നാം ഭാവിയിലേക്കു നോക്കുമ്പോൾ, അതു കഴിഞ്ഞുപോയ എല്ലാ വർഷങ്ങളേയും കാൾ അധികം മെച്ചം ആയിരിക്കണമെന്നു നാം ആഗ്രഹിക്കുന്നു. എന്നാൽ നാം ദൈവത്തിൻ്റെ വാഗ്ദത്തങ്ങൾ അവകാശം പറഞ്ഞാൽ മാത്രമേ അതു മെച്ചമായിരിക്കുകയുള്ളൂ. നാം വിശ്വസിക്കുന്നത് നമ്മുടെ വായ് കൊണ്ട് ഏറ്റുപറയണം - എന്നാൽ നമ്മുടെ ഏറ്റുപറച്ചിൽ ദൈവത്തിൻ്റെ വാഗ്ദത്തങ്ങളിൽ അടിസ്ഥാനപെട്ടിട്ടുള്ളതായിരിക്കണം (റോമ. 10:8, 9 കാണുക).
ദൈവം അബ്രാഹാമിന് ഒരു വാഗ്ദത്തം നൽകിയപ്പോൾ - നിറവേറ്റാൻ അസാധ്യമെന്നു തോന്നിയ ഒരു വാഗ്ദത്തം (മാനുഷികമായി പറഞ്ഞാൽ), അബ്രാഹാം എന്താണു ചെയ്തത്? "അവൻ ഏകദേശം 100 വയസുള്ളവൻ ആകയാൽ തൻ്റെ ശരീരം നിർജീവമായി പോയതും സാറയുടെ ഗർഭപാത്രത്തിന്റെ നിർജീവത്വവും ഗ്രഹിച്ചിട്ടും വിശ്വാസത്തിൽ ക്ഷീണിച്ചില്ല. ദൈവത്തിൻ്റെ വാഗ്ദത്തത്തിങ്കൽ അവിശ്വാസത്താൽ സംശയിക്കാതെ വിശ്വാസത്താൽ ശക്തിപ്പെട്ടു. ദൈവത്തിനു മഹത്വം കൊടുത്തു. അവിടുന്ന് വാഗ്ദത്തം ചെയ്തത് പ്രവർത്തിപ്പാനും ശക്തൻ എന്ന് പൂർണമായി ഉറച്ചു" (റോമ. 4:19-21).
അതുകൊണ്ട് ദൈവം വാഗ്ദത്തം ചെയ്തിട്ടുള്ളവയിലുള്ള വിശ്വാസത്തോടെ, നമുക്കു താഴെപ്പറയുന്ന 8 ഏറ്റുപറച്ചിലുകൾ നടത്താം.അത് കൂടെക്കൂടെ നിങ്ങളോടു തന്നെയും സാത്താനോടും നിങ്ങളുടെ ഹൃദയത്തിൽ നിന്നും പറയുക:
1. പിതാവാം ദൈവം യേശുവിനെ സ്നേഹിച്ചതുപോലെ തന്നെ എന്നെയും സ്നേഹിക്കുന്നു - അതുകൊണ്ട് ഞാൻ എല്ലായ്പ്പോഴും സന്തോഷിച്ച് ഉല്ലസിക്കും (യോഹ. 17:23).
2. ദൈവം എൻ്റെ എല്ലാ പാപങ്ങളും ക്ഷമിച്ചിരിക്കുന്നു - അതുകൊണ്ട് ഞാൻ ഒരിക്കലും കുറ്റബോധത്തോടെ ജീവിക്കുകയില്ല (1യോഹ. 1:9; എബ്രാ. 8:12).
3. ദൈവം തൻ്റെ പരിശുദ്ധാത്മാവിനാൽ എന്നെ നിറയ്ക്കും - അതുകൊണ്ട് എന്നെ ഏൽപ്പിച്ച എല്ലാ പ്രവൃത്തിയും ചെയ്യാൻ തക്കവണ്ണം ഞാൻ ശക്തനായിരിക്കും (ലൂക്കൊ. 11:13).
4. എൻ്റെ എല്ലാ അതിരുകളും ദൈവം നിശ്ചയിച്ചിരിക്കുന്നു - അതുകൊണ്ട് ഞാൻ എപ്പോഴും തൃപ്തനായിരിക്കും (അപ്പൊ. പ്ര. 17:26; എബ്രാ. 13:5).
5. ദൈവത്തിൻ്റെ കൽപ്പനകൾ എല്ലാം എൻ്റെ നന്മയ്ക്കു വേണ്ടിയുള്ളതാണ് - അതുകൊണ്ട് ദൈവത്തിൻ്റെ എല്ലാ കൽപ്പനകളും അനുസരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു (1 യോഹ. 5:3; ആവ. 10:13).
6. എന്നെ ബാധിക്കുന്ന എല്ലാ വ്യക്തികളെയും സംഭവങ്ങളെയും ദൈവം നിയന്ത്രിക്കുന്നു - അതുകൊണ്ട് ഞാൻ എപ്പോഴും സ്തോത്രം ചെയ്യും (റോമ. 8:28).
7. യേശു സാത്താനെ തോൽപ്പിച്ച് അവൻ്റെ ശക്തിയിൽ നിന്ന് എന്നെ സ്വതന്ത്രനാക്കി - അതുകൊണ്ട് ഞാൻ ഒരിക്കലും ഭയപ്പെടുകയില്ല (എബ്രാ. 2:14, 15; എബ്രാ. 13:6).
8. ദൈവം എന്നെ ഒരു അനുഗ്രഹമാക്കാൻ ആഗ്രഹിക്കുന്നു - അതുകൊണ്ട് ഞാൻ മറ്റുള്ളവർക്ക് ഒരു അനുഗ്രഹം ആയിരിക്കും (ഉൽ. 12:2; ഗലാ. 3:14).
"വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുവാൻ സാധ്യമല്ല" (എബ്രാ. 11:6).