ഞങ്ങൾ ആദ്യം ഒരു സഭയായി ഒരുമിച്ചു കൂടി വരാൻ തുടങ്ങിയപ്പോൾ,വിജയം എന്താണെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല - ഞങ്ങളുടെ വ്യക്തിജീവിതങ്ങളിലോ അല്ലെങ്കിൽ ഭവന ജീവിതങ്ങളിലോ - ഞങ്ങൾ മറ്റു വിശ്വാസികളെ നോക്കിയപ്പോൾ, അവരും അതേ അവസ്ഥയിൽ തന്നെയാണെന്നും ഞങ്ങൾ കണ്ടെത്തി. അതു കൊണ്ട് സഹായത്തിനായി അവരിലാരിലേക്കും തിരിയുവാൻ ഞങ്ങൾക്കു കഴിഞ്ഞില്ല. അതുകൊണ്ട് സഭയായി ഞങ്ങൾ കൂടെക്കൂടെ ഉപവസിക്കുകയും പ്രാർഥിക്കുകയും ചെയ്തുകൊണ്ട് ഒരു ഉത്തരത്തിനായി ദൈവത്തെ അന്വേഷിച്ചു. മിക്ക പൊതു അവധി ദിവസങ്ങളും ഉപവാസത്തിലും പ്രാർഥനയിലും ചെലവഴിച്ചു. ക്രമേണ പുതിയ ഉടമ്പടിയെ കുറിച്ച് ഞങ്ങൾ ഇതിനുമുമ്പ് ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത സത്യങ്ങൾ ദൈവം ഞങ്ങൾക്കു വെളിപ്പെടുത്തി തരാൻ തുടങ്ങി. ഞങ്ങൾ ഈ സത്യങ്ങൾ അറിയാൻ തുടങ്ങിയപ്പോൾ, ഞങ്ങൾ കൂടുതൽ കൂടുതൽ സ്വതന്ത്രരായി - തന്നെയുമല്ല ഞങ്ങളുടെ ജീവിതങ്ങളും ഞങ്ങളുടെ ഭവനങ്ങളും ക്രമേണ രൂപാന്തരപ്പെട്ടു.
അതിനുശേഷം ഈ സത്യങ്ങൾ മറ്റുള്ളവരോടു പ്രഘോഷിക്കാനുള്ള ഒരു ഉത്തരവാദിത്തം എനിക്ക് അനുഭവപ്പെട്ടു. മറ്റു ക്രിസ്ത്യാനികൾ പ്രസംഗിക്കാത്ത ബൈബിളിലെ ഈ സത്യങ്ങൾക്ക് ഊന്നൽ കൊടുക്കാനാണ് ദൈവം എന്നെ വിളിച്ചിരിക്കുന്നത് എന്ന കാര്യം എനിക്കു വ്യക്തമായി. അതുകൊണ്ട് എനിക്കു ചുറ്റുമുള്ള മറ്റാളുകൾ എന്താണ് പഠിപ്പിക്കുന്നത് എന്നത് ഞാൻ സശ്രദ്ധം കേട്ടു. അങ്ങനെ ഉപദേശിക്കാനുള്ള എൻ്റെ ശുശ്രൂഷയിൽ എന്തിന് ഊന്നൽ കൊടുക്കാനാണ് ഞാൻ വിളിക്കപ്പെട്ടിരിക്കുന്നത് എന്നു ഞാൻ കണ്ടു പിടിച്ചു.
സമ്പൂർണ്ണ സുവിശേഷം
ചില പ്രാസംഗികർ "സമ്പൂർണ്ണ സുവിശേഷം" എന്ന പദം ഉപയോഗിക്കുന്നതു ഞാൻ കേട്ടു. എന്നാൽ അവർ പഠിപ്പിച്ചതിനെ ദൈവ വചനവുമായി താരതമ്യം ചെയ്തപ്പോൾ, അവർ സമ്പൂർണ്ണ സുവിശേഷമേ അല്ല പ്രസംഗിക്കുന്നത് എന്നു ഞാൻ കണ്ടെത്തി. എബ്രായർ 4 ൽ പരിശുദ്ധാത്മാവ് "സമ്പൂർണ്ണ സുവിശേഷത്തെ" വിശദീകരിക്കുന്നത് (വാക്യം 2), "കനാനിൽ പ്രവേശിക്കുന്നതായാണ്" അല്ലാതെ "ഈജിപ്തിൽ നിന്നു പുറത്തു വരുന്നതു" മാത്രമല്ല. ദൈവജനം ജയത്തിൻ്റെ "ഒരു ശബത്ത് വിശ്രമത്തിലേക്കു" പ്രവേശിക്കേണ്ടതുണ്ട് (വാക്യം 9) എന്നു കൂടി ഞാൻ അവിടെ വായിച്ചു. അതുകൊണ്ട് പാപങ്ങളുടെ ക്ഷമയെ കുറിച്ചുള്ള സന്ദേശം അർദ്ധ സുവിശേഷം മാത്രമാണെന്നു ഞാൻ കണ്ടു. പൂർണ്ണ സുവിശേഷം പാപത്തെ ജയിക്കുന്ന കാര്യം കൂടെ ഉൾപ്പെടുന്നു. (നമ്മുടെ ജഡത്തിലുള്ള മല്ലന്മാരെ നിഗ്രഹിക്കുന്നത്). അങ്ങനെയൊരു ജീവിതം എനിക്ക് ക്രമേണ ഒരു യാഥാർഥ്യമായി തീർന്നതുകൊണ്ട്, ഞാൻ സമ്പൂർണ്ണ സുവിശേഷം പ്രസംഗിക്കാൻ തുടങ്ങി.
