ലേഖകൻ :   സാക് പുന്നൻ വിഭാഗങ്ങൾ :   ശിഷ്യന്‍
WFTW Body: 

പഴയ ഉടമ്പടിയും പുതിയ ഉടമ്പടിയും തമ്മിലുള്ള സര്‍വ്വപ്രധാനമായ വ്യത്യാസം, ഒറ്റ വാചകത്തില്‍, രത്‌നച്ചുരക്കമായി കൊടുത്തിരിക്കുന്നു എന്നു ഞാന്‍ കരുതുന്ന വാക്യം റോമര്‍ ആറാം അദ്ധ്യായത്തിലുണ്ട്‌. റോമര്‍ 6:14ല്‍ നാം വായിക്കുന്നു: `നിങ്ങള്‍ ന്യായപ്രമാണത്തിനല്ല കൃപയ്ക്കത്രേ അധീനരാകയാല്‍ പാപം നിങ്ങളില്‍ കര്‍ത്തൃത്വം നടത്തുകയില്ല.''

`ന്യായപ്രമാണം' എന്ന വാക്ക്‌ പഴയ ഉടമ്പടിയുടേയും ദൈവത്തിന്‌ യിസ്രായേലുമായുള്ള കരാറിന്റെയും പ്രതീകമാണ്‌. ആ ഉടമ്പടിയുടെ കരാറും വ്യവസ്ഥകളുമെല്ലാം ന്യായപ്രമാണം' എന്ന ആ ഒറ്റ്‌ വാക്കില്‍ അടങ്ങിയിരിക്കുന്നു. അതുപോലെ യേശുക്രിസ്‌തുവിലൂടെയുള്ള ദൈവത്തിന്റെ പുതിയ ഉടമ്പടിയുടെ കരാറും വ്യവസ്ഥകളുമെല്ലാം കൃപ' എന്ന ഒറ്റ വാക്കില്‍ ക്രോഡീകരിച്ചിരിക്കുന്നു.

ഇവിടെ പറയുന്നതു നിങ്ങള്‍ക്ക്‌ ഒന്നുകില്‍ ന്യായപ്രമാണത്തിന്‌ അല്ല കൃപയ്ക്കാണ്‌ അധീനരെങ്കില്‍, പാപത്തിനു നിങ്ങളുടെ മേല്‍ കര്‍തൃത്വം ഉണ്ടാകാന്‍ കഴിയില്ല. നമുക്ക്‌ അതു മറ്റൊരു വിധത്തില്‍ പറയാം: അതിന്റെ മറുവശം, `നിങ്ങള്‍ കൃപയ്ക്കല്ല ന്യായപ്രമാണത്തിനാണ്‌ അധീനരെങ്കില്‍ പാപത്തിന്‌ നിങ്ങളുടെ മേല്‍ കര്‍തൃത്വം ഉണ്ടാകും.' എന്നതാണ്‌. അതുകൊണ്ട്‌ ആത്യന്തികമായി നാം ന്യായപ്രമാണത്തിനാണോ, കൃപയ്ക്കാണോ അധീനരായിരിക്കുന്നത്‌ എന്നു കണ്ടു പിടിക്കാനുള്ള മാര്‍ഗ്ഗം എന്താണ്‌? നാം അനേകം നിയമങ്ങളോടും ചട്ടങ്ങളോടുമുള്ള ബന്ധത്തില്‍ ഒരു നിയമവാദിയാണോ എന്നു പരിശോധിക്കുന്നതിലൂടെയല്ല മറിച്ചു കുറച്ചുകൂടി ആഴമുള്ള ഇങ്ങനെ ഒരു പരിശോധന നടത്തുന്നതിലൂടെയാണ്‌: `പാപത്തിന്‌ നിങ്ങളുടെമേല്‍ കര്‍തൃത്വം ഉണ്ടോ? അതോ നിങ്ങള്‍ക്കാണോ പാപത്തിന്റെ മേല്‍ കര്‍തൃത്വം ഉള്ളത്‌?'

