WFTW Body: 

"വിശുദ്ധമായതു നായ്ക്കൾക്കു കൊടുക്കരുത്; നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പിൽ ഇടുകയുമരുത്; അവ കാൽകൊണ്ട് അവയെ ചവിട്ടുകയും തിരിഞ്ഞു നിങ്ങളെ ചീന്തിക്കളയും ചെയ് വാൻ ഇടവരുത്" (മത്താ. 7:6). ഇത് എന്താണ് അർത്ഥമാക്കുന്നത്? ഇതിനു സമാനമായ ഒരു പ്രസ്താവനയുടെ മറ്റൊരു സന്ദർഭം സോരിലുള്ള സിറോഫൊനിക്യയിൽ യേശു പോയപ്പോൾ ഉണ്ടായി (മത്താ. 15:21-28). യേശു സോരിൻ്റെ പ്രദേശത്ത് എത്തിയപ്പോൾ ഭൂതബാധിതയായ തൻ്റെ മകൾക്കു വേണ്ടി സഹായത്തിനായി അപേക്ഷിച്ചുകൊണ്ട് ഒരു സ്ത്രീ വന്നു. യേശു തിരിഞ്ഞ് ഇപ്രകാരം പറഞ്ഞു, "മക്കളുടെ അപ്പം എടുത്ത് നായ് കുട്ടികൾക്ക് ഇട്ടുകൊടുക്കുന്നത് നന്നല്ല" (മത്താ. 15:26). ചിലയാളുകൾ ആ പ്രസ്താവനയെ ചോദ്യം ചെയ്തിരിക്കുന്നു.

യേശു അവളെ നായ എന്ന് വിളിക്കുകയായിരുന്നോ? നിങ്ങൾ പുച്ഛിക്കുന്ന ഒരു വ്യക്തിയെ വെറുതെ വിടാൻ, ഒരൊറ്റ വ്യക്തിയെ സഹായിക്കാൻ വേണ്ടി നിങ്ങൾ 150 കിലോ മീറ്ററുകളോളം നിങ്ങൾ കാൽനടയായി വരുമോ? 150 കി. മീ നടക്കാൻ എത്ര സമയം എടുക്കും? കുറഞ്ഞപക്ഷം രണ്ടു ദിവസമെങ്കിലും എടുക്കും. ഇവിടെ അവളോടുള്ള ക്രിസ്തുവിൻ്റെ സ്നേഹത്തിൻ്റെ തീവ്രത നാം കാണുന്നു. എത്ര ആഴമായി അവിടുന്ന് അവളെ സ്നേഹിക്കുന്നു എന്നറിയുന്നതുകൊണ്ട്, അവൾ ഒന്നും അർഹിക്കുന്നില്ല എന്ന് തിരിച്ചറിഞ്ഞ്, ഏതു താഴ്ന്ന സ്ഥാനവും എടുക്കാൻ അവൾക്കു മനസ്സുണ്ടോ എന്ന് കർത്താവ് അവളെ ശോധന ചെയ്യുകയായിരുന്നു എന്ന് നാം കാണുന്നു. "അതു ശരിയാണ് ഞാനൊരു നായ ആണ് എന്നാൽ മേശയിൽ നിന്നു വീഴുന്ന അപ്പ നുറുക്കുകൾ എനിക്കു കിട്ടുമോ?" എന്ന് അവൾ പറഞ്ഞപ്പോൾ യേശു ഇപ്രകാരം പറഞ്ഞു, "ഓ, സ്ത്രീയേ നിൻ്റെ വിശ്വാസം വലിയത്!" യേശു രണ്ടു തവണ മാത്രമാണ് ഇങ്ങനെ എപ്പോഴെങ്കിലും ആരോടെങ്കിലും പറഞ്ഞിട്ടുള്ളത്, അതു രണ്ടും യഹൂദരല്ലാത്തവരോടായിരുന്നു. ഒന്ന് ഒരു റോമൻ ശതാധിപനോടും മറ്റേത് ഈ സിറോഫൊനിക്യക്കാരിയായ സ്ത്രീയോടുമാണ്. അവിടുന്ന് അവളെ എത്രമാത്രം അഭിനന്ദിക്കുന്നു എന്ന് നോക്കുക!

