ലേഖകൻ :   സാക് പുന്നൻ
WFTW Body: 

" ഞാൻ ദേശത്തെ നശിപ്പിക്കാതവണ്ണം അതിനു മതിൽകെട്ടി എൻ്റെ മുമ്പാകെ ഇടിവിൽ നിൽക്കേണ്ടതിന് ഒരു പുരുഷനെ ഞാൻ അവരുടെ ഇടയിൽ അന്വേഷിച്ചു ആരെയും കണ്ടില്ല താനും " (യെ ഹെ.22:30). ലോകത്തിൻ്റെയും, ഇസ്രായേലിൻ്റെയും , സഭയുടെയും ചരിത്രത്തിൽ , ചില സാഹചര്യങ്ങളിൽ തൻ്റെ ഉദ്ദേശ്യം നിറവേറ്റാൻ ദൈവം പലപ്പോഴും കേവലം ഒരു മനുഷ്യനിൽ ആശ്രയിക്കുന്നതെങ്ങനെയാണ് എന്നതിന് ധാരാളം ഉദാഹരണങ്ങൾ നാം കാണുന്നു. എന്നാൽ ദൈവത്തോടു കൂടെയുള്ള ഒരു മനുഷ്യൻ ഒരു ഭൂരിപക്ഷമാണ്.

നോഹ : ലോകം മുഴുവൻ ദുഷ്ടതയും ദൈവത്തോടുള്ള മത്സരവും കൊണ്ടു നിറഞ്ഞിരുന്നപ്പോൾ , നോഹയുടെ കാലത്ത് അവിടെ ദൈവത്തെ ഭയപ്പെടുന്ന 8 പേർ ഭൂമിയിൽ ഉണ്ടായിരുന്നെങ്കിലും , അപ്പോഴും ദൈവോദ്ദേശ്യങ്ങളുടെ പൂർത്തീകരണം പൂർണ്ണമായും ആശ്രയിച്ചിരുന്നത് കേവലം ഒരു മനുഷ്യനായ നോഹയുടെ വിശ്വസ്തതയെയാണ് . ആ സമയത്ത് ദൈവത്തിൻ്റെ ദൃഷ്ടിയിൽ പ്രസാദം ലഭിച്ച ഏക മനുഷ്യൻ നോഹ ആയിരുന്നു (ഉൽപ്പ.6:8) . ആ ഒരു പുരുഷൻ ദൈവത്തോട് അവിശ്വസ്തനായിരുന്നെങ്കിൽ , മനുഷ്യവർഗ്ഗം മുഴുവൻ തുടച്ചുനീക്കപ്പെട്ടേനെ, അങ്ങനെ ആയിരുന്നെങ്കിൽ നമ്മിൽ ആരും ഇന്ന് ജീവിച്ചിരിക്കുമായിരുന്നില്ല !! നോഹ വിശ്വസ്തനായി നിലനിന്നതിനുവേണ്ടി നമുക്ക് തീർച്ചയായും ദൈവത്തിനു സ്തോത്രം ചെയ്യാം.

മോശെ : ഇസ്രായേല്യർ ഈജിപ്തിലായിരുന്നപ്പോൾ , ദൈവത്തെ പ്രതിനിധീകരിക്കുവാൻ യോഗ്യനായ ഒരു മനുഷ്യനെ കണ്ടെത്തുന്നതു വരെ ദൈവത്തിന് അവരെ തങ്ങളുടെ അടിമത്തത്തിൽ നിന്ന് സ്വതന്ത്രരാക്കുവാൻ കഴിഞ്ഞില്ല .അങ്ങനെ ഒരു മനുഷ്യൻ തയ്യാറായി വരുന്നതു വരെ കാത്തിരിക്കാൻ ദൈവം ഒരുക്കമായിരുന്നു. ഒരിക്കൽ വെറും 40 ദിവസത്തേക്ക് മോശെ ഇസ്രായേല്യരിൽ നിന്ന് അകലെ ആയിരുന്നപ്പോൾ , ആ 20 ലക്ഷം പേരും വഴിതെറ്റി പോയി ( പുറപ്പാട് 32) . ഒരു സമയത്തേക്ക് ദൈവത്തിൻ്റെ പുരുഷൻ രംഗത്തുനിന്ന് അകലെ ആയിരുന്നപ്പോൾ, ഒരു രാഷ്ട്രം മുഴുവൻ സത്യദൈവത്തെ ത്യജിച്ച് , വിഗ്രഹങ്ങളെ ആരാധിച്ചുകൊണ്ട് വഴിതെറ്റി പോകുവാൻ ഏതാനും ദിവസങ്ങൾ മാത്രമേ വേണ്ടിവന്നുള്ളു.

