WFTW Body: 

സ്തേഫാനോസിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്, അദ്ദേഹം യഹൂദ മതനേതാക്കന്മാരോട് പ്രസംഗിച്ചപ്പോള്‍, അദ്ദേഹത്തിന്‍റെ വിവേകത്തോടും ആത്മപ്രചോദിതമായ വാക്കുകളോടും അവര്‍ക്കെതിര്‍ത്തു നില്‍പ്പാന്‍ കഴിഞ്ഞില്ല എന്നാണ് (അപ്പൊ.പ്ര.6:10). നാം സംസാരിക്കുമ്പോള്‍ അത് നമ്മുടെയും അനുഭവമാകാന്‍ കഴിയും. സ്തേഫാനോസ് അവരോട് തുടര്‍ന്ന് ചോദിച്ചു "പ്രവാചകന്മാരില്‍ ആരെയാണ് നിങ്ങളുടെ പിതാക്കന്മാര്‍ ഉപദ്രവിക്കാതിരുന്നിട്ടുളളത്"? (അപ്പൊ.പ്ര.7:52). പഴയനിയമ കാലങ്ങളിലുണ്ടായിരുന്ന ഓരോ പ്രവാചകനും ജനസമ്മതനല്ലാത്തവനും ഉപദ്രവിക്കപ്പെട്ടവനും ആയിരുന്നു. ഒരു പ്രവാചകന്‍ ഉപദേഷ്ടാവില്‍ നിന്ന് വ്യത്യസ്തനാണ്. ഒരു ഉപദേഷ്ടാവ് അനേകരാല്‍ സ്വീകരിക്കപ്പെട്ടേക്കാം. എന്നാല്‍ ഒരു പ്രവാചകന്‍ സാധാരണയായി ത്യജിക്കപ്പെടുന്നവനും ജനപ്രീതിയാര്‍ജ്ജിക്കാത്തവനുമാണ്. ഒരു ഉപദേഷ്ടാവ് സാധാരണ ഗതിയില്‍ വിവാദ പുരുഷനല്ല. എന്നാല്‍ ഒരു യഥാര്‍ത്ഥ പ്രവാചകന്‍ ഏതു വിധേനയും എപ്പോഴും ഒരു വിവാദ പുരുഷനാണ്. അതുകൊണ്ട് പ്രവാചകന്മാര്‍ എപ്പോഴും പീഡിപ്പിക്കപ്പെടുന്നവരാണ്, എന്നാല്‍ ഉപദേഷ്ടാക്കന്മാരും സുവിശേഷകന്മാരും അങ്ങനെയല്ല. അവര്‍ക്ക് കുറ്റബോധമുണ്ടാകത്തക്ക വിധമാണ് സ്തേഫാനോസ് പ്രസംഗിച്ചത്. ഇത് അദ്ദേഹത്തെ കൊല്ലുവാന്‍ തക്കവണ്ണം അവരെ രോഷാകുലരാക്കി. ക്രൈസ്തവ സഭയിലെ ഒന്നാമത്തെ രക്തസാക്ഷി അദ്ദേഹമായിരുന്നു (അപ്പൊ.പ്ര.7:54,55).

അപ്പൊസ്തലപ്രവൃത്തി 7:55-56 വരെയുള്ള വാക്യങ്ങളില്‍ സ്തേഫാനോസിനെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്ന വാക്കുകളില്‍, യഥാര്‍ത്ഥ ആത്മനിറവുള്ള ഒരു പ്രവാചകന്‍റെ ചില ലക്ഷണങ്ങള്‍ നാം കാണുന്നു :