യേശു തിരുവചനത്തിൽ നായ്ക്കളെയും പന്നിയെയും കുറിച്ച് സംസാരിക്കുമ്പോൾ, അവിടുന്ന് ആളുകളെ പുച്ഛിക്കുകയല്ല എന്നു നാം മനസ്സിലാക്കേണ്ടതുണ്ട്. നാം ദൈവത്തിൽ നിന്ന് ഒന്നും തന്നെ അർഹിക്കുന്നില്ല എന്നു നമ്മെ മനസ്സിലാക്കുകയാണ്. "ദൈവം എനിക്കു വേണ്ടി ചില കാര്യങ്ങൾ ചെയ്തുതരാൻ എനിക്ക് അർഹതയുണ്ട്" എന്നു ചിന്തിക്കുന്ന ഏതൊരുവനും ദൈവത്തിൻ്റെ മുമ്പാകെയുള്ള മനുഷ്യൻ്റെ സ്ഥാനം എന്താണെന്നു മനസ്സിലാക്കിയിരിക്കുന്നില്ല. ഞാനും നിങ്ങളും അർഹിക്കുന്ന ഒരേ ഒരു കാര്യം നരകമാണ്. നാം ദൈവത്തിൻ്റെ അടുക്കൽ ചെന്ന് "കർത്താവേ ഞങ്ങൾക്ക് അർഹമായത് എനിക്കു തരേണമേ" എന്നു പറഞ്ഞാൽ, അപ്പോൾ അവിടുന്ന് നമുക്കു നൽകുന്നതു നരകം ആയിരിക്കും. അതിലും മെച്ചമായുള്ളതെല്ലാം ദൈവത്തിൻ്റെ കൃപയാണ്. അതു നാം തിരിച്ചറിയുമ്പോൾ, നാം അർഹിക്കാത്ത ധാരാളം കാര്യങ്ങളാണ് ദൈവത്തിൽ നിന്നു നമുക്കു ലഭിക്കുന്നത് എന്നു നാം കാണും. എന്നാൽ മിക്ക ആളുകളും ആ നില തിരിച്ചറിയുന്നില്ല.

അതുകൊണ്ട് ഇതുപോലെ ഒരു പ്രസ്താവന നാം കാണുമ്പോൾ, നാം ആരോടെങ്കിലും നായയോടെന്ന പോലെയോ, പന്നിയോടെന്ന പോലെയോ പെരുമാറണമെന്നല്ല. നാം എല്ലാവരും പാപികളാണ്. ഓരോ വ്യക്തിയും ഒരു പാപിയാണ്. നാം എല്ലാവരും പാപികളാണ്. നമ്മിൽ ചിലർ ദൈവത്തിൻ്റെ കൃപയാൽ നമ്മുടെ പാപങ്ങൾ ക്ഷമിക്കപ്പെട്ട്, രക്ഷിക്കപ്പെട്ടവരാണ്, എന്നാൽ ചിലർ ഇപ്പോഴും അവരുടെ പാപങ്ങളിൽ തന്നെ ആയിരിക്കുന്നു, എന്നാൽ അടിസ്ഥാനപരമായി തുടക്കത്തിൽ നാം എല്ലാവരും പാപികളാണ് കാരണം നമുക്ക് അത് ആദാമിൽ നിന്നും അനന്തരാവകാശമായി ലഭിച്ചതാണ്. അതുകൊണ്ട് ഒരാൾക്കു താൻ മറ്റവനെക്കാൾ മെച്ചമാണെന്നു ചിന്തിക്കാനോ അല്ലെങ്കിൽ മറ്റൊരാളെ ഒരു നായയെ പോലെയോ ഒരു പന്നിയെ പോലെയോ പുച്ഛത്തോടെ നോക്കുവാനോ ഒരു കാരണവുമില്ല.

