ലേഖകൻ :   സാക് പുന്നൻ വിഭാഗങ്ങൾ :   നേതാവ്‌
WFTW Body: 

മലാഖി 2:5-6 ല്‍ അദ്ദേഹം തന്റെ കാലത്തുള്ള ലേവ്യരെ ആദ്യകാലത്തെ ലേവ്യരുമായി താരതമ്യം ചെയ്‌തിരിക്കുന്നു. അതുപോലെ ആദിമ അപ്പൊസ്‌തലന്മാര്‍ എങ്ങനെ ആയിരുന്നു എന്നും, എല്ലാം വിട്ട്‌ അവര്‍ കര്‍ത്താവിനെ എങ്ങനെ അനുഗമിച്ചു എന്നും ഇന്നു കര്‍ത്താവ്‌ നമ്മെ ഓര്‍പ്പിക്കുന്നു. അവിടുന്നു നമ്മോടു പറയുന്നത്‌ ``നിങ്ങളെ അവരുമായി താരതമ്യം ചെയ്യുക,'' കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു ``എന്റെ ഉടമ്പടി അവനോടൊപ്പം ഉണ്ടായിരുന്നു. അവന്‍ ഭയപ്പെടേണ്ടതിനു ഞാന്‍ അവനു നല്‍കി. അവന്‍ എന്നെ ഭയപ്പെടുകയും എന്റെ നാമത്തില്‍ വിറയ്ക്കുകയും ചെയ്‌തു.'' അഞ്ചും ആറും വാക്യങ്ങളില്‍ ആദിമ ലേവ്യരുടെ സ്വാഭാവ വൈശിഷ്‌ട്യങ്ങളെ ശ്രദ്ധിക്കുക - ഇന്ന്‌ ഓരോ ദൈവദാസനെക്കുറിച്ചും സത്യമായി തീരേണ്ട പ്രത്യേകതകളാണിവ.

1) അവര്‍ ദൈവത്തെ ഭയപ്പെട്ടു. ദൈവത്തോടുള്ള ഭയമാണ്‌ ജ്ഞാനത്തിന്റെ ആദ്യാക്ഷരങ്ങള്‍.

2) അവര്‍ക്ക്‌ ദൈവത്തിന്റെ നാമത്തെക്കുറിച്ച്‌ ഒരു കരുതല്‍ ഉണ്ടായിരുന്നു. നമ്മുടെ കര്‍ത്താവ്‌ നമ്മെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചത്‌, ``അവിടുത്തെ നാമം പരിശുദ്ധമാകണമേ'' എന്നാണ്‌. യേശുവിന്റെ നാമം നമ്മുടെ ദേശത്ത്‌ ആദരിക്കപ്പെടുവാനും ബഹുമാനിക്കപ്പെടുവാനുമുള്ള ഒരു വലിയ വാഞ്‌ഛ നമുക്കുണ്ടായിരിക്കണം.

3) അവര്‍ ദൈവത്തിന്റെ മുഴുവന്‍ സത്യങ്ങളും പ്രസംഗിച്ചു. അനേക പ്രസംഗകരും ദൈവത്തിന്റെ മുഴുവന്‍ ആലോചനകളും പ്രസംഗിക്കാറില്ല. കാരണം അതു അവര്‍ക്കുള്ള ജനപ്രീതി നഷ്‌ടപ്പെടുത്തും. അതുകൊണ്ട്‌ അവര്‍ ഒത്തുതീര്‍പ്പുകാരായി തീരുന്നു. ഒരിക്കല്‍ എന്നെ ഒരു സ്ഥലത്തെ മീറ്റിംഗുകള്‍ക്കു വേണ്ടി ക്ഷണിക്കുകയുണ്ടായി, അവിടെ ഞാനായിരുന്നു മുഖ്യപ്രസംഗകനാകേണ്ടിയിരുന്നത്‌. മീറ്റിംഗുകള്‍ തുടങ്ങുന്നതിന്‌ ഒരാഴ്‌ച മുമ്പ്‌, അതിന്റെ സംഘാടകര്‍, `ജലസ്‌നാനം' എന്ന വിഷയത്തെപ്പറ്റി ഒരു യോഗത്തിലും സംസാരിക്കരുതെന്ന്‌ അപേക്ഷിച്ചുകൊണ്ട്‌ ഒരെഴുത്ത്‌ എനിക്കെഴുതി. ഞാന്‍ എന്തു സംസാരിക്കണം, എന്തു സംസാരിക്കണ്ട എന്ന്‌ എന്നോടു പറയുകയാണെങ്കില്‍, അങ്ങനെയുള്ള ഒരിടത്തും സംസാരിക്കാനുള്ള ക്ഷണം സ്വീകരിക്കാന്‍ എനിക്കു കഴിയുകയില്ല. കര്‍ത്താവിന്റെ ഒരു ദാസനെന്ന നിലയില്‍ കര്‍ത്താവ്‌ എന്റെ ഹൃദയത്തില്‍ തന്നത്‌ എല്ലാം എനിക്കു സംസാരിക്കേണ്ടിയിരിക്കുന്നു - എന്റെ നിലപാട്‌ അതായിരുന്നു.

