ദൈവത്തെ നമ്മുടെ പിതാവായും യേശു ക്രിസ്തുവിനെ നമ്മുടെ കർത്താവും, രക്ഷകനും, മുന്നോടിയുമായി അറിയുന്നതാണ് നിത്യജീവൻ. നിങ്ങൾക്ക് ഒരു സ്ഥിരതയോടു കൂടിയ ക്രിസ്തീയ ജീവിതം ജീവിക്കണമെങ്കിൽ നിങ്ങളുടെ സ്വർഗ്ഗീയ പിതാവുമായും യേശുവുമായും ഒരു അടുത്ത സ്നേഹബന്ധം വളർത്തിയെടുക്കണം. പിന്മാറ്റത്തിനെതിരായുള്ള ഏറ്റവും വലിയ രക്ഷോപായം ഇതാണ്.
ആവേശജനകമായ സന്ദേശങ്ങൾ കേൾക്കുന്നതു മാത്രം പോരാ, അതു ദൈവത്തിൽ നിന്നുള്ള അഭിഷേകം ചെയ്യപ്പെട്ട വചനങ്ങൾ ആയാൽ പോലും. സ്വർഗ്ഗത്തിൽ നിന്നു വീണ മന്ന പോലും 24 മണിക്കൂറുകൾക്കുള്ളിൽ കൃമിച്ചു നാറി (പുറ.16 :20) നിങ്ങളുടെ ക്രിസ്തീയ ജീവിതത്തിൻ്റെയും പുതുമ നഷ്ടപ്പെട്ട് 24 മണിക്കൂറുകൾക്കുള്ളിൽ അത് പഴക്കം ചെന്നതായി തീരും!! എന്നാൽ അതേ മന്ന തന്നെ പെട്ടകത്തിനകത്തു (സമാഗമനകൂടാരത്തിൻ്റെ അതി പരിശുദ്ധ സ്ഥലത്ത്), ദൈവത്തിൻ്റെ സാന്നിധ്യത്തിൽ സൂക്ഷിക്കപ്പെട്ടപ്പോൾ, അത് യിസ്രായേൽ മക്കൾ മരുഭൂമിയിൽ അലഞ്ഞു നടന്ന 40 വർഷങ്ങളിലും കൃമിച്ചു നാറിയില്ല, അതിനു ശേഷം കനാനിലായിരുന്ന നൂറു കണക്കിനു വർഷങ്ങളിൽ പോലും (പുറ. 16:33; എബ്രാ.9:4). അതാണ് നമ്മുടെ ജീവിതത്തിൽ എല്ലാ കാര്യങ്ങളും പുതുമയോടെ സൂക്ഷിക്കാനുള്ള ദൈവസാന്നിധ്യത്തിൻ്റെ ശക്തി. അതു കൊണ്ട്, മറ്റുള്ളവരിൽ നിന്ന്, കർത്താവിനെ കുറിച്ചു കേൾക്കുന്ന രണ്ടാം തരം കാര്യങ്ങളെല്ലാം (മീറ്റിംഗുകളിലും ടേപ്പുകളിലും) കർത്താവിൻ്റെ മുമ്പിൽ കൊണ്ടുവന്ന് അവിടുത്തെ വചനത്തിലൂടെ നേരിട്ടു കർത്താവിൽ നിന്നു നിങ്ങൾക്കു ലഭിക്കുന്ന ഒന്നാം തരം അറിവാക്കി മാറ്റണം.
യേശു, പിതാവിനെ നമുക്കു വെളിപ്പെടുത്തി തന്നില്ലെങ്കിൽ പിതാവിനെ അറിയാൻ കഴിയില്ല എന്ന് മത്താ.11:27-29 വരെയുള്ള വാക്യങ്ങളിൽ യേശു നമ്മോടു പറയുന്നു. ആ വെളിപ്പാടു ലഭിക്കേണ്ടതിന് അവിടുത്തെ നുകം ഏറ്റുകൊണ്ട് തന്നിൽ നിന്ന് സൗമ്യതയും താഴ്മയും പഠിക്കുവാൻ, അവിടുന്നു നമ്മെ ക്ഷണിക്കുന്നു (ആ മൂന്നു വാക്യങ്ങളും ഒരുമിച്ചു വായിക്കുക). തന്നിൽ നിന്നു പഠിക്കുവാൻ യേശു നമ്മോട് ആവശ്യപ്പെടുന്നത് ഈ രണ്ടു കാര്യങ്ങൾ മാത്രമാണ്. അതുകൊണ്ട് ഈ മേഖലകളിൽ പ്രത്യേകിച്ച് യേശുവിൻ്റെ തേജസ്സ് കാണുവാൻ ദൈവവചനത്തിലേക്കു നോക്കണം.
