WFTW Body: 

പുതിയ നിയമത്തില്‍ സഭയെ ദൈവം പണിയുന്ന ഒരു ആലയമായാണ് ചിത്രീകരിച്ചിരിക്കുന്നത്; കൂടാതെ ജ്ഞാനത്താല്‍ മാത്രമേ ഒരു വീട് പണിയപ്പെടുകയുള്ളു എന്നും പറഞ്ഞിരിക്കുന്നു (സദൃശവാക്യങ്ങള്‍ 24:3).

കേവലം വചനം പഠിക്കുന്നതുകൊണ്ടു മാത്രം ഒരു ശിഷ്യന്‍ ജ്ഞാനിയായി തീരുന്നില്ല. അത് അവന്റെ അറിവ് വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളു. കര്‍ത്താവിനോടുള്ള ഭക്തിയാണ് വിജ്ഞാനത്തിന്റെ ആരംഭം (സദൃ. 9:10). കര്‍ത്താവിനോടുള്ള ഭയമാണ് ക്രിസ്തീയ ജീവിതത്തിന്റെ ആദ്യാക്ഷരങ്ങള്‍. ''ഉയരത്തില്‍ നിന്നുള്ള ജ്ഞാനം ഒന്നാമത് നിര്‍മ്മലമാകുന്നു'' എന്നു യാക്കോബ് 3:17 പറയുന്നു. അതുകൊണ്ട് ക്രിസ്തുവിന്റെ ശരീരം പണിയാന്‍ ആഗ്രഹിക്കുന്ന എല്ലാവരും ഒന്നാമത് ദൈവഭയം പഠിക്കണം. അവര്‍ക്കു മറ്റുള്ളവരോടു പറയാന്‍ കഴിയണം: ''വന്ന് എനിക്കു ചെവി തരുവിന്‍; യഹോവയോടുള്ള ഭയത്തെ ഞാന്‍ ഉപദേശിച്ചു തരാം'' (സങ്കീ. 34:11).

ഉപദേശപരമായ കൃത്യത, വികാരപരമായ അനുഭവങ്ങള്‍, സ്തുതിയും ആരാധനയും, സുവിശേഷീകരണം, കൂടാതെ മറ്റു പല കാര്യങ്ങള്‍ക്കും നാം ഊന്നല്‍ കൊടുത്തേക്കാം. എന്നാല്‍ ഇതിന്റെയെല്ലാം അടിയില്‍ ദൈവഭയത്തിന്റെ അടിസ്ഥാനം ഇല്ലെങ്കില്‍ നാം പണിതിട്ടുള്ളതെല്ലാം ഒരു ദിവസം തകര്‍ന്നു വീഴും.

കര്‍മ്മ പരിപാടികള്‍, പ്രവര്‍ത്തനങ്ങള്‍, പണം, മാനുഷിക തന്ത്രങ്ങള്‍ വാണിജ്യ ലോകത്തിന്റെ ഏതെങ്കിലും തത്വങ്ങള്‍ ഇവയൊന്നിനാലും സഭ പണിയപ്പെടാന്‍ സാധ്യമല്ല. അപ്രകാരമുള്ള തത്വങ്ങളാല്‍, നടത്തപ്പെടുന്ന ക്രിസ്തീയ പ്രവര്‍ത്തനങ്ങള്‍ മാനുഷിക നേത്രങ്ങള്‍ക്ക് ആകര്‍ഷകമായി തോന്നാം. എന്നാല്‍ ദൈവം അതിനെ അഗ്നിയാല്‍ ശോധന ചെയ്യുമ്പോള്‍, അതു വെറും മരവും പുല്ലും വയ്‌ക്കോലുമാണെന്നു കാണപ്പെടും (1 കൊരി. 3:11-15).

