സഭ എന്നത് ക്രിസ്തുവിൻ്റെ ശരീരമാണ് അല്ലാതെ കേവലം എല്ലാ ആഴ്ചയും ഒരുമിച്ചു കൂടിവരുന്ന വിശ്വാസികളുടെ ഒരു കൂട്ടമല്ല. അപ്പോൾ നാം പണിയുന്നത് "മതപരമായ ഒരു ക്രിസ്തീയ കൂട്ടമല്ല", ഒരു ശരീരമാണെന്ന കാര്യം നാം ഉറപ്പാക്കണം. ഒരു മതപരമായ കൂട്ടം സംഘടിപ്പിക്കാൻ ഏതു മനുഷ്യനും കഴിയും. ക്രിസ്തുവിൻ്റെ ശരീരം പണിയുന്നതിന്, ഏതു വിധത്തിലായാലും ദൈവത്തിൽ നിന്നു കൃപയും അഭിഷേകവും ആവശ്യമുണ്ട് - ഇതിനു നാം നമ്മെ തന്നെ നിഷേധിച്ച്, നാൾതോറും സ്വയത്തിനു മരിച്ച് പരിശുദ്ധാത്മാവിനാൽ നിറയപ്പെടേണ്ടതുണ്ട്.
പഴയ ഉടമ്പടിയുടെ കീഴിലായിരുന്ന ഇസ്രായേല്യർ ഒരു കൂടി വരവായിരുന്നു, ഒരു ശരീരമായിരുന്നില്ല. ഇന്നത്തെ അനേകം വലിയ സഭകളും കൂടി വരവുകളാണ്, ഒരു ശരീരമല്ല. എന്നാൽ യേശു പണിയുന്നത് തൻ്റെ ശരീരമാണ്.
ക്രിസ്തുവിൻ്റെ ഒന്നാമത്തെ ശരീരം മനുഷ്യനാൽ കാണപ്പെട്ടത് ഒരു തൊഴുത്തിലാണ് (പുൽക്കൂട്, കന്നുകാലിക്ക് തീറ്റ കൊടുക്കുന്ന തൊട്ടി).ലജ്ജാകരമായ ആ ജനനത്തിന്റെ നിന്ദയായിരുന്നു ഇടയന്മാർക്ക് ശരീരം തിരിച്ചറിയാൻ കഴിഞ്ഞ അടയാളം (ലൂക്കൊ. 2:12 കാണുക), വീണ്ടും, ക്രിസ്തുവിൻ്റെ ശരീരം ഒടുവിൽ കാൽവറിയിലെ ഒരു കുറ്റവാളിയുടെ കുരിശിൽ തൂക്കപ്പെട്ടപ്പോഴും, അതു നിന്ദയിലായിരുന്നു.ജനനം മുതൽ മരണംവരെ, ക്രിസ്തുവിൻ്റെ ആദ്യ ശരീരം വിശേഷിപ്പിക്കപ്പെട്ടത് ഐഹിക ലോകത്തിൽ നിന്നും അതുപോലെ മതപരമായ ലോകത്തിൽ നിന്നുമുള്ള നിന്ദയാലാണ്.
ഇന്ന് ക്രിസ്തുവിൻ്റെ ശരീരത്തിൻ്റെ യഥാർത്ഥത്തിലുള്ള ഏതൊരു പ്രകടനത്തിനും, ലോകത്തിൽ നിന്നും ബാബിലോണിയൻ ക്രിസ്ത്യാനികളിൽ നിന്നും അതേ നിന്ദ അനുഭവിക്കേണ്ടിവരും.നമ്മുടെ പ്രാദേശിക സഭയുടെ മേൽ ക്രിസ്തുവിൻ്റെ നിന്ദയുടെ അത്തരം ഒരു ആവരണമില്ലെങ്കിൽ, നാം ഒത്തുതീർപ്പുകാരാകാനുള്ള സാധ്യതയുണ്ട് തന്നെയുമല്ല നാം "ബാബിലോണിന്റെ പാളയത്തിനു പുറത്തു പോയിട്ടില്ല" (എബ്രാ. 13:13). ക്രിസ്തുവിൻ്റെ നിന്ദയും നമ്മുടെ തന്നെ പാപത്തിന്റെയോ, ഭോഷത്വത്തിന്റെയോ അല്ലെങ്കിൽ ശീതോഷ്ണാവസ്ഥയുടെയോ ഫലമായി ഉണ്ടാകുന്ന നിന്ദയും തമ്മിൽ വളരെ വ്യത്യാസമുണ്ട്.ഒന്നിനു പകരം മറ്റൊന്നിനെ തെറ്റായെടുക്കരുത്.
യേശുവിനെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നത് "കണ്ടാൽ ആഗ്രഹിക്കത്തക്കെ സൗന്ദര്യം ഇല്ല... അവൻ നിന്ദിതനായിരുന്നു നാം അവനെ ആദരിച്ചതുമില്ല" (യെശ. 53:2, 3). അവിടുത്തെ തേജസ് അവിടുത്തെ ആന്തരിക ജീവനിലായിരുന്നു -കൃപയും സത്യവും നിറഞ്ഞത് - മിക്ക മനുഷ്യരിൽ നിന്നും മറയ്ക്കപ്പെട്ടതായിരുന്നു (യോഹ. 1:14). നമ്മുടെ സഭകളും ആകർഷകങ്ങളാകരുത് - ലോകത്തിനോ അല്ലെങ്കിൽ ബാബിലോണിയൻ ക്രിസ്തീയതയ്ക്കോ. ഒരു ദൈവ ഭക്തിയുള്ള ജീവിതത്തിനു വേണ്ടി അന്വേഷിച്ചുകൊണ്ട് അകത്തു വരുന്നവർക്കു മാത്രമേ സഭ ആകർഷകമാകാവൂ. സമാഗമന കൂടാരത്തിന്റെ അകത്ത് മനോഹരമായ തിരശ്ശീലകൾ ഉണ്ടായിരുന്നു. എന്നാൽ അതിൻ്റെ പുറംമൂടി പൊടിയും അഴുക്കും പൊതിഞ്ഞ ആട്ടുകൊറ്റന്റെ ഇരുണ്ട ബ്രൗൺ നിറത്തിലുള്ള തോൽ കൊണ്ടുള്ളതായിരുന്നു.ഭംഗിയെല്ലാം അകത്തുള്ള തിരശ്ശീലകളിലായിരുന്നു, കൂടാരത്തിന്റെ അകത്ത്. ക്രിസ്തുവിൻ്റെ കാന്തയ്ക്കും "അവളുടെ ആന്തരിക ജീവനിലാണ് തേജസുള്ളത്" (സങ്കീ. 45:13). അവളുടെ സകല തേജസിനും മീതേ ഒരു വിതാനം (നിന്ദയുടെ) ഉണ്ടായിരിക്കും (യെശ. 4:5).
ഇവിടെയാണ് സഭയുടെ നേതാക്കന്മാർക്ക് ഒരു വലിയ ഉത്തരവാദിത്തമുള്ളത്. അവർ സഭയെ മുന്നോട്ടു നയിക്കുന്ന രീതിയാണ്, ആ സഭ മനുഷ്യരാൽ ആദരിക്കപ്പെടാതിരുന്ന യേശുവിനെ പോലെയാകാനാണോ, അതോ അത് ലോകത്താൽ പുകഴ്ത്തപ്പെടാനും മാനിക്കപ്പെടാനും ആണോ പോകുന്നതെന്ന് തീരുമാനിക്കുന്നത്. ലോകത്തിൽ നിന്നും അല്ലെങ്കിൽ മറ്റു ജഡീകരോ അല്ലെങ്കിൽ ദേഹിപരരോ ആയ ക്രിസ്ത്യാനികളിൽ നിന്നും പ്രശംസ അന്വേഷിച്ചാൽ, തീർച്ചയായും നാം ബാബിലോൺ പണിയുന്നതിൽ അവസാനിക്കും. നാം ജനസമ്മതിയുള്ളവരും പൊതുവായ ക്രിസ്തീയതയാൽ അംഗീകരിക്കപ്പെട്ടവരും ആയി തീർന്നാൽ, യേശുവിൻ്റെ കാൽ ചുവടുകൾ ആകപ്പാടെ നമുക്കും നഷ്ടപ്പെട്ടിരിക്കുന്നു എന്നും നമുക്ക് തീർച്ചയാക്കാം.
