WFTW Body: 

വെളിപ്പാട് 19: 5-7 വാക്യങ്ങളില്‍ ഇങ്ങനെ വായിക്കുന്നു: ''നമ്മുടെ ദൈവത്തിന്റെ ദാസന്മാരും ഭക്തന്മാരും ചെറിയവരും വലിയവരും ആയുള്ളോരെ അവനെ വാഴ്ത്തുവിന്‍ എന്നൊരു ശബ്ദം സിംഹാസനത്തില്‍നിന്നു പുറപ്പെട്ടു. അപ്പോള്‍ വലിയ പുരുഷാരത്തിന്റെ ഘോഷം പോലെയും പെരുവെള്ളത്തിന്റെ ഇരച്ചില്‍ പോലെയും തകര്‍ത്ത ഇടിമുഴക്കം പോലെയും ഞാന്‍ കേട്ടത്, ''ഹല്ലെലുയ്യ! സര്‍വ്വശക്തിയുള്ള നമ്മുടെ ദൈവമായ കര്‍ത്താവ് രാജത്വം ഏറ്റിരിക്കുന്നു. നാം സന്തോഷിച്ച് ഉല്ലസിച്ച് അവനു മഹത്വം കൊടുക്കുക. കുഞ്ഞാടിന്റെ കല്ല്യാണം വന്നുവല്ലോ. അവന്റെ കാന്തയും തന്നെത്താന്‍ ഒരുക്കിയിരിക്കുന്നു.''

ശ്രദ്ധിക്കുക; ഇവിടെ കാന്തയെ ദൈവം ഒരുക്കിയെന്നല്ല പറയുന്നത്, ''കാന്തയും തന്നെത്താന്‍ ഒരുക്കിയിരിക്കുന്നു'' എന്നാണ് പറഞ്ഞിരിക്കുന്നത്. കര്‍ത്താവിന്റെ വരവിനായി നാം തന്നെത്താന്‍ ആണ് ഒരുങ്ങേണ്ടത്. ''ദൈവം വെളിച്ചത്തില്‍ ആയിരിക്കുന്നതുപോലെ നാമും വെളിച്ചത്തില്‍ നടക്കുന്നുവെങ്കില്‍ യേശുക്രിസ്തുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു'' എന്നു പല വിശ്വാസികള്‍ക്കും അറിയാം (1 യോഹ.1:7). എന്നാല്‍ ഇതു സത്യത്തിന്റെ ഒരു വശം മാത്രമാണ്. നാം സ്വയം ശുദ്ധീകരിക്കണമെന്നതാണ് സത്യത്തിന്റെ മറുവശം. അങ്ങനെയാണ് കാന്ത തന്നെത്താന്‍ ഒരുങ്ങുന്നത്. വെളിപ്പാട് 19: 8ല്‍ ഇങ്ങനെയും എഴുതിയിരിക്കുന്നു: ''അവള്‍ക്കു ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രം ലഭിച്ചിരിക്കുന്നു. ആ വിശേഷവസ്ത്രം വിശുദ്ധന്മാരുടെ നീതിപ്രവൃത്തികള്‍ തന്നെയാണ്.'' ലഭിച്ചിരിക്കുന്നു എന്ന പ്രയോഗത്തില്‍ നിന്ന് അത് ദൈവത്തിന്റെ ദാനമായിരുന്നു എന്നു വ്യക്തമാണ്. നമ്മെത്തന്നെ ശുദ്ധീകരിക്കുന്നതിനുള്ള ആഗ്രഹവും കഴിവും ദൈവത്തിന്റെ ദാനമാണ് എന്ന് ഇതു പഠിപ്പിക്കുന്നു. ദൈവമാണ് ''ഇച്ഛിക്കുക എന്നതും പ്രവൃത്തിക്കുക എന്നതും നിങ്ങളില്‍ തിരുവുള്ളമുണ്ടായി പ്രവര്‍ത്തിക്കുന്നത്.'' (ഫിലി.2 :13). അതില്‍ എന്തെങ്കിലും പേരെടുക്കുവാനോ മറ്റു വിശ്വാസികളെക്കാള്‍ മെച്ചമാണെന്നു പ്രശംസിക്കുവാനോ കഴിയുകയില്ല. ദൈവികനായ ഒരു മനുഷ്യന്‍ താഴ്മയുള്ളവനും തന്നിലുള്ള എല്ലാ നന്മകള്‍ക്കും ദൈവത്തിനു മഹത്വം കൊടുക്കുന്നവനുമാണ്. തന്റെ ജഡത്തില്‍ ഒരു നന്മയും ഇല്ലെന്നും അവന്‍ അറിയുന്നു. ഈ വസ്ത്രം ദൈവത്തിന്റെ ഒരു ദാനമാണെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് എല്ലാവര്‍ക്കും അതു ലഭിക്കാത്തത്? കാരണം ദൈവം ഒരിക്കലും തന്റെ വരങ്ങള്‍ ആര്‍ക്കും നിര്‍ബന്ധിച്ചു കൊടുക്കുന്നില്ല. അവിടുത്തെ വചനങ്ങളോടു പ്രതികരിക്കുന്നവര്‍ക്കു മാത്രമേ അവിടുത്തെ വരങ്ങള്‍ സ്വീകരിക്കുവാന്‍ കഴിയുകയുള്ളു.

