പഴയ ഉടമ്പടിയിൽ, ന്യായപ്രമാണം ഇപ്രകാരം പറയുന്നു, "കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്" ഇത് പുറപ്പാട് 21, ലേവ്യാ പുസ്തകം 24, കൂടാതെ ആവർത്തനം 19 എന്നീ അധ്യായങ്ങളിൽ ദൈവം നൽകിയ ഒരു നിയമം ആയിരുന്നു. അവിടെ ദൈവം പറയുന്നത് ആരെങ്കിലും നിങ്ങളുടെ കണ്ണ് എടുത്തു കളഞ്ഞാൽ നിങ്ങൾ അയാളുടെ കണ്ണ് എടുക്കണം എന്നല്ല. അവിടുന്ന് പറഞ്ഞിരിക്കുന്നത്, അയാൾ നിങ്ങളുടെ ഒരു കണ്ണുമാത്രം എടുത്താൽ, നിങ്ങൾ അയാളുടെ രണ്ട് കണ്ണുകളും എടുക്കരുത്. ഇവിടെ പ്രധാന കാര്യം നിങ്ങൾക്ക് ആ കുറ്റക്കാരനോട് ക്ഷമിച്ച് അയാളുടെ ഒരു കണ്ണുപോലും എടുത്തു കളയാതെ അയാളെ സ്വതന്ത്രനായി വിട്ടയക്കാൻ കഴിയും. അതായിരിക്കും ഏറ്റവും നല്ല മാർഗ്ഗം. "ഒരു കണ്ണിനു പകരം ഒരു കണ്ണ് ഒരു പല്ലിന് പകരം ഒരു പല്ല്" എന്ന് പറഞ്ഞുകൊണ്ട് ദൈവം ശിക്ഷ പരിമിതപ്പെടുത്തുകയായിരുന്നു.
എന്നാൽ യേശു ആ നിലവാരം കുറച്ചുകൂടി ഉയർത്തിയിട്ട് ഇങ്ങനെ പറഞ്ഞു, "ദുഷ്ടനോട് എതിർക്കരുത്, നിന്നെ വലത്തെ ചെകിട്ടത്ത് അടിക്കുന്നവനും മറ്റേതും തിരിച്ചു കാണിക്ക. നിന്നോട് വ്യവഹരിച്ചു നിൻ്റെ വസ്ത്രം എടുക്കാൻ ഇച്ഛിക്കുന്നവന് നിൻ്റെ പുതപ്പും വിട്ടുകൊടുക്ക. ഒരുത്തൻ നിന്നെ ഒരു നാഴിക വഴി പോകുവാൻ നിർബന്ധിച്ചാൽ രണ്ട് അവനോടുകൂടെ പോക" (മത്താ. 5:39-41).
റോമൻ പടയാളികൾ, തങ്ങളുടെ യാത്രാ ഭാണ്ഡങ്ങളും സൈനിക ഉപകരണങ്ങളും ഒക്കെ ഒരു മൈൽ ദൂരം ചുമക്കുവാൻ തങ്ങളുടെ അടിമകളായിരുന്ന ജൂതന്മാരെ നിർബന്ധിക്കുമായിരുന്നു. യഹൂദന്മാർ അടിമകളായിരുന്നതുകൊണ്ട് അവർക്ക് അതു ചെയ്യണമായിരുന്നു. യേശു നമ്മോട് പറയുന്നത് അതുപോലെയുള്ള സാഹചര്യങ്ങളിൽ നാം ആ വ്യക്തിയോട് അതേക്കുറിച്ചുപറഞ്ഞു വഴക്കിടാതെ അയാളുടെ കൂടെ രണ്ടു മൈൽ നാം പോകണം എന്നാണ്, നിങ്ങളോട് യാചിക്കുന്നവന് കൊടുക്കുക വായ്പ വാങ്ങുവാൻ ഇച്ഛിക്കുന്നവനെ ഒഴിഞ്ഞുകളയുകയും അരുത്.