യോശുവ : " യോശുവയുടെ കാലത്തൊക്കെയും, യോശുവ കഴിഞ്ഞിട്ട് ഏറെനാൾ ജീവിച്ചിരുന്നവരായി യഹോവ ഇസ്രായേലിനു വേണ്ടി ചെയ്ത മഹാ പ്രവർത്തികളൊക്കെയും കണ്ടിട്ടുള്ളവരായ മൂപ്പന്മാരുടെ കാലത്തൊക്കെയും ജനം യഹോവയെ സേവിച്ചു " എന്നു നാം വായിക്കുന്നു ( ന്യായാ . 2:7). യോശുവയുടെ ജീവിതകാലത്തോ അവൻ്റെ സഹ മൂപ്പന്മാരുടെ ജീവിത കാലത്തോ വിഗ്രഹങ്ങളെ ആരാധിക്കുവാൻ ധൈര്യപ്പെടാതവണ്ണം അത്ര ശക്തിയുള്ളതായിരുന്നു യോശുവയുടെ സ്വാധീനം. എന്നാൽ യോശുവ മരിച്ചു കഴിഞ്ഞപ്പോൾ ഇസ്രായേല്യർ വളരെ മോശമായ വിധത്തിൽ പിന്മാറിപ്പോയി. അതാണ് ഒരു ദൈവപുരുഷൻ്റെ ജീവിതത്തിൻ്റെ സ്വാധീനം.

ഏലിയാവ് : ഏലീയാവിനെ സംബന്ധിച്ച് വേദപുസ്തകം പറയുന്നത് " ഒരു നീതിമാൻ്റെ ശ്രദ്ധയോടു കൂടിയ പ്രാർത്ഥന വളരെ ഫലിക്കുന്നു" എന്നാണ് ( യാക്കോബ് 5: 16 , 17 ). ഒരു പുരുഷൻ ഒറ്റയ്ക്ക് , ഒരു മുഴു രാഷ്ട്രത്തെയും ദൈവത്തിലേക്കു തിരിച്ചുകൊണ്ടുവന്ന് ദുഷ്ടശക്തികളെ പരാജയപ്പെടുത്തി ബാലിൻ്റെ പ്രവാചകന്മാരെ കൊന്നു.

എലീശ : ഏലിയാവിൻ്റെ സമയത്ത് , എന്നെങ്കിലും ഒരു ദിവസം ഇസ്രായേലിൻ്റെ പ്രവാചകനായി തീർന്നേക്കാം എന്ന പ്രതീക്ഷയിലായിരുന്ന 50 " പ്രവാചക പുത്രന്മാർ " (വേദപുസ്തക പഠിതാക്കൾ ) അവിടെ ഉണ്ടായിരുന്നു. എന്നാൽ ദൈവത്തിൻ്റെ ആത്മാവ് അവരെയെല്ലാം മറികടന്ന് , " പ്രവാചക പുത്രൻ അല്ലാതിരുന്ന " ഏലീശയുടെ മേൽ വന്നു (2 രാജാ. 2: 15). ഇസ്രായേലിൽ ഏലീശാ അറിയപ്പെട്ടിരുന്നത് ഒരു ഭൃത്യൻ എന്ന നിലയിൽ മാത്രമാണ് - " എലിയാവിൻ്റെ കൈക്കു വെള്ളമൊഴിച്ചവൻ " ( 2 രാജാ. 3:11).

ദാനിയേൽ: യഹൂദന്മാരെ ബാബിലോണിൽ നിന്ന് യെരുശലേമിലേക്ക് കൊണ്ടുവരാൻ ദൈവം ആഗ്രഹിച്ചപ്പോൾ , അവിടുത്തേക്ക് ഒരു പുരുഷനെ ആവശ്യമായിരുന്നു . അവിടുന്നു ദാനിയേലിനെ കണ്ടെത്തി. ദാനിയേൽ തൻ്റെ യൗവ്വനം മുതൽ വിശ്വസ്തനായി ഓരോ പരീക്ഷയിലും മികച്ച വിജയം നേടി. ബാബിലോണിൽ ഒരു ചെറുപ്പക്കാരനായിരുന്നപ്പോൾ ദാനിയേൽ യഹോവയ്ക്കു വേണ്ടി ഒരു ഉറച്ച നിലപാടെടുത്തു. " തന്നെത്താൻ അശുദ്ധമാക്കുകയില്ല എന്ന് ദാനിയേൽ തൻ്റെ ഹൃദയത്തിൽ നിശ്ചയിച്ചു " ( ദാനി. 1:8) - എല്ലാ യുവാക്കൾക്കും ഓർത്തിരിക്കാൻ തക്കവിധം ഒരു നല്ല വാക്യം. മറ്റെല്ലാ യഹൂദയുവാക്കളും രാജാവിൻ്റെ മേശയിൽ വിളമ്പിയ എല്ലാ ഭക്ഷണവും (ലേവ്യാ പുസ്തകത്തിൽ ദൈവം വിലക്കിയിട്ടുള്ള ഭക്ഷണം) മടി കൂടാതെ തിന്നപ്പോൾ , ദാനിയേൽ മാത്രം അതു തിന്നുന്നതു നിരസിച്ചു. അവിടെ, ദാനിയേൽ ഒരു നിലപാട് എടുക്കുന്നതുകണ്ട, വേറെ മൂന്ന് യുവാക്കൾ ആ മേശയിൽ ഉണ്ടായിരുന്നു , അവരും അവനോടു കൂടെ ചേർന്നു. പിന്നീട് ദാനിയേലും ആ മൂന്ന് ചെറുപ്പക്കാരും ബാബിലോണിൽ ദൈവത്തിനു വേണ്ടി ശക്തമായ ഒരു സ്വാധീനം ആയിത്തീർന്നു.

