(ദയവു ചെയ്ത് എല്ലാ തിരുവചന പരാമർശങ്ങളും നോക്കുക).
ഒരു പുതുവത്സര പ്രാർത്ഥന: "കർത്താവേ, ഞങ്ങൾ ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കണമേ" (സങ്കീ. 90:12).
ആത്മീയ വളർച്ചയും ക്രിസ്തുവിൻ്റെ സാദൃശ്യത്തിലേക്കുള്ള രൂപാന്തരവും ഒരു രാത്രി കൊണ്ടു സംഭവിക്കുന്നില്ല. അതു സാവധാനത്തിൽ - നാൾ തോറും, എല്ലാ വിധത്തിലും കുറേശ്ശെ കുറേശ്ശെ ആയി സംഭവിക്കുന്നു. നാം ഒരു പാട്ടിൽ പാടുന്നതു പോലെ: "ദിനംതോറും കുറേശ്ശെ കുറേശ്ശെ ആയി, ഓരോ വിധത്തിലും അല്പാല്പം, എൻ്റെ യേശു എന്നെ മാറ്റിക്കൊണ്ടിരിക്കുന്നു. ഞാൻ കഴിഞ്ഞ വർഷം ആയിരുന്ന അതേ ആളല്ല, ചിത്രം വളരെ വ്യക്തമല്ലെങ്കിലും, അവിടുന്ന് എന്നെ മാറ്റിക്കൊണ്ടിരിക്കുന്നു എന്നു ഞാൻ അറിയുന്നു, അതു വളരെ സാവധാനത്തിൽ നടക്കുന്നതാണെങ്കിലും, ഈ കാര്യം ഞാൻ അറിയുന്നു - ഒരു നാൾ ഞാൻ അവിടുത്തെ പോലെ ആയിതീരും".അതുകൊണ്ട് ഈ വർഷം, കർത്താവിനു നമ്മിൽ രൂപാന്തരത്തിൻ്റെ പ്രവൃത്തി ചെയ്യാൻ കഴിയേണ്ടതിന് നമുക്കു നമ്മെ തന്നെ ഓരോ ദിവസവും ദൈവത്തിന് കീഴടക്കി കൊടുക്കാം.
പരിശുദ്ധാത്മാവിനാലും ദൈവ വചനത്താലും രൂപാന്തരീകരിക്കപ്പെട്ടത്
പരിശുദ്ധാത്മാവിനെ നമ്മുടെ ജീവിതങ്ങളിൽ കർത്താവാകുവാൻ നാം അനുവദിക്കുമ്പോൾ, അവിടുന്ന് ഒന്നാമത് നമ്മെ സ്വതന്ത്രരാക്കുന്നു (2 കൊരി. 3:17) - പാപത്തിൻ്റെ ശക്തിയിൽ നിന്ന്, പണ സ്നേഹത്തിൽ നിന്ന്, ദൈവ വചനത്തിനു വിരുദ്ധമായ മനുഷ്യ പാരമ്പര്യത്തിൽ നിന്ന്, മനുഷ്യരുടെ അഭിപ്രായത്തിന് അടിമയാകുന്നതിൽ നിന്ന് ഒക്കെ നമ്മെ സ്വതന്ത്രരാക്കിക്കൊണ്ട്. അതിനു ശേഷം പരിശുദ്ധാത്മാവ് ദൈവ വചനത്തിലുള്ള യേശുവിൻ്റെ തേജസ്സിനെ കാണിച്ചിട്ട്, സാവധാനത്തിൽ ആ സ്വരൂപത്തിലേക്ക് നമ്മെ രൂപാന്തരപ്പെടുത്താൻ നോക്കുന്നു, യേശു ചിന്തിച്ച വിധത്തിൽ നാം ചിന്തിക്കാൻ തുടങ്ങത്തക്കവിധം നമ്മുടെ ചിന്താഗതി വ്യത്യാസപ്പെടുത്തുന്നു (2 കൊരി. 3:18, റോമ.12:2). ഈ വർഷം നമ്മിൽ ആ പ്രവൃത്തി ചെയ്യാൻ പരിശുദ്ധാത്മാവ് ആഗ്രഹിക്കുന്നു. അതു കൊണ്ട് അവിടുത്തേക്ക് കീഴടങ്ങുക.