ഇതു വളരെ, വളരെ പ്രധാനപ്പെട്ട ചോദ്യമാണ്‌. യേശു വന്നത്‌ എന്തിനാണെന്നും പഴയ ഉടമ്പടിയുടെ കീഴില്‍ മോശെ വന്നത്‌ എന്തിനാണെന്നും അനേകരും മനസ്സിലാക്കുന്നില്ല. ഞാന്‍ നിങ്ങളോടു ലളിതമായ ഒരു ചോദ്യം ചോദിക്കട്ടെ, ആരാണ്‌ വലിയവന്‍ മോശെയാണോ കര്‍ത്താവായ യേശുക്രിസ്‌തുവാണോ? അതു വ്യക്തമാണ്‌- മോശെ ദാസനും യേശു യജമാനനും ആണ്‌. യേശുവാണ്‌ മോശെയേക്കാള്‍ വലിയവന്‍.

ഇനി ഞാന്‍ നിങ്ങളോടു പറയട്ടെ: മോശെ യേശുവിനെക്കാള്‍ താണവനായിരിക്കുന്നതുപോലെ, ദൈവം മോശെയിലൂടെ യിസ്രയേലുമായി ചെയ്‌ത ആ പഴയ ഉടമ്പടി, ദൈവം യേശുവിലൂടെ ചെയ്‌ത പുതിയ ഉടമ്പടിയേക്കാള്‍ താണതാണ്‌. ഇതിന്റെ വിവക്ഷിതാര്‍ത്ഥം ഇതാണ്‌: പഴയ നിയമത്തില്‍ മോശെയ്ക്കും ന്യായപ്രമാണത്തിനും ആളുകളെ ഒരു നിശ്ചിത ജീവിത നിലവാരത്തിലേക്കു കൊണ്ടുവരാന്‍ കഴിഞ്ഞു. എങ്കില്‍, യേശുവിനും പുതിയ ഉടമ്പടിക്കും അവരെ എന്തിലേക്കു കൊണ്ടുവരാന്‍ കഴിയണം? - കുറച്ചുകൂടി ഉയര്‍ന്ന നിലവാരത്തിലേക്കോ അതോ പഴയ ഉടമ്പടിക്കു തുല്യമായ നിലവാരത്തിലേക്കോ? തീര്‍ച്ചയായും നിങ്ങള്‍ പറയും അതിന്‌ പ്രത്യേക ഉയര്‍ന്ന നിലവാരം ഉണ്ടായിരിക്കേണ്ടതാണ്‌ എന്ന്‌. അത്‌, ഒരു സൈക്കിളിനെ വിമാനത്തോടു താരതമ്യം ചെയ്യുന്നതു പോലെയാണ്‌! പഴയ ഉടമ്പടിയും പുതിയ ഉടമ്പടിയും തമ്മിലുള്ള വ്യത്യാസം സൈക്കിളും വിമാനവും പോലെയാണ്‌. സൈക്കിളിന്‌ കഴിയുന്നതുപോലെ പഴയ ഉടമ്പടിക്കും നിങ്ങളെ ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോകാന്‍ കഴിയും. എന്നാല്‍ പുതിയ ഉടമ്പടിക്ക്‌ നിങ്ങളെ ഒരു സ്ഥലത്തു നിന്ന്‌ മറ്റൊരിടത്തേക്ക്‌ ഒരു വിമാനത്തിനു കഴിയുന്നതുപോലെ വേഗത്തില്‍ കൊണ്ടുപോകാന്‍ കഴിയും എന്നു മാത്രമല്ല ഇതു രണ്ടും തമ്മില്‍ അജഗജാന്തരവുമുണ്ട്‌.