"വിശുദ്ധമായത് നായ്ക്കൾക്കു കൊടുക്കരുത്" എന്ന് യേശു പറഞ്ഞപ്പോൾ അവിടുന്ന് അർത്ഥമാക്കിയത് "മനുഷ്യർ വിലമതിക്കാത്ത ഏതെങ്കിലും കാര്യങ്ങൾ അവർക്ക് നൽകരുത്" എന്നാണ്. ഒരു നായയ്ക്ക് ആകെ വേണ്ടത് ഒരു എല്ല് മാത്രമാണ്. അവനു വിശുദ്ധമായത് ഒന്നും ആവശ്യമില്ല. ഒരു മനുഷ്യൻ ദൈവത്തേക്കാൾ ഭൂമിയിലുള്ള ഭൗതിക കാര്യങ്ങളിൽ അധികം താല്പര്യപ്പെടുമ്പോൾ, അവൻ ഒരു മൃഗത്തേക്കാൾ ഒട്ടും മെച്ചമല്ല എന്ന ഒരു കണ്ടെത്തൽ അതിലുണ്ട്. നിങ്ങൾ എന്തിനുവേണ്ടിയാണ് ജീവിക്കുന്നത്? മക്കളെ വളർത്താനും, ലൈംഗികതയ്ക്കും, ഉറക്കത്തിനും, നല്ല ഭക്ഷണം കഴിക്കാനും വേണ്ടി മാത്രമാണോ നിങ്ങൾ ജീവിക്കുന്നത്? കൊള്ളാം, ഈ കാര്യങ്ങളിലാണ് എല്ലാ മൃഗങ്ങളും താല്പര്യപ്പെടുന്നതും! മൃഗങ്ങൾ എല്ലായ്പ്പോഴും ഭൗമിക കാര്യങ്ങളിലാണ് താല്പര്യപ്പെടുന്നത്. നായ്ക്കൾ എപ്പോഴും താഴോട്ട് ഭൂമിയിലേക്കാണ് നോക്കുന്നത്. പന്നിയും അങ്ങനെ തന്നെയാണ്. ഒരു നായയോ പന്നിയോ മുകളിലേക്ക്, സ്വർഗ്ഗത്തിലേക്ക് നോക്കുന്നത് ഒരിക്കലും നിങ്ങൾ കാണുന്നില്ല. മൃഗങ്ങൾ എപ്പോഴും താഴോട്ട് ഭൂമിയിലുള്ള കാര്യങ്ങളെയാണ് നോക്കുന്നത്, അതാണ് ഇവിടെ നായ്ക്കൾ എന്ന വാക്കിൻ്റെ അർത്ഥം - "ഭൗമിക കാര്യങ്ങളുടെ മേൽ മനസ്സ് വച്ചിരിക്കുന്നവർ എന്നാണ് അത് അർത്ഥമാക്കുന്നത്".

ഒരു സത്യക്രിസ്ത്യാനിക്ക് ഉയർത്തപ്പെട്ടിരിക്കുന്ന തലയാണുള്ളത്. അവൻ ഉയരത്തിലുള്ള കാര്യങ്ങളെയാണ് നോക്കിക്കൊണ്ടിരിക്കുന്നത്. ഉയരത്തിലുള്ള കാര്യങ്ങളിൽ താല്പര്യമില്ലാത്തവരെ സംബന്ധിച്ച്, അവർക്കു വിശുദ്ധമായതു കൊടുക്കുന്നത് അർത്ഥമില്ലാത്ത കാര്യമാണ്. അത് പന്നിയുടെ മുമ്പിൽ മുത്ത് ഇട്ടുകൊടുക്കുന്നതു പോലെയാണ്. പന്നിക്കു വേണ്ടത് ധാരാളം ഉച്ഛിഷ്ടങ്ങളാണ് (മാലിന്യം). അവർ ഭക്ഷിക്കാൻ ആഗ്രഹിക്കുന്നത് അതാണ്, അതുകൊണ്ട് വിശുദ്ധമായത് അവയ്ക്കു കൊടുക്കുന്നതു കഴമ്പില്ലാത്ത കാര്യമാണ്: ഗിരിപ്രഭാഷണത്തെ കുറിച്ചാണ് യേശു പറയുന്നത് - ഗിരിപ്രഭാഷണത്തിന്റെ ഉപദേശം അവിശ്വാസികൾക്കു വേണ്ടിയുള്ളതല്ല. മത്താ. 7:6 ൻ്റെ അർത്ഥം അതാണ്: വീണ്ടും ജനിക്കാത്തവർക്ക് ഈ സന്ദേശം നൽകരുത്, കാരണം അവർക്ക് അതിനെ വിലമതിക്കാൻ കഴിയില്ല. ഓരോ വ്യക്തിക്കും നമുക്കു കൊടുക്കാൻ കഴിയുന്ന സത്യം എന്താണെന്ന് നാം തിരിച്ചറിയേണ്ട ആവശ്യമുണ്ട്. ഈ വാക്യത്തിൽ ക്രിസ്തു പറയുന്നത് അതാണ്.

