ലേഖകൻ :   സാക് പുന്നൻ
WFTW Body: 

ആവർത്തന പുസ്തകം എന്നാൽ രണ്ടാമത്തെ 'ഒരു ന്യായപ്രമാണം' എന്നാണർത്ഥം. അതിൻ്റെ കാരണം ന്യായപ്രമാണത്തിലുള്ള മിക്ക പ്രധാന വിഷയങ്ങളുടെയും ഒരാവർത്തനം ഇവിടെയുണ്ട് എന്നതാണ്. നമുക്ക് ഈ പുസ്തകത്തെ രണ്ടു വിധത്തിൽ വിഭജിക്കാം. ഒന്നാമതായി നമുക്കിതിനെ മോശെ നൽകിയ മൂന്നു പ്രസംഗങ്ങളായി വിഭജിക്കാം :

1 .ഒന്നാമത്തെ പ്രസംഗം (1മുതൽ 4 വരെയുള്ള അധ്യായങ്ങൾ)

2. രണ്ടാമത്തെ പ്രസംഗം (5 മുതൽ 26 വരെയുള്ള അധ്യായങ്ങൾ)

3. മൂന്നാമത്തെ പ്രസംഗം (27 മുതൽ 30 വരെയുള്ള അദ്ധ്യായങ്ങൾ) .

എരിയുന്ന മുൾപ്പടർപ്പിൽ വെച്ച് യഹോവയോട് തനിക്കു സംസാരിക്കാൻ കഴിവില്ല എന്നു പറഞ്ഞ മനുഷ്യനാണ് ഇവയെല്ലാം സംസാരിച്ചത് . ആ പുസ്തകം അവസാനിക്കുന്നത് മോശെയുടെ പാട്ടോടും (അധ്യായം 32), മോശെയുടെ അനുഗ്രഹത്തോടും (അധ്യായം 33), മോശെയുടെ മരണത്തോടും കൂടിയാണ് (അധ്യായം 34). ഈ പുസ്തകം വിഭജിക്കുന്നതിനുള്ള രണ്ടാമത്തെ രീതി ഈ പുസ്തകത്തെ മൂന്നു ദിശകളിലേക്കു നോക്കിക്കൊണ്ടിരിക്കുന്നതായി കാണുന്നതാണ് : 1. ഭൂതകാലത്തിലേക്ക് (പിന്നിലേക്ക്) നോക്കുന്നത് . 40 വർഷങ്ങൾ മരുഭൂമിയിലായിരുന്നപ്പോൾ അവർ അനുഭവിച്ച ദൈവത്തിൻ്റെ വിശ്വസ്തതയിലേക്കു തിരിഞ്ഞു നോക്കിക്കൊണ്ടുള്ള രണ്ടു സന്ദേശങ്ങൾ ( 1 മുതൽ 11 വരെയുള്ള അധ്യായങ്ങൾ) . 2. മുകളിലേക്ക് നോക്കുന്നത്. രണ്ടു സന്ദേശങ്ങൾ മുകളിൽ ദൈവത്തിലേക്ക് നോക്കിക്കൊണ്ടുള്ളത് - അവിടുത്തെ നിയമങ്ങളിലൂടെ . ദൈവത്തിൻ്റെ നിയമങ്ങളിലൂടെ , മനുഷ്യൻ തൻ്റെ ആവശ്യത്തെ കാണുന്നു (12 മുതൽ 31 വരെയുള്ള അധ്യായങ്ങൾ). 3. മുന്നോട്ട് നോക്കുന്നത് . ദൈവം ഭാവിയിൽ ചെയ്യാനിരിക്കുന്ന അതിശയകരമായ കാര്യങ്ങളിലേക്ക് മുന്നോട്ടു നോക്കിക്കൊണ്ടുള്ള രണ്ടു സന്ദേശങ്ങൾ ( 32 മുതൽ 33 വരെയുള്ള അധ്യായങ്ങൾ) . നാം എല്ലാവരും , നമ്മുടെ ജീവിതത്തിൽ ഈ മൂന്നു നോട്ടങ്ങൾ ആവശ്യമുള്ളവരാണ്. ഈ മൂന്നു നോട്ടങ്ങൾ നാം ഒരിക്കലും ഇല്ലാതെയാക്കരുത് , നാം എത്ര പ്രായമുള്ളവരായാലും അതു കാര്യമല്ല.