ദൈവഗൃഹത്തെ തിരിച്ചറിയുന്നതിനുള്ള വിശേഷ ലക്ഷണം തന്നെത്താന്‍ വിധിക്കുക എന്നതാണ് (1പത്രൊ. 4:17) - ദൈവത്തിന്റെ മുമ്പാകെ ജീവിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന സ്വയംവിധി. യെശയ്യാവ്, ഇയ്യോബ്, യോഹന്നാന്‍ ഇവരെല്ലാവരും ദൈവത്തെ കണ്ടപ്പോള്‍ അവരുടെ ഒന്നുമില്ലായ്മയെയും, പാപത്തെയും കണ്ടു (യെശ. 6:5; ഇയ്യോബ് 42:5,6; വെളി. 1:17).

ആദമും ഹവ്വയും ദൈവത്തിന്റെ വിശുദ്ധിയെ ലംഘിച്ചപ്പോള്‍ അവര്‍ ഏദനില്‍ നിന്നു പുറത്താക്കപ്പെട്ടു. അനന്തരം ദൈവം ജീവന്റെ വൃക്ഷം കാക്കുവാനായി തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി കെരൂബൂകളെ നിര്‍ത്തി. ഈ ജീവന്റെ വൃക്ഷം പ്രതിനിധീകരിക്കുന്നത് യേശു നമുക്കു തരുവാനായി വന്ന നിത്യജീവനെയാണ് (ദിവ്യസ്വഭാവം). ദിവ്യസ്വഭാവത്തിന്റെ പങ്കാളി ആയിത്തീരുന്നതിനു മുമ്പു നമ്മുടെ സ്വയത്തെ ഇല്ലായ്മ ചെയ്യുന്ന ക്രൂശിനെ ദൃഷ്ടാന്തീഭവിപ്പിക്കുന്നതാണ് ഈ വാള്‍. ഈ വാള്‍ ആദ്യമായി യേശുവിന്മേല്‍ വീണു എന്നത് സത്യമാണ്. എന്നാല്‍ നാമും അവനോടു കൂടെ ക്രൂശിക്കപ്പെട്ടു (ഗലാ. 2:20). കൂടാതെ ''ക്രിസ്തുയേശുവിനുള്ളവര്‍ ജഡത്തെ അതിന്റെ രാഗ മോഹങ്ങളോടുകൂടെ ക്രൂശിച്ചിരിക്കുന്നു'' (ഗലാ. 5:24).

ആ കെരൂബുകളെപ്പോലെ, സഭയിലെ മൂപ്പന്മാര്‍ ഈ വാള്‍ വീശിക്കൊണ്ട്, ദൈവീക ജീവനിലേക്കുള്ള ഏക വഴി ജഡത്തിന്റെ മരണത്തിലൂടെയാണെന്ന് പ്രഘോഷിക്കണം. ദൈവവുമായുള്ള കൂട്ടായ്മയിലേക്കു മടങ്ങി വരാനുള്ളവഴി ആ വാളിലൂടെയാണ്. ഈ വാള്‍ കൈകാര്യം ചെയ്യപ്പെടാത്തതു മൂലമാണ് ഇന്ന് അനേക സഭകളും ഒത്തുതീര്‍പ്പു കാരെക്കൊണ്ടു നിറഞ്ഞിട്ട് ക്രിസ്തുവിന്റെ ശരീരത്തിന്റെ പ്രകാശനമായിരിക്കുന്ന കാര്യം നിന്നു പോയിരിക്കുന്നത്.