വീണ്ടും ജനിക്കാത്തവർ കേൾക്കേണ്ടത് മാനസാന്തരത്തിന്റെ സന്ദേശമാണ്. തങ്ങൾ പാപികളാണെന്ന് അവർ അറിയേണ്ടതുണ്ട്. തങ്ങൾ അർഹിക്കുന്നത് നരകമാരണെന്ന് അവർ അറിയേണ്ടതുണ്ട്. തങ്ങൾ നഷ്ടപ്പെട്ടു പോയവരും, ദൈവത്തിൽ നിന്നു വേർപെട്ടവരും, നരകത്തിലെ നിത്യമായ വിധിക്കായി മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്നവരും ആണെന്ന് അവർ അറിയേണ്ടതുണ്ട്. അക്രൈസ്തവരും ക്രിസ്തീയ ഭവനങ്ങളിൽ ജനിച്ചവർ പോലും (വീണ്ടും ജനിക്കാത്തവരും, ക്രിസ്തുവുമായി ഒരു ജീവനുള്ള ബന്ധത്തിലേക്കു വരാത്തവരും) കേൾക്കേണ്ട സന്ദേശം അതാണ്.

ഓരോ മനുഷ്യനും അവൻ്റെ ജീവിതത്തിൽ ദൈവത്തിന് ഒന്നാം സ്ഥാനം കൊടുക്കുന്നില്ലെങ്കിൽ, യഥാർത്ഥത്തിൽ ഒരു മൃഗത്തെ പോലെയാണ്. ഒരു മൃഗത്തിന് ദൈവത്തിൽ ഒരു താൽപര്യവുമില്ല, പ്രാർത്ഥനയിൽ ഒരു താല്പര്യവുമില്ല, ദൈവത്തിന് എന്താണ് പറയാനുള്ളത് എന്നു കേൾക്കാൻ ഒരു താല്പര്യവുമില്ല. പ്രാർത്ഥനയിൽ ഒരു താല്പര്യവുമില്ലാതെ, ദൈവത്തിൽ ഒരു താല്പര്യവുമില്ലാതെ, ദൈവം തന്നോടു പറയുന്നത് കേൾക്കാൻ ഒരു താല്പര്യവുമില്ലാതെ ഭൂമിയിൽ ജീവിക്കുന്ന ഒരു മനുഷ്യൻ നിങ്ങൾക്കുണ്ടെങ്കിൽ, അവൻ ഒരു മൃഗത്തേക്കാൾ ഒട്ടും മെച്ചപ്പെട്ടവനല്ല. ഒരു മൃഗത്തിന് ലൈംഗികബന്ധത്തിനു താല്പര്യമുണ്ട്. ഒരു മനുഷ്യൻ പ്രാഥമികമായി ലൈംഗികബന്ധത്തിനു താല്പര്യമുള്ളവനാണെങ്കിൽ, അവൻ ഒരു മൃഗത്തെ പോലെയാണ്. എല്ലാ മൃഗങ്ങളും ലൈംഗികബന്ധം, ഭക്ഷണം എന്നീ കാര്യങ്ങളിൽ താല്പര്യമുള്ളവരാണ്, എന്നാൽ മനുഷ്യർ ഭക്ഷണം, ലൈംഗികബന്ധം, ഉറക്കം, മക്കൾ ഉണ്ടാകുക എന്നീ കാര്യങ്ങളിൽ മാത്രം താല്പര്യമുള്ളവരാകുമ്പോൾ അവർ മൃഗങ്ങളെ പോലെയാണ്. എന്നാൽ ദൈവം ആദാമിനെ ഉണ്ടാക്കിയപ്പോൾ ഒരു വ്യത്യാസമുണ്ടായിരുന്നു. പന്നികളെയും നായ്ക്കളെയും ഉണ്ടാക്കാൻ അവിടുന്ന് ഉപയോഗിച്ച അതേ പൊടിയിൽ നിന്ന ട്ര തന്നെയാണ് ദൈവം ആദാമിനെയും ഉണ്ടാക്കിയത്. കൃത്യമായി അതേ പൊടി തന്നെയാണ്.

