ലേഖകൻ :   സാക് പുന്നൻ
WFTW Body: 

ലൂക്കോസ് 10:42 ൽ മാർത്തയോടുള്ള യേശുവിൻ്റെ വാക്കുകൾ എത്ര ശ്രദ്ധേയമാണ് . " ഒരു കാര്യമാണ് ആവശ്യമായത് " . ചെയ്യേണ്ടതായ ധാരാളം നല്ല കാര്യങ്ങൾ ഉണ്ടായിരിക്കാം തന്നെയുമല്ല അതിൽ പലതും അത്യന്താപേക്ഷിതമാണെന്നു കണക്കാക്കപ്പെടാവുന്നതുമായിരിക്കാം . എന്നാൽ , ഒരു കാര്യം മറ്റെല്ലാറ്റിനും മീതെ ആവശ്യമുള്ളതായി യേശു ഉറപ്പിച്ചു പറയുന്നു. ആ ഒരു കാര്യം എന്തായിരുന്നു ?

യേശുവും തൻ്റെ ശിഷ്യന്മാരും ബേഥാന്യയിൽ എത്തിച്ചേർന്നതേയുള്ളൂ. മാർത്ത അവരെ കണ്ട ഉടനെ സന്തോഷത്തോടെ അവരെ അവളുടെ വീട്ടിലേക്കു സ്വീകരിച്ചു . അവരെ ഇരുത്തിയ ശേഷം നേരേ അടുക്കളയിലേക്ക് ആഹാരം തയ്യാറാക്കാനായി ധൃതിയിൽ പോയി . ആ സമയത്ത് യേശു അവിടെ സന്നിഹിതരായിരുന്നവരോട് പ്രസംഗിക്കാൻ തുടങ്ങി. അടുക്കളയിൽ തന്നേ സഹായിക്കാൻ വരുന്നതിനു പകരം മറിയ യേശുവിൻ്റെ വാക്കുകൾ കേൾക്കുവാൻ ഇരിപ്പുറപ്പിച്ചതു കണ്ടപ്പോൾ , മാർത്ത കോപത്തോടെ അടുക്കളയിൽ നിന്നു പുറത്തേക്ക് ഓടി വന്നിട്ട് , യേശുവിൻ്റെ നേരേ തിരിഞ്ഞ് , ഏറെക്കുറേ താഴെ പറയുന്ന പോലെയുള്ള വാക്കുകളിൽ അവൾ അവിടുത്തോട് അപേക്ഷിച്ചു . " കർത്താവേ , ഞാൻ ഈ അടുക്കളയിൽ നിങ്ങൾക്കെല്ലാവർക്കും വേണ്ടി ആഹാരം തയ്യാറാക്കുന്നതിന് കഷ്ടപ്പെടുകയാണ് , എന്നാൽ എൻ്റെ സഹോദരി ഒന്നും ചെയ്യാതെ ഇവിടെ ഇരിക്കുന്നു . എഴുന്നേറ്റ് വന്ന് എന്നെ സഹായിക്കാൻ അവളോടു പറയണമേ ! " അവളെ അതിശയിപ്പിക്കുമാറ് , എങ്ങനെ ആയാലും , മാർത്തയെ തന്നെയാണ് യേശു ശാസിച്ചത് . മറിയ അല്ല അവളാണ് തെറ്റിയത് എന്ന് അവിടുന്ന് അവളോടു പറഞ്ഞു.

ഇവിടെ മാർത്ത ചെയ്ത ഏതെങ്കിലും പാപകരമായ കാര്യത്തിനല്ല അവൾ അപ്രകാരം ശാസിക്കപ്പെട്ടതെന്ന് നമുക്ക് ശ്രദ്ധിക്കാം. അവൾ സന്തോഷത്തോടു കൂടി യേശുവിനെ അവളുടെ ഭവനത്തിലേക്ക് സ്വീകരിച്ചു. പിന്നെ അവൾ അടുക്കളയിൽ ചെയ്ത പണി അവൾക്കു വേണ്ടി ആയിരുന്നില്ല എന്നാൽ അവിടുത്തേക്കും അവിടുത്തെ ശിഷ്യന്മാർക്കും വേണ്ടി ആയിരുന്നു. കർത്താവിനെ തൻ്റെ ഹൃദയത്തിലേക്ക് സ്വീകരിച്ചിരിക്കുന്ന , കർത്താവിനെയും മറ്റുള്ളവരെയും നിസ്വാർത്ഥമായി സേവിക്കുവാൻ അന്വേഷിക്കുന്ന ഇന്നത്തെ ഒരു വിശ്വാസിയുടെ ഒരു ചിത്രമാണവൾ . എന്നിട്ടും അവളുടെ എരിവ് കണക്കാക്കാതെ , അവൾ യേശുവിനാൽ ശാസിക്കപ്പെട്ടു . നാം നമ്മോടു തന്നെ ചോദിക്കുക , ഇതിൻ്റെ മർമ്മം എന്താണ് ? അവളുടെ പ്രവൃത്തിയിലുള്ള തെറ്റ് എന്തായിരുന്നു ? അതിൻ്റെ മറുപടി , തീർച്ചയായും യേശുവിൻ്റെ ആ നാലു വാക്കുകളിൽ ഉണ്ട് : " ഒരു കാര്യമാണ് ആവശ്യമായുള്ളത് ". മാർത്ത ശാസിക്കപ്പെട്ടത് അവളുടെ ശുശ്രൂഷയെ ചൊല്ലിയല്ല , എന്നാൽ ഒന്നാമത്തെ കാര്യം ഒന്നാമതു വയ്ക്കാതിരുന്നതിനാണ്.

