WFTW Body: 

മത്തായി 4:9ൽ, സാത്താൻ ഒരു നിമിഷം കൊണ്ട്, ലോകത്തിലുള്ള സകല രാജ്യങ്ങളേയും അവയുടെ മഹത്വത്തെയും യേശുവിനെ കാണിച്ചിട്ട് ഇങ്ങനെ പറഞ്ഞു "നീ വീണ് എന്നെ നമസ്കരിച്ചാൽ ഇതൊക്കെയും നിനക്കു തരാം". അവന് എപ്പോഴും വേണ്ടിയിരുന്നത് അതുതന്നെ ആയിരുന്നു, അതാണ് അവനെ പിശാചാക്കി മാറ്റിയത്. അവൻ ദൈവത്താൽ സൃഷ്ടിക്കപ്പെട്ട ദൂതന്മാരുടെ തലവനായിരുന്നു, സൗന്ദര്യ സമ്പൂർണ്ണനും, ജ്ഞാന സമ്പൂർണ്ണനും പ്രപഞ്ചത്തിലെ ഉന്നത പദവിയോടു കൂടിയവനും, മനുഷ്യൻ സൃഷ്ടിക്കപ്പെടുന്നതിനു മുമ്പേ സൃഷ്ടിക്കപ്പെട്ടവനും ആയിരുന്നു. ഈ ഉന്നതതനായ ദൂതൻ്റെ ചരിത്രം യെശ.14 ലും യെഹെ.28ലും നാം വായിക്കുന്നു. നമുക്ക് അവൻ്റെ പേര് അറിയില്ല, എന്നാൽ അവൻ അരുണോ ദയപുത്രൻ എന്നു വിളിക്കപ്പെടുന്നു എന്ന് മാത്രം അറിയാം (യെശ. 14:12), അത് ലാറ്റിൻ ഭാഷയിൽ "ലൂസിഫർ" എന്നാണ് പരിഭാഷപ്പെടുത്തപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് ആ സ്ഥാനപ്പേര് അവനോട് ചേർന്നിരിക്കുന്നു, എന്നാൽ അവൻ്റെ പേര് അതല്ല: അവൻ്റെ പേര് നമുക്കറിയില്ല, എന്നാൽ ഈ ദൂതന്മാരുടെ നേതാവ് ആഗ്രഹിച്ചത് ദൂതന്മാർ ദൈവത്തെ ആരാധിക്കാതെ അവനെ ആരാധിക്കണമെന്നാണ്. യെശെ. 14 ൽ അവൻ പറയുന്നത് അതാണ്. "ഞാൻ എന്നെ തന്നെ ദൈവത്തോടു സമനാക്കും" ഇങ്ങനെയാണ് പാപം ഉത്ഭവിച്ചത് എന്നോർക്കുക. ഒരുവൻ ആരാധന ആഗ്രഹിച്ചപ്പോൾ, ഒരുവൻ ദൈവത്തിനെതിരെ മത്സരിക്കാൻ ആഗ്രഹിച്ചപ്പോൾ, ഒരുവൻ്റെ ഹൃദയം അഹങ്കാരം കൊണ്ട് ഉയർത്തപ്പെട്ട് ദൂതന്മാർ അവനെ ആരാധിക്കണം എന്നാഗ്രഹിച്ചപ്പോൾ.

