ശിഷ്യത്വത്തിന്റെ മൂന്നാമത്തെ വ്യവസ്ഥ ലൂക്കോസ് 14:33 ൽ ആണ്: "തനിക്കുള്ളതൊക്കെയും വിട്ടുകളയാത്ത ഒരുവനും എൻ്റെ ശിഷ്യനായിരിക്കുവാൻ കഴിയുകയില്ല" (മറ്റൊരു അഖണ്ഡമായ പ്രസ്താവന).
പ്രായോഗികതലത്തിൽ ഇത് എന്താണർത്ഥമാക്കുന്നത്? നാം അത് മനസ്സിലാക്കേണ്ടതുണ്ട്. നാം താപസന്മാരോ സന്യാസികളോ ആയിട്ട് എല്ലാം ഉപേക്ഷിച്ച് വനങ്ങളിൽ പോയി താമസിക്കണമെന്നാണോ അതിൻ്റെ അർത്ഥം? അല്ല "തൻ്റേതു മാത്രയവ" എന്നത് സൂചിപ്പിക്കുന്നത് നമ്മെ സ്വന്തമാക്കിയിരിക്കുന്ന വസ്തുക്കൾ ആണ്. എന്നെ സ്വന്തമാക്കുന്നതെന്താണോ അവയാണ് എൻ്റെ സ്വത്ത്. എൻ്റെ വീട് എൻ്റെ സ്വത്താണെങ്കിൽ, ഞാൻ അതിനോട് പറ്റിച്ചേർന്നിരിക്കും കാരണം അത് എന്റേതാണ്. ഞാൻ അതിനെ കൈവശപ്പെടുത്തി, അതുകൊണ്ട് അത് എന്നെ കൈവശപ്പെടുത്തുന്നു. അത് നിങ്ങൾക്കുള്ള വളരെ വിലപിടിപ്പുള്ള ഒരു കാർ ആകാം അല്ലെങ്കിൽ വിലയുള്ള സ്റ്റോക്സും ഷെയറും (ഓഹരി വിപണി) ആകാം; നിങ്ങൾ അവയെ കൈവശമാക്കുന്നു, അപ്പോൾ അവ നിങ്ങളെ കൈവശപ്പെടുത്തുന്നു, കാരണം നിങ്ങളുടെ മനസ്സ് അത്രമാത്രം ആ വസ്തുക്കളുടെ മേൽ ആണ്. നിങ്ങളുടെ ഭവനത്തിൽ നിങ്ങൾക്കുള്ള വിലയില്ലാത്ത സാധനങ്ങളുടെ മേലല്ല നിങ്ങളുടെ മനസ്സ് ഇരിക്കുന്നത്, എന്നാൽ ഈ വിലയേറിയ അവകാശങ്ങളുടെ മേലാണ്.
അങ്ങനെയെങ്കിൽ, അവിടുത്തെ ശിഷ്യരാകണമെങ്കിൽ "നമുക്കുള്ളതെല്ലാം ഉപേക്ഷിക്കണം" എന്ന് പറയുമ്പോൾ അതിൻ്റെ അർത്ഥമെന്താണ്? എനിക്കുള്ളതെല്ലാം ഞാൻ വിൽക്കേണ്ടതുണ്ടോ? മർക്കോസ് 10 ൽ യേശുവിൻ്റെ അടുക്കൽ വന്ന ഒരു ചെറുപ്പക്കാരൻ ഉണ്ടായിരുന്നു, അവനോട് യേശു അവനുള്ളതെല്ലാം വിൽക്കണം എന്ന് പറഞ്ഞു, എന്നാൽ യേശു മറ്റൊരുത്തർക്കും ഒരിക്കലും ആ കൽപ്പന കൊടുത്തില്ല. ഉദാഹരണത്തിന് ലൂക്കോസ് 19 ൽ സഖായി, യേശുവിനോട് തൻ്റെ വസ്തുവകയിൽ പാതി ദരിദ്രർക്കു കൊടുക്കുമെന്നും ചതിവായി വാങ്ങിയവർക്ക് അവൻ തിരികെ കൊടുക്കുമെന്നും പറഞ്ഞപ്പോൾ അതു നല്ലത് എന്ന് യേശു പറഞ്ഞു. അവിടുന്ന് ഇപ്രകാരം പറഞ്ഞു, "ഈ വീടിന് രക്ഷ വന്നിരിക്കുന്നു". ആ ധനവാനായ ചെറുപ്പക്കാരനോട് പറഞ്ഞതുപോലെ എല്ലാം ഉപേക്ഷിക്കണമെന്ന് യേശു സഖായിയോട് ആവശ്യപ്പെട്ടില്ല. മറിയയുടെയും മാർത്തയുടെയും ലാസറിന്റെയും വീട്ടിൽ പോലും, അവർ എന്തെങ്കിലും ഉപേക്ഷിക്കണമെന്ന് യേശു പറഞ്ഞില്ല. അതുകൊണ്ട്, എല്ലാം വിറ്റു കളയണമെന്ന് യേശു എല്ലാവരോടും പറഞ്ഞില്ല.