പൗലൊസ് : മറ്റേതു സഭകളിൽ ചെലവഴിച്ചതിനെക്കാൾ കൂടുതൽ സമയം പൗലൊസ് എ ഫെസൊസിൽ ചെലവഴിച്ചു . അദ്ദേഹം മൂന്നു വർഷക്കാലം, ഓരോ ദിവസവും ദൈവത്തിൻ്റെ മുഴുവൻ ആലോചനയും പ്രസംഗിച്ചു ( അപ്പൊ.പ്ര. 20: 31 ). എല്ലാ സഭകളിലും വച്ച് ഏറ്റവുമധികം വിശേഷ ഭാഗ്യം ലഭിച്ച സഭയായിരുന്നു അത് . പൗലൊസ് അവർക്കെ ഴുതിയ ലേഖനങ്ങളിൽ കാണുന്ന ഉപദേശങ്ങളുടെ ഉന്നതനിലവാരം സൂചിപ്പിക്കുന്നത്, അതൊരു ആത്മീയ മനസ്സുള്ള സഭയും കൂടെ ആയിരുന്നു എന്നാണ് . പുതിയ നിയമ വിശ്വാസത്തിലേക്ക് വലിയ കൂട്ടമായി വിശ്വാസികൾ കടന്നുവരാമായിരുന്ന ഒരു സഭ അവിടെ ഉണ്ടായിരുന്നെങ്കിൽ അത് എഫെസൊസിലുള്ള ഈ സഭ ആയിരുന്നേനെ. എന്നാൽ കഷ്ടമെന്നു പറയട്ടെ, അത് അങ്ങനെ അല്ലായിരുന്നു. അവിടെയുള്ള മൂപ്പന്മാർ പോലും അത്തരമൊരു ജീവിതത്തിലേക്കു പ്രവേശിച്ചിരുന്നില്ല. അവരെ വിട്ടു പോകുമ്പോൾ പൗലൊസ് ആ മൂപ്പന്മാരോട് ഇ പ്രകാരം പറഞ്ഞു, " ഞാൻ പോയശേഷം ആട്ടിൻകൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കൾ നിങ്ങളുടെ ഇടയിൽ കടക്കും എന്നു ഞാൻ അറിയുന്നു . ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചു കളവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാർ നിങ്ങളുടെ ഇടയിൽ നിന്നും എഴുന്നേൽക്കും" (പ്രവൃത്തി: 29, 30 ) . പൗലൊസ് എഫെസൊസിലെ സഭയിൽ ഉണ്ടായിരുന്നപ്പോൾ ഒരു ചെന്നായ്ക്കും ഇതിൽ കടക്കാൻ കഴിഞ്ഞില്ല . കാരണം പൗലൊസ് ആടുകളുടെ സൂക്ഷ്മതയുള്ള ഒരു കാവൽക്കാരനും ദൈവഭവനത്തിൻ്റെ നിഷ്കർഷയുള്ള ഒരു വാതിൽ കാവൽക്കാരനും ആയിരുന്നു.

ഓരോ തലമുറയിലും ദൈവത്തിന് ഒരു നിർമ്മല സാക്ഷ്യം ആവശ്യമുണ്ട്. നമ്മുടെ തലമുറയിലും ഒരു സാക്ഷിയില്ലാതെ തന്നെത്തന്നെ അവിടുന്നു ഒറ്റയ്ക്കാക്കുകയില്ല. ഈ തലമുറയിൽ നിങ്ങളെ ദൈവത്തിനു പൂർണ്ണമായി ലഭ്യമാകേണ്ടതിനു വേണ്ട വില നിങ്ങൾ കൊടുക്കുമോ?