പാപത്തിൻ്റെ ആരംഭം ഇതാണ്. ലോകത്തിലുണ്ടായ ആദ്യപാപം കൊലപാതകമോ വ്യഭിചാരമോ ആയിരുന്നില്ല, അത് മറ്റുള്ള ആളുകൾ നിങ്ങളെ പുകഴ്ത്തണം എന്ന ആഗ്രഹമായിരുന്നു. നിങ്ങൾക്ക് ആ ആഗ്രഹം ഉണ്ടെങ്കിൽ, നിങ്ങൾ ആരു തന്നെ ആയിരുന്നാലും, നിങ്ങൾ നിങ്ങളെ തന്നെ ഒരു ക്രിസ്ത്യാനി എന്നോ അല്ലെങ്കിൽ ഒരു പ്രാസംഗികൻ എന്നോ ആണ് വിളിക്കുന്നതെങ്കിൽ പോലും, ആളുകൾ ക്രിസ്തുവിനെ അല്ല, നിങ്ങളെ പുകഴ്ത്തണം എന്നു നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, സാത്താൻ നടന്ന അതേ മാർഗ്ഗത്തിലാണ് നിങ്ങളും നടക്കുന്നത്. അത് അപകടകരമായ സ്ഥാനമാണ് കാരണം അത് ഒടുവിൽ നരകത്തിലേക്കു നയിക്കുന്നു. സാത്താന് അപ്പോൾ അതു ലഭിക്കുവാൻ കഴിഞ്ഞില്ല; അവൻ സ്വർഗ്ഗത്തിൽ നിന്നു പുറം തള്ളപ്പെട്ടു, എന്നാൽ ഇപ്പോൾ അത് (ആരാധന) ലഭിക്കുന്നതിനുവേണ്ടി വീണ്ടും പരിശ്രമിക്കുന്നു. യേശുവിനോട് സാത്താൻ പറഞ്ഞു, "വീണ് എന്നെ നമസ്കരിക്കുക." എന്നാൽ യേശു ഇപ്രകാരം പറഞ്ഞു, "സാത്താനെ എന്നെ വിട്ടു പോകുക" (മത്താ. 4:10) "കാരണം നിൻ്റെ ദൈവമായ കർത്താവിനെ മാത്രം ആരാധിച്ച് അവിടുത്തെ മാത്രം സേവിക്കണം എന്ന് എഴുതിയിരിക്കുന്നു." നാം ആരാധിക്കേണ്ട ഒരേയൊരു വ്യക്തി മാത്രമേയുള്ളു. മഹത്വകരമായ ജീവിതങ്ങളെയും വലിയ ദൈവദാസന്മാരെയും ആരാധിക്കുക എന്ന തെറ്റ് നമുക്കു പറ്റാം. വെളി. 22:8 ൽ, വലിയ അപ്പൊസ്തലനായ യോഹന്നാൻ പോലും ആ തെറ്റു ചെയ്തു.. വെളിപ്പാട് പുസ്തകത്തിൽ വെളിപ്പെടുത്തപ്പെട്ട അത്ഭുത കാര്യങ്ങളെ കണ്ടതിനു ശേഷം അതു കാണിച്ചു കൊടുത്ത ഒരു ദൂതനെ കണ്ടപ്പോൾ അദ്ദേഹം അവനെ വീണു നമസ്കരിച്ചു. ഒന്നു സങ്കല്പിച്ചു നോക്കുക, കർത്താവിനെ വളരെ നാളുകളായി അറിഞ്ഞിരിക്കുന്ന യോഹന്നാൻ അപ്പൊസ്തലന്, 95-ാമത്തെ വയസ്സിൽ ശക്തനായ ദൈവത്തിൻ്റെ ഒരു ഭൃത്യനെ ആരാധിക്കുക എന്ന ഒരു തെറ്റു ചെയ്യാൻ കഴിഞ്ഞെങ്കിൽ, നമ്മിൽ ആർക്കും ആ തെറ്റു ചെയ്യാൻ കഴിയും. ദൈവത്തോടുള്ള നമ്മുടെ ബന്ധം ശക്തരായ ചില ദൈവ ദാസന്മാരിലൂടെ ആകുന്ന അവസ്ഥ വരത്തക്ക വിധം നാം അവരെ പുകഴ്ത്തരുത്.

