WFTW Body: 

വിശ്വസ്തരായവർക്ക് യേശു പ്രതിഫലം നൽകും (വെളി. 22:12) എന്നത് സത്യമായിരിക്കെത്തന്നെ, ഒരുനാൾ "നല്ലവനും വിശ്വസ്തനുമായ ദാസനെ, നീ എല്ലാം നന്നായി ചെയ്തു" എന്ന വാക്കുകൾ കേൾക്കുവാൻ തക്കവണ്ണം നമ്മുടെ ജീവിതത്തിൻ്റെ ആത്യന്തികമായ ആഗ്രഹം കർത്താവിനെ പ്രസാദിപ്പിക്കുക (2 കൊരി. 5:9) എന്നതായിരിക്കണം എന്നതും സത്യമാണ്‌, എങ്കിലും നമ്മുടെ സമർപ്പണങ്ങളിലും ശുശ്രൂഷകളിലും നമ്മെ ഉത്സാഹിപ്പിച്ചു കൊണ്ട്, ഒരു സ്വർഗ്ഗീയ പ്രതിഫലത്തിനു വേണ്ടി പോലും സ്വയ- കേന്ദ്രീകൃതമായ ഒരു ആഗ്രഹം ഉണ്ടാകുന്നതിനെതിരെ യേശു തന്നെ നമുക്ക് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

ധനികനായ ആ യുവാവിനോട് (യേശുവിനെ വിട്ടുപോയവൻ) പത്രൊസ് തന്നെത്തന്നെ താരതമ്യം ചെയ്തു കൊണ്ട് "ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ, ഞങ്ങൾക്ക് എന്തു കിട്ടും" (മത്താ. 19:27) എന്നു ചോദിച്ചപ്പോൾ, വേലക്കാരുടെ ഉപമയാണ് യേശു മറുപടിയായി പറഞ്ഞത് (മത്താ. 20:1 - 16). അവിടെ നാം കണ്ടെത്തുന്ന കാര്യം, പ്രതിഫലത്തിനു വേണ്ടി ജോലി ചെയ്തവർ പിമ്പന്മാരായി തീരുകയും പ്രതിഫലത്തെ കുറിച്ച് ഒരു ചിന്തയുമില്ലാതെ വേല ചെയ്തവർ മുമ്പന്മാരായി തീരുകയും ചെയ്തു എന്നാണ് (ആദ്യം വന്നവർ ചെയ്ത ജോലിയുടെ വളരെ ചെറിയ ഒരു ശതമാനം മാത്രമേ രണ്ടാമത്തെ കൂട്ടർ ചെയ്തുള്ളു എങ്കിലും).

അളവിനേക്കാൾ ഗുണനിലവാരമാണ് പ്രധാനം - അവിടെ നിർജ്ജീവ പ്രവൃത്തികളും ജീവനുള്ള പ്രവൃത്തികളും തമ്മിലുള്ള വ്യത്യാസം നാം കാണുന്നു. അത്യന്തികമായി മറ്റു. വിശ്വാസികൾക്കു മീതെ ഉയർത്തപ്പെട്ട് ക്രിസ്തുവിൻ്റെ കാന്തയിൽ ഒരിടം കണ്ടെത്താമെന്ന ഒരു പ്രതീക്ഷയിൽ നാം ചെയ്യുന്ന പ്രവൃത്തികൾ, അന്ത്യനാളിൽ നിർജ്ജീവ പ്രവൃത്തികളായി തുറന്നു കാട്ടപ്പെടും.

നിങ്ങളുടെ ചിന്താ ജീവിതം നിർമ്മലീകരിക്കുന്നതും, മറ്റുള്ളവർക്കു നന്മ ചെയ്യുന്നതും, നിങ്ങളുടെ ഭാര്യയെ സ്നേഹിക്കുന്നതും അല്ലെങ്കിൽ ഭർത്താവിനു കീഴടങ്ങിയിരിക്കുന്നതും എല്ലാം, ഭാവിയിൽ എന്നെങ്കിലും ഉയർത്തപ്പെടും എന്ന ചിന്തയോടു കൂടിയാണെങ്കിൽ, അപ്പോൾ സ്വയം നിങ്ങളുടെ ജീവിതത്തിൻ്റെ കേന്ദ്രത്തിൽ തന്നെയാണ്, അതുമാത്രമല്ല നിങ്ങളുടെ എല്ലാ സ്വയ കേന്ദ്രീകൃത "സൽ" പ്രവൃത്തികളും നിർജ്ജീവ പ്രവൃത്തികളാണ്!