കർത്താവു പറഞ്ഞു , മറിയ നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു . അതെന്തായിരുന്നു ? അവൾ കേവലം യേശുവിൻ്റെ പാദത്തിങ്കൽ ഇരുന്ന് അവിടുത്തെ വചനങ്ങൾ കേട്ടു . അധികമൊന്നും ചെയ്തില്ല. എന്നാൽ അതാണ് നല്ല അംശം . മറ്റെല്ലാറ്റിനും മീതെ ആവശ്യമുള്ള ഒരു കാര്യം അതായിരുന്നു . നമ്മുടെ ജീവിതത്തിൽ കേൾവിക്ക് എത്ര സ്ഥാനം ഉണ്ട് ? കർത്താവിൻ്റെ പാദത്തിങ്കൽ ഇരുന്ന് അവിടുത്തെ വചനം വായിച്ച് അതിലൂടെ അവിടുന്നു സംസാരിക്കുന്നതു കേൾക്കുന്ന കാര്യം അന്വേഷിക്കാൻ നാം എത്ര സമയം ചെലവഴിക്കുന്നുണ്ട് ? ഒരു പക്ഷെ വളരെ അധികമൊന്നും ഇല്ലായിരിക്കാം . മറ്റു കാര്യങ്ങൾ അതിനെ തള്ളി പുറത്താക്കുന്നു , അതുമൂലം മാർത്ത ചെയ്ത അതേ തെറ്റിന് നാം നമ്മെ തന്നെ മിക്കപ്പോഴും കുറ്റക്കാരായി കാണുന്നു . ലൗകിക കാര്യങ്ങൾ മാത്രമായിരിക്കില്ല നമ്മെ മാറ്റിക്കളയുന്നത് . അത് ക്രിസ്തീയ ശുശ്രൂഷയും ആകാം. നാം യോഗങ്ങളിൽ പ്രാർത്ഥനയ്ക്കോ , ആരാധനയ്ക്കോ , അല്ലെങ്കിൽ സാക്ഷ്യം പറയുന്നതിനോ വേണ്ടി സജീവമായി പങ്കെടുത്തേക്കാം , എന്നിട്ടും കർത്താവ് മാർത്തയോടു ചെയ്തതുപോലെ നമ്മെ ശാസിക്കുന്നു എന്നു നാം കണ്ടെത്തും.

മറിയയുടെ യേശുവിൻ്റെ പാദത്തിങ്കലുള്ള ഇരിപ്പിൽ നിന്ന് കുറഞ്ഞത് മൂന്ന് ആത്മീയ സത്യങ്ങളെങ്കിലും പഠിക്കുവാനുണ്ട് .

1. ഇരിക്കുന്നത് - നടക്കുന്നതുപോലെയോ , ഓടുന്നതുപോലെയോ , അല്ലെങ്കിൽ നിൽക്കുന്നതു പോലെയോ പോലുമല്ല. അത് പ്രാഥമികമായി വിശ്രമത്തിൻ്റെ ഒരു ചിത്രമാണ് . ഇതു നമ്മെ പഠിപ്പിക്കുന്നത് ദൈവം നമ്മോടു സംസാരിക്കുന്നത് നമുക്കു കേൾക്കാൻ കഴിയുന്നതിനുമുമ്പ് നമ്മുടെ ഹൃദയം സ്വസ്ഥവും നമ്മുടെ മനസ്സ് പ്രശാന്തവും ആയിരിക്കണം എന്നാണ് . ഏറ്റുപറയാത്ത പാപം ആദ്യത്തേതിനെ തടയുന്നു അതേ സമയം അമിത ജോലിയും അതിൻ്റെ ഉൽക്കണ്ഠയും ഈ ലോകത്തിൻ്റെ ധനവും രണ്ടാമത്തേതിനു തടസ്സമാകുന്നു . അസ്വസ്ഥമായ മനസ്സാക്ഷി അല്ലെങ്കിൽ ആകുലചിന്തയോ ഭയമോ നിറഞ്ഞ ഒരു മനസ്സ് ഇവയോടുകൂടി ദൈവത്തിൻ്റെ " പ്രശാന്തമായ ചെറിയ ശബ്ദം " കേൾക്കുന്നതിന് നമുക്ക് എങ്ങനെ പ്രത്യാശിക്കാൻ കഴിയും? സങ്കീർത്തനം 46:10 നമ്മോട് പറയുന്നത് നമുക്ക് ദൈവത്തെ അറിയണമെങ്കിൽ നാം ഇളകാത്തവരായിരിക്കണമെന്നാണ് .