ഒരു പ്രാസംഗികനോ അല്ലെങ്കിൽ ഒരു പാസ്റ്ററോ ദൈവത്തിനും മനുഷ്യർക്കും ഇടയിൽ ഒരു രണ്ടാം മധ്യസ്ഥനാകാൻ ശ്രമിക്കുന്നിടത്ത്, നിങ്ങൾ ശ്രദ്ധാലുക്കളാകേണ്ടതുണ്ട്. ദൈവഹിതം മനുഷ്യരോട് അറിയിച്ചവരായിരുന്നു പഴയ നിയമ പ്രവാചകന്മാർ, എന്നാൽ പുതിയ ഉടമ്പടിയിൽ, ദൈവത്തിനും മനുഷ്യർക്കും ഇടയിൽ ഒരേയൊരു മധ്യസ്ഥനേയുള്ളൂ, അത് കർത്താവായ യേശുക്രിസ്തുവാണ്. ക്രിസ്തുവിനും നിങ്ങൾക്കും ഇടയിൽ ഒരു രണ്ടാം മധ്യസ്ഥനാകുവാൻ ഒരു പാസ്റ്ററെയോ പ്രാസംഗികനെയോ നിങ്ങൾക്കാവശ്യമില്ല. നിങ്ങൾക്ക് മറിയത്തിനെ ആവശ്യമില്ല. മറ്റാരെയും നിങ്ങൾക്കാവശ്യമില്ല. നിങ്ങൾക്ക് നേരിട്ട് യേശുവിൻ്റെ അടുത്തേക്കും, യേശുവിലൂടെ പിതാവിങ്കലേക്കും പോകാം. എന്നാൽ യോഹന്നാനെ പോലെ നമുക്കും തെറ്റുപറ്റാം. വെളി.22 ൽ, ആ ശക്തനായ ദൂതൻ്റെ വിശ്വസ്തതയും നാം കാണുന്നു. അദ്ദേഹം ഇങ്ങനെ പറയുന്നു, "അങ്ങനെ ചെയ്യരുത്, എന്നെ ആരാധിക്കരുത്."

ക്രിസ്ത്യാനികളെ തങ്ങളിലേക്ക് പറ്റിച്ചേർന്നു നിൽക്കുവാൻ അനുവദിക്കാത്ത, അവരെ തള്ളി മാറ്റിയിട്ട് "എന്നോട് പറ്റിച്ചേരരുത്; ക്രിസ്തുവിനോടു തന്നെ ബന്ധിപ്പിക്കപ്പെടുന്നതിന് ശ്രമിക്കുക" എന്നു പറയുന്ന പ്രാസംഗികരും പാസ്റ്റർമാരും എവിടെയുണ്ട്? ഭയം കൂടാതെ നിങ്ങൾക്കു പിൻതുടരുവാൻ കഴിയുന്ന ഒരു യഥാർത്ഥ ദൈവ മനുഷ്യൻ ഇങ്ങനെയുള്ളവനാണ്. അദ്ദേഹത്തോട് പറ്റി ചേരാൻ അനുവദിക്കാതെ, നിങ്ങൾക്കു വേണ്ടിയുള്ള ദൈവഹിതം കണ്ടെത്തുന്നതിന് വിസമ്മതിക്കുന്നവൻ, എന്നാൽ നിങ്ങളോട്, "ദൈവം നിങ്ങളുടെ പിതാവാണ്. നിങ്ങൾ നേരിട്ട് അവിടുത്തെ അടുത്തേക്കു ചെല്ലുക, അവിടുന്ന് തൻ്റെ ഹിതം നിങ്ങൾക്കു കാണിച്ചു തരും" എന്നു പറയുന്നവൻ. എബ്രാ. 8:11ൽ ഉള്ള ദൈവത്തിൻ്റെ പുതിയ ഉടമ്പടി വാഗ്ദത്തം ഇതാണ്, "ഇനി അവരിൽ ആരും തൻ്റെ കൂട്ടുകാരനെയും തൻ്റെ സഹോദരനെയും കർത്താവിനെ അറിക എന്ന് ഉപദേശിക്കയില്ല. അവർ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും." ഇതിൻ്റെ അർത്ഥം പുതിയതായി വീണ്ടും ജനിച്ച ഒരുവനു പോലും ക്രിസ്തുവിൽ ഒരു ശിശു മുതൽ ഏറ്റവും വലിയ, ശക്തനായ ദൈവദാസൻ വരെയുള്ള എല്ലാവർക്കും അവിടുത്തെ വ്യക്തിപരമായി അറിയാൻ കഴിയും എന്നാണ്. അതുകൊണ്ട് ദൂതൻ ഇങ്ങനെ പറയുന്നു, "എന്നെ ആരാധിക്കരുത്. ഞാൻ നിങ്ങളുടെ സഹോദരന്മാരിൽ ഒരുവനാണ്, ഞാൻ ഒരു സഹഭൃത്യനാണ്, അതുകൊണ്ട് നിങ്ങൾ ദൈവത്തെ നമസ്കരിക്കണം".