്രൊ. 2:20). അന്യായമായി കഷ്ടം സഹിക്കുക എന്നതാണ് പത്രോസിന്റെ ലേഖനത്തിന്റെ മഹത്തായ പ്രതിപാദ്യ വിഷയങ്ങളിൽ ഒന്ന്. അദ്ദേഹം തുടർന്ന് പറയുന്നത് അപ്രകാരം തന്നെയാണ് യേശുവും കഷ്ടം സഹിച്ചത് എന്നാണ്. അവിടുന്ന് അന്യായമായി കഷ്ടം അനുഭവിച്ചിട്ട് അവിടുത്തെ കാൽച്ചുവടു പിന്തുടരുവാൻ നമുക്ക് ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു. "ഒരിക്കലും പാപം ചെയ്തിട്ടില്ലാത്ത, ഒരിക്കലും ഭോഷ്ക്കു പറയാത്ത, ശകാരിച്ചിട്ടും പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടും ഭീഷണം പറയാതെയും, ന്യായമായി വിധിക്കുന്ന ദൈവത്തിങ്കൽ കാര്യം ഭരമേൽപ്പിക്കുകയും ചെയ്തവനായവൻ്റെ കാൽച്ചുവട് പിന്തുടരുവാനാണ് ഇവിടെ നാം വിളിക്കപ്പെട്ടിരിക്കുന്നത്" (1 പത്രൊ. 2:21-23). "ദൈവത്തിൻ്റെ സത്യ കൃപ" മനസ്സിലാക്കിയിരിക്കുന്ന ഒരു ക്രിസ്ത്യാനിയും പെരുമാറുന്നത് ഇങ്ങനെയാണ്.