2. ഒരു വ്യക്തിയുടെ പാദത്തിങ്കൽ ഇരിക്കുന്നത് താഴ്മയുടെ ഒരു ചിത്രംകൂടിയാണ് . യേശുവിൻ്റെ അതേ നിരപ്പിൽ ഒരു കസേരയിൽ അല്ല മറിയ ഇരുന്നത് , എന്നാൽ കുറച്ചുകൂടി താഴ്ന്ന നിരപ്പിൽ . ദൈവം ഒരിക്കലും നിഗളിയായ ഒരു മനുഷ്യനോട് സംസാരിക്കുന്നില്ല , ന്യായവിധിയിൽ ഒഴികെ . എന്നാൽ തൻ്റെ മുമ്പിൽ ഒരു ശിശുവിനെപ്പോലെ താഴ്മയുള്ള ഒരു ദേഹിയോട് സംസാരിക്കുവാനും അവിടുത്തെ കൃപ നൽകുവാനും അവിടുന്ന് എക്കാലവും തയ്യാറാണ് (മത്താ.11: 25).

3. മറിയ ചെയ്തു പോലെ ഇരിക്കുന്നത് വിധേയത്വത്തിൻ്റെ ഒരു ചിത്രമാണ്. തൻ്റെ ഗുരുവിൻ്റെ സാന്നിധ്യത്തിൽ ഒരു ശിഷ്യൻ്റെ നിലപാട് അതാണ് . ദൈവവചനത്തോടുള്ള അനുസരണത്തിൽ നമ്മുടെ വിധേയത്വം വെളിപ്പെടുത്തപ്പെടുന്നു . നമ്മുടെ ജിജ്ഞാസയെ തൃപ്തിപ്പെടുത്താനോ അല്ലെങ്കിൽ നമുക്ക് അറിവ് നൽകാനോ അല്ല ദൈവം അവിടുത്തെ വചനത്തിൽ സംസാരിച്ചിരിക്കുന്നത് . അവിടുത്തെ ഹൃദയത്തിലെ ആഗ്രഹത്തിൻ്റെ ഒരു പ്രദർശനം ആണ് തൻ്റെ വചനം . അവിടുന്ന് സംസാരിക്കുന്നത് നാം അനുസരിക്കേണ്ടതിനാണ്. യോഹ. 7 :17 ൽ യേശു വ്യക്തമാക്കിയത് ദൈവഹിതം ചെയ്യാൻ നമുക്ക് മനസ്സുണ്ടെങ്കിൽ മാത്രമേ ആ ഹിതത്തെ കുറിച്ചുള്ള അറിവ് നമുക്കു പ്രാപിക്കാൻ കഴിയൂ എന്നാണ്.

അനേകം ക്രിസ്ത്യാനികൾ ദൈവ വചനത്തിലൂടെ അവരോടു സംസാരിക്കുന്നതു കേൾക്കുന്ന കാര്യം അന്വേഷിക്കാതെ മാസങ്ങളും വർഷങ്ങളും ബൈബിൾ വായിച്ചു കടന്നുപോകുന്നു. അപ്പോഴും അവർ വളരെ തൃപ്തരായി കാണപ്പെടുന്നു . ഞാൻ നിങ്ങളോട് ചോദിക്കുന്നു , നിങ്ങൾ ഓരോ ദിവസവും കർത്താവിൻ്റെ ശബ്ദം കേൾക്കുന്നുണ്ടോ ? ഇല്ലെങ്കിൽ അതിൻ്റെ കാരണം എന്താണ് ? കേൾക്കുന്നവരോട് അവിടുന്ന് സംസാരിക്കുന്നു . നിങ്ങളുടെ ആത്മാവിൻ്റെ കാതു ക ളെ അടച്ചു കളയുന്നതെന്താണ് ? അത് അവിടുത്തെ മുമ്പിൽ പ്രശാന്തമായി നിൽക്കുന്നതിലുള്ള കുറവാണോ , ആത്മാവിൻ്റെ താഴ്മയുടെ കുറവാണോ അതോ അവിടുന്ന് നിങ്ങളോട് മുമ്പ് പറഞ്ഞിട്ടുള്ള കാര്യങ്ങളോടുള്ള അനുസരണത്തിൻ്റെ കുറവാണോ ? അതോ ഒരുപക്ഷേ ആഗ്രഹത്തിൻ്റെ തന്നെ കുറവാണോ ? അതെന്തായാലും അത് പെട്ടെന്നും സ്ഥിരമായും പരിഹരിക്കപ്പെടാം എന്നു ദൈവം സമ്മതിച്ചിരിക്കുന്നു . ശമുവേലിൻ്റെ പ്രാർത്ഥന പ്രാർത്ഥിക്കുക , " യഹോവേ അരുളി ചെയ്താലും , അവിടുത്തെ ദാസൻ കേൾക്കുന്നു " . അതിനുശേഷം നിങ്ങളുടെ വേദപുസ്തകം തുറന്നു പരമാർത്ഥതയോടെ കർത്താവിൻ്റെ മുഖം അന്വേഷിക്കുക , അപ്പോൾ നിങ്ങളും അവിടുത്തെ ശബ്ദം കേൾക്കും.