മാനസാന്തരം
മിക്ക സുവിശേഷകരും പ്രസംഗിക്കുന്നത് പാപങ്ങളുടെ ക്ഷമയ്ക്ക് ക്രിസ്തുവിലുള്ള വിശ്വാസം മാത്രമാണ് ആവശ്യമായിട്ടുള്ളത് എന്നാണ്. പാപത്തിൽ നിന്നുള്ള മാനസാന്തരം തീരെ പ്രസംഗിക്കപ്പെടുന്നതേയില്ല. മാനസാന്തരത്തെപ്പറ്റി സൂചിപ്പിക്കുന്ന ഇടങ്ങളിൽ പോലും, പാപത്തിൻ്റെ വേരിനെ സ്വാർഥത, സ്വയ കേന്ദ്രീകരണം, ഒരുവൻ സ്വന്തവഴി ആഗ്രഹിക്കുന്നത് ഇവയെല്ലാമായി വ്യക്തമായി നിർവചിക്കുന്നില്ല. അതുകൊണ്ട് തങ്ങൾ കൃത്യമായി എന്താണ് വെറുക്കേണ്ടതെന്നും എന്തിൽ നിന്നാണ് പിൻതിരിയേണ്ടതെന്നും ആളുകൾക്ക് അറിയില്ല. ഓരോരുത്തരും എന്തിൽ നിന്നാണ് മാനസാന്തരപ്പെടേണ്ടതെന്ന് അവർ അറിയേണ്ടതിന് പാപത്തിൻ്റെ വേരിനെ കുറിച്ച് വ്യക്തമായി വിശദീകരിക്കാനാണ് എൻ്റെ വിളി എന്നു ഞാൻ കണ്ടു.
ശിഷ്യത്വം
രക്ഷിക്കപ്പെട്ടവരിൽ മിക്കപേരും തങ്ങൾ ക്രിസ്തുവിൻ്റെ ശിഷ്യന്മാരും കൂടെ ആയിത്തീരേണ്ടതുണ്ട് എന്ന് പഠിപ്പിക്കപ്പെട്ടിട്ടില്ല. ശിഷ്യത്വത്തിൻ്റെ മൂന്നു വ്യവസ്ഥകൾ (യേശു പറഞ്ഞിട്ടുള്ളവ) വിശദീകരിക്കപ്പെട്ടിട്ടില്ല: പരമമായി യേശുവിനെ സ്നേഹിക്കുന്നത് (എല്ലാ കുടുംബാംഗങ്ങൾക്കും മുകളിലായി); നാൾതോറും ക്രൂശെടുക്കുന്നത് (സ്വയത്തിനു മരിക്കുന്നത്); നമുക്കുള്ളതെല്ലാം ത്യജിക്കുന്നത് (ഭൗതിക സ്വത്തിനോട് ആസക്തി ഇല്ലാതിരിക്കുന്നത്) (ലൂക്കോ.14: 26-33). അതുകൊണ്ട് ഈ കാര്യം എൻ്റെ പ്രസംഗത്തിൽ മുഖ്യമായ ഒരു ഊന്നൽ ആയിതീർന്നു.
പരിശുദ്ധാത്മാവിലുള്ള സ്നാനം
പരിശുദ്ധാത്മ സ്നാനം പ്രസംഗിച്ച മിക്കവാറും എല്ലാ കൂട്ടങ്ങളും പഠിപ്പിച്ചത് അതിൻ്റെ പ്രാരംഭമായ ഒരു തെളിവ് "അന്യഭാഷകളിൽ സംസാരിക്കുന്നതാണ്" എന്നാണ്. എന്നാൽ ഇതു പഠിപ്പിച്ച മിക്കപേരും ലോക- മനസ്കരും പണ സ്നേഹികളും ആണെന്നാണ് ഞാൻ കണ്ടത്. മറ്റേ അറ്റത്ത്, സകല അന്യഭാഷകളും പിശാചിൽ നിന്നാണ് എന്നു ബോധ്യപ്പെട്ട ചില വിശ്വാസികളെ ഞാൻ കണ്ടു!!! എന്നാൽ യേശു പഠിപ്പിച്ചത് പരിശുദ്ധാത്മ സ്നാനത്തിൻ്റെ തെളിവ് ശക്തി ആയിരിക്കുമെന്നാണ് - അവിടുത്തെ സാക്ഷികൾ ആകുവാനുള്ള ശക്തി (നമ്മുടെ ജീവിതരീതി സൂചിപ്പിച്ചുകൊണ്ട്) അല്ലാതെ സാക്ഷ്യം വഹിക്കുന്നതു മാത്രമല്ല (നമ്മുടെ സംസാരത്തിലൂടെ) (പ്രവൃത്തികൾ 1:8). അതു കൊണ്ട് ഞാൻ അതു പ്രഘോഷിച്ചു. അന്യഭാഷകളിൽ സംസാരിക്കുന്നത് അവിടുന്ന് ചിലർക്കു നൽകിയ ആത്മാവിൻ്റെ വരങ്ങളിൽ ഒന്നു മാത്രമാണ്. ഈ വിഷയത്തോടുള്ള എൻ്റെ നിലപാടു കാരണം "പെന്തക്കോസ്തുകാർ" എനിക്ക് "ബ്രദറൻ" എന്ന ലേബലൊട്ടിച്ചു. തന്നെയുമല്ല "ബ്രദറൻ" ആളുകൾ എനിക്ക് "പെന്തക്കോസ്തുകാരൻ" എന്ന ലേബൽ പതിച്ചു!! ഈ രണ്ടു അറ്റങ്ങളിൽ നിന്നു സമദൂരത്തിലാകുന്നതിൽ ഞാൻ തികച്ചും സന്തോഷവാനായിരുന്നു.
(തുടരും)