ലേഖകൻ :   സാക് പുന്നൻ
WFTW Body: 

1. കൊരിന്ത്യർ 6:12 ൽ ആളുകൾക്ക് ജീവിക്കാൻ കഴിയുന്ന മൂന്ന് വ്യത്യസ്ത നിലകളെ കുറിച്ച് അപ്പൊസ്തലനായ പൗലൊസ് പറയുന്നു.

" എല്ലാ കാര്യങ്ങളും അനുവദനീയമാണ്, എന്നാൽ സകലവും പ്രയോജനമുള്ളതല്ല ". അനുവദനീയമല്ലാത്ത (അല്ലെങ്കിൽ അനീതിയുള്ള ) തലത്തിലാണ് മിക്ക അവിശ്വാസികളും ജീവിക്കുന്നത്. ഒരു വിശ്വാസിയും ഒരിക്കലും ഈ നിരപ്പിലേക്ക് ഇറങ്ങരുത് - എന്നാൽ നിർഭാഗ്യവശാൽ ചിലർ അങ്ങനെ ചെയ്യുന്നു. അവിടെത്തന്നെ ജീവിക്കുന്നത് അവർ തുടർന്നാൽ, അവർക്ക് തങ്ങളുടെ രക്ഷ നഷ്ടമാകും. ഒരു വിശ്വാസിക്ക് ആയിരിക്കാവുന്ന ഏറ്റവും താണ നില അടുത്ത തലം ആണ് - നിയമപരമായത് ( അല്ലെങ്കിൽ നീതിയുള്ളത്). എന്നാൽ കുറച്ചു കൂടി ഉന്നതമായ നിലയുണ്ട് - പ്രയോജനകരമായത് ( ഗുണകരമായത്) 'നൂറ് കാര്യങ്ങളിൽ എഴുപത് കാര്യങ്ങൾ നിയമപരമല്ലാത്തത് ആയിരിക്കാം. അതു കൊണ്ട് അവയിൽ ഒന്നു പോലും നാം ചെയ്യരുത്. എന്നാൽ ശേഷിക്കുന്ന അനുവദനീയമായ (നിയമപരമായ) മുപ്പത് കാര്യങ്ങളിൽ ഏതു വേണമെങ്കിലും നമുക്ക് ചെയ്യാം .എന്നാൽ ആ മുപ്പത് കാര്യങ്ങളിൽ 10 എണ്ണം മാത്രമേ സത്യത്തിൽ ആത്മീയ പ്രയോജനമുള്ളത് ആയിരിക്കുകയുള്ളൂ. പൂർണ്ണ ഹൃദയനായ ഒരു ക്രിസ്ത്യാനി ആ പത്ത് കാര്യങ്ങൾ മാത്രമേ ചെയ്യുകയുള്ളൂ. എന്നാൽ അർദ്ധ മനസ്കനായ ഒരു ക്രിസ്ത്യാനി അനുവദനീയമായ മുപ്പത് കാര്യങ്ങളിൽ ഏതെങ്കിലുമെ തിരഞ്ഞെടുക്കുകയുള്ളൂ. നിങ്ങൾക്ക് പൂർണ്ണ മനസ് കനായ ദൈവത്തിന്റെ ഫലപ്രദമായ ഒരു വേലക്കാരൻ ആകണമെങ്കിൽ, അപ്പോൾ നിങ്ങൾ അനുവദനീയമായ കാര്യങ്ങളിൽ നിന്ന് പ്രയോജനമുള്ള കാര്യങ്ങൾ തിരഞ്ഞെടുക്കേണ്ടതുണ്ട്.

സമയത്തിന്റെ ഉദാഹരണം പരിഗണിക്കാം. നമുക്ക് ഒരു ദിവസം 24 മണിക്കൂർ ഉണ്ട്. അതിന്റെ ഒരു ഭാഗം നിങ്ങൾ അശ്ലീല സിനിമകൾ കാണുന്നതിനും, അശ്ലീല പുസ്തകങ്ങൾ വായിക്കുന്നതിനും ചെലവഴിച്ചാൽ , അത് നിയമപരമല്ലാത്ത (അനുവദനീയമല്ലാത്ത) വിധത്തിൽ നിങ്ങളുടെ സമയം ചെലവഴിക്കുകയായിരിക്കും. മറിച്ച് നിങ്ങളുടെ ദിവസം ചെലവഴിക്കുവാൻ അനേകം അനുവദനീയമായ മാർഗ്ഗങ്ങളുണ്ട്. അവയിൽ ചിലത് ആവശ്യമുള്ളവയാണ്, നാം അവ ചെയ്യുകയും വേണം. എന്നാൽ നിങ്ങൾക്ക് അനേകം മണിക്കൂറുകൾ വർത്തമാനപ്പത്രം വായിച്ച് ചെലവഴിക്കാൻ കഴിയും - അവ നിയമപരമാണെ ങ്കിലും ആ ദിവസം ചെലവഴിക്കുവാൻ ഏറ്റവും പ്രയോജനകരമായ മാർഗ്ഗമല്ല.