പണസ്നേഹം കാൻസർ പോലെയാണ്: ചിലരുടെ കാര്യത്തിൽ കാൻസർ അത്രയധികം പടർന്നതുകൊണ്ട് അയാൾ സുഖപ്പെടാനുള്ള ഒരേയൊരു മാർഗം ആ അവയവം മുറിച്ചു മാറ്റുന്നതാണെന്നു ഡോക്ടർ പറയുന്നു. ഏതെങ്കിലും ആന്തരിക അവയവം ആയിരിക്കാം ക്യാൻസർ ബാധിതമായത്, അപ്പോൾ ഡോക്ടർ പറയുന്നു, "ഇവിടെ മറ്റു മാർഗമൊന്നുമില്ല. നിങ്ങൾക്ക് ഈ അവയവം പൂർണ്ണമായി മാറ്റപ്പെട്ടു കിട്ടണം, അല്ലെങ്കിൽ നിങ്ങൾ മരിക്കും". എന്നാൽ കാൻസർ അത്രയധികം പടർന്നിട്ടില്ലാത്ത മറ്റു ചിലരുടെ കാര്യത്തിൽ, അവർ വളരെ കുറച്ചുഭാഗം മാത്രം മുറിച്ചു മാറ്റിയാൽ മതി. പണസ്നേഹം ഒരു കാൻസർ പോലെയാണ്. ചെറുപ്പക്കാരന്റെ കാര്യത്തിൽ, "നിനക്കുള്ളതെല്ലാം വിറ്റു ദരിദ്രർക്കു കൊടുക്കണം" എന്ന് യേശു പറയത്തക്ക വിധം അതു പടർന്നു പിടിച്ചിരുന്നു. എന്നാൽ മറ്റുള്ളവരുടെ കാര്യത്തിൽ, സഖായിയെ പോലെ, അതു കുറവാണ്. മറിയയുടെയും മാർത്തയുടെയും കാര്യത്തിൽ അതു വളരെ കുറവാണ്. അതുകൊണ്ട് ഒരേ കൽപ്പന അവിടുന്ന് എല്ലാവർക്കും കൊടുത്തില്ല. പണസ്നേഹം എത്രമാത്രം നിങ്ങളെ പിടിച്ചിരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്, ആ കാൻസർ നിങ്ങളുടെ ജീവിതത്തിൽ എത്ര പടർന്നിരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്, നിങ്ങൾ വാസ്തവത്തിൽ എത്രമാത്രം ഉപേക്ഷിച്ച് നിങ്ങളുടെ സ്വത്തുക്കൾ വിറ്റു കളയണമെന്ന് കർത്താവ് പറയാൻ പോകുന്നത്.