സൗമ്യത - ഏറ്റവും ഒന്നാമതായി, യേശുവിൻ്റെ സൗമ്യത കാണപ്പെടുന്നത് അവിടുന്ന് എല്ലായ്പോഴും പരീശന്മാർക്കെതിരായി പാപികളുടെ പക്ഷത്തു നിന്നു എന്ന വസ്തുതയിലാണ്. വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയുടെ കാര്യത്തിൽ നാം ഇതു കാണുന്നു (യോഹ. 8:1-12). ശിമോൻ എന്ന പരീശൻ്റെ ഭവനത്തിൽ യേശുവിൻ്റെ പാദങ്ങൾ പരിമള തൈലം കൊണ്ട് കഴുകിയ ആ പാപിനിയായ സ്ത്രീയുടെ കാര്യത്തിലും നാം ഇതു കാണുന്നു (ലൂക്കോ. 7:36-50 വരെ). ശിമോന്, ആ പാപിനിയായ സ്ത്രീയോട് വിമർശനാത്മകമായ ഒരു നിലപാട് ഇല്ലാതിരുന്നിടത്തോളം സമയം യേശു ഒന്നും പറഞ്ഞില്ല. എന്നാൽ ശിമോൻ അവളെ നിന്ദിക്കുന്നു എന്ന് യേശു കണ്ട ആ നിമിഷത്തിൽ, അവന് ദൈവത്തോടുള്ള ഉപചാര കുറവിനെയും സ്നേഹക്കുറവിനെയും, യേശു ശാസിക്കുന്നു. (ലൂക്കോ. 7:40-47). മാനസാന്തരപ്പെട്ട പാപികളോട് വിമർശനാത്മകമായ നിലപാടുള്ള എല്ലാവരോടും യേശു വളരെ കർശനമായി ഇടപെട്ടു. വേദപുസ്തകം ആക്രമണ സ്വഭാവത്തോടെ പ്രഘോഷിക്കുന്ന പരീശന് എതിരായും യേശു മാനസാന്തരപ്പെട്ട പാപിയുടെ പക്ഷത്തു നിന്നു. ഇതറിയുന്നത് നമുക്ക് ഒരു വലിയ ആശ്വാസമാണ്. നാം യേശുവിൽ നിന്ന് ഈ സൗമ്യത പഠിക്കണം.
യേശുവിൻ്റെ സൗമ്യതയുടെ രണ്ടാമത്തെ പ്രത്യേകത, തന്നെ ഉപദ്രവിച്ചവരോട് ക്ഷമിക്കുന്ന അവിടുത്തെ മനോഭാവത്തിൽ നാം കാണുന്നു. ആളുകൾ അവിടുത്തെ ഭൂതങ്ങളുടെ തലവനെന്നു വിളിച്ചപ്പോൾ, ഉടനെ തന്നെ അവർ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്ന് അവിടുന്നു പറഞ്ഞു (മത്താ.12:24, 32). അവർ അവിടുത്തോട് മോശമായി പെരുമാറിയപ്പോൾ അവിടുന്ന് ഒരിക്കലും അവരെ ഭീഷണിപ്പെടുത്തിയില്ല. അവിടുന്ന് നിശ്ശബ്ദനായി നിന്നു (1 പത്രൊ.2:23). നാം പഠിക്കേണ്ട യേശുവിൻ്റെ സൗമ്യതയുടെ രണ്ടാമത്തെ സവിശേഷത ഇതാണ്. നമ്മുടെ കയ്യിൽ വീഴുന്ന ഒരു പല്ലിയെയോ പാറ്റയെയോ കുടഞ്ഞു കളയുന്നതു പോലെ പെട്ടെന്നു തന്നെ ഏറ്റവും നേരിയ കയ്പിൻ്റെ, പ്രതികാരത്തിൻ്റെ, പകയുടെ, ക്ഷമിക്കാത്ത ആത്മാവിൻ്റെ ഒക്കെ ചിന്തകളെയും നാം കുടഞ്ഞു കളയണം.
