WFTW Body: 

ഒരു ദൈവഭക്തിയുളള ജീവിതത്തിന്‍റെ രഹസ്യം കുടികൊളളുന്നത്, ഒരു മനുഷ്യനായി ഭൂമിയില്‍ ജീവിച്ച് നമ്മെപ്പോലെ എല്ലാവിധത്തിലും പ്രലോഭിപ്പിക്കപ്പെട്ടിട്ടും, ഒരു പ്രാവശ്യം പോലും ചിന്തയിലോ, വാക്കിലോ, പ്രവൃത്തിയിലോ, മനോഭാവത്തിലോ, ഉദ്ദേശ്യത്തിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും വിധത്തിലോ, ഒരിക്കലും പാപം ചെയ്യാത്ത യേശുവിലാണ് (1 തിമൊ 3:16, എബ്രാ 4:15).

പ്രലോഭനവും പാപവും ഒന്നല്ല. യാക്കോബ് 1:14,15 അതു വ്യക്തമാക്കുന്നു. നാം പാപം ചെയ്യുന്നതിനു മുമ്പ് നമ്മുടെ മനസ്സ് പ്രലോഭനത്തിനു വഴിപ്പെടേണ്ടതുണ്ട്. യേശു പ്രലോഭിപ്പിക്കപ്പെട്ടു എന്ന കാര്യം മത്തായി 4-ാം അദ്ധ്യായത്തില്‍ നിന്നു വ്യക്തമാണ്. എന്നാല്‍ അവിടുത്തെ മനസ്സ് ഒരു പ്രലോഭനത്തോടും ഒരു പ്രാവശ്യം പോലും ഒരിക്കലും സമ്മതിച്ചില്ല. അങ്ങനെ അവിടുന്ന് ഒരിക്കലും പാപം ചെയ്തില്ല. അവിടുന്ന് തന്‍റെ ഹൃദയം നിര്‍മ്മലമായി സൂക്ഷിച്ചു.

യേശു സകലത്തിലും നമുക്ക് തുല്യമായി പ്രലോഭിപ്പിക്കപ്പെട്ടു. എന്നാല്‍ അവിടുന്ന് ഒരേ പ്രലോഭനത്തോട്, എക്കാലവും പോരാടിക്കൊണ്ടിരുന്നില്ല. യേശു നാം ആയിരിക്കുന്നതുപോലെ പ്രലോഭിപ്പിക്കപ്പെട്ടിരുന്നെങ്കില്‍ നമ്മെപോലെ അവിടുന്നും ലൈംഗിക മേഖലയില്‍ പ്രലോഭിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുമായിരുന്നു. എന്നാല്‍ ഈ മേഖലയിലുളള പോരാട്ടം തന്‍റെ കൗമാര പ്രായത്തില്‍തന്നെ അവിടുന്നു പൂര്‍ത്തീകരിച്ചിട്ടുണ്ടാകും, അവിടുത്തെ പരമമായ വിശ്വസ്തതയിലൂടെ. അതിന്‍റെ ഫലമായി, തന്‍റെ പരസ്യ ശുശ്രൂഷയുടെ സമയമായപ്പോഴേക്ക് അവിടുന്ന് ഈ മേഖലയില്‍ പ്രലോഭിപ്പിക്കപ്പെടുകപോലും ചെയ്തില്ല. സ്ത്രീകള്‍ക്കു തന്‍റെ പാദങ്ങള്‍ തുടയ്ക്കുവാന്‍ കഴിഞ്ഞു. അപ്പോള്‍ പോലും അവിടുന്ന് പ്രലോഭിപ്പിക്കപ്പെട്ടില്ല. ഈ മേഖലയിലുളള പ്രലോഭനങ്ങളോടുളള പോരാട്ടത്തില്‍ തങ്ങളോടുതന്നെ വിശ്വസ്തരല്ലാത്തവര്‍ക്കു ഈ സത്യം മനസ്സിലാക്കാന്‍ കഴിയുകയില്ല.

പ്രലോഭനത്തിന്‍റെ പാഠശാല മറ്റേതൊരു പാഠശാലയെയും പോലെ തന്നെയാണ്. നാം എല്ലാവരും നേഴ്സറി ക്ലാസ്സില്‍ നിന്നം ആരംഭിക്കേണ്ടതുണ്ട്. നമ്മുടെ കര്‍ത്താവും ഏറ്റവും പ്രാഥമികമായ പ്രലോഭനങ്ങളാല്‍ ആയിരിക്കണം ആദ്യം പ്രലോഭിപ്പിക്കപ്പെട്ടത്. എന്നാല്‍ ഓരോ ക്ലാസ്സിലും ആവശ്യമായിരുന്ന ഏറ്റവും കുറഞ്ഞ സമയത്തില്‍ കൂടുതല്‍ ഒരിക്കലും അവിടുന്നു ചെലവഴിച്ചില്ല. തനിക്കു 33 വയസ്സ് പ്രായമായപ്പോഴേക്ക്, അവിടുന്നു ക്രൂശില്‍ മരിച്ചപ്പോള്‍, " സകലവും നിവൃത്തിയായി" എന്നുപറയുവാന്‍ അവിടുത്തേക്കുകഴിഞ്ഞു. ഓരോ പ്രലോഭനങ്ങളെയും ജയിച്ചു. ഈ സ്കൂളിലെ ഓരോ പരീക്ഷയും വിജയകരമായി കടന്നു. അവിടുന്നു പൂര്‍ണ്ണനായിരുന്നു. ഒരു മനുഷ്യനെന്ന നിലയില്‍ അവിടുത്തെ വിദ്യാഭ്യാസം പൂര്‍ണ്ണതയുളളതായിരുന്നു (എബ്രാ.5:8,9).

