എല്ലാറ്റിനും വേണ്ടിയും,എല്ലാ സാഹചര്യങ്ങളിലും സകല മനുഷ്യർക്ക് വേണ്ടിയും നന്ദി പറയുവാൻ വേദപുസ്തകം നമ്മോട് പറയുന്നു.
"നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവും ആയവന് എല്ലായ്പ്പോഴും എല്ലാറ്റിനും വേണ്ടിയും സ്തോത്രം ചെയ്തു കൊൾവിൻ" (എഫെ. 5:20).
"എല്ലാത്തിനും സ്തോത്രം ചെയ്‌വിൻ,ഇതല്ലോ നിങ്ങളെക്കുറിച്ച് ക്രിസ്തുയേശുവിൽ ദൈവേഷ്ടം" (1 തെസ്സ. 5:18).
"സകല മനുഷ്യർക്കും വേണ്ടി സ്തോത്രം ചെയ്യണം എന്ന് സകലത്തിനും മുമ്പേ ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു" (1 തിമൊ. 2:1).
നാം ദൈവത്തിൻ്റെ പൂർണ്ണമായ പരമാധികാരത്തെ കണ്ടിരിക്കുമ്പോൾ മാത്രമേ നമുക്ക് ഈ കാര്യം അർത്ഥവത്തായി ചെയ്യാൻ കഴിയൂ.
ദൈവം യേശുവിനു വേണ്ടി കരുതിയതുപോലെ തന്നെ നമുക്കു വേണ്ടിയും അവിടുന്ന് കരുതുന്നു. യേശുവിനെ സഹായിച്ച അതേ കൃപ,ജയിക്കുവാൻ വേണ്ടി അവിടുത്തെ പ്രാപ്തനാക്കിയ അതേ പരിശുദ്ധാത്മ ശക്തി,ഇന്ന് നമുക്കും ലഭ്യമാണ്.
യൂദാ യേശുവിനെ ഒറ്റിക്കൊടുത്തു, പത്രൊസ് അവിടുത്തെ തള്ളിപ്പറഞ്ഞു, തൻ്റെ ശിഷ്യന്മാർ അവിടുത്തെ ഉപേക്ഷിച്ചു, പുരുഷാരം അവിടുത്തേക്ക് എതിരെ തിരിഞ്ഞു,അന്യായമായി അവിടുന്ന് വിസ്തരിക്കപ്പെട്ടു,വ്യാജമായി ആരോപിക്കപ്പെട്ടു. ഇവയെല്ലാം ക്രൂശിക്കപ്പെടുന്നതിലേക്ക് അവിടുത്തെ നയിച്ചു. അപ്പോഴും കാൽവറിയിലേക്കുള്ള വഴിയിൽ, പുരുഷാരത്തിനു നേരേ തിരിഞ്ഞ് "എനിക്കുവേണ്ടി കരയുന്നതു നിർത്തുക,എന്നാൽ നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരയുക" എന്നും പറയുവാൻ അവിടുത്തേക്ക് കഴിഞ്ഞു (ലൂക്കൊ. 23:28).
സ്വയ സഹതാപത്തിന്റെ ഒരു കണിക പോലും തന്നിലുണ്ടായിരുന്നില്ല.
താൻ കുടിക്കുന്ന പാനപാത്രം തൻ്റെ പിതാവിനാൽ അയക്കപ്പെട്ടതാണെന്നു അവിടുത്തേക്ക് അറിയാമായിരുന്നു. ഇസ്കര്യോത്താ യൂദാ ആ പാനപാത്രം കൊണ്ടുവന്ന ഒരു ദൂതൻ മാത്രമായിരുന്നു എന്നും. അതുകൊണ്ട് യൂദായെ സ്നേഹത്തോടുകൂടി നോക്കിയിട്ട് അവനെ "സ്നേഹിതാ" എന്നു വിളിക്കാൻ അവിടുത്തേക്ക് കഴിഞ്ഞു. ദൈവത്തിൻ്റെ പൂർണ്ണമായ പരമാധികാരത്തിൽ നിങ്ങൾക്കു വിശ്വാസമില്ലെങ്കിൽ അത് ചെയ്യുവാൻ നിങ്ങൾക്കും കഴിയുകയില്ല.
യേശു പീലാത്തോസിനോട് ഇങ്ങനെ പറഞ്ഞു, "മേലിൽ നിന്നു നിനക്കു കിട്ടിയിട്ടില്ല എങ്കിൽ എൻ്റെ മേൽ നിനക്ക് ഒരു അധികാരവും ഉണ്ടാകുകയില്ലായിരുന്നു" (യോഹ. 19:11).