1 . പിന്നിലേക്ക് (ഭൂതകാലത്തിലേക്ക്) നോക്കുന്നത്: (ആവർത്തന പുസ്തകം 1 - 11 )

പുറകോട്ടു തിരിഞ്ഞു നോക്കേണ്ട ആവശ്യം നമുക്കുണ്ട്. ദൈവം എന്നെ എങ്ങനെ നയിച്ചിരിക്കുന്നു എന്നു കാണുവാൻ അനേകം തവണ ഞാൻ എൻ്റെ ജീവിതത്തിൽ തിരിഞ്ഞു നോക്കിയിട്ടുണ്ട് - അത് എൻ്റെ വിശ്വാസത്തെ പുതുക്കിയിരിക്കുന്നു. ഞാൻ പ്രയാസമുള്ള ഒരു സാഹചര്യത്തെ നേരിടുകയും അതിൽ നിന്നു പുറത്തു വരുന്നതിന് ഒരു വഴിയും ഇല്ലാത്തതുപോലെ തോന്നുകയും ചെയ്യുമ്പോൾ, ഞാൻ വേദ പുസ്തകത്തിലുള്ള വാഗ്ദത്തങ്ങളെ കുറിച്ച് എന്നെത്തന്നെ ഓർമ്മിപ്പിക്കയും മറ്റു വിശ്വാസികൾ എനിക്കു നൽകുന്ന പ്രോത്സാഹനം കേൾക്കുകയും ചെയ്യാറുണ്ട്. എന്നാൽ എല്ലാറ്റിലുമധികം എൻ്റെ വിശ്വാസം ശക്തിപ്പെടുത്തുന്നത് ഞാൻ പുറകിലേക്ക് നോക്കുമ്പോഴാണ് . കർത്താവ് എന്നോട് ഇപ്രകാരം ചോദിക്കുന്നു , '' ഞാൻ ഇതുവരെ എപ്പോഴെങ്കിലും നിന്നെ നിരാശപ്പെടുത്തിയിട്ടുണ്ടോ?" എനിക്ക് ഇപ്രകാരം മറുപടി പറയേണ്ടിയിരിക്കുന്നു , "ഇല്ല കർത്താവേ, ഒരിക്കൽപ്പോലും ഇല്ല " അപ്പോൾ അവിടുന്ന് ഇപ്രകാരം പറയുന്നു , "ഇപ്പോഴും ഞാൻ നിന്നെ നിരാശപ്പെടുത്തുകയില്ല ". പുറകിലേക്കുള്ള നോട്ടം മറ്റെന്തിനേക്കാളും എന്നെ പ്രോത്സാഹിപ്പിക്കുന്നു.