ഈ വാക്കുകളെ അവ പറയപ്പെട്ടിരിക്കുന്ന ആത്മാവിൽ നാം എടുക്കേണ്ടതുണ്ട്. യേശു കൃത്യമായി എന്താണ് അർത്ഥമാക്കിയത് എന്ന് നാം കാണേണ്ടതുണ്ട്. നാം വാതിൽ ചവിട്ടികൾ പോലെ ആകാൻ ആണോ അവിടുന്ന് നമ്മോട് പറഞ്ഞിരിക്കുന്നത്? ആളുകൾ തങ്ങൾക്ക് തോന്നുന്നത് പോലെ നമ്മോടു ചെയ്യാൻ നാം അനുവദിക്കണമോ? അങ്ങനെ ആയിരിക്കാൻ കഴിയില്ല. തിരുവചനം വേണ്ടവിധം മനസ്സിലാകാതിരിക്കുമ്പോഴെല്ലാം, യേശുക്രിസ്തുവിന്റെ തന്നെ മാതൃകയിലേക്ക് നോക്കുക - കാരണം അവിടുന്ന് ജഡമായി തീർന്ന വചനമാണ്. പഴയ നിയമത്തിൽ, ന്യായപ്രമാണത്തിൽ ഉള്ള ഓരോ ചെറിയ അംശവും വിശദീകരിക്കുവാൻ തക്കവണ്ണം ന്യായപ്രമാണത്തെ പരിശോധിക്കുന്ന ശാസ്ത്രിമാർ അവർക്ക് ഉണ്ടായിരുന്നു, നമുക്ക് ഇന്ന് യേശുവിൻ്റെ മാതൃക യുള്ളതുകൊണ്ട് യേശുവിലേക്ക് നോക്കുന്നത്ര വചനത്തെ വിശകലനം ചെയ്യേണ്ടതില്ല.
"നിന്നെ വലത്തെ ചെകിട്ടത്ത് അടിക്കുന്നവന് മറ്റേതും തിരിച്ചു കാണിക്ക" എന്നതുകൊണ്ട് യേശു എന്താണർത്ഥമാക്കുന്നത്? ക്രൂശീകരണത്തിനു മുമ്പ് മഹാപുരോഹിതന്മാരുടെ മുമ്പിൽ യേശു വിസ്താരത്തിനായി നിൽക്കുമ്പോൾ, തന്റെ കരണത്ത് അവർ അടിച്ചപ്പോൾ അവിടുന്ന് മറ്റേ ചെകിട് കാണിച്ചു കൊടുത്തില്ല. യോഹ 18:23ൽ അവിടുന്ന് ഇപ്രകാരം പറഞ്ഞു, "ഞാൻ ശരിയായത് സംസാരിച്ചു എങ്കിൽ, എന്നെ തല്ലുന്നത് എന്തിന്?" അവർ അതിന് ഒന്നും പ്രതികരിച്ചില്ല (അവർ അവിടുത്തെ വീണ്ടും വീണ്ടും അടിച്ചു കാണും എന്നാൽ അവിടുന്ന് തിരിച്ചു പോരാടിയില്ല). അവർ അവിടുത്തെ അടിച്ചപ്പോൾ, അവിടുന്ന് തൻ്റെ മറ്റേ കരണം കാണിച്ചു കൊടുത്തില്ല. അതുകൊണ്ട്, ക്രിസ്തു പറയുന്നതിന്റെ ആത്മാവ് മനസ്സിലാക്കാൻ നാം ശ്രദ്ധയുള്ളവരായിരിക്കണം, അല്ലാത്തപക്ഷം അവിടുന്നു പ്രസംഗിച്ചത് പ്രവർത്തിക്കാത്തതിന് യേശുവിനെ നാം കുറ്റപ്പെടുത്തേണ്ടിവരും.
