"നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു" (മത്താ. 5:13). യേശു ഇതു പറഞ്ഞത് പുരുഷാരങ്ങളോടല്ല. പർവ്വത പ്രസംഗം പ്രാഥമികമായി അവിടുത്തെ ശിഷ്യന്മാരോടും തന്നെ കേട്ടുകൊണ്ട് ചുറ്റുമിരുന്ന ജനങ്ങളോടും ആണെന്ന കാര്യം ഓർക്കുക. തീർച്ചയായും ആ ജനക്കൂട്ടം ഭൂമിയുടെ ഉപ്പല്ല -അവർക്ക് അല്പം പോലും ഉപ്പില്ല. എന്നാൽ ശിഷ്യന്മാരാണ് ഭൂമിയുടെ ഉപ്പുള്ളവർ. പദ ചിത്രങ്ങൾ ഉപയോഗിക്കുന്നതിൽ ഒരു ഗുരുനാഥനായിരുന്നു യേശു, തന്നെയുമല്ല അതിൻ്റെ പിന്നിലുള്ള അർത്ഥം മനസ്സിലാക്കുന്നതിന് പരിശുദ്ധാത്മാവിന്റെ പ്രചോദനത്തിനും വെളിപ്പാടിനും വേണ്ടി നാം അന്വേഷിക്കേണ്ടതിന് അത് അവിടുന്നു നമുക്കു വിടുന്നു. "നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു, എന്നാൽ ഉപ്പു കാരമില്ലാതെ പോയാൽ അതിന് എന്തൊന്നു കൊണ്ടു രസം വരുത്താം? പുറത്തു കളഞ്ഞിട്ട് മനുഷ്യർ ചവിട്ടുവാൻ അല്ലാതെ മറ്റൊന്നിനും പിന്നെ കൊള്ളുന്നതല്ല".
അവിടുന്ന് ഈ ചിത്രം ഉപയോഗിക്കുന്നത് ശിഷ്യന്മാർ എപ്പോഴും എണ്ണത്തിൽ ചെറുതാണ് എന്നു നമ്മെ കാണിക്കേണ്ടതിനാണ്. നിങ്ങൾക്ക് ഒരു താലം ചോറും കറിയും ഉണ്ടെങ്കിൽ, ആ താലത്തിലുള്ള മുഴുവൻ ചോറിലേക്കും കറിയിലേക്കും എത്രമാത്രം ഉപ്പാണ് നിങ്ങൾ ചേർക്കാൻ പോകുന്നത്? 1/2 ടീസ്പൂൺ ഉപ്പുപോലും നിങ്ങൾ ഇടുകയില്ല. ആ മുഴുവൻ പ്ലേറ്റും ശരിയായ വിധത്തിൽ രുചികരമാക്കുവാൻ വളരെ കുറച്ച് ഉപ്പു മാത്രമേ നിങ്ങൾക്ക് ആവശ്യമുള്ളൂ. എന്നാൽ ഉപ്പു കാരമില്ലാത്തതാണെങ്കിൽ, അപ്പോൾ 20 സ്പൂൺ ഉപ്പ് അതിൽ ഇട്ടാലും, രുചിയിൽ ഒരു വ്യത്യാസവും അതുണ്ടാക്കുകയില്ല. അതുകൊണ്ട് അളവല്ല കാര്യം, എന്നാൽ ഗുണനിലവാരമാണ്. "ഉപ്പ് കാരമില്ലാതെ പോയാൽ" എന്ന് യേശു പറയുമ്പോൾ (മത്താ. 5:13), അവിടുന്ന് ഉപ്പിന്റെ അളവിനെ കുറിച്ചല്ല പറയുന്നത്.
ഭക്ഷണത്തെ അപേക്ഷിച്ച് ഉപ്പിന്റെ അനുപാതം ഏതാണ്ട് ലോക ജനസംഖ്യയെ അപേക്ഷിച്ച് യഥാർത്ഥ ശിഷ്യന്മാരുടെ അനുവാദത്തോട് സമാനമാണ് (ചില സമയങ്ങളിൽ സഭയിലുള്ള ആളുകളുടെ എണ്ണത്തെ അപേക്ഷിച്ച് പോലും!)യഥാർത്ഥ ശിഷ്യന്മാർ വളരെ ചുരുക്കമാണ്.