നീ വീണ്ടും വീണിരിക്കുന്നോ? കഴിഞ്ഞ നാളുകളിൽ കർത്താവു നിന്നോടു ക്ഷമിച്ചതെങ്ങനെയാണെന്ന് പുറകോട്ടു തിരിഞ്ഞു നോക്കി കാണുക. അവിടുന്നു നിന്നോടു ക്ഷമിച്ചപ്പോൾ , നീ വീണ്ടും വീഴും എന്ന് അവിടുന്ന് അറിഞ്ഞിരുന്നില്ലേ? നീ വീണ്ടും വീണത് അവിടുത്തേക്ക് ഒരു അത്ഭുത വിഷയമായിരുന്നോ? ഇല്ല. അപ്പോൾ അവിടുന്നു വീണ്ടും നിങ്ങളോട് ക്ഷമിക്കും. നന്ദിയോടെ പുറകിലേക്കു തിരിഞ്ഞു നോക്കുക. അതു നിങ്ങളുടെ വിശ്വാസത്തെ ശക്തിപ്പെടുത്തും. കർത്താവിൻ്റെ കരുണ യോർത്ത് നന്ദിയുള്ളവരായിരിക്കുക. നിങ്ങൾ നിങ്ങളുടെ ഭൂതകാല പരാജയങ്ങളിലേക്കു നോക്കുമ്പോൾ , നിങ്ങൾക്കു ചുറ്റുമുള്ള പരാജയപ്പെടുന്ന വിശ്വാസികളോട് നിങ്ങൾ കരുണയുള്ളവരാകാൻ പഠിക്കും. എന്നാൽ നാം പിന്നിലേക്കു നോക്കിക്കൂടാത്ത മറ്റൊരു രീതിയുണ്ട്. പൗലൊസ് പറഞ്ഞു "പിന്നിലുള്ളതു മറന്ന് " ( ഫിലിപ്യർ 3 :13). നാം തെറ്റായ വിധത്തിൽ പിന്നിലേക്കു നോക്കിയാൽ, നാം നിരുത്സാഹിതരാകുകയും നമ്മുടെ ജീവിതത്തിൻ്റെ വളരെയധികം വർഷങ്ങൾ പാഴാക്കിയതിനാൽ നാം പ്രയോജനമില്ലാത്തവരും ജീവിതത്തിൽ ഒരു പരാജയവുമാണെന്ന് ചിന്തിക്കുകയും ചെയ്യും.

തങ്ങളുടെ ജീവിതം തങ്ങൾ പാഴാക്കി കളഞ്ഞു എന്നു തോന്നുന്നവർക്ക് പ്രോത്സാഹനത്തിൻ്റെ ഒരു വാക്കു ഞാൻ പറയട്ടെ. ഒരു പ്രവൃത്തി ദിവസത്തിൻ്റെ 12 ൽ 11 മണിക്കൂറും ഒരു ജോലിയും ചെയ്യാതിരുന്ന ചില കൂലിക്കാരുടെ ഒരു ഉപമ യേശു പറഞ്ഞു. പതിനൊന്നാമത്തെ മണിക്കൂറിൽ ഒരു മനുഷ്യൻ അവരെ വിളിച്ചിട്ട് തൻ്റെ മുന്തിരിത്തോട്ടത്തിൽ വേല ചെയ്യുവാൻ ആവശ്യപ്പെട്ടു. അവർ പോയി വെറും ഒരു മണിക്കൂർ നേരത്തേക്കു ജോലി ചെയ്തു. എന്നാൽ യേശു പറഞ്ഞത് അവർക്കാണ് ആദ്യം കൂലി ലഭിച്ചത് എന്നാണ് ! 12 മണിക്കൂറുകൾ ജോലി ചെയ്തവർക്ക് അവരുടെ പ്രതിഫലം ഒടുവിലാണു കിട്ടിയത് ! അതു നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നാം നിരാശയിൽ ( നിരുത്സാഹിതരായി) പുറകോട്ടു നോക്കരുത്. അതുപോലെ നിഗളത്തോടു കൂടിയും നാം പുറകോട്ടു നോക്കരുത്. "പിമ്പിലുള്ള കാര്യങ്ങളെ മറന്നുകൊണ്ട് " എന്നത് നമ്മെ തിരുത്സാഹപ്പെടുത്തുന്നതും അതുപോലെ തന്നെ നമ്മെ നിഗളികളാക്കുന്നതുമായ ഏതു കാര്യത്തോടും ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളെ നിരുത്സാഹപ്പെടുത്തുന്നതോ അല്ലെങ്കിൽ നിങ്ങളെ നിഗളികളാക്കുന്നതോ ആയ ഏതെങ്കിലും കാര്യത്തെ പറ്റി നിങ്ങൾക്കു ചിന്തിക്കുവാൻ കഴിയുന്നുണ്ടെങ്കിൽ , അത് കഴിയുന്നത്രയും പെട്ടെന്ന് മറന്നു കളയണമെന്ന് ഞാൻ നിങ്ങളോടു പറയും. എന്നാൽ കഴിഞ്ഞ നാളുകളിൽ ദൈവം നമുക്കു വേണ്ടി ചെയ്ത കാര്യങ്ങൾക്കു വേണ്ടി, നാം എപ്പോഴും പുറകോട്ടു തിരിഞ്ഞു നോക്കി അവിടുത്തോടു നന്ദി പറയേണ്ടതുണ്ട്. ഞാൻ സംസാരിക്കുന്നത് പിന്നിലേക്കുള്ള ഈ നോട്ടത്തെ കുറിച്ചാണ്. അപ്രകാരം പിന്നിലേക്കു നോക്കാത്തവർ തങ്ങളുടെ പാപങ്ങളിൽ നിന്നുമുള്ള ശുദ്ധീകരണം മറന്നവരും, അന്ധന്മാരും, ഹൃസ്വദൃഷ്ടിയുള്ളവരും ആണെന്നു പത്രൊസ് പറയുന്നു ( 2 പത്രൊസ് 1:9).