ഇവിടുത്തെ പ്രമാണം ഇതാണ്: ഞാൻ പ്രതികാരം ചെയ്യാൻ ആഗ്രഹിക്കുന്നില്ല; എന്നോട് എന്തെങ്കിലും ചെയ്തതിനു പകരം ആരോടെങ്കിലും തിരിച്ചു ചെയ്യുവാൻ ഞാൻ അന്വേഷിക്കുന്നില്ല. ആരെങ്കിലും എന്നെ ഒരു പിശാച് എന്ന് വിളിച്ചാൽ, ഞാൻ ആ വ്യക്തിയെ പിശാച് എന്ന് വിളിക്കുവാൻ പോകുന്നില്ല. എന്നെ അടിച്ചാൽ ഞാൻ തിരിച്ച് അടിക്കുകയില്ല. എന്നാൽ അതിലപ്പുറമായി ചൂഷണം ചെയ്യപ്പെടുന്നതിൽ നിന്ന് എന്നെ സംരക്ഷിക്കേണ്ടതിന് ഞാൻ ദൈവത്തിൽ ആശ്രയിക്കും.
നിന്നോട് വ്യവഹരിച്ചു നിൻ്റെ വസ്ത്രം എടുക്കാൻ ഇച്ഛിക്കുന്നവനും നിൻ്റെ പുതപ്പും വിട്ടുകൊടുക്കുക എന്നു പറഞ്ഞപ്പോൾ അവിടുന്ന് എന്താണർത്ഥമാക്കിയത്? ഉദാഹരണത്തിന്, ആരെങ്കിലും അന്യായമായി കള്ളം പറഞ്ഞു നിങ്ങളുടെ വസ്തുവിന് വേണ്ടി വ്യവഹരിച്ച് അയാളുടെ വസ്തുവാണെന്ന് പറഞ്ഞാൽ - ഒരുപക്ഷേ അയാൾ കോടതിയിൽ ചില തെറ്റായ രേഖകൾ കൊടുത്ത് നിങ്ങളുടെ വീട് നിങ്ങളിൽ നിന്നും തട്ടിയെടുക്കാൻ ആഗ്രഹിക്കുന്നെങ്കിൽ - നിങ്ങൾ എന്താണ് ചെയ്യേണ്ടത്? അയാളോട് നിങ്ങളുടെ വീട് എടുക്കുവാൻ പറയുകയും നിങ്ങളുടെ മറ്റ് വീടും കൂടെ അയാൾക്ക് കൊടുക്കുകയുമാണോ നിങ്ങൾ ചെയ്യേണ്ടത്? അതാണോ അതിൻ്റെ അർത്ഥം?
യേശു അർത്ഥമാക്കിയത് അതേ അല്ല. വീണ്ടും നാം അതിൻ്റെ ആത്മാവിനെ മനസ്സിലാക്കണം. ഒരുവൻ നീ അയാളോട് കൂടെ ഒരു മൈൽ ചെല്ലാൻ നിർബന്ധിച്ചാൽ, അയാളുടെ കൂടെ രണ്ട് മൈൽ പോകുക. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ആരെങ്കിലും നിങ്ങളോട് എന്തെങ്കിലും ചെയ്യാൻ നിർബന്ധിച്ചാൽ, അതിൽ കൂടുതൽ ചെയ്യുക. നിങ്ങൾ അതിൻ്റെ ആത്മാവിനെ മനസ്സിലാക്കണം. നമ്മിൽനിന്ന് വായ്പ വാങ്ങുവാൻ ആഗ്രഹിക്കുന്നവനെ ഒഴിഞ്ഞു കളയരുത് എന്ന് യേശുവും നമ്മോട് നിർദ്ദേശിക്കുന്നു. നിങ്ങളിൽ നിന്നും കടം വാങ്ങാൻ ആഗ്രഹിക്കുന്ന ഓരോരുത്തർക്കും നിങ്ങൾ പണം കൊടുക്കണമെന്നാണോ അവിടുന്ന് പറയുന്നത്? ഇവിടെ ഇന്ത്യയിൽ, നിങ്ങൾ ആർക്കെങ്കിലും ഒരിക്കൽ പണം കൊടുത്താൽ, ഏവർക്കും സൗജന്യമായി കൊടുത്തു കൊണ്ടേയിരിക്കുന്ന ഒരാൾ എന്ന പ്രശസ്തി നിങ്ങൾക്ക് ലഭിക്കുകയും വളരെ കുറച്ച് സമയം കൊണ്ട് നിങ്ങൾ പാപ്പരായി തീരുകയും ചെയ്യും.