സംഖ്യാപുസ്തകം 25:1ല്‍ യിസ്രായേല്‍ ജനം ''മോവാബ്യ സ്ത്രീകളുമായി പരസംഗം തുടങ്ങിയ'' ഒരു സമയത്തെക്കുറിച്ചു നാം വായിക്കുന്നു. ഒരു യിസ്രായേല്യന്‍ ഒരു മോവാബ്യ സ്ത്രീയെ തന്റെ കൂടാരത്തിലേക്കു കൊണ്ടു വരികപോലും ചെയ്തു (വാ.6). എന്നാല്‍ ആ ദിവസം യിസ്രായേല്‍ രാഷ്ട്രം അപ്പാടെ നശിപ്പിക്കപ്പെടുന്നതില്‍ നിന്ന് ഒരു പുരോഹിതന്‍ - ഫീനഹാസ്- അതിനെ രക്ഷിച്ചു. അദ്ദേഹം ഉടനെ തന്നെ ഒരു കുന്തമെടുത്ത് ആ കൂടാരത്തിനകത്തു കടന്ന് ആ പുരുഷനെയും സ്ത്രീയെയും കൊല്ലുവാന്‍ തക്കവണ്ണം ദൈവത്തിന്റെ മാനത്തെ പ്രതി അത്ര തീഷ്ണത ഉള്ളവനായിരുന്നു (വാ.7,8). അനന്തരം ദൈവം ആ ബാധ നിര്‍ത്തലാക്കി (വാ.9). എന്നാല്‍ അതിനോടകം 24000 പേര്‍ കൊല്ലപ്പെട്ടിരുന്നു. 'ഒരു വാള്‍ ഉപയോഗിച്ച ആ കെരൂബ്' ഇല്ലായിരുന്നെങ്കില്‍, അതിവേഗത്തില്‍ വ്യാപിച്ചുകൊണ്ടിരുന്ന ആ ബാധ യിസ്രായേലിന്റെ പാളയത്തിലുണ്ടായിരുന്ന എല്ലാവരെയും കൊല്ലുമായിരുന്നു.

ഓരോ സഭയിലും 'ഒരു വാളുമായി ഒരു കെരൂബ്' ഉണ്ടായിരിക്കേണ്ടത് എത്ര വിലയുള്ള കാര്യമാണ് എന്നു നിങ്ങള്‍ കണ്ടുവോ?

വാള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാവുന്ന ഫീനഹാസുമാര്‍ ആവശ്യത്തിന് ഇല്ലാത്തതിനാല്‍ ഇന്നു ക്രിസ്തീയ ഗോളത്തില്‍ ബാധ വളരെ വേഗത്തില്‍ വ്യാപിക്കുകയാണ്. വളരെയധികം മൂപ്പന്മാരും പ്രസംഗകരും മനുഷ്യരെ പ്രസാദിപ്പിക്കുന്നവരാണ്, അവര്‍ 'മിദ്യാന്യരെ സ്‌നേഹിക്കുവാന്‍' നമ്മെ തിടുക്കപ്പെടുത്തുന്നു. നാം സഭയില്‍ എന്തുകൊണ്ട് വാള്‍ ഉപയോഗിക്കരുത് എന്നു കാണിക്കുന്ന ഒരു നൂറു വാദങ്ങള്‍ പിശാച് നമുക്കു തരും. യേശുവിനോട് അവന്‍ തിരുവചനം ഉദ്ധരിച്ചതുപോലെ- തന്റെ വാദങ്ങളെ പിന്‍താങ്ങുവാന്‍ തിരുവചനംപോലും ഉദ്ധരിക്കും.

താന്‍ വാള്‍ ഉപയോഗിച്ചതുകൊണ്ട് ഫീനഹാസിസനു വ്യക്തിപരമായി എന്താണ് നേടാനുണ്ടായിരുന്നത്? ഒന്നുമില്ല. മറിച്ച് അവന് വളരെയധികം നഷ്ടപ്പെടാനുണ്ടായിരുന്നു - പ്രത്യേകിച്ചു ദയയുള്ളവനും ശാന്തനും എന്ന പ്രശസ്തി!! താന്‍ കൊന്ന മനുഷ്യന്റെ ബന്ധുക്കളും സ്‌നേഹിതരുമായവരുടെ ദൂഷണത്തിനും കോപത്തിനുംകൂടെ അദ്ദേഹം പാത്രമാകേണ്ടി വന്നു. എന്നാല്‍ അതിനുവേണ്ടി ഫീനഹാസിനെ ഉത്സാഹിപ്പിച്ചത് ദൈവനാമത്തിന്റെ മഹത്വവും മാനവുമായിരുന്നു. അപ്പോള്‍ ദൈവം ഇപ്രകാരം പറഞ്ഞുകൊണ്ട് ഫിനഹാസിന്റെ ശുശ്രൂഷയ്ക്കു തന്റെ അംഗീകാരത്തിന്റെ മുദ്ര നല്‍കി ''എന്റെ തീഷ്ണതയോട് അവന്‍ തീഷ്ണതയുള്ളവനായിരുന്നു'' (സംഖ്യ 25:11). അന്തിമ വിശകലനത്തില്‍, ദൈവത്തിന്റെ അംഗീകാരത്തിന്റെ മുദ്ര മാത്രമാണ് കാര്യമാത്രപ്രസക്തമായിട്ടുള്ളത്. യഹോവ ഫീനഹാസിനെക്കുറിച്ച് തുടര്‍ന്ന് ഇങ്ങനെ പറയുന്നു: ''ഇതാ, ഞാന്‍ അവന് എന്റെ സമാധാന നിയമം കൊടുക്കുന്നു. കാരണം, അവന്‍ തന്റെ ദൈവത്തിനു വേണ്ടി തീഷ്ണതയുള്ളവനായിരുന്നു (സംഖ്യ 25:12,13). കഴിഞ്ഞ ഒരദ്ധ്യായത്തില്‍, തങ്ങളുടെ വാള്‍ ഉപയോഗിച്ചതിനാല്‍ ലേവ്യര്‍ക്കും യഹോവ തന്റെ സമാധനത്തിന്റെ നിയമം നല്‍കിയിട്ടുള്ളത് എങ്ങനെയാണെന്നു നാം കണ്ടു (മലാഖി 2:4,5).