പ്രലോഭനത്തിന്‍റെ നേഴ്സറി ക്ലാസ്സില്‍ (ഉദാ: ലൈംഗികമായ ദുഷ്ചിന്തകള്‍, കോപം, കളളംപറയുക മുതലായവ) അവിശ്വസ്തനായ ഒരു വ്യക്തി,യേശുവിനു പിഎച്ച്.ഡി. ക്ലാസ്സില്‍ നേരിട്ട പ്രലോഭനങ്ങളെക്കുറിച്ചു മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് പരിഹാസ്യവും ധിക്കാരപരവുമാണ്. നിങ്ങള്‍ നിങ്ങളോടുതന്നെ വിശ്വസ്തനാണെങ്കില്‍ നിങ്ങള്‍ക്കതു മനസ്സിലാകും (അതാണ് യോഹന്നാന്‍ 7:17ല്‍ യേശു സ്പഷ്ടമായി പറഞ്ഞത്). പ്രലോഭനത്തിന്‍റെ നിമിഷങ്ങളില്‍ നിങ്ങള്‍ അവിശ്വസ്തരാണെങ്കില്‍ ഏതു വിധത്തിലായാലും, നിങ്ങള്‍ക്കതു മനസ്സിലാകില്ല, നിങ്ങള്‍ എത്ര പുസ്തകങ്ങള്‍ വായിച്ചാലും അല്ലെങ്കില്‍ എത്ര ടേപ്പുകള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടെങ്കിലും അതു കാര്യമല്ല. ദൈവത്തിന്‍റെ രഹസ്യങ്ങള്‍ കേള്‍ക്കുന്നതു ടേപ്പിലൂടെയോ, പുസ്തകങ്ങളില്‍ നിന്നോ അല്ല എന്നാല്‍ അവിടുത്തെ വചനത്തിലൂടെ നേരിട്ട് ദൈവത്തിന്‍റെ വായില്‍ നിന്നുമാണ്.

നമ്മുടെ ജീവിതകാലം മുഴുവന്‍ ഒരു പ്രത്യേക പാപത്തോടു പോരാടിക്കൊണ്ടിരിക്കണമെന്നത് ദൈവത്തിന്‍റെ ഹിതമല്ല. " കനാനിലുളള ഓരോ മല്ലനും" കൊല്ലപ്പെടണമെന്നു ദൈവം ആഗ്രഹിക്കുന്നു. നമ്മുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും - ശാരീരികവും ആത്മീകവും - നാം പുതിയ രീതികളിലാണ് പ്രലോഭിപ്പിക്കപ്പെടുന്നത്. 4 വയസ്സ് പ്രായമുളള കുഞ്ഞ് പ്രലോഭിപ്പിക്കപ്പെടുന്നത് കോപിക്കുവാനാണ്, ലൈംഗിക മോഹങ്ങളാലല്ല. അതു പിന്നീട്, അവന്‍റെ കൗമാരപ്രായത്തിലാണ് ഉണ്ടാകുന്നത്. ഒരു നാള്‍ താന്‍ ജയാളിയാകും എന്നുളള പ്രത്യാശ വെറുതെ ഏറ്റുപറയുകമാത്രം ചെയ്ത്, വര്‍ഷങ്ങളോളം ഒരു മനുഷ്യന്‍ തന്‍റെ ലൈംഗികമേഖലയില്‍ പരാജിതനായി തുടരണമെന്നത് ഒരു വിധത്തിലും ദൈവഹിതമല്ല. അവന്‍ പൂര്‍ണ്ണ മനസ്കനാണെങ്കില്‍, അവനു പെട്ടന്നു വിജയത്തിലേക്കു വരുവാന്‍ കഴിയും.

മരുഭൂമിയിലെ കഠിനമായ പ്രലോഭനങ്ങളുടെ 40 ദിവസങ്ങളുടെ അവസാനം സാത്താന്‍ യേശുവിനെ പ്രലോഭിപ്പിച്ചപ്പോള്‍, ലൈംഗിക മേഖലകളിലോ പണത്തിന്‍റെ കാര്യത്തിലോ യേശുവിനെ പ്രലോഭിപ്പിക്കുവാന്‍ ശ്രമിക്കുന്നത് വ്യര്‍ത്ഥമായ പ്രവൃത്തിയാണെന്നു സാത്താനറിയാമായിരുന്നു, കാരണം വളരെ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ യേശു ആ മേഖലകളെ കീഴടക്കിക്കഴിഞ്ഞിരുന്നു. യേശു നടന്ന മാര്‍ഗ്ഗത്തിലൂടെ നടക്കുവാന്‍ നാം തന്നെ വിശ്വസ്തരാണെങ്കില്‍ മാത്രമെ അവസാനത്തെ മൂന്നു പ്രലോഭനങ്ങളില്‍ മറഞ്ഞിരിക്കുന്ന കുടുക്ക് എന്താണെന്നു നമുക്കു മനസ്സിലാക്കാന്‍ കഴിയുകയുളളൂ അത്രമാത്രം ഉന്നത നിലയിലുളളതായിരുന്നു മരുഭൂമിയില്‍ വച്ചുണ്ടായ അവസാനത്തെ മൂന്നു പ്രലോഭനങ്ങള്‍.

യേശു ഒരു മനുഷ്യനായി തീര്‍ന്നിട്ട് എല്ലാ മേഖലകളിലും നമുക്കു തുല്യമായി പ്രലോഭിപ്പിക്കപ്പെടുകയും ജയിക്കുകയും ചെയ്തതു കൊണ്ട്, അവിടുന്നു ജയിച്ചതു പോലെ നമുക്കും ജയിക്കാം (വെളി.3:21)എന്നതാണ് സുവിശേഷത്തിന്‍റെ സുവാര്‍ത്ത.