പഴയ ഉടമ്പടിക്ക്‌ മനുഷ്യനെ ദൈവവുമായുള്ള കൂട്ടായ്‌മയുടെ ഒരു നിശ്ചിത സ്ഥാനം വരെ കൊണ്ടുവരാന്‍ കഴിയും. എന്നാല്‍ അതിനപ്പുറത്തേക്കു പറ്റില്ല. പഴയ നിയമ സമാഗമന കൂടാരത്തില്‍ ഈ കാര്യം ദൈവം വിശദീകരിച്ചിരിക്കുന്നത്‌, വിശുദ്ധ സ്ഥലത്തിനും അതിവിശുദ്ധ സ്ഥലത്തിനും ഇടയില്‍ കനമുള്ള ഒരു തിരശ്ശീല ഇട്ടുകൊണ്ടാണ്‌. അനന്തരം ദൈവം യിസ്രയേല്‍ ജനത്തോട്‌ ഇപ്രകാരം പറഞ്ഞു: ``ആര്‍ക്കും അതിപരിശുദ്ധ സ്ഥലത്തേക്ക്‌ പ്രവേശിക്കാന്‍ കഴിയുകയില്ല, ഈ തിരശ്ശീല നിങ്ങളെ തടഞ്ഞു നിര്‍ത്തുന്നു. നിങ്ങള്‍ക്ക്‌ ഇവിടം വരെ വരാം. ഇതിനുപ്പുറത്തേക്കു പറ്റില്ല.'' ആ തിരശ്ശീലയ്ക്കപ്പുറത്ത്‌, ദൈവം തന്നെ ആ ദൈവാലയത്തില്‍- പഴയ നിയമ ദേവാലയത്തില്‍- വസിച്ചു. ആര്‍ക്കും അവിടെ പ്രവേശിക്കുവാന്‍ കഴിഞ്ഞില്ല. മഹാപുരോഹിതനു പോലും വര്‍ഷത്തിലൊരിക്കല്‍ മാത്രമേ അവിടെ പ്രവേശനമുള്ളു. എന്നാല്‍ യേശു കാല്‍വറിയില്‍ മരിച്ചപ്പോള്‍, ദൈവത്തിന്റെ സന്നിധിയിലേക്കുള്ള വഴി, തുറക്കപ്പെട്ടിരിക്കുന്നതിനാല്‍ ഇപ്പോള്‍ നമ്മുടെ ജീവിത നിലവാരം പഴയ നിയമത്തിലെ ആളുകളുടേതിനേക്കാള്‍ ഉയര്‍ന്നതായിരിക്കുമോ താഴ്‌ന്നതായിരിക്കുമോ? ഉത്തരം വളരെ വ്യക്തമാണ്‌: ദൈവവുമായി വ്യക്തിപരമായ കൂട്ടായ്‌മ കൂടാതെ ന്യായപ്രമാണം കൊണ്ടുമാത്രം, ആളുകള്‍ക്ക്‌ ഒരു നിശ്ചിത ജീവിത നിലവാരത്തിലെത്താന്‍ കഴിഞ്ഞെങ്കില്‍, ചീന്തിയ തിരശ്ശീലയ്ക്കുള്ളില്‍ ഒരിക്കല്‍ ദൈവത്തോടു തന്നെ കൂട്ടായ്‌മയില്‍ വന്നതിനുശേഷം, നമ്മുടെ ജീവിത നിലവാരം എത്ര ഉന്നതമായിരിക്കും!

എന്നാല്‍ ഇപ്പോഴും അനേകം അനേകം ക്രിസ്‌ത്യാനികളും ഇത്‌ മനസ്സിലാക്കിയിട്ടില്ല. ഉദാഹരണത്തിന്‌, ക്രിസ്‌ത്യാനികള്‍ ചില ഭയങ്കരമായ പാപങ്ങളില്‍ വീഴുന്നതിനെക്കുറിച്ച്‌ നാം കാണുകയും കേള്‍ക്കുയും ചെയ്യുന്നത്‌ എന്തുകൊണ്ടാണ്‌? ഏലിശായോ സ്‌നാപകയോഹന്നാനോ സ്‌ത്രീകളുടെയോ പണത്തിന്റെയോ പിന്നാലെയോ ഓടുന്നത്‌ നിങ്ങള്‍ക്കു സങ്കല്‌പിക്കാന്‍ കഴിയുമോ? അവര്‍ക്കു കൃപ ലഭിച്ചിരുന്നില്ല, നമുക്കുളളതുപോലെ അവര്‍ക്ക്‌ അതിവിശുദ്ധ സ്ഥലത്തേക്കുള്ള പ്രവേശനവും ലഭിച്ചിരുന്നില്ല. എന്നാല്‍ അതു കൂടാതെ തന്നെ അവര്‍ അങ്ങനെയൊരു ജീവിതത്തിലേക്കു വന്നു. വിശ്വാസം ഉണ്ടായിരിക്കുകയും പുതിയ ഉടമ്പടിയുടെ കീഴില്‍ നമുക്കുള്ള പ്രത്യേകാവകാശത്തിലേക്കു മുന്നേറുകയും ചെയ്യുമെങ്കില്‍, നമുക്ക്‌ അവരെക്കാള്‍ എത്ര അധികം ആ നിലവാരത്തിലേക്കു വരാന്‍ കഴിയും!