അനേകം സഭകളിലും ഇന്നു സമാധാനമില്ല, കാരണം മാനുഷികമായ മാര്‍ഗ്ഗത്തില്‍ അവര്‍ സമാധാനത്തിനു വേണ്ടി അന്വേഷിക്കുന്നു - ദൈവത്തിന്റെ വാള്‍ ഉപയോഗിക്കാതെ, അതിന്റെ ഫലം കിടമത്സരവും, പോരാട്ടവുമാണ്. ക്രിസ്തുവിന്റെ സമാധാനം വാങ്ങുവാന്‍ കഴിയുന്നത് ഒരു വാള്‍ കൊണ്ടാണ് (സ്വയജീവനെ കൊല്ലുന്ന വാള്‍) - ഭവനത്തിലും സഭയിലും

സഭയെ നിര്‍മ്മലതയില്‍ സംരക്ഷിക്കണെങ്കില്‍, സഭയിലെ നേതൃസ്ഥാനത്തുള്ളവര്‍ ദൈവനാമത്തിന്റെ മാനത്തിനുവേണ്ടി തീഷ്ണതയുള്ള ഒരാഗ്രഹംകൊണ്ട് എരിയേണ്ടതുണ്ട്. അവര്‍ ദയയുള്ളവരും ശാന്തന്മാരുമാണെന്ന പ്രശസ്തി ഉള്ളവരാകുന്ന കാര്യം മറക്കണം. എന്നിട്ട് ദൈവനാമത്തിന്റെ മഹത്വത്തെപ്പറ്റി മാത്രം കരുതലുള്ളവരാകണം.

ദൈവത്തിന്റെ നാമത്തിന്റെ മാനത്തിനു വേണ്ടിയുള്ള അവേശമാണ് യേശുവിനെക്കൊണ്ട് പൊന്‍വാണിഭക്കാരെയും പ്രാവുകളെ വില്‍ക്കുന്നവരെയും ദൈവാലയത്തില്‍ നിന്നു പുറത്താക്കിച്ചത്. ദൈവത്തിന്റെ ആലയത്തെക്കുറിച്ചുള്ള എരിവ് അവനെ തിന്നു കളഞ്ഞു (യോഹ. 2:17).ക്രിസ്തുവിനെപ്പോലെ ആകുക എന്നതിന്റെ വലിയ ഭാഗം ഇതാണ്. ഇത് ഒരുവനെ ജനപ്രീതിയില്ലാത്തവനും, തെറ്റിദ്ധരിക്കപ്പെടുന്നവനും ആക്കുമെങ്കില്‍ ആരാണ് ക്രിസ്തുവിനെപ്പോലെ ആയിരിക്കുവാന്‍ താല്‍പര്യപ്പെടുന്നത്?