2. മുകളിലേക്ക് നോക്കുന്നത് (ആവർത്തന പുസ്തകം 12 - 31).

നാം മുകളിലേക്കും നോക്കേണ്ടതുണ്ട്. മുകളിലേക്കു നോക്കി കർത്താവിൻ്റെ തേജസ് അധികമായി കണ്ടു കൊണ്ടിരിക്കുന്നത് ഒരിക്കലും നിർത്തരുത് . നാം ഇപ്പോഴും കണ്ടിട്ടില്ലാത്ത യേശുവിൻ്റെ തേജസ് വളരെ അധികമുണ്ട്. നാം അതിനായിട്ട് വിശപ്പുള്ളവരായിരിക്കണം കാരണം അതേ പ്രതിബിംബമായി നമ്മെ രൂപാന്തരപ്പെടുത്തുവാൻ ആണ് പരിശുദ്ധാത്മാവ് അന്വേഷിക്കുന്നത്. നാം കർത്താവിൻ്റെ മഹത്വം കാണുന്തോറും അതു നമ്മെ വിനയാന്വിതരാക്കും കാരണം നാം നമ്മുടെ തന്നെ ആവശ്യം കാണും. നമ്മുടെ ജീവിതാന്ത്യം വരെ താഴ്മയിൽ നിലനിൽക്കുന്നതിനുള്ള രഹസ്യം ഇതാണ്.