അതാണ്‌ പൌലൊസ്‌ ഇവിടെ പറയുന്നത്‌; പാപം നിങ്ങളുടെ മേല്‍ കര്‍തൃത്വം നടത്തുകയില്ല: കാരണം നിങ്ങള്‍ ന്യായപ്രമാണത്തിന്റെ കീഴിലല്ല കൃപയുടെ കീഴിലാണ്‌. മത്തായി 11:11ല്‍ അന്നുവരെ മനുഷ്യരായി ജനിച്ചവരില്‍ ഏറ്റവും വലിയവന്‍ സ്‌നാപക യോഹന്നാനാണെന്ന്‌ യേശു പറഞ്ഞു. (തീര്‍ച്ചയായും യേശുവിനെ ഒഴിച്ച്‌, അവിടുന്ന്‌ ഒരു മാനുഷിക പിതാവില്‍ നിന്നല്ല ജനിച്ചത്‌. അതുകൊണ്ട്‌ യേശു താനും അതില്‍ നിന്ന്‌ ഒഴിവാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ മറ്റുള്ള എല്ലാവരിലും വലിയവന്‍ സ്‌നാപകയോഹന്നാനാണ്‌. യേശു തുടര്‍ന്നു പറഞ്ഞത്‌,. എന്നാല്‍ `സ്വര്‍ഗ്ഗരാജ്യത്തില്‍ - ദൈവരാജ്യത്തില്‍- ഏറ്റവും ചെറിയവന്‍ അവനെക്കാള്‍ വലിയവനായിരിക്കും' എന്നാണ്‌. അവിടുന്നു പറയാന്‍ ശ്രമിച്ചത്‌ ഇതാണ്‌: ന്യായപ്രമാണത്തിന്‌ ഒരു മനുഷ്യനെ കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടുള്ള ഏറ്റവും ഉന്നതമായ ഇടം, ദൈവമക്കളില്‍ ഏറ്റവും ബലഹീനനായ ഒരുവനെ കൃപയ്ക്കു കൊണ്ടെത്തിക്കുവാന്‍ കഴിയുന്ന ഇടത്തേക്കാള്‍ താഴ്‌ന്നതാണ്‌. അതുകൊണ്ട്‌ കൃപയുടെ അധീനതയില്‍ വരുന്ന തന്റെ മക്കള്‍ ഓരോരുത്തരും സ്‌നാപക യോഹന്നാനെക്കാള്‍ ഉന്നതമായ നിലയിലേക്ക്‌ ഉയരണമെന്നാണ്‌ ദൈവത്തിന്റെ ഹിതം. അവര്‍ വാസ്‌തവത്തില്‍ ആ ജിവിതം ജീവിക്കുമോ എന്നത്‌ തീര്‍ത്തും മറ്റൊരു കാര്യമാണ്‌. എന്നാല്‍ കര്‍ത്താവായ യേശുക്രിസ്‌തുവിലൂടെ ദൈവം നമുക്കു കൃപ നല്‍കുന്നതുകൊണ്ട്‌, അവര്‍ അത്‌ മനസ്സിലാക്കുകയും കൃപ പ്രാപിക്കുകയും ചെയ്‌താല്‍ അതിനുള്ള സാധ്യത അവിടെയുണ്ട്‌!