ഈ ഉറപ്പാണ് ഈ ലോകത്തിലൂടെ അന്തസ്സോടെ ഒരു രാജാവിനെപ്പോലെ നടക്കുവാൻ യേശുവിനെ പ്രാപ്തനാക്കിയത്. അവിടുന്ന് ജീവിച്ചത് ആ ആത്മീയ അന്തസ്സോടെയാണ് അവിടുന്ന് മരിച്ചതും അതേ ആത്മീയ അന്തസ്സോടെയാണ്.
ഇന്നു നാം വിളിക്കപ്പെട്ടിരിക്കുന്നത് "യേശു നടന്നതു പോലെ നടക്കുവാനാണ്". അവിടുന്ന് പീലാത്തോസിന്റെ മുമ്പിൽ "ഒരു നല്ല ഏറ്റുപറച്ചിൽ നടത്തിയതുപോലെ" നാമും അവിശ്വാസമുള്ള തലമുറയുടെ മുമ്പിൽ നമ്മുടെ ഏറ്റുപറച്ചിൽ നടത്തേണ്ടവരാണ്.
1 തിമൊ. 6:13-14 വരെയുള്ള വാക്യങ്ങളിൽ പൗലൊസ് തിമൊഥെയൊസിനോട് ഇപ്രകാരം പറയുന്നു, "നീ നിഷ്കളങ്കനും നിരപവാദ്യനുമായി ഈ കൽപ്പന നമ്മുടെ കർത്താവായ യേശുവിൻ്റെ പ്രത്യക്ഷത വരെ പ്രമാണിച്ച് കൊള്ളണം എന്നിങ്ങനെ സകലത്തെയും ജീവിപ്പിക്കുന്ന ദൈവത്തെയും പൊന്തിയൊസ് പീലാത്തൊസിൻ്റെ മുമ്പിൽ നല്ല സ്വീകാരം കഴിച്ച ക്രിസ്തു യേശുവിനെയും സാക്ഷി വച്ച് ഞാൻ നിന്നോട് ആജ്ഞാപിക്കുന്നു".
നാം നേരത്തെ തന്നെ കണ്ടിരിക്കുന്നതു പോലെ, ദൈവം മുമ്പോട്ടു പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആത്യന്തികമായ നന്മ,നമ്മെ അവിടുത്തെ സ്വഭാവത്തിന് പങ്കാളികളാക്കാനാണ്,അവിടുത്തെ വിശുദ്ധിക്ക് പങ്കാളികളാക്കാൻ. അവിടുത്തെ വിസ്മയാവഹമായ പരമാധികാരത്തിൽ,നമ്മുടെ വഴിയിൽ നമ്മെ കടന്നു പോകുന്ന ഓരോരുത്തരെയും, നമ്മിൽ അവിടുത്തെ ഈ ഉദ്ദേശം നിവർത്തിക്കുവാനായി ഉപയോഗിക്കുന്നു. അതുകൊണ്ടാണ് സകല മനുഷ്യർക്ക് വേണ്ടിയും സ്തോത്രം ചെയ്യാൻ കഴിയുന്നത്.
ദൈവം എന്തുകൊണ്ടാണ് ബുദ്ധിമുട്ടിക്കുന്ന ആ അയൽക്കാരനെ,നിരന്തരം ശല്യം ചെയ്യുന്ന ആ ബന്ധുവിനെ നിങ്ങളെ നിരന്തരമായി ക്ലേശിപ്പിക്കുന്ന സ്വേച്ഛാധിപതിയായ ആ യജമാനനെ ഒക്കെ അനുവദിക്കുന്നത്? അവരെ മറ്റ് എവിടേക്കെങ്കിലും മാറ്റാനോ അല്ലെങ്കിൽ അവരുടെ ജീവൻ തന്നെ എടുത്തു കളയാനോ,അങ്ങനെ നിങ്ങൾക്ക് ജീവിതം കൂടുതൽ ആശ്വാസപ്രദമാക്കാൻ അവിടുത്തേക്ക് എളുപ്പത്തിൽ കഴിയും. എന്നാൽ അത്തരം കാര്യങ്ങൾ ഒന്നും അവിടുന്നു ചെയ്യുകയില്ല. എന്തുകൊണ്ട്? നിങ്ങളെ വിശുദ്ധീകരിക്കുവാൻ അവരെ ഉപയോഗിക്കുവാൻ അവിടുന്നാഗ്രഹിക്കുന്നു. നിങ്ങളിലൂടെ-അവരെ രക്ഷിക്കാൻ പോലും അവിടുന്ന് ആഗ്രഹിക്കുന്നുണ്ടാകാം.