യേശു പറഞ്ഞു "എൻ്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ട് എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവശാൽ സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാക കൊണ്ടും സന്തോഷിച്ചുല്ലസിപ്പിൻ; നിങ്ങൾക്ക് മുമ്പേ ഉണ്ടായിരുന്ന പ്രവാചകന്മാരെയും അവർ അങ്ങനെ തന്നെ ഉപദ്രവിച്ചുവല്ലോ" (മത്താ. 5:11, 12). ക്രിസ്തുവിൻ്റെ ഒന്നാമത്തെ ശരീരത്തെ, ശിശുവായ യേശുവിനെ കൊല്ലാൻ 20 നൂറ്റാണ്ടുകൾക്കു മുമ്പ് ഹെരോദാവും അവൻ്റെ പടയാളികളും വളരെ വ്യഗ്രതയുള്ളവരായിരുന്നു. ഇന്ന് പല സ്ഥലങ്ങളിലും ക്രിസ്തുവിൻ്റെ ശരീരത്തിൻ്റെ തുടക്കങ്ങളെ തന്നെ നശിപ്പിക്കാൻ വ്യഗ്രതയുള്ള അനേകരുണ്ട്. ദൈവത്തിൻ്റെ ശബ്ദത്തിനോട് സംവേദനക്ഷമതയുള്ളവനായിരുന്നതിലൂടെയും ദൈവം അദ്ദേഹത്തോട് പറഞ്ഞത് അനുസരിക്കാൻ വേഗതയുള്ളവൻ ആയിരുന്നതിലൂടെയും യോസേഫിന് ആ ആദ്യ ശരീരത്തെ സംരക്ഷിക്കാൻ കഴിഞ്ഞു (മത്താ. 2:13, 15). ക്രിസ്തുവിൻ്റെ സഭയിൽ ഉത്തരവാദിത്തമുള്ള നാമും യോസേഫിനെ പോലെ ആകേണ്ടതുണ്ട്. നാം കേൾക്കുന്നവർ ആയിരിക്കേണ്ടതുണ്ട് - പരിശുദ്ധാത്മാവ് നമ്മോട് പറയുന്നത് ശ്രദ്ധിച്ചു കേൾക്കുകയും നമ്മോട് പറഞ്ഞത് അനുസരിക്കാൻ വേഗതയുള്ളവരും ആയിരിക്കേണ്ടതുണ്ട്.നാം കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നില്ലെങ്കിൽ, അപ്പോൾ നമ്മുടെ പ്രദേശത്തുള്ള ക്രിസ്തുവിന്റെ ശരീരം ചില വിധത്തിൽ നഷ്ടം അനുഭവിക്കും - അന്ത്യനാളിൽ നാം അതിന് ഉത്തരവാദികളായി പിടിക്കപ്പെട്ടേക്കാം. ഈ കാര്യത്തിലുള്ള നമ്മുടെ ഉത്തരവാദിത്തം നാം ഗൗരവമായി എടുക്കേണ്ടതുണ്ട്, കാരണം നമ്മുടെ അധികാരത്തിൽ നിയോഗിക്കപ്പെട്ടിട്ടുള്ള ഓരോ ദേഹിക്കുവേണ്ടിയും നാം കണക്ക് ബോധിപ്പിക്കേണ്ടതുണ്ട് (എബ്രാ. 13:17).