4) അവര്‍ പാപത്തെ വെറുത്തു. അവര്‍ ഭോഷ്‌കു പറയുകയോ ചതിക്കുകയോ ചെയ്‌തില്ല. അവരുടെ ഹൃദയത്തില്‍ പാപത്തോടൊരു വെറുപ്പുണ്ടായിരുന്നു.

5) അവര്‍ ദൈവത്തോടുകൂടെ നടന്നു. ദിനംതോറും ദൈവത്തോടു കൂടെയുള്ള നടപ്പ്‌ അവര്‍ കാത്തു സൂക്ഷിച്ചിരുന്നു.

6) അവര്‍ നേരായി ജീവിച്ചു. അവരുടെ ജീവിതത്തിലുള്ള എല്ലാ കാര്യങ്ങളിലും - അവര്‍ പണം കൈകാര്യം ചെയ്‌ത വിധം, അവര്‍ തന്നെ പെരുമാറിയിരുന്ന വിധം തുടങ്ങിയവയിലും - ഒരു വക്രതയുമില്ലാതെ അവര്‍ സത്യസന്ധരായിരുന്നു.

7) അവര്‍ അനേകരെ പാപത്തില്‍ നിന്നു തിരിച്ചു.

ആ രണ്ടു വാക്യങ്ങളില്‍ ഒരു യഥാര്‍ത്ഥ പ്രസംഗകന്‍ എങ്ങനെ ആയിരിക്കണമെന്നുള്ളതിന്റെ ഒരു മനോഹര ചിത്രം നമുക്കു ലഭിക്കുന്നു.

``പുരോഹിതന്‍ സൈന്യങ്ങളുടെ യഹോവയുടെ ദൂതനാകയാല്‍ അവന്‍ തന്റെ അധരത്തില്‍ പരിജ്ഞാനം സൂക്ഷിച്ചു വയ്ക്കുന്നു. അവന്റെ വായില്‍ നിന്ന്‌ ജനം പ്രബോധനം നേടണം'' (മലാഖി 2:7). നാം ആദ്യം കര്‍ത്താവിന്റെടുത്തു പോകുകയും അവിടുത്തെ വചനം പ്രാപിക്കുകയും അതിനുശേഷം മാത്രം ജനങ്ങളുടെ അടുക്കല്‍ പോകുകയും അവിടുത്തെ വചനം അവര്‍ക്കു കൊടുക്കുകയും വേണം. ഒരു ദൂതന്‌ തന്റെ വായില്‍ ദൈവത്തിന്റെ വചനം ഉണ്ടായിരിക്കണം. എന്നാല്‍ ഇന്നത്തെ പലരെയും പോലെ ആ ലേവ്യര്‍ ദൈവത്തിന്റെ വഴി വിട്ട്‌, അവിടുത്തെ നിയമങ്ങള്‍ ലംഘിക്കുകയും അവരുടെ ഉപദേശത്താല്‍ ജനത്തെ ഇടറുമാറാക്കുകയും ചെയ്‌തു (മലാഖി 2:8,9).