മഹത്വത്തിൽ കിരീടങ്ങൾ ലഭിക്കുന്നവർ വേഗത്തിൽ, "അവിടുന്നു മാത്രം യോഗ്യൻ" (വെളി. 4:10) എന്നു പറഞ്ഞുകൊണ്ട് അവയെ കർത്താവിൻ്റെ കാൽക്കൽ ഇടുന്നു. ദൈവത്തെ മഹത്വപ്പെടുത്തണം എന്ന ആഗ്രഹം ഒഴികെയുള്ള മറ്റെല്ലാ ലക്ഷ്യങ്ങളിൽ നിന്നും നമ്മെത്തന്നെ നാം നിർമ്മലീകരിക്കുമ്പോൾ മാത്രമേ, നിർജ്ജീവ പ്രവൃത്തികളിൽ നിന്നു നമുക്കു സ്വതന്ത്രരാകാൻ കഴിയൂ. നാം ചെയ്തിരിക്കുന്ന എല്ലാ നല്ല പ്രവൃത്തികളുടെയും ഒരു രേഖ നമ്മുടെ ഓർമ്മയിൽ സൂക്ഷിക്കുന്നുണ്ടെങ്കിൽ ആ നല്ല പ്രവൃത്തികൾ നിർജ്ജീവ പ്രവൃത്തികളായി തീരുന്നു.

അന്ത്യ ന്യായവിധി നാളിൻ്റെ രണ്ടു ചിത്രങ്ങൾ യേശു നമുക്കു നൽകി - ഒന്ന് മനുഷ്യർ തങ്ങളുടെ ഭൗമിക ജീവിതങ്ങളിൽ തങ്ങൾ ചെയ്ത എല്ലാ നല്ല കാര്യങ്ങളും കർത്താവിൻ്റെ മുമ്പിൽ പട്ടികയായി നിരത്തുന്നിടം, "കർത്താവേ ഞങ്ങൾ നിൻ്റെ നാമത്തിൽ പ്രവചിച്ചു, ഞങ്ങൾ നിൻ്റെ നാമത്തിൽ രോഗികളെ സൗഖ്യമാക്കി" തുടങ്ങിയവ (മത്താ. 7:22, 23). ആ ആളുകൾ കർത്താവിനാൽ തള്ളപ്പെട്ടു. മറ്റൊരു ചിത്രത്തിൽ നമ്മുടെ ഭൗമിക ജീവിതങ്ങളിൽ അവർ ചെയ്ത നല്ല പ്രവൃത്തികളെ കുറിച്ച് കർത്താവ് അവരെ ഓർപ്പിച്ചപ്പോൾ അത്ഭുതപ്പെട്ടു നിൽക്കുന്ന നീതിമാന്മാരെ നാം കാണുന്നു. "കർത്താവേ, ഞങ്ങൾ അത് എപ്പോളാണ് ചെയ്തത്?" എന്നായിരുന്നു അതിശയ പൂർവ്വമായുള്ള അവരുടെ കരച്ചിൽ (മത്താ. 25:34 - 40). അവർ ചെയ്ത നല്ല പ്രവൃത്തികളെ കുറിച്ച് അവർ മറന്നു പോയിരുന്നു - കാരണം അവർ പ്രതിഫലത്തിനു വേണ്ടിയല്ല അതു ചെയ്തത്. അവിടെ നിർജ്ജീവ പ്രവൃത്തികളും ജീവനുള്ള പ്രവൃത്തികളും തമ്മിലുള്ള വ്യക്തമായ ഒരു അന്തരം നാം കാണുന്നു. ഏതു വിഭാഗത്തോടാണ് നാം ചേരുന്നത്?