ദൈവം അഭിഷേകം ചെയ്തിരിക്കുന്നവനും ശക്തിയോടെ ഉപയോഗിക്കപ്പെടുന്നവനുമായ ഒരാളിന് നിഗളിയാകുവാൻ എളുപ്പമാണ്. അതുപോലെയുള്ള ധാരാളം പ്രാസംഗികരെ ഞാൻ കണ്ടിരിക്കുന്നു. ദൈവം അവരെ ഉപയോഗിക്കുന്നു എന്ന കാരണത്താൽ അവർ വളരെ നിഗളമുള്ളവരും ആളുകളിൽ നിന്ന് വളരെ അകന്നു നിൽക്കുന്നവരുമാണ് . നമ്മുടെ ജീവിതാവസാനം വരെ നമ്മെ നുറുക്കത്തിലും താഴ്മയിലും സൂക്ഷിക്കുന്ന കാര്യം എന്താണ്? ഒരു കാര്യം മാത്രം . നമ്മുടെ വിശ്വാസത്തിൻ്റെ രചയിതാവും പൂർത്തി വരുത്തുന്നവനുമായ യേശുവിലേക്കു നോക്കുക. യേശുവിലേക്കു നോക്കുമ്പോൾ നമുക്ക് നിഗളി ആയിരിക്കുവാൻ സാധ്യമല്ല. ഒരു മനുഷ്യൻ നിഗളിയാകുന്നത് അവൻ മറ്റുള്ളവരിലേക്കു നോക്കുവാൻ തുടങ്ങുമ്പോഴാണ് , അവരെക്കാൾ അധികം നല്ലവനാണു താനെന്നോ , അല്ലെങ്കിൽ അവരെക്കാൾ അധികം അഭിഷിക്തനാണെന്നോ , അല്ലെങ്കിൽ താൻ അവരെക്കാൾ കൂടുതൽ ഉപയോഗിക്കപ്പെടുന്നു എന്നോ തുടങ്ങിയ കാര്യങ്ങൾ അയാൾ ചിന്തിക്കുന്നു. ഏതു വിധത്തിലെങ്കിലും , അയാൾ , മുകളിലേക്ക് യേശുവിനെ നോക്കിയിരുന്നെങ്കിൽ അവൻ തൻ്റെ മുഖത്തെ എല്ലാക്കാലവും പൊടിയിൽ സൂക്ഷിച്ചേനെ. നാം എല്ലാവരും നമ്മുടെ മുഖത്തെ എല്ലാ സമയത്തും പൊടിയിൽ താഴ്ത്തുവാൻ പഠിക്കേണ്ട ആവശ്യമുണ്ട്. അതാണ് സുരക്ഷിത സ്ഥാനം. അതു കൊണ്ട് നിങ്ങളുടെ ജീവിതാന്ത്യം വരെ ദൈവം നിങ്ങളിൽ സന്തുഷ്ടനാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, നിങ്ങൾ നിരന്തരമായി മുകളിലേക്ക് നോക്കിക്കൊണ്ടേയിരിക്കുക. നാം ഒരിക്കലും ആദ്യം നോക്കുന്നത് നമ്മുടെ ഉള്ളിലേക്കായിരിക്കരുത്. നാം എപ്പോഴും ആദ്യം നോക്കുന്നത് മുകളിലേക്ക് ആയിരിക്കണം. നാം യേശുവിലേക്കു നോക്കി അവിടുത്തെ തേജസ് കാണുന്തോറും , നാം നമ്മുടെ പാപത്തെ കാണും. നമ്മുടെ പാപത്തെ കാണാനുള്ള ഏറ്റവും നല്ല മാർഗ്ഗം അതാണ്, അല്ലെങ്കിൽ നാം നിരാശരായി തീരും.

3 . മുന്നോട്ടു നോക്കുന്നത് ( ആവർത്തന പുസ്തകം 32-33).

നാം മുന്നിലേക്കു കൂടെ നോക്കേണ്ട ആവശ്യമുണ്ട് - വിശ്വാസത്തിൽ. നമുക്കു വേണ്ടി സംഭരിച്ചിട്ടുള്ള അത്ഭുതകരമായ കാര്യങ്ങൾ ദൈവത്തിൻ്റെ ഭണ്ഡാരത്തിലുണ്ട്. നമുക്ക് ഒരു വലിയ വേല ദൈവത്തിന് ചെയ്യാനുണ്ട്. നാം ഈ ലോകം വിട്ടു പോകേണ്ടത് എപ്പോഴാണെന്നു നമുക്കറിയില്ല. എന്നാൽ കർത്താവു വരുന്നതിനുമുമ്പ് , ഈ ഭൂമിയിൽ അവിടുത്തേക്ക് പ്രയോജനകരമായ എന്തെങ്കിലും കാര്യങ്ങൾ ചെയ്യുവാനായി നാം മുമ്പോട്ടു നോക്കുന്നു . ഈ ലോകത്തിൽ അനേകം ആളുകൾ ഭാവിയിലേക്കു നോക്കുന്നത് ഭയത്തോടും ഉൽക്കണ്ഠയോടും കൂടെയാണ്. എന്നാൽ നാം വിശ്വാസത്തിലാണ് മുന്നോട്ടു നോക്കുന്നത്. ഇസ്രായേല്യർ കനാനിൽ പാർക്കുന്ന സമയത്തിനായി മുന്നോട്ടു നോക്കി പാർക്കുവാൻ ഇസ്രായേല്യരോടു പറയണമെന്ന് ആവർത്തന പുസ്തകത്തിൽ ദൈവം മോശെയോടു പറഞ്ഞു. ഇസ്രായേലിൻ്റെ അതി - വിദൂര ഭാവിയെ സംബന്ധിച്ച് അവിടുന്ന് ആവർത്തന പുസ്തകത്തിൽ പ്രവചിച്ചു.