ലേഖകൻ :   സാക് പുന്നൻ
WFTW Body: 

' ആവർത്തന പുസ്തകം' എന്നാൽ ' ഒരു രണ്ടാം ന്യായ പ്രമാണം' എന്നാണ് അർത്ഥമാക്കുന്നത്. ഇതിൻ്റെ കാരണം ന്യായ പ്രമാണത്തിലെ പല വിഷയങ്ങളുടെയും ആവർത്തനം ഇവിടെയുണ്ട് എന്നതാണ്. മോശെയുടെ ആദ്യ പുസ്തകങ്ങളിൽ നേരത്തെ എഴുതപ്പെട്ടിട്ടുള്ള പല കാര്യങ്ങളുടെയും ഒരാവർത്തനം കൂടെ ഇവിടെയുണ്ട്.

നാം ആവർത്തനം കൊണ്ട് അസ്വസ്ഥരാകരുത്. സത്യത്താൽ പിടിക്കപ്പെടേണ്ടതിന് ആവർത്തനം നമുക്ക് ആവശ്യമാണ്. അതു കൊണ്ടാണ് ദൈവം അവിടുത്തെ വചനത്തിൽ പല കാര്യങ്ങളും ആവർത്തിച്ചു പറഞ്ഞിരിക്കുന്നത്.

യഹൂദാ രാജാക്കന്മാരുടെ ചരിത്രം രണ്ടു തവണ പ്രസ്താവിക്കപ്പെട്ടിരിക്കുന്നു - ആദ്യം രാജാക്കന്മാരുടെ പുസ്തകങ്ങളിലും പിന്നീട് ദിനവൃത്താന്ത പുസ്തകങ്ങളിലും .

എന്തുകൊണ്ടാണ് പുതിയ നിയമം ക്രിസ്തുവിൻ്റെ ഒരു ജീവചരിത്രം കൊണ്ടു മാത്രം തുടങ്ങുന്നതിനു പകരം നാലു ജീവചരിത്രങ്ങൾ കൊണ്ടു തുടങ്ങിയത് ? ഈ നാലു സുവിശേഷങ്ങളിൽ ധാരാളം ആവർത്തനങ്ങൾ ഉണ്ട്. ചില കാര്യങ്ങൾ നാലു പ്രാവശ്യം എടുത്തു പറയപ്പെട്ടിരിക്കുന്നു - നാലു സുവിശേഷങ്ങളിൽ. അതിന് വളരെ നല്ല ഒരു കാരണം ഉണ്ടായിരിക്കണം.

എഫെസ്യർക്കുള്ള ലേഖനത്തിൽ നേരത്തേ തന്നെ പറഞ്ഞിട്ടുള്ള അനേകം കാര്യങ്ങൾ കൊലൊസ്യർക്കുള്ള ലേഖനത്തിൽ ആവർത്തിക്കപ്പെട്ടിരിക്കുന്നു. നമുക്ക് ഇതിൽ നിന്നു പഠിക്കാൻ കഴിയുന്നത് തങ്ങൾ പറഞ്ഞിട്ടുള്ളതു തന്നെ ആവർത്തിച്ചു പറയുന്നതിൽ അപ്പൊസ്തലന്മാർ ലജ്ജിതരായിരുന്നില്ല എന്നാണ്.

ആളുകളുടെ മുമ്പിൽ തങ്ങൾക്കുള്ള പ്രശസ്തി നഷ്ടപ്പെട്ടെങ്കിലോ എന്നു കരുതി ഒരേ വിഷയത്തിന്മേലുള്ള ഒരു പ്രസംഗം ആവർത്തിച്ചു പറയുവാൻ ചില പ്രാസംഗികർ ഭയപ്പെടുന്നു. അവർ ആളുകളുടെ ആവശ്യത്തെക്കാളധികം ആ മനുഷ്യർ തങ്ങളെ കുറിച്ച് എന്തു ചിന്തിക്കുമെന്ന കാര്യത്തിൽ കൂടുതൽ കരുതൽ ഉള്ളവരാണ്.