നിങ്ങൾക്ക് പ്രയോജനപ്രദമായ ഒരു ദൈവദാസനാകണമെങ്കിൽ, നിങ്ങൾ ശിക്ഷണം ചെയ്യപ്പെട്ട് നിങ്ങളുടെ ദിനചര്യയിൽ നിന്ന് ആവശ്യമില്ലാത്ത ഇനങ്ങളിൽ ചിലത് വെട്ടിക്കുറച്ച് ദൈവിക കാര്യങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടതുണ്ട്. ഇന്റർനെറ്റിൽ , ആദിയോടന്തം അന്വേഷിക്കുകയോ (വൃത്തിയുള്ള വെബ് സൈറ്റുകളിൽ), ക്രിസ്തീയ ടെലിവിഷൻ പരിപാടികളാണെങ്കിൽ പോലും കാണുകയോ ചെയ്ത് അനേകം മണിക്കൂറുകൾ ചെലവാക്കുന്നത് തെരഞ്ഞെടുക്കാൻ നിങ്ങൾക്ക് കഴിയും .അതിന് ശേഷം വേദപുസ്തകം പഠിക്കുവാൻ നിങ്ങൾക്ക് വളരെ കുറച്ച് സമയം മാത്രമേ ലഭിക്കുകയുള്ളൂ. അല്ലെങ്കിൽ അതിനു പകരം, അൽപനേരം ഇന്റർനെറ്റിൽ അന്വേഷിച്ചിട്ട് (ലോക വാർത്തകൾ മുതലായവയ്ക്കു വേണ്ടി ) ബൈബിൾ പഠിക്കുവാൻ കൂടുതൽ സമയം കണ്ടെത്തുവാൻ നിങ്ങൾക്ക് കഴിയും. രണ്ട് മണിക്കൂർ ഒരു വെടിപ്പുള്ള ടെലിവിഷൻ പരിപാടി കാണാൻ ചെലവാക്കുന്നതോ അല്ലെങ്കിൽ വൃത്തിയുള്ള ഒരു ഇന്റർനെറ്റ്സൈറ്റിൽ കയറുന്നതോ വഴി നിങ്ങൾ പാപം ചെയ്യുകയല്ല, എന്നാൽ ദൈവവചനം പഠിക്കുവാനോ ആവശ്യത്തിലിരിക്കുന്ന വരെ സഹായിക്കുന്നതിനോ ഗുണകരമായി ചെലവഴിക്കാമായിരുന്ന സമയം നിങ്ങൾ പാഴാക്കിക്കളയുകയാണ്.

അതുപോലെ തന്നെ പണം ചെലവാക്കുന്ന കാര്യത്തിലും അനുവദനീയമല്ലാത്ത മാർഗ്ഗങ്ങളും അനുവദനീയമായ മാർഗ്ഗങ്ങളും പ്രയോജനകരമായ മാർഗ്ഗങ്ങളും ഉണ്ട്. പൂർണ്ണ മനസ്കനായ ഒരു ക്രിസ്ത്യാനി അവന്റെ സമയവും പണവും പ്രയോജനകരമായ വിധത്തിൽ മാത്രമേ ചെലവഴിക്കുകയുള്ളൂ. ശരിയായ തിരഞ്ഞെടുപ്പ് നടത്താൻ നാം പഠിക്കണം.

ദൈവ ഭക്തിയുള്ള ഒരു ജീവിതത്തിന്റെ രഹസ്യം ഇരിക്കുന്നത് നാം നടത്തുന്ന തിരഞ്ഞെടുപ്പുകളിലാണ്. നമ്മുടെ സമയം കൊണ്ടു ചെയ്യാൻ കഴിയുന്ന എല്ലാ അനുവദനീയമായ കാര്യങ്ങളിൽ നിന്നും, അതു ചെലവഴിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം നാം തിരഞ്ഞെടുക്കണം. അങ്ങനെയുള്ള മനുഷ്യൻ ദൈവത്തിനു വേണ്ടി എണ്ണപ്പെടും.