WFTW Body: 

"നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചം പോലെ; അതു നട്ടുച്ച വരെ വളരെയധികം ശോഭിച്ചു വരുന്നു" (സദൃശ. വാ. 4:18).

ഇത് യഥാർത്ഥത്തിൽ ഒരു പുതിയ ഉടമ്പടി വാഗ്ദത്തമാണ്. ഒരു വ്യക്തി നീതിമാൻ ആകുന്നത് അയാൾ ക്രിസ്തുവിലുള്ള വിശ്വാസത്തിലേക്ക് വരുമ്പോൾ മാത്രമാണ് എന്നു നമുക്കറിയാംഅയാളുടെ പാപങ്ങൾ ക്ഷമിക്കപ്പെട്ട്, ദൈവത്താൽ അയാൾ നീതിമാനാണെന്ന് പ്രഖ്യാപിക്കപ്പെട്ട്, ക്രിസ്തുവിൻ്റെ നീതി കൊണ്ട് അയാൾ ധരിക്കപ്പെടുന്നതിനാൽ നീതീകരിക്കപ്പെടുമ്പോൾ മാത്രം. എന്നാൽ അതിനുശേഷം അയാളുടെ ജീവിതം സൂര്യോദയം പോലെ മാത്രമായിരിക്കണമെന്നല്ല ദൈവത്തിൻ്റെ ഹിതം. അവിടെ ഇങ്ങനെയാണ് പറയുന്നത്, "നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചം പോലെ..." എന്നാൽ സൂര്യൻ ഉദിക്കുമ്പോൾ, പ്രകാശം ഉണ്ട് എന്ന് നിങ്ങൾക്കറിയാം, എന്നാൽ അപ്പോഴും സൂര്യൻ അതിൻ്റെ ഏറ്റവും പ്രകാശമുള്ള അവസ്ഥയിൽ അല്ല. സൂര്യൻ ആകാശത്തിൽ ഉയരുന്നതിനെ കുറിച്ച് ചിന്തിക്കുക; ഈ വെളിച്ചം പൂർണ്ണ പ്രകാശമുള്ള നട്ടുച്ചയിലെത്തുന്നതുവരെ കൂടുതൽ കൂടുതൽ ശോഭയോടെ പ്രകാശിക്കുന്നു. സൂര്യൻ ഉയരുന്നതിനനുസരിച്ച് നിഴൽ ചെറുതാകുന്നു എന്ന് നമുക്ക് പറയാൻ കഴിയും;നമ്മുടെ സ്വയ ജീവൻ്റെ നിഴൽ കുറഞ്ഞു, കുറഞ്ഞു, കുറഞ്ഞു, കുറഞ്ഞു ഒടുവിൽ സൂര്യൻ തലയ്ക്കു മുകളിലാകുമ്പോൾ നിഴൽ അപ്പാടെ അപ്രത്യക്ഷമാവുന്നു. അതാണ് നമുക്ക് വേണ്ടിയുള്ള ദൈവത്തിൻ്റെ ഹിതം.നാം വീണ്ടും ജനിക്കുന്ന സമയം മുതൽ, അവിടുത്തെ ഏതെങ്കിലും ഒരു കുഞ്ഞിന് ഉയർന്നും താഴ്ന്നുമുള്ള ഒരനുഭവം ഉണ്ടാകണമെന്നതല്ല ദൈവഹിതം.

ഇപ്പോൾ, മിക്ക ക്രിസ്ത്യാനികൾക്കും ഉയർച്ച താഴ്ചകളുള്ള അനുഭവം ഉണ്ട്, തന്നെയുമല്ല ഉയർച്ചയും താഴ്ചയും ഉള്ള അനുഭവങ്ങൾ മറ്റുള്ളവർക്കും,ചില പ്രാസംഗികർക്കുമുണ്ട് എന്നു നാം കേൾക്കുമ്പോൾ നാം നമ്മുടെ പരാജയങ്ങളിൽ ആശ്വസിക്കപ്പെടുന്നു. നീതിമാന്മാരുടെ പാത ഉയർച്ച താഴ്ചകൾ ഉള്ളതല്ല എന്ന് പറയുന്ന ദൈവവചനത്തിൽ നിന്നും നമ്മുടെ നിലവാരം നേടുന്നതിനു പകരം ചില ജഡികരായ വിശ്വാസികളിൽ നിന്നോ അല്ലെങ്കിൽ ജഡികനായ പ്രാസംഗികനിൽ നിന്നോ നമ്മുടെ നിലവാരം ഏറ്റെടുക്കുന്നു. ആദ്യം പ്രകാശമുള്ളത് അതിനുശേഷം ഇരുണ്ടത്, പിന്നീട് വീണ്ടും പ്രകാശമുള്ളത്, അതുകഴിഞ്ഞ് വീണ്ടും ഇരുണ്ടത് അത് അങ്ങനെയല്ല. പർവ്വതത്തിന്റെ മുകളിൽ, പിന്നീട് കുഴിയിൽ. ഒരു ദിവസം കർത്താവിനെ സ്തുതിച്ച്സന്തോഷിച്ച് ഉല്ലസിക്കുന്നു, പിന്നീട് അടുത്ത ദിവസം വിഷണ്ണനും ദുഃഖിക്കുന്നവനുമായിരിക്കുന്നു. അതാണു നമ്മുടെ അനുഭവമെങ്കിൽ, അതു ദൈവഹിതം അല്ല എന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അതു നീതിമാന്മാരുടെ പാതയല്ല. ഒരു വ്യക്തി ആ വഴിയിലൂടെയാണ് നടക്കുന്നതെങ്കിൽ, അതു നീതിമാന്മാരുടെ പാതയല്ല എന്ന് നമുക്ക് വ്യക്തമായി പറയാൻ കഴിയും.