നമുക്കുള്ളത് ഉപേക്ഷിക്കുന്നതിനെക്കുറിച്ചുള്ള നമ്മുടെ മനോഭാവം ഒരുപക്ഷേ ഏറ്റവും നന്നായി മനസ്സിലാകുന്നത് അബ്രാഹാമിന്റെയും ഇസ്ഹാക്കിൻ്റെയും കഥ ചിന്തിക്കുന്നതിലൂടെയാണ്. അബ്രാഹാം ഇസ്ഹാക്കിനെ തൻ്റെ സ്വന്തമായി കരുതി സൂക്ഷിച്ചു. അദ്ദേഹം അവനെ സ്നേഹിക്കുകയും തന്റെ സ്വന്തമെന്നു കരുതുകയും ചെയ്തു. ഇസ്ഹാക്ക് അവൻ്റെ ഹൃദയത്തിൻ്റെ അരുമയായിരുന്നു, അവൻ തന്റെ ഭാര്യയെ കരുതുന്നതിലും അധികം അവനു വേണ്ടി കരുതി. ഇസ്ഹാക്ക് അബ്രാഹാമിന്റെ ഹൃദയത്തിൽ ഒരു ചെറിയ വിഗ്രഹമാണെന്ന് ദൈവം കണ്ടു, ഇസ്ഹാക്ക് ആണ് വാസ്തവത്തിൽ അബ്രാഹാമിൻ്റെ ദൈവമെന്നു കണ്ടു. അവൻ ഇസ്ഹാക്കിനെ വളരെയധികം സ്നേഹിച്ചതുകൊണ്ട് ഒരു വിഗ്രഹമായി സ്വന്തമാക്കിയിരിക്കുന്ന ഇസ്ഹാക്കിൽ നിന്ന് അബ്രാഹാമിനെ വേർപെടുത്തുവാൻ ദൈവം ആഗ്രഹിച്ചു. അതുകൊണ്ട് ദൈവം അബ്രാഹാമിനോട്, ഇസ്ഹാക്കിനെ മോറിയ മലയിൽ കൊണ്ടുപോയി കൊല്ലാൻ പറഞ്ഞു. അബ്രാഹാം അത് അനുസരിക്കുകയും ചെയ്തു. അതിനെക്കുറിച്ച് ചിന്തിക്കുവാൻ ദൈവം അവന് മൂന്നു ദിവസം നൽകി, അതുകൊണ്ട് മോറിയാ മലയിലെത്തുവാൻ മൂന്നു ദിവസം മുഴുവനും നടന്നു, അതിനു ശേഷം അവൻ പറഞ്ഞു "അതെ കർത്താവേ, ഞാൻ അങ്ങയെ ആരാധിക്കുന്നു ഞാൻ ഇസ്ഹാക്കിനെ അവിടുത്തേക്ക് അർപ്പിക്കുന്നു". എന്നാൽ ഇസ്ഹാക്കിനെ വെട്ടുവാൻ കത്തി എടുത്തപ്പോൾ, ദൈവം അവനോട് നിർത്തുക എന്ന് പറഞ്ഞു, കൂടാതെ ഇസ്ഹാക്കിനെ ഭവനത്തിലേക്ക് കൂട്ടിക്കൊണ്ടുപോക എന്നും പറഞ്ഞു. അന്നുമുതൽ അബ്രാഹാം ഇസ്ഹാക്കിനെ തൻ്റെ സ്വത്തായി കണ്ടില്ല എന്നാൽ അവന് ഇസ്ഹാക്ക് ഉണ്ടായിരുന്നു. ഇസ്ഹാക്ക് അപ്പോഴും അവൻ്റെ വീട്ടിലുണ്ടായിരുന്നു - അവൻ അപ്പോഴും അവൻ്റെ മകനായിരുന്നു - എന്നാൽ അബ്രാഹാം പിന്നീട് ഒരിക്കലും അവനെ സ്വന്തം അവകാശമായി കണ്ടില്ല, നമുക്കുള്ളത് ഉപേക്ഷിക്കുക എന്നതിൻ്റെ വളരെ മനോഹരമായ ചിത്രമാണത്.
നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്ക് ഏറ്റവും വിലപിടിപ്പുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക (ഭൗമിക കാര്യങ്ങൾ,ഭൗതിക വസ്തുക്കൾ). നിങ്ങൾ വിലമതിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ്, നിങ്ങൾക്കു വളരെ, വളരെ, വളരെ പ്രാധാന്യമുള്ളവ ഏതാണ്? ഒരുപക്ഷേ നിങ്ങൾ അതിൻ്റെ ഒരു ലിസ്റ്റ് ഉണ്ടാക്കണം. അവയാണ് നിങ്ങളുടെ സ്വത്ത്, നിങ്ങൾക്ക് യഥാർത്ഥമായി ഒരു ശിഷ്യനാകണമെങ്കിൽ, നിങ്ങൾ വളരെ സത്യസന്ധതയുള്ളവനായിരിക്കണം. യഥാർത്ഥമായി നിങ്ങൾക്കുള്ളവ എന്നതിനെക്കുറിച്ച് നിങ്ങൾ സത്യസന്ധരായിരിക്കണം, എന്നിട്ട് ഈ കാര്യങ്ങളോടുള്ള നിങ്ങളുടെ ഉടമസ്ഥതാ മനോഭാവം അവസാനിപ്പിക്കുവാൻ നിങ്ങൾക്ക് സമ്മതമാണോ എന്ന് തീരുമാനിക്കണം.