സ്തുതിയാലും സ്തോത്രത്താലും രൂപാന്തരീകരിക്കപ്പെട്ടത്
"ആത്മാവു നിറഞ്ഞവരായി സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മീക ഗീതങ്ങളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവിനു പാടിയും കീർത്തനം ചെയ്തും നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ നാമത്തിൽ ദൈവവും പിതാവുമായവന് എല്ലായ്പോഴും എല്ലാറ്റിനു വേണ്ടിയും സ്തോത്രം ചെയ്തു കൊൾവിൻ" (എഫെ.5: 19 -20). അപവാദം, ദൂഷണം, കയ്പ്, കോപം ഇവ എല്ലാറ്റിൽ നിന്നും നമ്മെ സ്വതന്ത്രരാക്കുന്ന നന്ദിയുടെ ആത്മാവിനെ നമുക്കു നൽകാൻ പരിശുദ്ധാത്മാവ് ആഗ്രഹിക്കുന്നു. വെളിപ്പാട് പുസ്തകത്തിൽ നാം കാണുന്ന സ്വർഗ്ഗത്തിൻ്റെ ഏഴു ക്ഷണിക ദൃശ്യങ്ങളിൽ, സ്വർഗ്ഗത്തിൽ വസിക്കുന്നവർ നിരന്തരമായി ദൈവത്തെ സ്തുതിച്ചു കൊണ്ടിരിക്കുന്നത് നാം കണ്ടെത്തുന്നു. ഒരു പരാതിയോ പിറുപിറുപ്പോ ഇല്ലാതെ നിരന്തരമായ സ്തുതിയുടെ അന്തരീക്ഷമാണ് സ്വർഗ്ഗത്തിൻ്റേത്. ഈ വർഷം നമ്മുടെ ഹൃദയങ്ങളിലും നമ്മുടെ ഭവനങ്ങളിലും ഈ അന്തരീക്ഷം കൊണ്ടുവരാനായി പരിശുദ്ധാത്മാവ് ആഗ്രഹിക്കുന്നു. അതു കൊണ്ട് അവിടുത്തേക്കു വിധേയപ്പെടുക.
ദൈവ കൃപയാൽ രൂപാന്തരീകരിക്കപ്പെട്ടത്
"ഈ ദുഷ്ട ലോകത്തിൽ, ഭക്തികേടും പ്രപഞ്ച മോഹങ്ങളും വർജ്ജിച്ചിട്ട്, നീതിയോടും ദൈവ ഭക്തിയോടും കൂടെ ജീവിച്ചു പോരേണ്ടതിന് ദൈവകൃപ നമ്മെ പ്രാപ്തരാക്കുന്നു" (തീത്തൊസ് 2:11-13). നമ്മുടെ ചിന്താ - ജീവിതം ദൈവ കൃപയിലൂടെ രൂപാന്തരപ്പെട്ടിട്ട്, ഈ വർഷം നാം കണ്ടുമുട്ടുന്ന ഓരോരുത്തരും അനുഗ്രഹിക്കപ്പെടത്തക്ക വിധം, നമ്മുടെ സംസാരം അത്ര കൃപയുള്ളതാക്കി തീർക്കുവാൻ ദൈവകൃപ ആഗ്രഹിക്കുന്നു (കൊലൊ. 4:6). ഈ വർഷം ഭാര്യാഭർത്താക്കന്മാർ അന്യോന്യം പെരുമാറുന്ന രീതിയിലും രൂപാന്തരം വരുത്തുവാൻ ദൈവകൃപ ആഗ്രഹിക്കുന്നു (1 പത്രൊ. 3:7). കൂടാതെ ഈ വർഷം നാം അഭിമുഖീകരിക്കുന്ന ഏതു ശോധനയിലും, അതിൻ്റെ ആവശ്യത്തിന് വേണ്ടത്ര കൃപ നൽകാൻ ദൈവത്തിന് കഴിയും (2കൊരി. 12:10). അതുകൊണ്ട് ഈ വർഷം ഓരോ സാഹചര്യത്തിലും നിങ്ങളെ തന്നെ താഴ്ത്തുക - കാരണം താഴ്മയുള്ളവർക്കാണ് ദൈവം കൃപ നൽകുന്നത് (1 പത്രൊ. 5:5).