`കൃപ'യോട്‌ `കരുണ' എന്ന വാക്കിനെ താരതമ്യം ചെയ്യാം. എബ്രായര്‍ 4:16ല്‍ വായിക്കുന്നു: നാം കരുണയും തക്ക സമയത്ത്‌ സഹായത്തിനുള്ള കൃപയും പ്രാപിക്കേണ്ടതിന്‌ ധൈര്യത്തോടെ കൃപാസനത്തിലേക്ക്‌ വരിക' എന്ന്‌. മുമ്പ്‌ ഒരു പഠനത്തില്‍ ഞാന്‍ സൂചിപ്പിച്ചതുപോലെ `കരുണയും' 'കൃപയും' തമ്മില്‍ വലിയ വ്യത്യാസമുണ്ട്‌. `കരുണ' പ്രധാനമായി ഒരു പഴയനിയമ വാക്കാണ്‌. അതു കൂടെക്കൂടെ പഴയനിയമത്തില്‍ കാണുന്ന ഒരു പദമാണ്‌- കര്‍ത്താവിന്റെ കരുണ എന്നേക്കുമുള്ളത്‌.' ദാവീദ്‌ പലപ്പോഴും അതിനെക്കുറിച്ചു പറയുന്നുണ്ട്‌. ആ കരുണയുടെ ഫലമായി, പഴയ നിയമത്തില്‍ ആളുകള്‍ക്കു തങ്ങളുടെ പാപം മറയ്ക്കപ്പെട്ടും ക്ഷമിക്കപ്പെട്ടും കിട്ടിയിരുന്നു. എന്നാല്‍ അവര്‍ക്ക്‌ കഴുകപ്പെടാന്‍ കഴിഞ്ഞിരുന്നില്ല, ദാവീദിനും ``പാപം മറഞ്ഞു കിട്ടിയ മനുഷ്യന്‍ ഭാഗ്യവാന്‍`` എന്നു പറയാന്‍ മാത്രമേ കഴിഞ്ഞിരുന്നുള്ളു. യേശു കാല്‍വറിയിലെ ക്രൂശില്‍ മരിക്കുന്നതുവരെ ആര്‍ക്കും അവരുടെ പാപങ്ങള്‍ കഴുകപ്പെട്ടു കിട്ടിയിരുന്നില്ല. എന്നാല്‍ ക്രിസ്‌തു വരുന്നതു വരെ അവ മറയ്ക്കപ്പെടുവാന്‍ കഴിഞ്ഞു. അവ ക്ഷമിക്കപ്പെട്ടു. നല്ലവണ്ണം അറിയപ്പെടുന്ന സങ്കീര്‍ത്തനമായ 103-ാം സങ്കീര്‍ത്തനത്തില്‍, ദാവീദ്‌ പറഞ്ഞു. ``എന്‍ മനമേ, യഹോവയെ വാഴ്‌ത്തുക, അവന്റെ ഉപകാരങ്ങളൊന്നും മറക്കരുത്‌, അവന്‍ നിന്റെ സകല പാപവും ക്ഷമിക്കുന്നു.'' അതു കരുണയാണ്‌. നമുക്കെല്ലാവര്‍ക്കും അത്‌ ആവശ്യമാണു താനും. നമുക്കു കരുണ ആവശ്യമാണ്‌, നമുക്ക്‌ പാപങ്ങള്‍ ക്ഷമിക്കപ്പടേണ്ട ആവശ്യമുണ്ട്‌. എന്നാല്‍ പുതിയ ഉടമ്പടിയില്‍ ഇതില്‍ കൂടുതലായി ഏതോ ഒന്ന്‌ നമുക്കുണ്ട്‌ - അതാണ്‌ കൃപ. കരുണയേക്കാള്‍ കൂടുതലായ ഒരു കാര്യം; ഭാവിയില്‍ നമ്മെ സഹായിക്കാനുള്ള എതോ കാര്യം; നമ്മുടെ പ്രകൃതത്തിലുള്ള വികാരങ്ങളെ ജയിക്കാന്‍ നമ്മെ സഹായിക്കുന്ന ഒരു കാര്യം. അതാണു കൃപ. വീണ്ടും ഇവിടെ പറയുന്നു. നമുക്കു കൃപാസനത്തിലേക്ക്‌ വരാന്‍ കഴിയും. മാത്രമല്ല നാം കരുണ പ്രാപിക്കുന്ന സ്ഥലത്തു നിന്നുതന്നെ നമുക്ക്‌ ആവശ്യസമയത്ത്‌ സഹായത്തിനുള്ള കൃപയും പ്രാപിക്കാന്‍ കഴിയും.