പുതിയ നിയമത്തിൽ നീതിമാന്മാരുടെ പാത വിളിക്കപ്പെടുന്നത്, "ജീവനുള്ള പുതിയ വഴി" എന്നാണ്. അതു മനസ്സിലാക്കാനുള്ള ഒരു ഉപദേശം അല്ല, അത് നീതിമാന്മാരുടെ പാതയാണ്. ഇപ്പോൾ, ജീവനുള്ള പുതിയ വഴിയിൽ വിശ്വസിക്കുന്നവരെ കുറിച്ച് നാം കേൾക്കുന്നുണ്ട്. "ജീവനുള്ള പുതിയ വഴിയിലെ സഹോദരീ സഹോദരന്മാരെ" കുറിച്ച് സംസാരിക്കുന്ന ചിലരെ കുറിച്ച് ഈ ആഴ്ച എനിക്ക് ഒരു കത്ത് കിട്ടി. ജീവനുള്ള പുതിയ വഴിയിലെ ഒരു സഹോദരൻ അല്ലെങ്കിൽ ഒരു സഹോദരി എന്നാൽ എന്താണ്? ക്രിസ്ത്യൻ ഫെലോഷിപ്പ് സഭയിൽ ഇരിക്കുന്ന ചിലരല്ല. ഉപദേശം മനസ്സിലാക്കുന്ന ചിലരല്ല, എന്നാൽ ഉയരത്തിലേക്ക് പോയിട്ട് താഴേക്ക് വരാത്തവർ. മുകളിലേക്കും താഴേക്കും പോകുന്നവർ ജീവനുള്ള പുതിയ വഴിയിലല്ല; അത് പഴയ നിർജ്ജീവ വഴിയാണ്. ജീവനുള്ള പുതിയ വഴി അധികം അധികം അധികം ശോഭയുള്ളതാണ്. പുതിയ നിയമം പറയുന്ന ഒരേയൊരു ജീവനുള്ള പുതിയ വഴി അതാണ്: നീതിമാന്മാരുടെ പാത. ഈ "താഴെ കുഴിയിൽ" ഉള്ള ഇടപാട് തെളിയിക്കുന്നത് നാം ഉപദേശം മനസ്സിലാക്കിയിരിക്കുന്നു, എന്നാൽ വാസ്തവത്തിലുള്ള വഴിയിലേക്ക് നാം കടന്നിട്ടേയില്ല എന്നാണ്.