അനുസരണത്താൽ രൂപാന്തരീകരിക്കപ്പെട്ടത്
"താൻ സഹിച്ച കഷ്ടങ്ങളാൽ യേശു അനുസരണം പഠിച്ചു" (എബ്രാ. 5: 8) എന്നാണ് നമ്മോടു പറഞ്ഞിരിക്കുന്നത്. അവിടുത്തെ പിതാവ് "ഇല്ല" എന്നു പറഞ്ഞതിനോടെല്ലാം യേശുവും "ഇല്ല" എന്നു പറഞ്ഞു. അതിൽ തൻ്റെ സ്വന്ത ഇഷ്ടത്തെ എപ്പോഴും നിഷേധിക്കുന്നതിൻ്റെ കഷ്ടത ഉൾപ്പെട്ടിരിക്കുന്നു. അങ്ങനെയുള്ള സ്വയ പരിത്യാഗത്തിൻ്റെ അനേക വർഷങ്ങൾക്കുശേഷം, "യേശു തികഞ്ഞവനാക്കപ്പെട്ടു" (എബ്രാ. 5: 9). ഇവിടെ തികഞ്ഞവൻ എന്നാൽ പരിപൂർണ്ണതയുള്ളവൻ എന്നാണ് അർത്ഥമാക്കുന്നത്. മറ്റു വാക്കുകളിൽ പറഞ്ഞാൽ, യേശു അനുസരണത്തിൻ്റെ പാഠശാലയിൽ നിന്ന് തൻ്റെ പഠനം പൂർത്തീകരിച്ച് ബിരുദം നേടി. നാമും നേടണമെന്ന് പരിശുദ്ധാത്മാവ് ആഗ്രഹിക്കുന്ന ബിരുദം ഇതാണ്. അതുകൊണ്ട് അവിടുന്നു നമ്മെ പല പരിശോധനകളിലൂടെ കൊണ്ടു പോകുന്നു. നാം ഏതെങ്കിലും ശോധനയിൽ പരാജയപ്പെട്ടാൽ, അത് വീണ്ടും ചെയ്യാൻ അവിടുന്ന് ഒരവസരം കൂടി തരും! യേശുവിനു ലഭിച്ച അതേ "ബിരുദം" തന്നെ നമുക്കും ലഭിച്ച് നമ്മെ ജയാളികളാക്കണമെന്നാണ് അവിടുന്നാഗ്രഹിക്കുന്നത് (വെളി. 3:21)! എക്കാലവും നമുക്കു ലഭിക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട ബിരുദം ഇതാണ്. അതുകൊണ്ട് ഈ വർഷം പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ എല്ലാ സാഹചര്യങ്ങളിലും നമ്മുടെ ഇഷ്ടത്തോട് "ഇല്ല" എന്നു പറയുകയും ദൈവത്തിൻ്റെ ഇഷ്ടത്തോട് "അതെ" എന്നു പറയുകയും ചെയ്യാം.
ദൈവത്തിൽ നിന്നുള്ള പ്രോത്സാഹനത്താൽ രൂപാന്തരീകരിക്കപ്പെട്ടത്
"നമ്മുടെ ശോധനകളിൽ ദൈവം നമുക്കു നൽകിയ അതേ പ്രോൽസാഹനത്താൽ നമുക്കു മറ്റുള്ളവരെ പ്രോൽസാഹിപ്പിക്കുവാൻ കഴിയേണ്ടതിന്, നമ്മുടെ എല്ലാ ശോധനകളിലും നമ്മെ പ്രോൽസാഹിപ്പിക്കുവാൻ ദൈവം ആഗ്രഹിക്കുന്നു" (2 കൊരി. 1:3, 4). അനേകം ശോധനകളും പ്രശ്നങ്ങളും നേരിടുന്നവരാൽ നാം ചുറ്റപ്പെട്ടിരിക്കുന്നു. അതിൽ വിജയിക്കുവാൻ നമുക്ക് അവരെ സഹായിക്കണമെങ്കിൽ, നാം തന്നെ ആദ്യം പല ശോധനകളിലൂടെയും പ്രശ്നങ്ങളിലൂടെയും കടന്നു പോയി അതിനെ ജയിക്കണം. നമ്മുടെ ശോധനകളെ തരണം ചെയ്യുവാൻ ദൈവം നമുക്കു നൽകുന്ന ശക്തിയും പ്രോത്സാഹനവുമാണ് മറ്റുള്ളവർക്കു നൽകാൻ നമുക്കു കഴിയുന്നത്. ഈ വർഷം നാം കണ്ടുമുട്ടുന്ന ഓരോ വ്യക്തിക്കും ഓരോ കുടുംബത്തിനും നമ്മെ ഒരനുഗ്രഹമാക്കി തീർക്കുവാൻ ദൈവം ആഗ്രഹിക്കുന്നു (ഗലാ. 3:8, 9, 14). ഈ വർഷത്തിൻ്റെ ഓരോ ദിവസവും ഏതെങ്കിലും ഒരാളിനെ അല്ലെങ്കിൽ മറ്റൊരാളിനെ പ്രോത്സാഹിപ്പിക്കണമെന്ന് ദൈവം നമ്മെ കുറിച്ചാഗ്രഹിക്കുന്നു (എബ്രാ. 3:13 വായിക്കുക). അത് അങ്ങനെ തന്നെ ആയിരിക്കട്ടെ.
നിങ്ങൾക്ക് വളരെ അനുഗൃഹീതമായ ഒരു പുതു വർഷം ഉണ്ടാകട്ടെ.