. അദ്ദേഹത്തിന്‍റെ മനസ്സ് സ്ഥിരമായി സ്വര്‍ഗ്ഗീയ കാര്യങ്ങളില്‍ വച്ചിരിക്കുന്നു. 2. എല്ലാ സാഹചര്യങ്ങളിലും അദ്ദേഹം ദൈവത്തിന്‍റെ മഹത്വം ദര്‍ശിക്കുന്നു. 3. മനുഷ്യരുടെ എതിര്‍പ്പുകളാല്‍ അദ്ദേഹം കുപിതനാകുന്നില്ല. 4. അദ്ദേഹത്തിന്‍റെ ദൃഷ്ടി ദൈവത്തിന്‍റെ വലതുഭാഗത്തിരിക്കുന്ന യേശുവിന്‍റെമേല്‍ ഉറപ്പിക്കപ്പെട്ടിരുന്നു. 5. ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെപ്പറ്റി അദ്ദേഹം ധൈര്യത്തോടെ സാക്ഷ്യപ്പെടുത്തുന്നു. 6. അദ്ദേഹം ഉപദ്രവിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. 7. അദ്ദേഹം തന്നെ ഉപദ്രവിക്കുന്നവരോട് ക്ഷമിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

ദൈവം സ്തേഫാനോസിനെ കൊല്ലുവാന്‍ അനുവദിച്ചത് പല കാരണങ്ങളാലാണ് - അതിലൊന്ന് തര്‍സീസ് കാരന്‍ ശൗലിന്‍റെ മാനസാന്തരമായിരുന്നു. കൊല്ലപ്പെടുന്ന സമയത്ത് സ്തേഫാനോസിന്‍റെ മനോഭാവം പൗലൊസ് കണ്ടില്ലായിരുന്നുവെങ്കില്‍ അദ്ദേഹം മാനസാന്തരപ്പെടുമായിരുന്നോ എന്ന് ഞാന്‍ അതിശയിക്കുന്നു.

തന്നെ ക്രൂശിച്ചവര്‍ക്കുവേണ്ടി യേശു പ്രാര്‍ത്ഥിച്ച രീതി കേട്ടപ്പോള്‍ റോമന്‍ ശതാധിപന് യേശു ദൈവപുത്രനായിരുന്നുവെന്ന് ബോധ്യപ്പെട്ടു.

സ്തേഫാനോസ് പ്രാര്‍ത്ഥിക്കുന്ന രീതി പൗലൊസ് കേട്ടപ്പോള്‍ അദ്ദേഹത്തിന്‍റെ മന:സ്സാക്ഷി അദ്ദേഹത്തെ കുത്തുവാനും താന്‍ ഇപ്രകാരം ചിന്തിക്കുവാനും തുടങ്ങി: "നിന്‍റെ മന:സ്സാക്ഷിയുടെ കുത്തുകളുടെ നേരെ പ്രതിരോധിച്ചുകൊണ്ടിരിക്കുന്നത് നിനക്ക് വിഷമമാണ്" (അപ്പൊ.പ്ര.26:16) - അങ്ങനെ അദ്ദേഹം മാനസാന്തരപ്പെട്ടു.

നിങ്ങള്‍ക്ക് തിന്മ ചെയ്യുന്നവരോട് നിങ്ങള്‍ പ്രതികരിക്കുന്ന വിധം, നിങ്ങളെ നിരീക്ഷിക്കുന്ന ചിലരില്‍ ഒരു പരിവര്‍ത്തനമുളവാക്കിയിട്ട് അത് അയാളുടെ രക്ഷക്ക് അത് മുഖാന്തരമാകാന്‍ കഴിയും. കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളില്‍ പീഡനത്തോടുള്ള ക്രിസ്ത്യാനികളുടെ ദൈവഭക്തിയോടുകൂടിയ പ്രതികരണം കണ്ട് മാനസാന്തരപ്പെട്ട ആയിരക്കണക്കിന് ആളുകളില്‍ ഒന്നാമനായിരുന്നു പൗലൊസ്. എന്നാല്‍ അതുപോലെ പ്രതികരിക്കണമെങ്കില്‍ നാം പരിശുദ്ധാത്മാവിനാല്‍് നിറയപ്പെടേണ്ടതുണ്ട്.