ഈ വാക്കുകളുടെ ആത്മാവ് മനസ്സിലാക്കാതെ, അന്ധമായി അവയെ ആക്ഷരീകമായി എടുത്താൽ, നിങ്ങൾ വലിയ ഒരു ബുദ്ധിമുട്ടിലാകും. പാപത്തോട് തീഷ്ണമായ ഒരു നിലപാട് എടുക്കുവാനാണ് യേശു നമ്മെ പഠിപ്പിക്കുന്നത്, ഒരു അന്ധനെപ്പോലെ ആയിത്തീരുക എന്നും ഒരു കൈ മുറിച്ചു കളഞ്ഞവനെ പോലെ ആകുക എന്നും അവിടുന്ന് നിർദ്ദേശിച്ചപ്പോൾ ചെയ്തതുപോലെ. ഈ കാര്യങ്ങൾ എല്ലാം ആത്മാവിൽ ആണ് നാം മനസ്സിലാക്കേണ്ടത്:പ്രതികാരം ചെയ്യാൻ ശ്രമിക്കരുത്, മറ്റുള്ളവരാൽ മുതലെടുക്കപ്പെടാൻ മനസ്സുള്ളവൻ ആയിരിക്കുക, എൻ്റെ സ്വയത്തിനു മരിക്കുവാൻ പോലും മനസ്സുള്ളവനായിരിക്കുക; എന്നാൽ എനിക്ക് ഒരു അവകാശവും ഇല്ല എന്നല്ല അതിൻ്റെ അർത്ഥം.
ഒരു ബസ്സിന്റെ ഡ്രൈവർ ആയിരുന്ന ഒരു സഹോദരൻ, ഒരിക്കൽ ഒരു സഭായോഗത്തിൽ സാക്ഷ്യം പറഞ്ഞത് അദ്ദേഹം തെരുവീഥിയിൽ കൂടെ വണ്ടി ഓടിച്ചു കൊണ്ടിരിക്കുമ്പോൾ, രാത്രിയിൽ തൻ്റെ കണ്ണു കാണാൻ പറ്റാത്ത വിധം എതിർ ദിശയിൽ ഒരു കാർ കണ്ണഞ്ചിപ്പിക്കുന്ന വിധം ഹെഡ് ലൈറ്റിട്ട് വരുന്നത് ചിലപ്പോൾ അദ്ദേഹം കാണും. എതിർ ദിശയിൽ നിന്നും കാർ വരുമ്പോൾ അവർ തങ്ങളുടെ പ്രകാശം മങ്ങിപ്പിക്കേണ്ടതുണ്ട്. എന്നാൽ ഇവർ അങ്ങനെ ചെയ്തില്ല. അവരുടെ പ്രകാശം തൻ്റെ കണ്ണുകളെ കാണാൻ പറ്റാത്ത വിധമാക്കിയതുകൊണ്ട്, ബസ്സിന്റെ ഹെഡ് ലൈറ്റ് അവരുടെ നേരെ കൂടുതൽ പ്രകാശിപ്പിച്ച് അയാളെയും കണ്ണ് കാണാൻ പറ്റാത്ത വിധം ആക്കി ഒരു പാഠം പഠിപ്പിക്കണമെന്ന് അദ്ദേഹത്തിന് തോന്നി. പെട്ടെന്ന് അദ്ദേഹം മനസ്സിലാക്കിയത് താൻ ക്രിസ്ത്യാനിയാണെന്നും അതുകൊണ്ട് അങ്ങനെ ചെയ്യുകയില്ലെന്നും അദ്ദേഹം തീരുമാനിച്ചു. പ്രതികാരം ചെയ്യുക എന്നാൽ എന്താണ് അർത്ഥമാക്കിയത് എന്നതിന്മേൽ ആ സഹോദരനു ലഭിച്ച വെളിപ്പാട് ശ്രദ്ധിക്കുക:തന്നെ ഉപദ്രവിച്ച ആളിനെ അതേ രീതിയിൽ തിരിച്ചു ഉപദ്രവിക്കുന്നത്!