താഴ്മ - മത്തായിയുടെ സുവിശേഷത്തിലെ ആദ്യത്തെ 6 വാക്യങ്ങൾ, യേശു ജനിക്കാൻ തെരഞ്ഞെടുത്ത കുടുംബ പശ്ചാത്തലത്തിൽ നിന്ന് യേശുവിൻ്റെ താഴ്മയെ കുറിച്ചു ചില കാര്യങ്ങൾ നമ്മെ കാണിക്കുന്നു. യഹൂദാ വംശാവലികൾ സാധാരണയായി സ്ത്രീകളുടെ പേര് പറയാറില്ല. എന്നാൽ അവിടെ പറഞ്ഞിരിക്കുന്ന 4 സ്ത്രീകൾ - താമാർ, രാഹാബ്, രൂത്ത്, ബത്ത്ശേബ എന്നിവരാണ്. തൻ്റെ അമ്മായപ്പനുമായി വ്യഭിചാരം ചെയ്തതിലൂടെ ഒരു കുഞ്ഞുണ്ടായ സ്ത്രീയാണ് താമാർ (ഉൽ.38). യെരിഹോയിലെ കുപ്രസിദ്ധയായ ഒരു വേശ്യയായിരുന്നു രാഹാബ് (യോശു.2). രൂത്ത് മോവാബിൻ്റെ ഒരു പിൻതുടർച്ചക്കാരി ആയിരുന്നു, ലോത്തിൻ്റെ മകൾ തൻ്റെ പിതാവിനെക്കൊണ്ട് വ്യഭിചാരം ചെയ്യിച്ച് അതിലുണ്ടായ മകനാണ് മോവാബ് (ഉൽ.19). ദാവീദുമായി വ്യഭിചാരം ചെയ്ത സ്ത്രീ ആയിരുന്നു ബത്ത്ശേബ. എന്തുകൊണ്ടാണ് ഈ 4 സ്ത്രീകളുടെ (എല്ലാവരും ഏതെങ്കിലും വിധത്തിൽ ലൈംഗിക പാപവുമായി ബന്ധമുള്ളവർ) പേരുകൾ പുതിയ നിയമത്തിൻ്റെ ആദ്യ പേജിൽ എടുത്തു പറയപ്പെട്ടിരിക്കുന്നത്? യേശു ഈ ലോകത്തിലേക്കു വന്നത് പാപികളോടു താദാത്മ്യം പ്രാപിച്ച് അവരെ രക്ഷിക്കുവാനാണ് എന്നു കാണിക്കുവാനാണ്.
ഭൂമിയിൽ അവിടുന്ന് ഏറ്റെടുത്ത താഴ്ന്ന ജോലിയിലും (ഒരു ആശാരിയുടെ ജോലി) തൻ്റെ ഐഹിക ജീവിതകാലം മുഴുവൻ അവിടുത്തേക്കുണ്ടായിരുന്ന ദാസൻ്റെ മനോഭാവത്തിലും യേശുവിൻ്റെ താഴ്മ കാണപ്പെടുന്നു. ഒരു ദാസൻ്റെ മനോഭാവം എന്നത് മറ്റുള്ളവരുടെ ആവശ്യങ്ങൾ അന്വേഷിച്ച് അതു കണ്ണിൽ പെട്ടാലുടൻ നടത്തി കൊടുക്കുന്നതിനായി സ്ഥിരമായി ജാഗ്രതയിലുള്ള ഒന്നാണ് (ഉദാഹരണത്തിന് യേശു ശിഷ്യന്മാരുടെ കാലുകൾ കഴുകുന്നത്).
ആൻഡ്രൂ മുറേയുടെ "താഴ്മ " എന്ന പുസ്തകത്തിൽ താഴ്മയെ നിർവചിച്ചിരിക്കുന്നത് ഇപ്രകാരമാണ്; "ദൈവം എല്ലാത്തിലും എല്ലാമാകേണ്ടതിന്, ഒന്നും അല്ലാതായി തീരുന്നതിന് മനസ്സുള്ളതാകുന്നതാണ് താഴ്മ ". ഇതായിരിക്കാനാണ് യേശു ഇഷ്ടപ്പെട്ടിരുന്നത്. യേശുവിൽ നിന്നു നാം പഠിക്കേണ്ടത് ഇതാണ്.
അതു കൊണ്ട് എപ്പോഴും യേശുവിൻ്റെ നുകം നിങ്ങളുടെ കഴുത്തിൽ വച്ചിട്ട് തന്നിൽ നിന്ന് സൗമ്യതയും താഴ്മയും പഠിക്കുക. അങ്ങനെ പിതാവിനെ കൂടുതൽ കൂടുതൽ നിങ്ങൾക്കു വെളിപ്പെടുത്തി തരാൻ അവിടുത്തേക്കു കഴിയും.