ഇവിടെ പറയുന്ന വിശേഷവസ്ത്രം യേശുക്രിസ്തുവിന്റെ നീതിയല്ല, എന്നാല്‍ അത് ''വിശുദ്ധന്മാരുടെ നീതിപ്രവൃത്തികള്‍'' ആണ്. നാം വീണ്ടും ജനിച്ച ഉടന്‍ യേശുക്രിസ്തുവിന്റെ നീതി നമ്മുടെ മേല്‍ ആയി എന്നുള്ളത് സത്യമാണ്. (റോമ.4:22-24; 1കൊരി. 1:30).എന്നാല്‍ നമ്മോട് ഇങ്ങനെയും പറയുന്നു: ''നമ്മില്‍ (നമ്മുടെ ഉള്ളില്‍) ന്യായപ്രമാണത്തിന്റെ നീതി (അപ്പോള്‍ )നിവൃത്തിയാകേണ്ടതാണ്.'' (റോമ. 8:4). ഇതാണ് മണവാട്ടിയുടെ വസ്ത്രം ''വിശുദ്ധന്മാരുടെ നീതിപ്രവൃത്തികള്‍''. വെളിപ്പാട് 19: 8ല്‍ അതു വളരെ വ്യക്തമാണ്.അവളുടെ നീതിപ്രവൃത്തികളാണ് അവളുടെ വസ്ത്രം. ദൈവികകല്‍പനകളെ ഗൗരവത്തോടെ ഏറ്റെടുത്ത് തന്നെത്താന്‍ ശുദ്ധീകരിക്കുക വഴിയാണ് അവള്‍ക്ക് അതു ലഭിച്ചത്. ''ഭയത്തോടും വിറയലോടും കൂടെ (ഫിലി.2 : 12) അവള്‍ തന്റെ രക്ഷ പ്രാവര്‍ത്തികമാക്കി. ഓരോ തവണയും അവള്‍ തന്റെ രക്ഷ പരിശുദ്ധാത്മശക്തിയാല്‍ ഭയത്തോടും വിറയലോടും കൂടെ പ്രായോഗികമാക്കുമ്പോഴും അവള്‍ തന്റെ വിവാഹവസ്ത്രത്തിന്റെ ഓരോ ഇഴ കൂടി തീര്‍ത്തുകൊണ്ടിരിക്കുകയാണ്. വര്‍ഷങ്ങള്‍ കൊണ്ട് അവള്‍ ഈ വസ്ത്രം പൂര്‍ണമായി നെയ്തു തീര്‍ക്കുന്നു.

''യേശുവിന്റെ രക്തം എന്നെ ശുദ്ധീകരിച്ചിരിക്കുന്നു. അതിനാല്‍ എനിക്കോരു കുഴപ്പവുമില്ല'' ഇങ്ങനെ പറഞ്ഞ് അലസനായി ഇരിക്കുന്ന ഒരു ക്രിസ്ത്യാനിയെക്കുറിച്ച് എന്താണ് പറയുക? അങ്ങനെയുള്ള ക്രിസ്ത്യാനികളോടു ദൈവം പറയുന്നു: ''ഞാന്‍ കള്ളനെപ്പോലെ വരും. തന്റെ ലജ്ജ കാണുമാറ് നഗ്നനായി നടക്കാതിരിക്കുവാന്‍ തന്റെ ഉടുപ്പ് സൂക്ഷിച്ചും ജാഗരിച്ചും കൊള്ളുന്നവന്‍ ഭാഗ്യവാന്‍ (വെളി. 16:15).ഒരു മണവാട്ടി നഗ്നയായി വിവാഹത്തിലേക്കു വരുന്നത് നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? വിവാഹവസ്ത്രം ഇല്ലാതെ തന്റെ ജനത്തെ നഗ്നരായി കാണാതിരിക്കുവാന്‍ ദൈവം മുന്നറിയിപ്പു നല്‍കുന്നു. സ്വന്തം നീതിപ്രവൃത്തികള്‍ ഇല്ലാത്തതിനാല്‍ വിവാഹദിവസം അവര്‍ക്കു വസ്ത്രം ലഭിക്കുകയില്ല.