നീതിമാന്മാരുടെ പാത കൂടുതൽ കൂടുതൽ പ്രകാശിക്കുന്ന സൂര്യോദയം പോലെയാണ്, സൂര്യൻ മുമ്പിലേക്കും പിന്നെ പിറകിലേക്കും പോകുന്നില്ല. അത് പെട്ടെന്ന് അതിൻ്റെ മനസ്സും മാറ്റുന്നില്ല. അത് സ്ഥിര പഥത്തിലൂടെ മുന്നേറുന്നത് തുടർന്നുകൊണ്ടിരിക്കുന്നു, സഹോദരീ സഹോദരന്മാരെ അതു തന്നെയാണ് നമ്മുടെ ജീവിതങ്ങളെ കുറിച്ചുള്ള ദൈവഹിതം. അത് കൂടുതൽ കൂടുതൽ കൂടുതൽ കൂടുതൽ മെച്ചപ്പെട്ടതാകണമെന്നാണ് ദൈവഹിതം. അതിൻ്റെ അർത്ഥം എൻ്റെ ജഡത്തിൽ വസിക്കുന്ന കാര്യങ്ങളെക്കുറിച്ച് എനിക്ക് അധികം അധികം വെളിച്ചം ലഭിക്കുന്നു. 6 മാസങ്ങൾക്കു മുമ്പ് എൻ്റെ ജഡത്തിൽ വസിക്കുന്നു എന്നു ഞാനറിയാതിരുന്ന കാര്യങ്ങളുടെ മേൽ എനിക്ക് വെളിച്ചം ലഭിക്കുന്നു. നാം ആ അവസ്ഥയിൽ അല്ലെങ്കിൽ, നാം നീതിമാന്മാരുടെ പാതയിലല്ല. ചില ഉപദേശങ്ങൾ മനസ്സിലാക്കുന്നത് കൊണ്ടുമാത്രം നാം നമ്മെ തന്നെ വഞ്ചിക്കാതിരിക്കേണ്ടതിന് ആ കാര്യം നമുക്കു പഠിക്കാം. അല്ല, എൻ്റെ ജഡത്തിന്മേൽ കൂടുതൽ, കൂടുതൽ, കൂടുതൽ, കൂടുതൽ വെളിച്ചം എനിക്ക് ലഭിക്കുന്ന ഒരു പാതയാണത്. അല്ലെങ്കിൽ 1യോഹ. 1:7 പറയുന്നതുപോലെ, "ദൈവം വെളിച്ചത്തിൽ ഇരിക്കുന്നതുപോലെ നാം വെളിച്ചത്തിൽ നടക്കുന്നു എങ്കിൽ..." ദൈവം വെളിച്ചമാണ്, ഞാൻ ആ വെളിച്ചത്തിൽ നടന്നാൽ, ദൈവത്തോട് കൂടുതൽ അടുക്കുംതോറും ആ വെളിച്ചം കൂടുതൽ കൂടുതൽ ശോഭയോടെ എനിക്ക് ലഭിക്കും. അതിൻ്റെ അർത്ഥം എൻ്റെ ജഡത്തിൽ വസിക്കുന്ന കാര്യങ്ങളുടെ മേൽ എനിക്ക് കൂടുതൽ വെളിച്ചം ലഭിച്ചുകൊണ്ടിരിക്കുന്നു എന്നാണ്. എൻ്റെ ജീവിതത്തിൽ കൂടുതൽ കൂടുതൽ കാര്യങ്ങളെ മരണത്തിന് ഏൽപ്പിക്കുവാൻ എനിക്ക് കഴിയുന്നു അതുകൊണ്ട് ഞാൻ കൂടുതൽ ജ്ഞാനം ഉള്ളവനായി തീരുന്നു. അങ്ങനെയാണ് യേശു ജ്ഞാനത്തിൽ വളർന്നത്. യേശു ജ്ഞാനത്തിൽ വളർന്നു എന്നാണ് ലൂക്കൊ. 2:52 ൽ പറയുന്നത്.അതാണ് ഇവിടെ (സദൃശ. വാ. 4:18 ൽ) പരിശുദ്ധാത്മാവിനാൽ പ്രചോദിപ്പിക്കപ്പെട്ട് ശലോമോൻ പറയുന്നത്.

2 കൊരി. 3:8 ൽ പറയുന്നത് പരിശുദ്ധാത്മാവ് യേശുവിൻ്റെ തേജസിനെ നമുക്ക് കാണിച്ചു തരുന്നു എന്നാണ്. ആ തേജസ് ഒരു വെളിച്ചമാണ്, പരിശുദ്ധാത്മാവ് നമ്മെ തേജസിൽ നിന്നും തേജസിലേക്ക് അതേ സാദൃശ്യത്തിലേക്കു മാറുന്നതിനനുസരിച്ച് ആ വെളിച്ചം നമ്മുടെ ജീവിതത്തിൽ കൂടുതൽ ശോഭയുള്ളതായിത്തീരുന്നു. 2 കൊരി. 3:18 നു സമാനമായ പഴയ നിയമ വാക്യമാണ് സദൃശ. വാ. 4:18. ഈ വാക്യം നിങ്ങൾക്കു മനസ്സിലാകണമെങ്കിൽ,പുതിയ നിയമത്തിൽ അതിനു സമാനമായ വാക്യമായ 2 കൊരി. 3:18 ലേക്കു തിരിഞ്ഞ്, അവിടെ കാണുക, "...തേജസിൽ നിന്ന് തേജസിലേക്ക് ആ തേജസ്സിൽ നിന്ന് തേജസിലേക്ക് ".

ഞങ്ങൾ നിങ്ങൾക്ക് വളരെ അനുഗൃഹീതമായ ഒരു 2026 വർഷം നേരുന്നു -പരിശുദ്ധാത്മാവ് നിങ്ങളെ യേശുവിന് അനുരൂപമായി തേജസിൽ നിന്നു തേജസിലേക്ക് മാറ്റുന്നതിനനുസരിച്ച്.