നായ്ക്കളുടെയും, പന്നിയുടെയും ആന്തരീക അവയവങ്ങളെ നിങ്ങൾ നോക്കിയാൽ, മനുഷ്യൻ്റെ ആന്തരീകാവയവങ്ങൾ തമ്മിലും ഈ മൃഗങ്ങളുടെ ആന്തരീക അവയവങ്ങൾ തമ്മിലും ധാരാളം സമാനതകളുണ്ട്. അതുകൊണ്ട് കർത്താവ് പറയുന്നത്, ശാരീരികമായി, നിങ്ങൾ രണ്ടു കൂട്ടരും ഒരേ പദാർത്ഥത്തിൽ നിന്നുള്ളവരാണ്. അതുകൊണ്ടുതന്നെയാണ് ദൈവം മൃഗങ്ങളെയും മനുഷ്യനെയും ആറാമത്തെ ദിവസം തന്നെ ഉണ്ടാക്കിയത്. ആറാം ദിവസത്തിൻ്റെ ആദ്യഭാഗത്ത് അവിടുന്ന് മൃഗങ്ങളെ ഉണ്ടാക്കിയിട്ട്, ആറാം ദിവസത്തിൻ്റെ രണ്ടാം ഭാഗത്ത് അവിടുന്ന് മനുഷ്യരെ ഉണ്ടാക്കി. എന്നാൽ മൃഗങ്ങളുമായി അവിടെ ഒരു വലിയ വ്യത്യാസമുണ്ടായിരുന്നു: ദൈവം അവരുടെ മേൽ ജീവശ്വാസം ഊതിയില്ല. പൊടിയിൽ നിന്ന് സൃഷ്ടിക്കപ്പെട്ടപ്പോൾ അവർ സ്വാഭാവികമായി ശ്വസിച്ചു, എന്നാൽ മനുഷ്യൻ ഉണ്ടാക്കപ്പെട്ട ഉടനെ, ദൈവം അവൻ്റെ മൂക്കിൽ ജീവശ്വാസം ഊതുകയും അവൻ ജീവനുള്ള ദേഹിയായി തീരുകയും ചെയ്തു (ഉൽ. 2:7), അവനെ മൃഗങ്ങളിൽ നിന്നും പെട്ടെന്നു തന്നെ വ്യത്യസ്തനാക്കിയ കാര്യം അതായിരുന്നു - ദൈവത്തിൻ്റെ ജീവശ്വാസം.

ദൈവം ആദാമിലേക്കു ജീവശ്വാസം ഊതിയില്ലായിരുന്നെങ്കിൽ, അവൻ ഒരു മനുഷ്യനെപ്പോലെ കാണപ്പെടുമായിരുന്നിരിക്കാം, എന്നാൽ അവൻ മൃഗത്തെപ്പോലെ ആകുമായിരുന്നു. എന്നാൽ ദൈവം അവനിലേക്ക് ഊതിയ നിമിഷം, അവൻ ജീവനുള്ള ദേഹിയായി തീർന്നു. നിത്യമല്ലാത്ത മൃഗങ്ങളെ പോലെയല്ല അവൻ ഒരു നിത്യജീവിയായി തീർന്നു. . മൃഗങ്ങൾ ചാകുമ്പോൾ, . അവ പൊടിയായി തീരുന്നു. . എന്നാൽ ദൈവം മനുഷ്യനിലേക്ക് ഊതിയിട്ട് മനുഷ്യൻ ഒരു ജീവനുള്ള ദേഹിയായി തീർന്നപ്പോൾ, ആ നിമിഷം തന്നെ അവൻ ഒരു നിത്യജീവിയായി തീർന്നു. ദൈവത്തോട് ഉത്തരം പറയേണ്ട ഒരു നിത്യജീവിയായി തീർന്നു. അവനു നിത്യജീവൻ ഉണ്ടായിരുന്നില്ല, കാരണം നിത്യജീവൻ സൂചിപ്പിക്കുന്നത് ആരംഭം ഇല്ലാത്ത ജീവനെയാണ്, അത് ദൈവത്തിനു മാത്രമാണുള്ളത്. എന്നാൽ നാം നമ്മുടെ പാപങ്ങളെക്കുറിച്ച് മാനസാന്തരപ്പെട്ട് ക്രിസ്തുവിലേക്കു വരികയും, അവിടുത്തെ നമ്മുടെ കർത്താവും രക്ഷകനുമായി സ്വീകരിക്കുകയും ചെയ്യുമ്പോൾ നമുക്കു നിത്യജീവൻ പ്രാപിക്കാൻ കഴിയും. . അപ്പോൾ നമുക്കു നിത്യജീവൻ ഉണ്ടാകും. അല്ലാത്തപക്ഷം, നാം ദൈവത്തിൽ നിന്ന് വേർപെട്ട്, നരകത്തിലേക്കു പോയി നിത്യത മുഴുവൻ അവിടെ വസിക്കുന്ന വെറും നിത്യജീവി ആണ്.