എന്നാൽ ഭൂമിയുടെ ഉപ്പ് എന്നു വിളിക്കപ്പെടുന്നത് യഥാർത്ഥ ശിഷ്യന്മാർ മാത്രമാണ്. അവർ കാരണമാണ് ഭൂമി ന്യായവിധിയിൽ നിന്നു പരിരക്ഷിക്കപ്പെടുന്നത്. യഹോവ നശിപ്പിക്കും എന്ന് പറഞ്ഞ തിന്മ നിറഞ്ഞ നഗരമായ സോദോമിന് വേണ്ടി ഒരിക്കൽ അബ്രാഹാം ദൈവത്തോട് പ്രാർത്ഥിച്ചു. അദ്ദേഹം യഹോവയോട് (അവിടുന്ന് എന്നാലും അതു നശിപ്പിക്കുമോ എന്നുള്ള ഭാരത്തിൽ)ഇപ്രകാരം ചോദിച്ചു, "യഹോവേ, പത്തു നീതിമാന്മാരെ മാത്രം ആ പട്ടണത്തിൽ കണ്ടാൽ അതു നശിപ്പിക്കുമോ?" (ഉൽ. 18:32), യഹോവ ഇപ്രകാരം അരുളിചെയ്തു, "ആ പട്ടണത്തിൽ പത്തു നീതിമാന്മാർ ഉണ്ടെങ്കിൽ ഞാൻ അതിനെ നശിപ്പിക്കുകയില്ല". ആ പട്ടണം നശിപ്പിക്കപ്പെടാതെ ഇരിക്കുവാൻ പത്തുപേർ മതിയായതാണ്, എന്നാൽ അവിടെ 10 പേർ പോലുമില്ലായിരുന്നു, അതുകൊണ്ട് അതു നശിപ്പിക്കപ്പെട്ടു.
യിരെമ്യാവിന്റെ കാലത്ത്, യഹോവ ആ സംഖ്യ വീണ്ടും കുറച്ചു. ഒരു സമയം ഇസ്രായേൽ ബാബിലോണിയൻ രാജാവിനാൽ പിടിക്കപ്പെട്ട് അടിമത്തത്തിലേക്കു കൊണ്ടുപോകുന്നതിനെക്കുറിച്ച് യിരെമ്യാവ് പ്രവചിക്കുകയായിരുന്നു (അതു ദൈവത്തിൻ്റെ ശിക്ഷയായിരുന്നു), എന്നാൽ അതിനുമുമ്പ്, യിരെമ്യാവ് പ്രവചിക്കുവാൻ വേണ്ടി പോയി. അദ്ദേഹം 40 വർഷങ്ങളോളം അവർക്കു മുന്നറിയിപ്പ് നൽകി, എന്നാൽ അവർ അദ്ദേഹത്തെ ചെവിക്കൊണ്ടില്ല. യഹോവ യിരെമ്യാവിനോട് ഇപ്രകാരം പറഞ്ഞു, "ന്യായം പ്രവർത്തിക്കുകയും വിശ്വസ്തത കാണിക്കുകയും ചെയ്യുന്ന ഒരുത്തനെ (10 പേരെയല്ല, ഒരേയൊരു മനുഷ്യനെ)കാണുമോ എന്ന് യെരുശലേമിന്റെ വീഥികളിൽ ചുറ്റി നടന്ന് അന്വേഷിക്കുകയും അതിൻ്റെ വിശാല സ്ഥലങ്ങളിൽ തിരഞ്ഞ് അറിയുകയും ചെയ്യുവിൻ; കണ്ടു എങ്കിൽ ഞാൻ ആ മുഴുവൻ പട്ടണത്തോടും ക്ഷമിക്കും" (യിരെമ്യാ. 5:1). അത് വളരെ ആശ്ചര്യകരമായിരിക്കുന്നു, എന്നാൽ അവിടെ ഒരു നീതിമാൻ പോലും ഉണ്ടായിരുന്നില്ല, അതുകൊണ്ട് ആ പട്ടണം മുഴുവൻ അടിമത്തത്തിലേക്കു പോയി.
പലപ്പോഴും ദൈവം അതുപോലെയാണ് ചുറ്റും നോക്കിക്കൊണ്ടിരിക്കുന്നത്. യെഹെസ്കേലും ബാബിലോണിന്റെ സമയത്തുള്ള ഒരു പ്രവാചകനായിരുന്നു. യെഹെസ്കേലിലൂടെയും ദൈവം ഇപ്രകാരം അരുളി ചെയ്തു, "ഞാൻ ദേശത്തെ നശിപ്പിക്കാത വണ്ണം അതിനു മതിൽ കെട്ടി എൻ്റെ മുമ്പാകെ ഇടിവിൽ നിൽക്കേണ്ടതിന് ഒരു പുരുഷനെ ഞാൻ അവരുടെ ഇടയിൽ അന്വേഷിച്ചു; ആരെയും കണ്ടില്ല താനും" (യെഹെ. 22:30). ദൈവം അതേ വാക്കുകൾ തന്നെ സംസാരിക്കുന്നു: അളവല്ല ഗുണനിലവാരമാണ്. 10000 ആളുകൾക്കു വേണ്ടിയല്ല അവിടുന്ന് അന്വേഷിച്ചത്. ഒരാളിനെങ്കിലും വേണ്ടിയാണ് അവിടുന്ന് നോക്കിക്കൊണ്ടിരുന്നത്.