നിങ്ങൾ എന്തിനെയെങ്കിലും മുറുക്കി പിടിക്കുമ്പോൾ കൈവശമുള്ളത് എന്താണെന്നു നിങ്ങൾ അറിയും. ഉദാഹരണത്തിന്, ഞാൻ ഒരു പേന എൻ്റെ കയ്യിൽ മുറുകി പിടിക്കുമ്പോൾ, ഞാൻ അതു കൈവശപ്പെടുത്തുകയാണ്. അത് നിങ്ങളുടെ വീടാകാം, ബാങ്ക് അക്കൗണ്ട് ആകാം, നിങ്ങളുടെ ഓഹരി വിപണിയാകാം, നിങ്ങളുടെ കാറാകാം, നിങ്ങളുടെ വസ്തുവകകളോ റിയൽ എസ്റ്റേറ്റോ പോലെ വിലയുള്ള ഏതു കാര്യവുമാകാം. അവ നമുക്ക് ഉണ്ടാകുക എന്നാൽ നിങ്ങൾ തുറന്ന കൈവെള്ളയിൽ അത് വച്ചിരിക്കുന്നു എന്നണ്. അത് അപ്പോഴും അവിടെയുണ്ട് - നിങ്ങൾ അത് മറ്റാർക്കും കൊടുത്തിട്ടില്ല - എന്നാൽ നിങ്ങൾ ഇപ്പോൾ ഇപ്രകാരമാണ് പറയുന്നത്, "കർത്താവേ ഇത് എന്റെ സ്വന്തമല്ല എന്നു ഞാൻ തിരിച്ചറിയുന്നു. ഇത് അവിടുത്തെതാണ് അവിടുന്ന് ഇതെനിക്ക് തന്നിരിക്കുന്നതിനാൽ ഞാൻ അതിൻ്റെ കാര്യസ്ഥൻ മാത്രമാണ്. അതെനിക്ക് വിശ്വസ്തതയോടെ ഉപയോഗിക്കണം, എന്നാൽ അതെൻ്റെ കൈവശാവകാശമായി കാണുകയില്ല. ഇത് എന്നെ കൈവശപ്പെടുത്തുകയില്ല. എനിക്ക് അതുണ്ട് അത് എനിക്കു ണ്ടായിരിക്കുവാൻ അവിടുന്നെന്നെ അനുവദിച്ചതിനു നന്ദി".
ഇതാണ് തൻ്റേതു മാത്രമായി സൂക്ഷിക്കുന്നതും ഉണ്ടായിരിക്കുന്നതും തമ്മിലുള്ള വ്യത്യാസം, തന്നെയുമല്ല എന്റേത് മാത്രമെന്നുള്ള സ്വത്തെല്ലാം ഞാൻ ഉപേക്ഷിക്കണമെന്ന് യേശു പറയുന്നു. അപ്പോഴും കർത്താവ് എനിക്ക് തിരികെ തരുന്ന കാര്യങ്ങൾ എനിക്ക് ഉണ്ടായിരിക്കാൻ കഴിയും. തന്നെയുമല്ല എനിക്കത് ഉപയോഗിക്കാനും കഴിയും, എന്നാൽ ഇനിമേലാൽ അവ എന്റെ സ്വന്തമായിരിക്കുകയില്ല.
ഇതാണ് ശിഷ്യത്വത്തിൻ്റെ മൂന്നാമത്തെ വ്യവസ്ഥ: ഭൂമിയിലുള്ള എല്ലാ കാര്യങ്ങളെക്കാൾ അധികം ഞാൻ യേശുവിനെ സ്നേഹിക്കണം.