യേശു പഠിപ്പിച്ച പ്രമാണം ഞാൻ മനസ്സിലാക്കിയാൽ, ഞാൻ റോഡിലൂടെ കാർ ഓടിച്ചു കൊണ്ടിരിക്കുമ്പോൾ ആരെങ്കിലും എൻ്റെ കണ്ണിലേക്ക് ഹെഡ് ലൈറ്റ് തിളക്കത്തോടെ പ്രകാശിപ്പിച്ചാൽ പോലും ആ പ്രമാണത്തിന്റെ പ്രായോഗികത ഞാൻ കണ്ടുപിടിക്കും. ഈ സാഹചര്യം തിരുവചനത്തിൽ ഒരിടത്തും എഴുതപ്പെട്ടിട്ടില്ലായിരിക്കാം, എന്നാൽ ഞാൻ ആ പ്രമാണങ്ങൾ മനസ്സിലാക്കി, അതിനു കീഴടങ്ങാൻ ഞാൻ മനസ്സുള്ളവനാകും, എൻ്റെ സമയം, എൻ്റെ പണം, എൻ്റെ ഊർജ്ജം ഇവയെല്ലാം പ്രാഥമികമായികർത്താവിനുള്ളതാണെന്ന് മനസ്സിലാക്കിക്കൊണ്ട് ഞാൻ മനുഷ്യരുടെ അടിമയല്ല എന്നെ ചെറുതാക്കി അവരുടെ അടിമയാകുവാൻ ഞാൻ ഒരു റ്റോമിനെയും, ഒരു ഡിക്കിനെയും, ഒരു ഹാരിയെയും അനുവദിക്കാനും പോകുന്നില്ല. ഞാൻ പ്രാഥമികമായി കർത്താവിൻ്റെ ഒരു അടിമയാണ് തന്നെയുമല്ല ഞാൻ മനുഷ്യരുടെ ഒരു അടിമയാകാൻ പോകുന്നുമില്ല.
അതുകൊണ്ട് ഞാൻ അത് മനസ്സിൽ സൂക്ഷിച്ചാൽ, ഞാൻ ഈ പ്രമാണങ്ങൾ മനസ്സിലാക്കും:ഞാൻ ഒരിക്കലും പ്രതികാരം ചെയ്യാൻ ആഗ്രഹിക്കുന്നില്ല, ഒരാൾ എന്നോട് പെരുമാറിയതുപോലെ തിരിച്ച് അയാളോട് പെരുമാറുവാൻ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല, അയാൾ എന്നോട് സംസാരിച്ചതുപോലെ തിരിച്ച് ഞാൻ അയാളോട് സംസാരിക്കുകയില്ല. ഞാൻ കീഴടങ്ങുവാൻ ആഗ്രഹിക്കുന്നു, ഞാൻ കൃപയുള്ളവൻ ആയിരിക്കുവാൻ ആഗ്രഹിക്കുന്നു, കൂടാതെ ഞാൻ എൻ്റെ അവകാശങ്ങൾ ഉപേക്ഷിക്കുവാൻ ആഗ്രഹിക്കുന്നു.