ഒരു പട്ടണത്തിൽ ഏഴു ദിവസത്തെ യോഗങ്ങൾ നടത്തുകയും ഓരോ ദിവസവും " നിങ്ങൾ വീണ്ടും ജനിക്കണം" എന്ന വിഷയത്തെക്കുറിച്ചു പ്രസംഗിക്കുകയും ചെയ്ത ഒരു സുവിശേഷകനെ കുറിച്ചു ഞാൻ കേട്ടിട്ടുണ്ട്. എല്ലാ യോഗങ്ങളിലും പങ്കെടുത്ത രക്ഷിക്കപ്പെടാത്ത ഒരാൾ ഒരേ വിഷയത്തിന്മേലുള്ള പ്രസംഗം ഏഴു ദിവസവും കേട്ടു മടുത്തിട്ട് അദ്ദേഹത്തോട് , " നിങ്ങൾ വീണ്ടും ജനിക്കണമെന്ന'' വിഷയത്തിന്മേൽ തന്നെ എല്ലാ ദിവസവും അദ്ദേഹം പ്രസംഗിച്ചതെന്തുകൊണ്ടാണ് എന്നു ചോദിച്ചു. അപ്പോൾ സുവിശേഷകൻ ഇപ്രകാരം മറുപടി പറഞ്ഞു , " കാരണം നിങ്ങൾ വീണ്ടും ജനിക്കണം " . അതായിരുന്നു ഉത്തരം. ആ മനുഷ്യൻ വീണ്ടും ജനിക്കുന്നതു വരെ ആ സന്ദേശം ആവർത്തിക്കപ്പെടേണ്ടതുണ്ട്. അയാൾക്ക് മറ്റെന്തെങ്കിലും കേൾക്കേണ്ട ആവശ്യമില്ലായിരുന്നു. രോഗി സുഖപ്പെടുന്നതുവരെ ഒരേ ആൻ്റിബയോട്ടിക് തന്നെ കഴിക്കേണ്ടിയിരിക്കുന്നു!

ഇപ്പോൾ നിങ്ങൾ എന്നോട് ഞാൻ എന്തുകൊണ്ടാണ് " നിങ്ങൾ പാപത്തിന്മേൽ വിജയം നേടണം" എന്നു പറഞ്ഞു കൊണ്ടേയിരിക്കുന്നത് എന്നു ചോദിച്ചാൽ , നിങ്ങൾക്കതിൻ്റെ മറുപടി അറിയാമെന്നു ഞാൻ പ്രതീക്ഷിക്കുന്നു: " കാരണം നിങ്ങൾ പാപത്തിന്മേൽ വിജയം നേടണം".

പഴയ നിയമ പ്രവാചകന്മാർ ഒരേ സന്ദേശം വീണ്ടും വീണ്ടും ആവർത്തിച്ചു കാരണം ദൈവം പറയുന്നത് യിസ്രായേൽ വ്യക്തമായി കേൾക്കേണ്ട ആവശ്യമുണ്ടായിരുന്നു. യിരെമ്യാവ് 40 വർഷങ്ങളിലേറെ ഫലത്തിൽ ഒരേ സന്ദേശം തന്നെ പ്രസംഗിച്ചു , അതു പ്രസംഗിക്കുന്നതിൽ അദ്ദേഹം ഏതാണ്ട് ക്ഷീണിച്ചു മടുക്കുന്നതുവരെ. എന്നാൽ മിക്കപ്പോഴും , സത്യം ശരിയായി മനസ്സിലാക്കേണ്ടതിന് ചില കാര്യങ്ങൾ ആളുകൾ പത്തു തവണ കേൾക്കേണ്ടതുണ്ട്. അതുകൊണ്ട് ഒരേ വിഷയം തന്നെ വീണ്ടും വീണ്ടും ഒരേ കേൾവിക്കാരോട് പ്രസംഗിക്കുന്നതിൽ നാം ലജ്ജിക്കരുത്. നാം അഭിഷിക്തരാണെങ്കിൽ, നാം പ്രസംഗിക്കുന്ന ഓരോ തവണയും ആ സന്ദേശം അപ്പോഴും പുതിയതായിരിക്കും.

നാം മനുഷ്യരുടെ മാനം അന്വേഷിക്കുന്നെങ്കിൽ , നാം ,ആവർത്തിക്കുകയില്ല. എന്നാൽ നാം അവരുടെ നന്മയാണ് അന്വേഷിക്കുന്നതെങ്കിൽ , അവർക്ക് അതു മനസ്സിലാകുന്നതുവരെ നാം ആവർത്തിക്കും.