ഒരുവൻ പൂർണ ഹൃദയമുള്ളവനും ഉത്പതിഷ്ണുവും ആണെങ്കിൽ, അവനിലൂടെ ദൈവത്തിനു ചെയ്യാൻ കഴിയുന്ന കാര്യം വളരെ അത്ഭുതകരമായതാണ്. പഴയ നിയമത്തിലെ മോശെയെ കുറിച്ചു ചിന്തിക്കുക, അദ്ദേഹത്തിലൂടെ 20 ലക്ഷം യിസ്രായേല്യരെ ദൈവത്തിനു വിടുവിക്കാൻ കഴിഞ്ഞു. നേതാവാകാൻ യോഗ്യതയുള്ള വേറെ ആരും യിസ്രായേലിൽ ഉണ്ടായിരുന്നില്ല. ഏലിയാവിന്റെ കാലത്ത് ബാലിനു മുമ്പിൽ മുട്ടുമടക്കാത്ത 7000 പേർ (വിഗ്രഹങ്ങളെ ആരാധിക്കാതിരുന്ന 7000 വിശ്വാസികളുടെ ഒരു ചിത്രം), അവിടെ ഉണ്ടായിരുന്നെങ്കിലും, സ്വർഗ്ഗത്തിൽ നിന്നും തീ ഇറക്കുവാൻ കഴിഞ്ഞ ഒരുവൻ മാത്രമേ (ഏലിയാവ്) അവിടെ ഉണ്ടായിരുന്നുള്ളൂ. ഇന്നും അതേ അനുപാതം തന്നെയാണുള്ളത്. 7000 വിശ്വാസികളുടെ ഇടയിൽ തങ്ങളുടെ ശുശ്രൂഷയിലൂടെയും പ്രാർത്ഥനയിലൂടെയും സ്വർഗ്ഗത്തിൽ നിന്ന് തീ ഇറക്കി കൊണ്ടുവരുവാൻ കഴിയുന്ന ഒരു വിശ്വാസിയെ മാത്രം നിങ്ങൾ കണ്ടെത്തിയേക്കാം.
"ഞാൻ ഇതു ചെയ്യുന്നില്ല, ഞാൻ അതു ചെയ്യുന്നില്ല എന്ന്" ഈ 7000 പേർ പറഞ്ഞേക്കാം. അവരുടെ സാക്ഷ്യം നിഷേധരൂപമാണ്! "ഞാൻ സിനിമ കാണാൻ പോകുന്നില്ല, ഞാൻ മദ്യപിക്കുന്നില്ല, ഞാൻ ചൂതു കളിക്കുന്നില്ല, ഞാൻ പുകവലിക്കുന്നില്ല". അവർ ബാലിനെ നമസ്കരിക്കുന്നില്ല, എന്നാൽ ആർക്കാണ് സ്വർഗ്ഗത്തിൽ നിന്നു തീ ഇറക്കാൻ കഴിയുന്നത്? ഏലിയാവ് ചെയ്തതു പോലെ, ദൈവ മുഖത്തിനു മുമ്പിൽ ജീവിക്കുന്നവന്, ഏലിയാവിനു ഉപ്പുണ്ടായിരുന്നു!
പുതിയ നിയമത്തിലും അത് അങ്ങനെ തന്നെയാണ്. അപ്പൊസ്തലനായ പൗലൊസ് ഒരിക്കലും ജീവിച്ചിരുന്നില്ലെങ്കിൽ, സഭയ്ക്കും നമുക്കും നേരിടാമായിരുന്ന നഷ്ടത്തെക്കുറിച്ച് നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുന്നോ? എത്രമാത്രം തിരുവചനങ്ങൾ നമുക്കു നഷ്ടമായേനെ? അദ്ദേഹം ഒരു മനുഷ്യനായിരുന്നു! തീർച്ചയായും ഒരു മനുഷ്യൻ പരാജയപ്പെട്ടു എന്ന കാരണത്താൽ ദൈവത്തിൻ്റെ വേല തടസ്സപ്പെടാൻ പോകുന്നില്ല (ദൈവത്തിന് വേറെ ആരെയെങ്കിലും ഉപയോഗിക്കാൻ കഴിഞ്ഞേനെ, എന്നാൽ ദൈവവചനത്തിൽ ഉടനീളം നാം കാണുന്നത് മിക്കപ്പോഴും പൊത്തുവരുത്തക്കാരായ 10000 പേരിലൂടെ ചെയ്യുന്നതിനേക്കാൾ വളരെയധികം കാര്യങ്ങൾ പൂർണ ഹൃദയനായ ഒരു വ്യക്തിയിലൂടെ ദൈവത്തിന് നിറവേറ്റാൻ കഴിഞ്ഞു എന്നാണ്. യേശു അവിടുത്തെ ശിഷ്യന്മാരോട് "നിങ്ങൾ ഉപ്പു പോലെയാണ്" എന്നു പറയുമ്പോൾ, യേശു ഊന്നൽ കൊടുക്കുന്നത് ഈ കാര്യത്തിനാണ്. ഒരിക്കലും പരാതി പറയരുത്, "ഞങ്ങൾ വളരെ കുറച്ചു പേരാണ്!"