കർത്താവ് പറയുന്നത് ഈ ഭൂമിയിൽ രണ്ടു വ്യത്യസ്ത വിഭാഗത്തിലുള്ള ആളുകൾ ഉണ്ടെന്നാണ്. കേവലം മൃഗങ്ങളെ പോലെ ജീവിക്കുന്നവർ ഉണ്ട് (നായ്ക്കളെയും പന്നിയെയും പോലെ), കൂടാതെ തങ്ങൾ ദൈവത്തിൻ്റെ മക്കൾ ആയിരിക്കേണ്ടവരാണ് എന്നു തിരിച്ചറിഞ്ഞ്, ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ട നിത്യജീവിജീവികളായി ദൈവം അവരെ ഉണ്ടാക്കിയിരിക്കുന്നു എന്നു തിരിച്ചറിയുന്ന മറ്റുള്ളവരും ഉണ്ട്. ദൈവം മനുഷ്യനിലേക്കു ജീവശ്വാസം ഊതിയപ്പോൾ, അവൻ പൊടിയിൽ നിന്നും ഉണ്ടാക്കപ്പെട്ടവനാണ്, എന്നാൽ തൻ്റെ പ്രവൃത്തികൾക്കും വാക്കുകൾക്കും വേണ്ടി ദൈവത്തോട് ഉത്തരം പറയേണ്ടവനാണ് എന്ന് അവനെ ബോധവാനാക്കുന്ന ഒരു മനസ്സാക്ഷിയും അവനുണ്ടായിരുന്നു. മൃഗങ്ങൾക്കു മനസ്സാക്ഷിയില്ല. അവ എന്തെങ്കിലും തെറ്റ് ചെയ്യുമ്പോൾ അവയ്ക്ക് ഒരു കുറ്റബോധം ഉണ്ടാകുന്നില്ല, മനസ്സാക്ഷി ഉള്ളതുകൊണ്ട് മനുഷ്യന് ഒരു കുറ്റബോധം ഉള്ളതുപോലെ (അവൻ പൂർണ്ണമായി അക്ഷരാഭ്യാസമില്ലാത്ത, ഒരു കാട്ടിൽ പാർക്കുന്ന കിരാതനായ ഒരുവൻ ആയാൽ പോലും).

കാടുകളിലുള്ള കിരാതന്മാർ പോലും കുമ്പിട്ടാരാധിക്കുന്നു - ഉദാഹരണത്തിന് ഒരുപക്ഷേ ഒരു പാറയെയോ ഒരു കല്ലിനെയോ അല്ലെങ്കിൽ സൂര്യനെയോ. ഒരു സൃഷ്ടാവ് ഉണ്ടെന്നുള്ള ഒരു ബോധം അവർക്കുണ്ട്, അവർ കണക്ക് ബോധിപ്പിക്കേണ്ട നിത്യനായ ഒരുവൻ ഉണ്ട് എന്നുള്ള ബോധം അവർക്കുണ്ട്. നിങ്ങൾ ഒരിക്കലും മതഭക്തനായ ഒരു നായയെയും അല്ലെങ്കിൽ മതഭക്തിയുള്ള ഒരു കുരങ്ങിനെയോ, പന്നിയെയോ ഒരിടത്തും കണ്ടെത്തുന്നില്ല. കിരാതന്മാർക്കു പോലും തങ്ങൾ ഉത്തരം പറയാനുള്ള ഒരു നിത്യനായ ജീവിയുണ്ട് എന്ന ബോധമുള്ളത് എന്തുകൊണ്ടാണ്? അത് അവർക്ക് ഒരു മനസ്സാക്ഷിയുള്ളതുകൊണ്ടാണ്. ഓരോ മനുഷ്യനും ഒരു മനസ്സാക്ഷിയുണ്ട്, അതാണ് മനുഷ്യനെ പന്നിയിൽ നിന്നും നായയിൽ നിന്നും മറ്റു മൃഗങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നത്.