ഇപ്പോള്‍ എന്താണ്‌ നമ്മുടെ ആവശ്യത്തിന്റെ സമയം? നമ്മുടെ ആവശ്യത്തിന്റെ സമയം എന്നത്‌ നാം നമ്മുടെ ജഡത്തിലുള്ള മോഹങ്ങളാല്‍ ഭയങ്കരമായ സമ്മര്‍ദ്ദങ്ങള്‍ക്കു കീഴിലാകുന്ന സമയമാണ്‌, പിശാചില്‍ നിന്ന്‌ പാപം ചെയ്യാനുള്ള വലിയ സമ്മര്‍ദ്ദത്തിനു കീഴിലാകുന്ന സമയമാണ്‌. നാം പാപം ചെയ്യാനും വീഴുവാനും പ്രലോഭിപ്പിക്കപ്പെടന്ന ആ നിമിഷത്തില്‍ കൃപയ്ക്കു നമ്മെ സഹായിക്കാന്‍ കഴിയും. കൃപ എന്നത്‌ സഹായമാണ്‌. എന്റെ ആവശ്യം എന്തു തന്നെ ആയാലും അതിനുള്ള സഹായം. എന്റെ ഇപ്പോഴത്തെ ആവശ്യം ഒരു പ്രത്യേക പാപത്തെ ജയിക്കാനുള്ള കഴിവാണെങ്കില്‍, കൃപയ്ക്ക്‌ എന്നെ അവിടെ സഹായിക്കാന്‍ കഴിയും. ഉദാഹരണത്തിന്‌ ഞാന്‍ ഒരു പര്‍വ്വതത്തില്‍ കയറിക്കൊണ്ടിരിക്കുകയാണെന്ന്‌ കരുതുക. അപ്പോള്‍ തെന്നിവീഴാന്‍ തുടങ്ങുമ്പോള്‍, ഞാന്‍ സഹായത്തിനായി ആവശ്യപ്പെട്ടാല്‍ ദൈവത്തിന്‌ എന്നെ പൊക്കി ഉയര്‍ത്തി ഞാന്‍ വീഴാതെവണ്ണം നിര്‍ത്തുവാന്‍ കഴിയും. ഞാന്‍ സഹായത്തിനായി ചോദിച്ചില്ലെങ്കില്‍ എന്റെ സ്വന്തശക്തിയില്‍ ഞാന്‍ പാടുപെടുകയും ഞാന്‍ തെന്നിവീഴുകയും എന്റെ അസ്ഥികളൊക്കെ ഒടിയുകയും ചെയ്യു. അപ്പോള്‍ ഞാന്‍ ദൈവത്തോട്‌ സഹായം ചോദിച്ചാല്‍ ഒരു ആംബുലന്‍സ്‌ എന്നെ പൊക്കി എടുക്കുന്നു. കൊള്ളാം, ഇതും സഹായമാണ്‌. എന്നാല്‍ ഈ സഹായം കരുണയാണ്‌. ഞാന്‍ വീണു കഴിഞ്ഞ്‌ ദൈവം `കരുണ'യോടെ എന്നെ പൊക്കി എടുക്കുന്നു, എന്നോടു ക്ഷമിക്കുന്നു. എന്നെ ആശുപത്രിയിലേക്കു കൊണ്ടുപോകുകയും ചെയ്യുന്നു. ഇതാണ്‌ അനേക ക്രിസ്‌ത്യാനികളുടെയും അനുഭവം. അവര്‍ വീഴുകയും ദൈവത്തോടു സഹായത്തിനായി ചോദിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇതനേക്കാള്‍ നല്ല ഒരു മാര്‍ഗ്ഗം ഇല്ലേ? ഉണ്ട്‌. അതാണ്‌ എന്റെ ആവശ്യസമയത്ത്‌ എന്നെ സഹായിപ്പാനുള്ള കൃപ!

അടുത്ത പ്രാവശ്യം വീഴത്തക്കവണ്ണം പ്രലോഭനനത്തിന്റെ സമ്മര്‍ദ്ദം അത്ര ശക്തമായി കാണുമ്പോള്‍ എന്തുകൊണ്ട്‌ നിങ്ങള്‍ക്ക്‌ കൃപയ്ക്കായി ചോദിച്ചുകൂടാ? ഇതു ഫലംപ്രദമാകുമോ എന്നു ശ്രമിച്ചു നോക്കുക. ആ നിമിഷം നിങ്ങള്‍ ദൈവത്തോട്‌ ഇങ്ങനെ ചോദിക്കുക. ``കര്‍ത്താവേ, ഇതിനെ ജയിക്കുവാന്‍ എനിക്കു കഴിയുന്നില്ല. അവിടുന്നു തന്നെ എന്നെ സഹായിക്കണമെന്ന്‌ ഞാന്‍ ആഗ്രഹിക്കുന്നു. ഇതിനെ ജയിക്കാനുള്ള കൃപ എനിക്കു തരണമേ.' അപ്പോള്‍ ആ നിമിഷത്തില്‍ തന്നെ നിങ്ങളെ ജയത്തിലേക്കു നയിക്കുവാന്‍ കൃപ വരുന്നത്‌ നിങ്ങള്‍ കാണും.