ബാബിലോണിന്റെ ചതിയും അധര്‍മ്മത്തിന്റെ മര്‍മ്മവുമായി പല ക്രിസ്ത്യാനികളുടെ മേലും ബാധിച്ചിരിക്കുന്ന ചിന്ത ഇങ്ങനെയാണ്: ''യേശുവിന്റെ നീതിയുടെ വസ്ത്രം നിന്നെ ധരിപ്പിച്ചിരിക്കുന്നു. നീ എങ്ങനെ ജീവിക്കുന്നു എന്നത് പിന്നെ ഒരു പ്രശ്‌നമല്ലാത്തതിനാല്‍ ഒന്നും പേടിക്കേണ്ട.'' പ്രവൃത്തി കൂടാതെയുള്ള വിശ്വാസം നിര്‍ജ്ജീവമാണെന്നു യാക്കോബ് വളരെ വ്യക്തമായി പറയുന്നുണ്ട്.എന്നാല്‍ ഈ മുന്നറിയിപ്പുകള്‍ ഗൗരവമായി എടുക്കുന്നതില്‍നിന്നു പല വിശ്വാസികളെയും ബാബിലോണ്‍ തടഞ്ഞിരിക്കുന്നു.

ദൈവത്തിന്റെ ദൃഷ്ടിയില്‍ കറ പുരണ്ട തുണിപോലെ (യെശ. 64:6)ഇരിക്കുന്ന നമ്മുടെ സ്വന്ത നീതിയും നാള്‍തോറും ക്രൂശെടുത്ത് പരിശുദ്ധാത്മശക്തിയാല്‍ യേശുവിന്റെ കാല്‍ചുവടുകളില്‍ നടക്കുമ്പോള്‍ നമ്മിലുള്ള നീതിപ്രവൃത്തിയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. രണ്ടാമത് പറഞ്ഞതാണ് മണവാട്ടിയുടെ വസ്ത്രം.നാം ദൈവത്തിങ്കലേക്ക് ആദ്യം വന്നപ്പോള്‍ നമ്മില്‍ ഉണ്ടായിരുന്നത് നമ്മുടെ സ്വയനീതിയുടെയും പാപത്തിന്റെയും കറ പുരണ്ട തുണികളായിരുന്നു. എന്നാല്‍ നാം വീണ്ടും ജനിച്ചപ്പോള്‍ ദൈവം ആദ്യംതന്നെ യേശുക്രിസ്തുവിന്റെ നീതിയാല്‍ നമ്മെ നീതികരിച്ചു. (റോമ.3:24; 4:5). പിന്നീട് അവിടുത്തെ നിയമങ്ങള്‍ നമ്മുടെ ഹൃദയങ്ങളില്‍ എഴുതി.(എബ്രാ. 8:10).അങ്ങനെ ന്യായപ്രമാണത്തിന്റെ നീതി നമ്മുടെ ഹൃദയങ്ങളില്‍ തികയ്ക്കുന്നു. ഇതിന്റെ ഫലമായി ഈ നീതി പുറത്തേക്കു വന്ന് നമ്മെ ക്രിസ്തുവിന്റെ സ്വഭാവത്തോട് അനുരൂപരാക്കുന്നു.

മണവാട്ടിയുടെ വസ്ത്രം ശുദ്ധവും വെണ്മയുമുള്ളതാണ്. അവളുടെ ലാളിത്യമുള്ള വസ്ത്രവും വേശ്യയുടെ നിറപ്പകിട്ടുള്ള കടുഞ്ചുവപ്പു വസ്ത്രങ്ങളും സ്വര്‍ണാഭരണങ്ങളും തമ്മില്‍ എത്ര വൈരുദ്ധ്യങ്ങളാണുള്ളത്. 45-ാം സങ്കീര്‍ത്തനത്തില്‍ നമ്മുടെ മണവാളനായ കര്‍ത്താവിനെക്കുറിച്ച് ഇങ്ങനെ വായിക്കുന്നു: ''നീതിയെ ഇഷ്ടപ്പെട്ട് ദുഷ്ടതയെ ദ്വേഷിക്കുന്നവന്‍ (ഏഴാം വാക്യം). മണവാട്ടിയെ ഇങ്ങനെ വര്‍ണ്ണിച്ചിരിക്കുന്നു: ''അന്തപ്പുരത്തിലെ രാജകുമാരി ശോഭാപരിപൂര്‍ണ്ണയാകുന്നു. അവള്‍ക്കു സൗമ്യതയും സാവധാനതയുമായ മനസ്സുണ്ട്(1 പത്രോ.3:4). അത് അവളുടെ ഈ വിശേഷ വസ്ത്രത്തോട് ചേര്‍ന്നു കിടക്കുന്നതാണ്. അവരെ രാജസന്നിധിയില്‍ കൊണ്ടുവരും (14-ാം വാക്യം). വെളിപ്പാട് 19:8 ലാണ് ഇത് നിവൃത്തിയാകുന്നത്.